രാജീവ് ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിലെ ജനങ്ങളും ജീവിതവും എത്രമാത്രം പുരോഗതി പ്രാപിക്കുമായിരുന്നു ! രാജ്യത്തു വാക്‌സിനേഷനുവേണ്ടി ഇമ്യൂണൈസേഷൻ മിഷൻ തുടങ്ങിയതുതന്നെ രാജീവ് ഗാന്ധിയാണ്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സമഗ്രമായ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. ജനാധിപത്യമൂല്യങ്ങൾക്കും മാനുഷികപരിഗണനകൾക്കും വേണ്ടി ജനം തെരുവിൽ ഇറങ്ങേണ്ടി വരുമായിരുന്നില്ല.ജീവനുവേണ്ടി ശ്വാസം കിട്ടാതെ കേഴേണ്ടിവരുമായിരുന്നില്ല. ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും നല്ല അവസരമായിരുന്നു രാജീവ്. 1991 മെയ് 21 ൽ ശ്രീപെരുമ്പത്തൂരിൽ ചിന്നിച്ചിതറിയത് ഇന്ത്യതന്നെയായിരുന്നു എന്നു കാലം സാക്ഷ്യപ്പെടുത്തുന്നു.
1991 മെയ് മാസത്തിൽ ഞാൻ അപ്പെന്റസൈറ്റിസിന്റെ ഓപ്പറേഷൻ കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്ന സമയമാണ്. ആ മാസത്തിൽ കേരളത്തിൽ നിയമസഭാ പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടക്കുകയാണ്.
സജീവ രാഷ്ട്രീയ പ്രവർത്തകനായ ഉപ്പ പുറത്തുനിന്നും വീട്ടിലേക്ക് മടങ്ങിവന്നയുടനെയാണ് ഒരു പ്രവർത്തകൻ അലറിക്കരഞ്ഞുകൊണ്ടു വീട്ടിലേക്ക് ഓടിവന്നത്. ഉപ്പയെ പ്രവർത്തകരും നാട്ടുകാരും 'നേതാവേ...' എന്നാണ് വിളിച്ചിരുന്നത്.
'നേതാവേ.... എല്ലാം പോയി... " അയാൾ വാവിട്ടുകരഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾക്കാർക്കും ഒന്നും മനസ്സിലായില്ല.
"നേതാവേ... എല്ലാം പോയി... രാജീവ് ഗാന്ധിയെ കൊന്നു...."
രാഷ്ട്രീയത്തെക്കുറിച്ചു ഒന്നുമറിയാത്ത ഒരു സ്കൂൾകുട്ടിയായ ഞാൻ പോലും നടുങ്ങിപ്പോയി!!!
പച്ചയും മെറൂണും ബോർഡറിലുള്ള സാരിയുടുത്തു ചിരിക്കുന്ന ഇന്ദിരാഗാന്ധിയുടെ ചിത്രം അന്നു ഞങ്ങളുടെ വീട്ടിലെ ചുമരിൽ ഉണ്ട്. രാജീവിന്റെയും....
ചുവന്ന കുറിയിട്ടു ഹിന്ദിസിനിമാനടനെപ്പോലെ ചിരിച്ചുനിൽക്കുന്ന അദ്ദേഹത്തിന്റെ പടത്തിന്റെ ഫ്രയിമിലേക്ക് കുഞ്ഞായിരിക്കുമ്പോൾ എടുത്ത എന്റെ ഫോട്ടോ തിരുകിക്കയറ്റിവെച്ചിരുന്നു!!
ഒരിക്കലും മാലയിടാത്ത ഇന്ദിരയുടെ ചിത്രത്തിൽ ഞാൻ ചിലപ്പോൾ ക്വിൽറ്റുപേപ്പർകൊണ്ടുള്ള മാലായിടുമ്പോൾ ഉപ്പ അതെടുത്തു മാറ്റുമായിരുന്നു. 'ഇന്ദിര മരിച്ചിട്ടില്ല.... മരിച്ചവർക്കാണ് മാലയിടുക... "
ഉപ്പ പറഞ്ഞു.
രാജീവിന്റെ മരണവാർത്തകേട്ട് ആകെ തകർന്നുപോയ ഉപ്പ നെഞ്ചിൽ കൈ വെച്ചു താഴെക്കിരുന്നു.
എല്ലാവരും കരയുകയായിരുന്നു.
കേട്ടത് വിശ്വസിക്കാനാവാതെ!!!
'ഒരു നല്ല നേതാവിനെ കൊല്ലുമ്പോൾ നിങ്ങൾ ആ മനുഷ്യനെയല്ല കൊല്ലുന്നത്. ഒരു രാജ്യത്തെ.... ആ രാജ്യത്തെ ജനങ്ങളെ....
അവരുടെ പ്രതീക്ഷകളെ...
അവരുടെ സ്വപനങ്ങളെ...'
I have a dream.. An impossible Dream....
രാജീവ് ഉണ്ടായിരുന്നെങ്കിൽ