"ആണായാല്‍ അച്ചായനെപ്പോലെ ജീവിക്കണം. അല്ലാതെ നമ്മളെപ്പോലെ വെറുതെ ആഴ്ചയില്‍ അഞ്ചുദിവസവും കഴുതയെപ്പോലെ പണിയെടുത്ത്, എടുത്താല്‍ പൊങ്ങാത്ത ബില്ലുകളുമടച്ച്, കെട്ടിയവളുമാരുടെ ആട്ടും തുപ്പുമേറ്റ് ജീവിതമിങ്ങനെ ഉരുട്ടിക്കൊണ്ടുപോയിട്ട് എന്നാ കാണിക്കാനാ. . .'' "ഹെന്നസ്സി'യുടെ കൂറ്റന്‍ കുപ്പിയില്‍ നിന്നും അഞ്ചാമത്തെ തവണ ഡബിള്‍ ലാര്‍ജ് ഊറ്റിയെടുത്തുകൊണ്ട് അത് പറയുമ്പോള്‍ അവറാച്ചന്‍ അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു; വാക്കുകള്‍ വല്ലാതെ കുഴഞ്ഞിരുന്നു.
""അവറാച്ചന്‍ പറഞ്ഞതു നേരാ. അച്ചായന്‍ ഒരു ഭാഗ്യവാന്‍ തന്നെ. കാശുള്ള ചെറ്റകള്‍ നമ്മുടെ കൂട്ടത്തില്‍ എത്രപേര് വേണമെങ്കിലുമുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം ഒരു കാര്യവുമില്ലാന്ന് നമ്മള്‍ക്കല്ലേ അറിയൂ. ജീവിക്കുവാണേല്‍ അച്ചായനെപ്പോലെ ജീവിക്കണം. . . അച്ചായന്റെ ഒരു ഭാഗ്യം!'' "ഗ്ലെന്‍ലിവറ്റി'ന്റെ കഴുത്തിനു പിടിച്ച് കമിഴ്ത്തിക്കൊണ്ട് കുട്ടപ്പായി കൂട്ടുകാരന്റെ അഭിപ്രായത്തോട് യോജിച്ചു. കുഴഞ്ഞുവീഴാന്‍ തുടങ്ങിയ അയാളെ ബാര്‍ ടേബിളിന് ചുറ്റും കൂടിനിന്നവരെല്ലാവരും കൂടി ഒരുവിധത്തില്‍ സോഫയില്‍ പിടിച്ചിരുത്തുകയായിരുന്നു. ബേസ്‌മെന്റിലെ ഇരിപ്പിടങ്ങളിലിരുന്ന് സഹകുടിയന്മാര്‍ അതുകണ്ട് ആര്‍ത്തുചിരിച്ചു.
സ്ഥലത്തെ പ്രധാന പ്രാഞ്ചിയും ഇഷ്ടക്കാരുടെ അരുമസ്‌നേഹിതനുമായ വര്‍ക്കി ജോര്‍ജിന്റെ അറുപതാം പിറന്നാളാഘോഷങ്ങള്‍ അയാളുടെ ആഡംബരവസതിയില്‍ പൊടിപൊടിക്കുകയാണ്. വര്‍ക്കി ജോര്‍ജ് എന്നുപറഞ്ഞാല്‍ പെട്ടെന്ന് ആള്‍ക്കാര്‍ക്ക് പിടികിട്ടില്ല. പക്ഷേ "കോഴി വര്‍ക്കി' എന്നു കേള്‍ക്കേണ്ട താമസം, ആറടി പൊക്കവും എണ്‍പത്തഞ്ച് കിലോ തൂക്കവും (അതില്‍ അഞ്ച് കിലോ കുമ്പയാണ്) ഇരു കൈകളിലുമായി ആറ് മോതിരങ്ങളും സ്വര്‍ണ്ണ വാച്ചും ബ്രേസ്‌ലറ്റുമുള്ള വര്‍ക്കിച്ചന്റെ സദാ പുഞ്ചിരിക്കുന്ന മുഖം അവരുടെ മനസ്സിലേക്ക് ഓടിയെത്തും. വര്‍ണ്ണപ്പകിട്ടുള്ള വിലകൂടിയ വസ്ത്രങ്ങളും മുന്തിയ ബ്രാന്‍ഡിന്റെ പാദരക്ഷകളും ധരിച്ചു മാത്രമേ അയാളെ പൊതുജനം കണ്ടിട്ടുള്ളൂ. ദോഷം പറയരുതല്ലോ, ആള്‍ കാണാനും സുമുഖനാണ്. കൃത്രിമസൗന്ദര്യവല്‍ക്കരണമാണെന്നൊക്കെ അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നുണ്ടെങ്കിലും മുഖവും ശരീരവും സുന്ദരമായി നിലനിര്‍ത്താന്‍ വേണ്ടി വര്‍ക്കി നടത്തുന്ന പരിശ്രമങ്ങള്‍ അംഗീകരിക്കാതെ വയ്യ. ആഴ്ചയില്‍ നാല് ദിവസം ജിമ്മില്‍ പോകുന്ന അയാള്‍ മാസത്തില്‍ ഒരു തവണ സിറ്റിയിലെ മെന്‍സ് ഗ്രൂമിംഗ് പാര്‍ലര്‍ സന്ദര്‍ശിച്ച് ഫുള്‍ ബോഡി വാക്‌സ്, ഫേഷ്യല്‍, ട്രിമ്മിംഗ് തുടങ്ങിയ മിനുക്കുപണികള്‍ നടത്തി തന്റെ ശരീരസൗന്ദര്യം സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. അഴകിന്റെ ആള്‍രൂപമായ ഭാര്യ ശോശന്നയുടേതിനേക്കാള്‍ മനോഹരമാണ് അയാളുടെ കൈകാലുകളിലെ നഖങ്ങളെന്ന് ആരും സമ്മതിക്കും. കൂട്ടുകാര്‍ക്കും കൂടെക്കൂടെ സുഖിപ്പിച്ച് സംസാരിക്കുന്നവര്‍ക്കും മതിവരുവോളം മദ്യം വിളമ്പാന്‍ മടിക്കാത്ത വര്‍ക്കി പക്ഷേ, ഒരു പെഗുപോലും അകത്താക്കില്ല. പുകവലിയുടെ അനുഭൂതി ഇന്നേവരെ അറിയാത്ത അയാളുടെ ചുണ്ടുകള്‍ കണ്ടാല്‍ തത്തമ്മ പോലും അസൂയപ്പെടുമെന്നാണ് സില്‍ബന്ധികള്‍ വാഴ്ത്തുന്നത്.
ആരും പരിപൂര്‍ണ്ണനല്ല എന്ന് പറയുന്നതുപോലെ വര്‍ക്കിക്കുമുണ്ട് കുറെ കുറവുകള്‍. അടങ്ങാത്ത ആഹാരപ്രിയനായ അയാള്‍ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടംപോലെ കഴിക്കും. അക്കാര്യത്തില്‍ മാത്രമാണ് അയാള്‍ സ്വന്തം ശരീരത്തോട് അനീതി കാട്ടുന്നത്. ജിംനേഷ്യത്തില്‍ പോയി ആയിരം കലോറി ഒറ്റത്തവണ കത്തിച്ചുകളഞ്ഞാലുടന്‍ അടുത്തുള്ള റസ്റ്റോറന്റില്‍ പോയി അയ്യായിരം കലോറിക്കുള്ള ആഹാരം അകത്താക്കും. സദാ കൂടെനടക്കുന്ന ശിങ്കിടികള്‍ക്കും കിട്ടും വയറുനിറയെ ഭക്ഷണം. എത്ര വ്യായാമം ചെയ്തിട്ടും കുറയാത്ത വലിയൊരു വയറുള്ളതു മാത്രമാണ് വര്‍ക്കിയുടെ ഏക വേദന.
മോഹിനീവേഴ്ചയോടുള്ള ഒരിക്കലും ശമിക്കാത്ത തൃഷ്ണയാണ് പക്ഷേ, വര്‍ക്കിയുടെ ഏറ്റവും വലിയ ബലഹീനത. വിഷയാസക്തിയില്‍ അയാള്‍ "ഇന്ദുലേഖ'യിലെ സൂരി നമ്പൂതിരിപ്പാടിന് ഗുരുതുല്യനായി വരും. നമ്പൂതിരിപ്പാടിന് കളിഭ്രാന്ത് കഥകളിയായിരുന്നെങ്കില്‍ വര്‍ക്കിക്കത് മറ്റൊന്നുമായിരുന്നില്ല. പരിചയത്തിലുള്ളവരും പള്ളിയില്‍ വരുന്നവരുമായ പല പെണ്ണുങ്ങളെയും (കന്യകകള്‍, വിധവകള്‍ എന്നിവര്‍ അതില്‍പ്പെടുന്നു) ഇരുചെവിയറിയാതെ അയാള്‍ വലയിലാക്കിയിട്ടുണ്ട്. ഞായറാഴ്ച സകുടുംബം കുര്‍ബാനയില്‍ പങ്കെടുക്കുവാനെത്തുന്ന വര്‍ക്കി ശോശന്നയെയും മക്കളെയും മുന്‍നിരയിലേക്ക് പറഞ്ഞുവിട്ടതിനു ശേഷം സുഹൃത്തുക്കളോടും സില്‍ബന്ധികളോടുമൊപ്പം ഏറ്റവും പിറകില്‍ നിന്ന് പിന്നാലെ വരുന്ന ഭക്തകളെ നോക്കി വെള്ളമിറക്കുന്നത് വര്‍ഷങ്ങളായുള്ള ഒരു സ്ഥിരം കാഴ്ചയാണ്. ദേവാലയനിര്‍മ്മാണത്തിനും പള്ളിയുടെ മറ്റ് ഏതാവശ്യങ്ങള്‍ക്കും വേണ്ടി വാരിക്കോരി പണമെറിയുന്ന ഗ്യാസ് സ്റ്റേഷന്‍ മുതലാളിയായ വര്‍ക്കിയെ അവിടെ നിന്നും മാറ്റിനിര്‍ത്തി വെറുതെ പിണക്കണ്ടല്ലോയെന്ന് വികാരിയച്ചന്‍ വിചാരിക്കും; എന്ന് മാത്രമല്ല, പ്രസംഗമദ്ധ്യേ "നമ്മുടെയെല്ലാം പ്രിയങ്കരനായ വര്‍ക്കിച്ചായ'നെ പുകഴ്ത്തി സ്ഥാനത്തും അസ്ഥാനത്തും നാല് വാചകങ്ങള്‍ പറയാനും അദ്ദേഹം മടിക്കാറില്ല. പിറ്റേ ഞായറാഴ്ച പള്ളിയില്‍ വരുമ്പോഴേയ്ക്കും പോയ വാരം താന്‍ പ്രാപിച്ച പെണ്ണുങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മറ്റുള്ളവരോട് വര്‍ണ്ണിച്ച് വര്‍ക്കി മേനി നടിക്കുന്നതു കേട്ട് മോഹപരവശരായവര്‍ അനവധിയാണ്. എങ്ങനെ അയാള്‍ക്ക് ഇതൊക്കെ സാധിക്കുന്നു എന്നോര്‍ത്ത് അവരില്‍ പലരുടെയും രാവുകള്‍ നിദ്രാവിഹീനങ്ങളായിട്ടുണ്ട്.
"ബ്ലാക്ക് ലേബലി'ന്റെ ഭരണിയില്‍ നിന്നും ഇടതടവില്ലാതെ പാനം ചെയ്തുകൊണ്ടിരുന്ന പൊന്നച്ചന്‍ പരസ്യമായിത്തന്നെ തന്റെ ആത്മഗതം പങ്കുവച്ചു:
""അച്ചായന്റെ കൈയില്‍ എന്തോ മാന്ത്രിക ദണ്ഡുണ്ട്, അല്ലെങ്കില്‍പ്പിന്നെ ഇത്ര കൂളായി ഇതെങ്ങനെ സാധിക്കുന്നു? സ്വന്തം ഗ്യാസ് സ്റ്റേഷനില്‍ പണിക്കുവരുന്ന മെക്‌സിക്കത്തികളെയൊക്കെ പണമെറിഞ്ഞ് പാട്ടിലാക്കുന്നത് മനസിലാക്കാം. നമ്മുടെ കൂട്ടത്തിലെ വികാരജീവികളായ മിണ്ടാപ്പൂച്ചകളെ മയക്കിയെടുക്കുന്നതും സമ്മതിച്ചുതന്നിരിക്കുന്നു. പക്ഷേ കടയിലോ സ്പായിലോ വച്ച് ഒറ്റത്തവണ മാത്രം കാണുന്ന ഫിലിപ്പീനോകളെയും ചൈനക്കാരികളെയും കൊറിയത്തികളെയുമൊക്കെ എങ്ങനെയാണ് അച്ചായന്‍ കറക്കിയെടുക്കുന്നതെന്ന് എനിക്ക് ഒരുപിടിയും കിട്ടുന്നില്ല. ഈയിടെ കോളജില്‍ പഠിക്കുന്ന ഒരു മദാമ്മക്കൊച്ചിനെയും കൊണ്ട് അച്ചായന്‍ ടൂര്‍ പോയെന്നു കേട്ടു. എങ്ങനെ ഇതൊക്കെ സാധിക്കുന്നു ദൈവമേ. . . എനിക്ക് തോന്നുന്നത് അച്ചായന്റെ അവയവത്തില്‍ ഭാഗ്യമറുക് വല്ലതുമുണ്ടെന്നാണ്.''
""ഭാഗ്യമറുക് മാത്രമുണ്ടായിട്ട് കാര്യമില്ലെടാ പൊന്നച്ചാ. നമ്മുടെ അച്ചായനെ കണ്ടാല്‍ സില്‍മാനടനാണെന്നല്ലേ തോന്നൂള്ളൂ? അല്ലാതെ നിന്റെ കൂട്ട് മരമോന്തയൊന്നുമല്ലല്ലോ? അച്ചായനൊന്ന് നേരേ നോക്കിച്ചിരിച്ചാല്‍ നിന്റെ കെട്ടിയവള്‍ തെയ്യാമ്മ വരെ വീഴും. ആളൊരു കോങ്കണ്ണിയായതുകൊണ്ട് അച്ചായന്‍ വേണ്ടെന്നു വച്ചതാണെന്നാ എനിക്ക് തോന്നുന്നത്.'' കൂട്ടച്ചിരികള്‍ക്കിടയില്‍ കിളവന്‍ ലാസര്‍ അത് പറഞ്ഞത് പൊന്നച്ചനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. പച്ചത്തെറികള്‍ക്കൊടുവില്‍ എന്തോ ഓര്‍ത്തിട്ടെന്നതുപോലെ പെട്ടെന്നയാള്‍ പടികള്‍ ഓടികയറി മുകളിലെ മുറിയില്‍ പാര്‍ട്ടിക്ക് വന്ന മറ്റ് സ്ത്രീകളോടൊപ്പമിരുന്ന് പരദൂഷണം പറഞ്ഞുകൊണ്ടിരുന്ന തെയ്യാമ്മയെ പിടിച്ചുവലിച്ചുകൊണ്ട് പുറത്തേയ്ക്ക് പോകാനൊരുങ്ങി. ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് ശോശന്ന എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ കൂട്ടാക്കിയില്ല.
""കേക്ക് മുറിച്ചുകഴിഞ്ഞാലുടന്‍ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ച് അച്ചായന്‍ "ബ്ലൂ ലേബല്‍' പൊട്ടിക്കുന്നുണ്ടെടാ പൊന്നച്ചാ. അതുകൂടി അണ്ണാക്കിലോട്ട് ഒഴിച്ചിട്ട് നിനക്ക് പോയാല്‍ പോരേ?'' നേരെ നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത നിലയിലായിരുന്നെങ്കിലും കൂട്ടുകുടിയന്മാര്‍ നല്‍കിയ പിന്തുണയോടെ ലാസറേട്ടന്‍ പൊന്നപ്പന്റെ "ശവപ്പെട്ടി'യില്‍ ഒരു ആണി കൂടി അടിച്ചുകയറ്റി.
""എന്റെ അണ്ണാക്കിലേക്കല്ലെടോ ഇത്തിള്‍ക്കണ്ണീ, തന്റെ ആ ചട്ടുകാലി കെട്ടിയവളുടെ. . .''
അച്ചടിയന്ത്രം പോലും അറയ്ക്കുന്ന കുറെ അശ്ലാലവാക്കുകള്‍ ഉറക്കെ ഉരുവിട്ടുകൊണ്ട് പൊന്നച്ചന്‍ സ്ഥലംവിട്ടു.
പിറന്നാള്‍ കേക്ക് മുറിച്ചതിനു ശേഷം വീണ്ടും ബേസ്‌മെന്റിലേക്ക് മടങ്ങിയെത്തിയ കൂട്ടുകാരോട് അണ്ടിപ്പരിപ്പുകള്‍ കൊറിക്കുന്നതിനിടയില്‍ വര്‍ക്കി തന്റെ മനസ്സില്‍ ഏറെ നാളായി ഉരുണ്ടുകൂടിക്കിടന്നിരുന്ന ആ രഹസ്യമോഹം പങ്കുവച്ചു:
""കാര്യം ശരിയാ, ഒരുപാട് തരം പെണ്ണുങ്ങളുടെ രുചി ഞാന്‍ അറിഞ്ഞിട്ടുണ്ട്. പക്ഷേ, നിങ്ങള്‍ വിശ്വസിക്കുമോയെന്നറിയില്ല, ഇതേവരെ ഒറ്റ കറമ്പിയെപ്പോലും ഞാനനുഭവിച്ചിട്ടില്ല. ഇവിടെയാണെങ്കില്‍ അവരിഷ്ടംപോലെയുണ്ടുതാനും. എന്നാ പറയാനാ, ഒറ്റയെണ്ണത്തിനെയും ഒത്തുകിട്ടിയില്ല. വയസ്സ് അറുപതായിട്ടും ആ ഒരാഗ്രഹം മാത്രം ഇനീം നടക്കാതെ കിടക്കുന്നു. . . മരിച്ചങ്ങ് സ്വര്‍ഗ്ഗത്തിലോട്ട് ചെല്ലുമ്പോള്‍, "എന്നാടാ വര്‍ക്കിച്ചാ ആ പൂതീം കൂടി തീര്‍ത്തിട്ട് പോരാന്‍ മേലാരുന്നോ നിനക്ക്' എന്ന് ചോദിച്ച് തമ്പുരാന്‍ ചെവിക്കു പിടിക്കുമോന്നാ എന്റെ പേടി.'' കളിയായും കാര്യമായും വര്‍ക്കി അത് പറഞ്ഞപ്പോള്‍ സില്‍ബന്ധികളുടെ കണ്ണുകള്‍ നിറഞ്ഞു. അറിയപ്പെടുന്നൊരു വിടനാണെങ്കിലും തങ്ങളുടെ അന്നദാതാവായ വര്‍ക്കിച്ചായന്‍ ഒരു പരാജിതനെപ്പോലെ നില്‍ക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല, പ്രത്യേകിച്ചും ഇങ്ങനെയൊരു പിറന്നാള്‍ദിനത്തില്‍. സേവപിടിച്ച് സദാ കൂടെ നടക്കുന്നവരില്‍ പ്രമുഖനായ ജോസുകുഞ്ഞ് പെട്ടെന്ന് തന്റെ മനസ്സിലേക്കോടിയെത്തിയ ഒരു ഉപായം പങ്കുവച്ചു:
""വഴിയുണ്ടച്ചായാ. എന്റെ കൂടെ പോസ്റ്റോഫീസില്‍ ജോലി ചെയ്യുന്ന ഒരു കറമ്പിയുണ്ട്, ബ്രിട്ടണി. രണ്ട് പെറ്റതാണെങ്കിലും ആളെ കണ്ടാല്‍ നമ്മുടെ ഉണ്ണിമേരിച്ചേച്ചിയെപ്പോലിരിക്കും. ഉഗ്രന്‍ സെക്‌സപ്പീലാ കക്ഷിക്ക്. ഇതേവരെ കല്യാണം കഴിച്ചിട്ടില്ല. പരമാവധി മുപ്പത് വയസ്സ് ഉണ്ടാവും. ഇന്നാളൊരു ദിവസം ഓഫീസിലെ ഒരു പോട്‌ലക്ക് പാര്‍ട്ടിയ്ക്ക് ഞാനിച്ചിരെ പോത്തിറച്ചിയുലര്‍ത്തിയതു ഉണ്ടാക്കിക്കൊണ്ടുചെന്നപ്പം അവള് ചോദിയ്ക്കുവാ, "നിങ്ങളുടെ ഫുഡ് നല്ല സ്‌പൈസി ആണല്ലോ, നിങ്ങളുടെ ആണുങ്ങളും അങ്ങനെയാണോന്ന്!'' ഒരു ട്യൂബ് ലൈറ്റായതുകൊണ്ട് എനിക്കതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കുറെ സമയമെടുത്തു. കഴിവുകേടായിരിക്കാം, പിന്നെ അതേപ്പിടിച്ചങ്ങ് കേറാന്‍ എനിക്കൊട്ട് പറ്റിയുമില്ല. എന്റെ സ്ഥാനത്ത് നമ്മുടെ അച്ചായനായിരുന്നെങ്കില്‍ അവളിപ്പം രണ്ടുമാസം ഗര്‍ഭിണിയായേനേം.''
വലിയൊരു വെളിപാട് ലഭിച്ചതുപോലെ സദസ്സാകെ ഗൗരവചിന്തയിലമര്‍ന്നു. വര്‍ക്കിച്ചന്റെ മനസ്സില്‍ ശരിക്കും ലഡു പൊട്ടി. സിനിമാതാരം ഉണ്ണിമേരി തന്റെ മുമ്പില്‍ വന്ന് നൃത്തം ചെയ്യുന്നതുപോലെ. . . അപ്പോള്‍ത്തന്നെ ബ്രിട്ടണിയെ വിളിച്ചാലോയെന്ന് അയാളാലോചിച്ചു; ജോസുകുഞ്ഞിന്റെ കൈയില്‍ നിന്നും "ഉണ്ണിമേരി'യുടെ നമ്പര്‍ വാങ്ങാനൊരുങ്ങുമ്പോള്‍ പള്ളിയിലെ കൈക്കാരന്‍കൂടിയായ വര്‍ക്കിയുടെ ഉറ്റ സ്‌നേഹിതന്‍ കുര്യച്ചന്‍ ഇടപ്പെട്ടു:
""വെറുതെ അതുമിതും പറഞ്ഞ് മോഹിപ്പിച്ച് നമ്മുടെ അച്ചായനെ കുഴപ്പത്തില്‍ ചാടിക്കരുത് ജോസുകുഞ്ഞേ. . . കഴിഞ്ഞ തവണ അച്ചായന്‍ നാട്ടില്‍ പോയപ്പോഴുണ്ടായ പുകിലൊക്കെ അറിയാമല്ലോ?''
സംഗതി ശരിയാണ്. വര്‍ക്കി ശരിക്കും പെട്ടുപോയ സംഭവമായിരുന്നു അത്. എല്ലാ വര്‍ഷവും ഒരു മാസത്തെ അവധിക്ക്, കഴിവതും ഒറ്റയ്ക്ക് നാട്ടില്‍ പോവുന്ന വര്‍ക്കി ആരോരുമറിയാതെ പല സ്ഥലങ്ങളിലും പോയി "ഉദ്ദിഷ്ടകാര്യം' നടത്തിയെടുക്കാറുണ്ട്; അറിയപ്പെടുന്ന ചില സീരിയല്‍ നടിമാരുള്‍പ്പെടെ പല മോഹിനികളും അതില്‍ പങ്കാളികളാകാറുമുണ്ട്. പക്ഷേ കഴിഞ്ഞ തവണ വെറും "പഴത്തൊലി'യില്‍ ചവിട്ടിയാണ് അയാള്‍ വീണത്. ശോശന്നയുടെ വീട്ടില്‍ ഒരന്തി കിടക്കാന്‍ ചെന്നതായിരുന്നു വര്‍ക്കി. രാവിലെ പാലുമായി വന്ന അയല്‍ക്കാരി തങ്കമ്മ പതിവുപോലെ കൊച്ചുമുതലാളിയോട് പട്ടിണിക്കഥകളും പതം പറച്ചിലും ചെരിഞ്ഞും കുനിഞ്ഞും നിന്ന് പറഞ്ഞ് പരമാവധി സംഭാവന കിട്ടുവാനുള്ള ശ്രമം നടത്തി:
""എന്നാ പറയാനാ സാറേ, അച്ചന്‍കുഞ്ഞിപ്പോള്‍ ബസോടിക്കാന്‍ പോയി കിട്ടുന്ന പൈസ മുഴുവന്‍ ലോട്ടറി ടിക്കറ്റ് മേടിക്കുവാന്‍ കളയുവാ. പണ്ടൊക്കെ കുടിയായിരുന്നു പ്രശ്‌നം. പോട്ടേലെ ധ്യാനം കൂടി വന്നതിനുശേഷം കുടി നിര്‍ത്തി. പക്ഷേ ഇപ്പോള്‍ റേഷന്‍ മേടിക്കുവാന്‍ പോലും കാശ് തികയില്ല. "ലോട്ടറി അടിച്ച് കോടീശ്വരനാവും, പിന്നെ പണിക്ക് പോവണ്ടല്ലോ'യെന്ന് പറഞ്ഞ് കിട്ടണ കാശിനു മുഴുവനും ലോട്ടറിയെടുക്കുവാ. . . പിള്ളേരൊന്നുമുണ്ടാകാത്തതിന്റെ നിരാശ വേറെ. ഞാനാകെ മടുത്തു സാറേ.''
തങ്കമ്മയുടെ നിറഞ്ഞ കണ്ണുകളും പിടയ്ക്കുന്ന മാറും കണ്ടപ്പോള്‍ വര്‍ക്കി വല്ലാതായി. പോക്കറ്റില്‍ നിന്നും രണ്ടായിരത്തിന്റെ നോട്ടൊന്ന് വച്ചുകൊടുക്കുമ്പോള്‍ അവളുടെ കൈയില്‍ അയാളൊന്നു അര്‍ത്ഥം വച്ച് നുള്ളി. ഉച്ചകഴിഞ്ഞ് മടങ്ങിപ്പോകുന്ന വഴി തങ്കമ്മയുടെ വീട്ടിലേക്ക് താന്‍ വരുന്നുണ്ടെന്ന് ആരും കേള്‍ക്കാതെ അയാള്‍ പറയുകയും ചെയ്തു. സംഗതി വിജയകരമായി പര്യവസാനിക്കുമായിരുന്നു. പക്ഷേ കഷ്ടകാലത്തിന് പെട്ടെന്നുണ്ടായൊരു പ്രൈവറ്റ് ബസ് പണിമുടക്കിനെത്തുടര്‍ന്ന് നേരത്തെ വീട്ടിലെത്തിയ അച്ചന്‍കുഞ്ഞ് ഇരുവരെയും അരുതാത്ത അവസ്ഥയില്‍ കണ്ടതോടെ കളി കാര്യമായി. അമ്പതിനായിരം രൂപയും അച്ചന്‍കുഞ്ഞിന്റെ കാലുപിടിച്ചുള്ള കരച്ചിലും തടി കേടാകാതെ വര്‍ക്കിച്ചനെ കഷ്ടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പക്ഷേ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പറഞ്ഞറിഞ്ഞ് വിവരം അമേരിക്കയിലുമെത്തി.
മെയില്‍ സോര്‍ട്ടിംഗ് ടേബിളിനടുത്തുവച്ച് ബ്രിട്ടണിയെ പരിചയപ്പെടാനൊരു "ഇന്ത്യന്‍ മില്യണയര്‍' താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് ജോസുകുഞ്ഞ് പറഞ്ഞത് അവളാദ്യം തമാശയായിട്ടാണെടുത്തത്. ഡൗണ്‍ടൗണിലെ ഇറ്റാലിയന്‍ റസ്റ്റോറന്റില്‍ വൈകിട്ട് ഡിന്നറിന് ഒന്നിച്ചുപോയി അദ്ദേഹത്തെ പരിചയപ്പെടാമെന്ന് സഹപ്രവര്‍ത്തകന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആയിക്കോട്ടേയെന്ന് അവള്‍ സമ്മതിക്കുകയായിരുന്നു. അത്താഴത്തിന് അവയവക്കൊഴുപ്പും ആകാരവടിവും പ്രദര്‍ശിപ്പിച്ച് ആകര്‍ഷകമായി അണിഞ്ഞൊരുങ്ങിയെത്തിയ ബ്രിട്ടണിയെ കണ്ടമാത്രയില്‍ത്തന്നെ വര്‍ക്കിച്ചന് ഹരംപിടിച്ചു. ആ രാത്രി അവിടെവച്ച് പിരിയുന്നതിനു മുമ്പേ അവര്‍ പരസ്പരം നന്നായി അടുക്കുകയും ചെയ്തു.
പിറ്റേ ആഴ്ച വാലന്റീന്‍സ് ഡേ ഡിന്നറിന് ഒന്നിച്ചുകൂടിയപ്പോള്‍ ബ്രിട്ടണിക്ക് സ്വപ്നസമാനമായൊരു സമ്മാനമാണ് വര്‍ക്കിച്ചനില്‍ നിന്നും ലഭിച്ചത്. "പ്രിയ കാമുകിക്ക്' പുതുപുത്തന്‍ സ്‌പോര്‍ട്‌സ് കാറിന്റെ താക്കോല്‍ സമ്മാനിക്കുമ്പോള്‍ പ്രത്യുപകാരമായി ആ രാത്രിയിലൊരു സഹശയനം വര്‍ക്കിച്ചന്‍ സ്വാഭാവികമായും പ്രതീക്ഷിച്ചു. സഹപ്രവര്‍ത്തകയുടെ പഴഞ്ചന്‍ കാറിന്റെ അവസ്ഥയെപ്പറ്റി ജോസുകുഞ്ഞ് പറഞ്ഞത് കേട്ടപ്പോള്‍ അതിലും വലിയൊരു സമ്മാനം അവള്‍ക്ക് കൊടുക്കാനില്ലെന്ന് വര്‍ക്കി ഉറപ്പിക്കുകയായിരുന്നു. "ആദ്യരാത്രി'ക്കു വേണ്ട തയ്യാറെടുപ്പുകളുമായാണ് വര്‍ക്കി എത്തിയതെങ്കിലും മുനിഞ്ഞു കത്തുന്ന മെഴുകുതിരിവെളിച്ചം സാക്ഷിയാക്കി നല്‍കിയ ഒരു ചുടുചുംബനത്തില്‍ അവള്‍ കാര്യമൊതുക്കി. സെല്‍ഫോണില്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഫോണ്‍കോളുകള്‍ക്കായി അവള്‍ ചിലവഴിക്കുന്ന സമയമത്രയും വര്‍ക്കി അക്ഷമയോടെ ആകുലചിത്തനായിരുന്നു. ഒടുവില്‍ അടുത്ത കൂടിക്കാഴ്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിച്ച് പുത്തന്‍ കാറില്‍ കയറി യാത്രയാകുന്നതിനു മുമ്പ് അവള്‍ നന്ദിയോടെ നല്‍കിയ ഊഷ്മളാലിംഗനം വര്‍ക്കിക്ക് താല്‍ക്കാലികാശ്വാസം നല്‍കി.
വെള്ളിയാഴ്ച രാത്രി നൈറ്റ് ക്ലബ്ബിലെ ബാറിലിരുന്ന് തണുത്ത ബിയര്‍ മൊത്തിക്കുടിക്കുമ്പോള്‍ ബ്രിട്ടണി "മില്യണയറോ'ട് മനസ്സിന് കുളിര്‍മ്മ നല്‍കുന്നൊരു ചോദ്യം ചോദിച്ചു:
""നമുക്കൊരു ക്രൂസിന് പോയാലോ? സ്പ്രിംഗ് ബ്രേക്കിന് സ്കൂളടയ്ക്കുമ്പോള്‍ എന്റെ മക്കളെ അവരുടെ അച്ഛന്മാരുടെയടുത്താക്കാം. ഓരോ കൊച്ചുങ്ങളെ ഉണ്ടാക്കിത്തന്ന് പോയിട്ട് രണ്ടുപേരുമങ്ങനെ സുഖിച്ചു കഴിയുകയല്ലേ. . . ജീവനാംശമോ തരുന്നില്ല, കുറച്ചു ദിവസം അവര്‍ സ്വന്തം പിള്ളാരെ നോക്കുകയെങ്കിലും ചെയ്യട്ടെ. നമുക്ക് ആ സമയം അറ്റ്‌ലാന്റിക്കിലൂടെ ഒഴുകിനടന്നങ്ങനെ സുഖിക്കാം. എന്തു പറയുന്നു?''
എന്തു പറയാനാണ്? വര്‍ക്കിയെ സംബന്ധിച്ചിടത്തോളം കാതിന് തേന്മഴയായിരുന്നു ആ വാക്കുകളെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സന്തോഷംകൊണ്ടുള്ള വീര്‍പ്പുമുട്ടല്‍ നിയന്ത്രിക്കാനാവാതെ അയാള്‍ അപ്പോള്‍ത്തന്നെ ബ്രിട്ടണിയുടെ തടിച്ചു മലര്‍ന്ന ചുണ്ടുകളില്‍ സാമാന്യം ശക്തിയിലൊരു കടി കൊടുത്തു. അവളുടെ അധരങ്ങളില്‍ നിന്നുമറിഞ്ഞ ചില്‍ഡ് ബിയറിന്റെ രുചി വര്‍ക്കിച്ചനെ ഉന്മാദത്തിന്റെ ഉച്ചകോടിയിലേക്കുയര്‍ത്തുമ്പോള്‍ ബ്രിട്ടണി ലജ്ജാവിവശയായി കുറുകി:
""യൂ ലിറ്റില്‍ റാസ്കല്‍!''
അന്ന് രാവേറെ വളരുന്നതുവരെ നൈറ്റ് ക്ലബ്ബിലെ അരണ്ടവെളിച്ചത്തിലിരുന്നവര്‍ മാദകനൃത്തങ്ങളുടെ പരമ്പര ആസ്വദിച്ചു. ഇടയ്ക്ക് പലവട്ടം, ആ രാത്രി അവിസ്മരണീയമാക്കുവാന്‍ വേണ്ടി തൊട്ടടുത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍ താന്‍ ബുക്ക് ചെയ്ത സ്വീറ്റിലേക്ക് പോകാമെന്ന് പറഞ്ഞപ്പോഴൊക്കെ ബ്രിട്ടണി തടസ്സം പറഞ്ഞത് മാത്രമായിരുന്നു വര്‍ക്കിയുടെ സങ്കടം. സെല്‍ഫോണില്‍ കൂടെക്കൂടെ വിളിക്കുന്ന ആരെയോ അവള്‍ തെറിപറയുന്നുമുണ്ട്. ആരാണതെന്ന് ഒരു തവണ ചോദിച്ചപ്പോള്‍ ബ്രിട്ടണി വെറുപ്പോടെ പറഞ്ഞു:
""ഡാനി. വേഗം ചെല്ലാന്‍ പറഞ്ഞ് വിളിക്കുന്നതാണ്. കുറേ നാളായി അവന്‍ എന്റെ കൂടെയാണ് താമസം. വേലയും കൂലിയുമൊന്നുമില്ല. കെട്ടിയവളും മക്കളും ഉപേക്ഷിച്ചപ്പോള്‍ എന്റെ പിറകെ കൂടി. പഴയൊരു ഹൈസ്കൂള്‍ സ്വീറ്റ് ഹാര്‍ട്ടാണല്ലോയെന്ന് വിചാരിച്ച് ഞാനങ്ങ് ക്ഷമിച്ചതാണ്. അടുത്തൊരു കൊച്ചിനെ ഉണ്ടാക്കിയേച്ച് അവനും പോവുമോന്നായിരുന്നു എന്റെ പേടി. ബേസിക്കലി ഹീ ഈസ് ഹാംലസ്സ്.''
വര്‍ക്കിക്ക് അത് കേട്ടപ്പോള്‍ ശരിക്കും കലിപ്പിളകിയതാണ്. എങ്കിലും ക്ഷമിച്ചു. പോട്ടെ, സാരമില്ല. ഇവളെ കെട്ടാനൊന്നും പോവുന്നില്ലല്ലോ. ഈ "ഇടക്കാലാശ്വാസ'ത്തെ കുറച്ചുകാലം ഉപയോഗിച്ചതിനുശേഷം എത്രയും വേഗം പറ്റ് തീര്‍ക്കണമെന്നയാള്‍ തീരുമാനിച്ചു. പക്ഷേ കറമ്പിയങ്ങോട്ട് വിട്ടുതരുന്നില്ലല്ലോയെന്നോര്‍ത്തപ്പോള്‍ വര്‍ക്കിക്ക് സങ്കടവും തോന്നി. എത്ര നാളാണിങ്ങനെ "ഉപരിതല ഗതാഗതം' മാത്രമായി നടക്കുന്നത്. . . ഒരു "ആഴക്കടല്‍ യാത്ര'യ്ക്കായി അയാളുടെ ശരീരം വെമ്പല്‍ പൂണ്ടു.
ക്രൂസ് പ്രോഗ്രാമിന്റെ വിശദവിവരങ്ങള്‍ എത്രയും വേഗം തീരുമാനിക്കണമെന്ന് അടുത്ത വീക്കെന്‍ഡ് ഡിന്നര്‍ കൂടിക്കാഴ്ചയില്‍ വര്‍ക്കി വിനയാന്വിതനായി ഉണര്‍ത്തിച്ചപ്പോള്‍ ബ്രിട്ടണി പുതിയൊരു നിര്‍ദ്ദേശമവതരിപ്പിച്ചു. ശരിക്ക് പറഞ്ഞാല്‍ അതൊരു സഹായാഭ്യര്‍ത്ഥന കൂടിയായിരുന്നു:
""എനിക്കൊരു ചെറിയ സഹായം കൂടി ചെയ്യാമോ? അമ്മ താമസിക്കുന്നതിനടുത്ത് ഒരു കണ്ടോമിനിയം വില്‍പ്പനയ്ക്ക് വന്നിട്ടുണ്ട്. അത് വാങ്ങിയാല്‍ ജോലിക്ക് പോകുമ്പോള്‍ ബേബി സിറ്റിംഗിന് എനിക്ക് മറ്റാരെയും ആശ്രയിക്കേണ്ടിവരില്ല. ഡൗണ്‍ പേയ്‌മെന്റിനുള്ള പണമെന്റെ കൈയിലുണ്ട്. പക്ഷേ നല്ല ക്രെഡിറ്റ് ഹിസ്റ്ററിയില്ലാത്തതുകൊണ്ട് എനിക്ക് ലോണ്‍ കിട്ടില്ല. പണം തന്നില്ലെങ്കിലും കുഴപ്പമില്ല, അങ്ങേയ്ക്ക് എന്റെ മോര്‍ഗേജ് പേപ്പറിലൊന്ന് കോ-സൈന്‍ ചെയ്യാമോ?''
റ്റീബോണ്‍ സ്റ്റെയിക്കിന്റെ വലിയൊരു കഷണം വായിലേക്ക് തള്ളിക്കൊണ്ടതു പറയുമ്പോള്‍ ബ്രിട്ടണി വര്‍ക്കിയുടെ മുഖത്തേയ്ക്ക് ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു. "കാമുകി'യെ ഏറ്റവുമടുത്ത മുഹൂര്‍ത്തത്തില്‍ ആപാദചൂഡം ആസ്വദിക്കുന്നതോര്‍ത്ത് ആപ്പിള്‍ ജൂസ് നുണഞ്ഞുകൊണ്ടിരുന്ന വര്‍ക്കിയുടെ തൊണ്ടയില്‍ പെട്ടെന്ന് പഴച്ചാര്‍ ഉടക്കിനിന്നു. ആദാമിന്റെ തൊണ്ടയില്‍ പണ്ട് ആപ്പിള്‍ കഷണം തടഞ്ഞുനിന്ന കാര്യമാണ് അപ്പോള്‍ വര്‍ക്കി ഓര്‍ത്തത്. പക്ഷേ ബ്രിട്ടണിയുടെ അടുത്ത വാചകം കേട്ടപ്പോള്‍ അയാള്‍ "പാമ്പി'ന്റെ കെണിയില്‍ വീണുപോയി:
""ലോണ്‍ പാസായാലുടന്‍ നമുക്ക് ക്രൂസിന് പോവാം. ലെറ്റ്‌സ് സെലബ്രേറ്റ് ബൈ ദ സീ!
ലെറ്റ്‌സ് ഹാവ് എ സെലബ്രേഷന്‍ ബൈ ദ സീ
ആന്റ് ഗെറ്റ് റ്റുഗദര്‍ ഇന്‍ പീസ് ആന്റ് ഹാര്‍മണി. . .''
ടോണി കോട്ടൂറായുടെ റാപ്പ് സംഗീതം അവളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചപ്പോള്‍ താന്‍ ഇമ്പങ്ങളുടെ പറുദീസയിലെത്തിപ്പെട്ടതുപോലെ വര്‍ക്കിക്ക് തോന്നി.
വസന്തം വേഗമോടിയെത്തി. കാര്‍ണിവല്‍ ക്രൂസ് കപ്പലിന്റെ രജിസ്‌ട്രേഷന്‍ ഡെസ്ക്കിനു മുമ്പില്‍ ബ്രിട്ടണിയുടെ നിതംബം തടവി നില്‍ക്കുമ്പോള്‍ മധുരസ്വപ്നങ്ങളുടെ വന്‍ വേലിയേറ്റമാണ് വര്‍ക്കിയുടെ മനസ്സില്‍ ഉരുണ്ടുകൂടിയത്. നിമിഷങ്ങള്‍ക്കകം മുന്‍കൂട്ടി റിസര്‍വ് ചെയ്തിരിക്കുന്ന ബാല്‍ക്കണി കാബിനില്‍ തങ്ങളെത്തും; ആ ആഡംബരമുറിയിലെ ജനാലയിലൂടെ അടുത്ത അഞ്ച് ദിവസവും അറ്റ്‌ലാന്റിക്കിന്റെ അഭൗമ സൗന്ദര്യം തങ്ങളാസ്വദിക്കും; കൂടെക്കൂടെ പതുപതുത്ത മെത്തയില്‍ കിടന്നുകൊണ്ട്. . . വീശിയടിക്കുന്ന തണുത്ത കാറ്റിനിടയിലും വര്‍ക്കിയുടെ സിരകള്‍ വികാരത്തള്ളിച്ചയാല്‍ ചൂടുപിടിച്ചു.
മുറിയിലെത്തി ബാഗേജുകളൊതുക്കിവയ്ക്കുമ്പോഴും വര്‍ക്കി സ്വപ്നലോകത്തിലെന്നതുപോലെ ആമോദത്തിമര്‍പ്പിലായിരുന്നു. കാബിനിലെ സുഖസൗകര്യങ്ങള്‍ കണ്ട് അയാള്‍ അമ്പരന്നു. പണം മുടക്കിയത് താനാണെങ്കിലും നല്ല കമ്പനിയും കാബിനും കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത കറമ്പിയോടയാള്‍ക്ക് ബഹുമാനം തോന്നി. ശരിയാണ്, കാറിനും കണ്ടോമിനിയത്തിനും കപ്പല്‍യാത്രയ്ക്കുമായി കുറേ കാശെറിഞ്ഞിരിക്കുന്നു. പക്ഷേ ലഭിക്കുവാന്‍ പോകുന്ന നേട്ടത്തിനു മുമ്പില്‍ അതെത്ര ചെറുതാണ്. . . അല്ലെങ്കില്‍ത്തന്നെ ഡോളറിന്റെ കണ്ണിലൂടെ കാണാവുന്നതാണോ ഈ സായുജ്യം? വര്‍ക്കി ഒരു നിമിഷം ജോസുകുഞ്ഞിനെ നന്ദിയോടെ ഓര്‍ത്തു. മടങ്ങിച്ചെല്ലുമ്പോള്‍ അവനും സമ്മാനിക്കണം ഒരു പുതുപുത്തന്‍ സ്‌പോര്‍ട്‌സ് കാര്‍ - അയാളുറപ്പിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും ആരവങ്ങളുടെ അകമ്പടിയോടെ കപ്പല്‍ കരയോരം വിട്ട് നീങ്ങിത്തുടങ്ങി. കാബിനുകളിലെ സീലിംഗിലുറപ്പിച്ച സ്പീക്കറിലൂടെ സംഗീതമഴ പെയ്തിറങ്ങിയതോടെ സഞ്ചാരികള്‍ക്കാകെ ആവേശമായി. മാസങ്ങളായി മനസ്സില്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനായി വര്‍ക്കി കാബിന്റെ വാതിലടച്ച് തഴുതിടാനൊരുങ്ങുമ്പോള്‍ ദൃഡഗാത്രനായൊരു കറുമ്പന്‍ ബലമായി വാതില്‍ തുറന്ന് അകത്തുകയറിയതും ബ്രിട്ടണിയുടെ കൈ പിടിച്ച് പുറത്തേയ്ക്കിറക്കിക്കൊണ്ടുപോയതും പെട്ടെന്നായിരുന്നു. അമ്പരന്നുനിന്ന വര്‍ക്കിയോടയാള്‍ പറഞ്ഞു:
""ഞാന്‍ ഡാനി. ഇവളെന്റെ പെണ്ണാണ്. മുകളിലത്തെ ഫ്‌ളോറില്‍ ഞങ്ങളൊരു കാബിന്‍ കൂടി ബുക്ക് ചെയ്തിരുന്നു. ഇവിടെ ഒറ്റയ്ക്കിരുന്ന് മുഷിയുമ്പോള്‍ താങ്കള്‍ക്കങ്ങോട്ട് വരാം. അല്ലെങ്കില്‍ വേണ്ട, ഇടയ്ക്കിടെ താങ്കളെക്കാണാന്‍ ഞങ്ങളിങ്ങോട്ട് വന്നോളാം. വീ ക്യാന്‍ ഹാവ് എ ഡ്രിങ്ക് റ്റുഗദര്‍ വണ്‍സ് ഇന്‍ എ വൈല്‍. ഹാവ് ഫണ്‍ ബൈ ദ സീ, ഓക്കേ ബ്രദര്‍?''
ഒഴുകിനീങ്ങിക്കൊണ്ടിരുന്ന ഭീമന്‍ നൗകയുടെ കാബിനില്‍ ഏകനായിരുന്ന് വര്‍ക്കി ഏറെനേരം കരഞ്ഞു. ജാലകത്തീരശ്ശീല നീക്കി അറ്റ്‌ലാന്റിക്കിന്റെ വിശാലതയിലേക്ക് നിറകണ്ണുകളോടെ നോക്കിയപ്പോള്‍ പെട്ടെന്നയാളുടെ മനസ്സിലേയ്ക്ക് ശോശന്നയുടെ മുഖം കടന്നുവന്നു. ഭര്‍ത്താവിനെപ്പറ്റി ഒളിഞ്ഞും തെളിഞ്ഞും ഒരുപാടുപേര്‍ പല കഥകളും പറഞ്ഞത് കേട്ടപ്പോഴെല്ലാം ഒരു ചെറുപുഞ്ചിരിയോടെമാത്രം അതിനോട് പ്രതികരിച്ചിരുന്ന അവളുടെ മനസ്സിന്റെ നന്മ തിരിച്ചറിയാതെപോയതോര്‍ത്ത് വര്‍ക്കി വല്ലാതായി. അതിമനോഹരമായൊരു ശോശന്നപ്പുഷ്പം സ്വന്തമായിരിക്കെ കാട്ടുപൂക്കളന്വേഷിച്ചുപോയ തന്റെ മൗഢ്യമോര്‍ത്തപ്പോള്‍ കുറ്റബോധത്തോടെ അയാള്‍ ഉറക്കെയുരുവിട്ടു:
""ശോശന്നേ, മാപ്പ്!''