കണ്‍കണ്ട ദൈവമാണമ്മയെന്നാദ്യം ചൊല്ലിത്തന്നതച്ഛന്‍
പെണ്‍മകള്‍ പൊന്മകളെന്ന് പറഞ്ഞുതന്നതുമച്ഛന്‍
ഭാര്യയൊരു ഭാരമല്ലലങ്കാരമാണെന്ന് ചൊന്നതും
ആരുമറിയാതെന്നും തന്‍ വേദന മറച്ചതുമച്ഛന്‍.
അപ്പനെന്നാലൊരുഗ്രപ്രതാപിയല്ലുള്ളം നിറയെ
കപ്പലോളം സ്‌നേഹം നിറച്ചൊരാളെന്ന് കാട്ടിയച്ഛന്‍
മുത്തങ്ങള്‍ കൊണ്ടെന്നും മൂടിയില്ലെങ്കിലുമെന്നിഷ്ടങ്ങളാ-
ചിത്തത്തില്‍ നിറച്ചെന്നെ കനിവാര്‍ന്നു പോറ്റി അച്ഛന്‍.
ആദ്യജാതനാമെനിക്കാവോളം നല്‍കി വിദ്യാധനം പക്ഷേ, യെ-
ന്നാദ്യവേതനത്തിന്നോഹരി വാങ്ങാതെ മണ്‍മറഞ്ഞച്ഛന്‍
പണമല്ലഭിമാനമാണേറ്റമഭികാമ്യം മര്‍ത്യ-നാ
ഗുണമെന്റെ മക്കള്‍ക്ക് വേണമെന്നോതിയച്ഛന്‍.
അച്ഛന്റെ മൂല്യമറിയാതെ വളര്‍ന്നിട്ടൊടുവിലൊ-
രച്ഛനായപ്പോളച്ഛന്റെ വിലയറിഞ്ഞു ഞാനെന്നയച്ഛന്‍
കാലമിത്ര കഴിഞ്ഞാലുമെന്നച്ഛന്റെ നെഞ്ചിന്‍ ചൂടെന്റെ
മേലാകെ പടരുന്നു, അറിയുന്നു ഞാനച്ഛനെയാണെനിക്കിഷ്ടം.