Image

ഞാൻ ചോദിക്കുകയാണ് സുഹൃത്തുക്കളെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 15)

Published on 01 July, 2021
ഞാൻ ചോദിക്കുകയാണ് സുഹൃത്തുക്കളെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 15)

ചോദ്യങ്ങൾ ചോദിക്കാൻ വ്യഗ്രതയുള്ളവർ ആണ് നമ്മൾ ഒക്കെ, പക്ഷെ ഉത്തരങ്ങൾക്ക് കാക്കാനും,കേൾക്കാനും ക്ഷമയില്ലാത്തവരും. അല്ലേ , ശരിയല്ലേ?

ജീവിതത്തിൽ ആദ്യമായി കണ്ടു മുട്ടുന്നവരോട് പോലും എത്രയെത്ര ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് എന്ന് ഒന്ന് ആലോചിച്ചു നോക്കൂ, വീടെവിടെ ? പേരെന്താ? എവിടെ പോണു? എന്തിന് പോണു? ആരെ കാണാൻ ? എങ്ങനെ പോകും ? എന്നിട്ട് എപ്പോ വരും? കൂടെ ആരാ ?അവർ എന്താ ചെയ്യുന്നേ ? എന്താ ചൂടല്ലേ ?ഇന്ന് മഴ പെയ്യുമോ ആവോ ?എത്രെയെത്ര ചോദ്യങ്ങളാണ് കുത്തിയൊലിച്ചു വരുന്നത് എന്ന് കണ്ടില്ലേ ?

ചില ചോദ്യങ്ങളുണ്ട്, വാസ്തവം എന്തായാലും പൂർവനിശ്ചിതമായ, പ്രതീക്ഷിക്കപ്പെടുന്ന ഒരു ഉത്തരം മാത്രം നൽകാൻ കഴിയുന്നത്.ഉദാഹരണത്തിന് "സുഖമല്ലേ ?" എന്ന ചോദ്യം , ആ ചോദ്യത്തിന് "സുഖമല്ല" എന്ന ഉത്തരം നിങ്ങൾ എത്ര തവണ പറഞ്ഞിട്ടുണ്ട് ? വലിയ ഒരു എങ്ങി കരച്ചിൽ നിർത്തി, കണ്ണു തുടച്ച്, ഇടറിയ ഒച്ചയിൽ സുഖം ആണെന്ന് ഉത്തരം കൊടുക്കുകയും, ചോദിച്ച ആൾ ആ ഉത്തരം കേട്ട് ആഹ്ലാദിച്ചും മടങ്ങുകയും ചെയ്യുന്ന രംഗം സങ്കൽപ്പിക്കൂ! "മനസിലായില്ലേ ?" എന്ന ടീച്ചറുടെ സ്ഥിരം ചോദ്യത്തിന് "മനസിലായിട്ടില്ല" എന്ന് ഉത്തരം പറഞ്ഞ ധീരന്മാർ കൈ പൊക്കൂ.മനസിലാകാത്തത് മനസിലായി എന്ന് പറഞ്ഞാൽ, മനസിലായതും, മനസിലാകില്ല എന്ന് നിങ്ങൾക്ക് മനസിലാകാഞ്ഞിട്ടാണോ ??

"പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു ?" എന്ന ചോദ്യത്തിന് കാലാ കാലമായി "കുഴപ്പമില്ല" എന്ന ഒരു മറുപടി മാത്രമേ ഉള്ളൂ.കുഴപ്പമുള്ള ഒരു പരീക്ഷയും ഇന്നോളം ഉണ്ടായിട്ടില്ല എന്നതിൽ നമ്മൾ ആനന്ദിക്കേണ്ടതല്ലേ ?

ഒരു ചോദ്യത്തിന് നാല് ഉത്തരങ്ങൾ തരികയും, അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുത്തെ പറ്റൂ എന്ന് വാശി പിടിക്കുകയും ചെയ്യുന്ന "മൾട്ടിപ്പിൾ ചോയ്സ്" ചോദ്യങ്ങൾ .ചിലപ്പോൾ ഒക്കെ മുകളിൽ തന്ന മൂന്ന് ഉത്തരങ്ങളും ശരിയാണെന്നും, അല്ലെങ്കിൽ അവ ഒക്കെയും തെറ്റ് ആണെന്നും നാലാമത്തെ ഉത്തരമായി നമ്മെ അറിയിക്കുന്ന ഒരു പ്രത്യേക തരം ചോദ്യങ്ങൾ .കറക്കി കുത്തുക എന്ന പ്രയോഗത്തിന് നമ്മൾ കടപ്പെട്ടിരിക്കുന്നത് ഈ ശരിയുത്തരം കറുപ്പിക്കലുകളോട് ആണോ ?ഒരു പി.എസ്.സി പരീക്ഷയുടെ ഒ.എം.ആർ ഷീറ്റ് നിറയെ ഒരേ ജ്യാമിതീയ രൂപ നിർമിതി നടത്തിയ എന്നോടോ ബാലാ ????

സാധനം കയ്യിൽ ഉണ്ടോ ? എന്ന ചോദ്യം മലയാളിയുടെ ആസ്ഥാന നൊസ്റ്റാൾജിയ ചോദ്യമാണ്.വമ്പൻ കള്ളക്കടത്തു സംഘങ്ങൾ പോലും, വളരെ നിഷ്കളങ്കമായി ഉപയോഗിക്കുന്ന രഹസ്യ ചോദ്യം. ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു അങ്കിളിന്റെ അച്ഛൻ ആരാണ് എന്ന് എന്ന മറ്റൊരു ചോദ്യത്തിന്റെ ഉത്തരമാണല്ലോ രാജാവിന്റെ മകൻ."വിടമാട്ടെ, എന്നെ നീ ഇങ്കെ നിന്ന് എങ്കെയും പോക വിടമാട്ടെ?" എന്ന ഗംഗ അഥവാ നാഗവല്ലിയുടെ ചോദ്യമാണെത്രെ മലയാളത്തിൽ ഏറ്റവും അധികം അനുകരിക്കപ്പെട്ട , ആവർത്തിക്കപ്പെട്ട ചോദ്യം."കമ്പിളിപുതപ്പ്, കമ്പിളി പുതപ്പെ" എന്നതായിരിക്കും അല്ലേ ഏറ്റവും ആവർത്തിക്കപ്പെട്ട ഉത്തരം ?

"ഒരു മനുഷ്യന് എത്ര മണ്ണ് വേണം ?" എന്ന ടോൾസ്റ്റോയ് ചോദ്യത്തിന് ഉത്തരം കിട്ടിയാൽ മനുഷ്യന്റെ എല്ലാ ചോദ്യത്തിനും ഉത്തരമായി."ആർക്ക് വേണ്ടിയാണ് ഈ മണികൾ മുഴങ്ങുന്നത്?" എന്ന് ചോദിക്കുന്ന ഹെമിങ്‌വേ തന്നെ "അത് നിനക്ക് വേണ്ടി തന്നെ" എന്ന് ഉത്തരവും പറയുന്നു. "യൂ ടൂ ബ്രൂട്ടസ്?" എന്ന ചോദ്യത്തോടെ  ജൂലിയസ് സീസർ എന്ന പോരാളി മരിക്കാൻ തീരുമാനിക്കുകയാണ്."ഏലീ, ഏലീ, ലാ സബക്താനീ?" എന്റെ ദൈവമേ ,എന്റെ ദൈവമേ എന്നെ നീ കൈ വിട്ടത് എന്തിന് എന്ന ചോദ്യത്തോളം വേദന നിറഞ്ഞ ഒരു ചോദ്യം പിന്നീട് ലോകം കേട്ടിട്ടുണ്ടാകുമോ ??

ചോദ്യം ചോദിക്കുന്ന കാര്യത്തിൽ  ആരാധന തോന്നിയിട്ടുള്ള ഒരാൾ സാക്ഷാൽ അർജ്ജുനനാണ്-മധ്യമ പാണ്ഡവൻ. തലേന്ന് വരെ തോളിൽ കയ്യിട്ട്, സകല തല്ലിപൊളി തരത്തിനും കൂട്ടായി കൂടെ നടന്ന കൃഷ്ണനോട് തമാശക്ക് പോലും ഒരു സംശയം ചോദിക്കാതെ, പതിനെട്ട് അധ്യായം ഗീതയായി എഴുതാനുള്ള ചോദ്യം മുഴുവൻ ഒറ്റയടിക്ക്, ഒരു മഹാ യുദ്ധത്തിന്റെ ആരംഭത്തിന് തൊട്ട് മുൻപ്‌, പടക്കളത്തിൽ വച്ചു ചോദിച്ച അർജ്ജുനൻ ആള് പൊളിയാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്.നിങ്ങൾക്കും ഇപ്പോൾ അങ്ങനെ തോന്നുന്നുണ്ടല്ലേ ?

നിങ്ങളോട് ഞാൻ ചോദിക്കുകയാണ് സുഹൃത്തുക്കളെ എന്ന് രാഷ്ട്രീയക്കാർ  എപ്പോഴും പറയാറുണ്ടെങ്കിലും ,ആ ചോദ്യത്തിന് അവർ നമ്മളിൽ നിന്ന് ഒരു ഉത്തരവും പ്രതീക്ഷിക്കുന്നില്ല.കേവലം ശ്രവണ സുഖത്തിന് , ഒരീണത്തിൽ ചോദിക്കുന്ന അത്തരം ചോദ്യങ്ങൾ ആണെത്രെ റെട്റിക്ക് ചോദ്യങ്ങൾ അഥവാ താളാത്മക ചോദ്യങ്ങൾ.മനസ്സിലായല്ലോ അല്ലേ ?

ചോദ്യം ചോദിക്കുന്നത് ജോലിയുടെ ഭാഗമായ മൂന്ന് വിഭാഗങ്ങൾ ആണ്, അധ്യാപകർ, പൊലീസുകാർ, വക്കീലന്മാർ. അധ്യാപകർക്ക് എപ്പോഴും ശരിയുത്തരം ആണ് വേണ്ടത്.ഒരു ചോദ്യത്തിന് ഒന്നിലധികം ശരി ഉത്തരം കാണില്ലേ എന്നൊന്നും അവരോട് ചോദിക്കരുത്, പാഠപുസ്തകത്തിൽ ഉള്ളത് പറയുക.പൊലീസുകാർ അവർക്ക് വേണ്ടുന്ന ഒരുത്തരം ഇടിച്ചു പറയിപ്പിക്കും പോലും!വക്കീലന്മാരാകട്ടെ , അവർ പ്രതീക്ഷിക്കുന്ന ഉത്തരം പഠിപ്പിച്ചും പറയിപ്പിക്കുമെത്രെ!!എന്താണോ എന്തോ ??

കടം ചോദിക്കാറുണ്ട്, കടങ്കഥയും ചോദിക്കാറുണ്ട്.വഴി ചോദിക്കാറുണ്ട്, വഴിയില്ലാതാകുമ്പോഴും ചോദിക്കാറുണ്ട്.ഈ ലോകത്തെ നോക്കി സദാ അതെന്ത്, ഇതെന്ത് എന്ന് ചോദിക്കുന്ന ഒരേ ഒരു ജീവി മാത്രമേ ഉള്ളൂ.അതാരാണ് എന്നൊന്ന് പറയാമോ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക