Image

ബീന (മീനു എലിസബത്ത്)

Published on 05 July, 2021
ബീന (മീനു എലിസബത്ത്)
ബീന (മീനു എലിസബത്ത്)
ഒരു ദു:സ്വപ്നത്തില്‍ നിന്ന് അന്ന് അലാറം അടിക്കാതെ തന്നെ ഞാനുണര്‍ന്നു. ആരോ ഒരു കാട്ടുവഴിയിലൂടെ ഓടിക്കുന്നു. മരച്ചില്ലകള്‍ പാമ്പുകളായി വളഞ്ഞു പുളഞ്ഞു കൊത്താനോങ്ങുന്നു. വിയര്‍പ്പില്‍ കുതിര്‍ന്ന ബനിയനൂരി മുറിയുടെ മൂലയിലേക്കിടുമ്പോള്‍ തൊണ്ട വരണ്ടു. ആ രാത്രിയില്‍ തീരെ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. കണ്ണുകള്‍ പുളിക്കുന്നു. തല പൊട്ടിപ്പിളര്‍ക്കുന്ന വേദന. ഞാന്‍ പെട്ടെന്ന് ബീനയെ ഓര്‍ത്തു. അയ്യോ! അവള്‍! വല്ല പെയ്ക്കിനാവുമാണോ? അങ്ങനെ തന്നെ ആയിരിക്കണേ. അല്ലെന്നറിയാമായിരുന്നിട്ടും വെറുതെ ആശിച്ചു.

ചെന്നി വേദനക്കിടയിലൂടെ എന്തൊക്കെയോ ഓര്‍മ്മിക്കാന്‍ ശ്രമിക്കുമ്പോള്‍ ഹൃദയം വല്ലാതെ മിടിക്കുകയും കണ്ണില്‍ ഇരുട്ട് കയറുകയും ചെയ്തു. ദേഷ്യവും സങ്കടവും അടക്കാനാവാതെ ഞാന്‍ കൈകള്‍ കൂട്ടിത്തിരുമ്മി. പ്രെഷറിന്റെ ഗുളിക എടുത്തിട്ടു രണ്ടു ദിവസമായി. തിരക്കായിരുന്നല്ലോ. കഴിഞ്ഞ കുറെ ആഴ്ചകളിലായി ചത്തു ജീവിക്കുകയായിരുന്നു. ഷവര്‍ ഓണാക്കി. ചൂടുവെള്ളം വരാന്‍ കാത്തു. ജനല്‍ വഴി വെളിയിലേക്ക് നോക്കുമ്പോള്‍ ആകെക്കൂടെ ഒരു മൂടല്‍ മഴക്കോളാണ്. ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. മെല്ലെ ബീനയുടെ സുന്ദരമുഖം തെളിഞ്ഞു വരുന്നു.

ഡിസംബറില്‍ ബീനയുടെ അന്‍പതാം പിറന്നാളിന് രണ്ടു ദിവസം മുന്‍പ് അവളുടെ മകന്‍ വിളിച്ചിരുന്നു.
“അച്ചാച്ച, അമ്മേടെ ബര്‍ത്ത്‌ഡേ വരുന്നു. നമ്മക്ക് പൊളിക്കണ്ടേ, ഞങ്ങളൊരു പാര്‍ട്ടി വെക്കാന്‍ പോവ്വാ“. സുബിന്‍ പറഞ്ഞു.

“എടാ അതിപ്പം കൊറോണയൊക്കെയായിക്കൊണ്ട് എങ്ങനാ?“ സംശയത്തോടെ ഞാന്‍ ചോദിച്ചു.
“ഓ കൊറോണാ.. ഒന്ന് പോ അപ്പച്ച! അതൊക്കെയി ഡെമോക്രാറ്റന്‍മ്മാര്‍ ഇറക്കുന്ന നമ്പറല്ലേ. ഇവിടെ ഫ്‌ളൂ വന്നു ഒരു വര്‍ഷം എത്ര പേരാ മരിക്കുന്നേ!? നമ്മുടെ പ്രസിഡന്റിന് കോവിഡു വന്നിട്ട് അയാളിപ്പോ ഓടിച്ചാടി നടക്കുന്നു.“ സുബിന്‍ തര്‍ക്കിച്ചു.

അളിയിനും പിള്ളേരും കടുത്ത റിപ്പബ്ലിക്കന്‍സ് ആണ്. വോട്ടു പിടിക്കാന്‍ പ്രസിഡന്റ് അടുത്ത സംസ്ഥാനത്ത് വന്നപ്പോള്‍ മാസ്‌ക്ക് പോലുമിടാതെ അങ്ങേരുടെ മുന്നില്‍ പോയി പ്രസംഗം കേട്ട ടീമാ. അതേക്കുറിച്ചു കെവിന്റെ ഫേസ്ബുക്കു ലൈവും വീഡിയോ പിടിത്തവും എല്ലാം ഉണ്ടായിരുന്നു. അവന്‍ വൈറലായെന്നൊക്കെ പിള്ളേര് പറയുന്നത് കേട്ടു.....

“എടാ ഈ കോവിഡു കാലത്തിതൊക്കെ വേണോ..? നിന്റമ്മക്കാണേ ഇല്ലാത്ത സൂക്കേടൊന്നുമില്ല. ഏത് പാര്‍ട്ടീടെ ഉടായിപ്പാണെങ്കിലും കോവിഡ് ഇവിടെ കൂടി വരുന്നു“. ഞാന്‍ പറഞ്ഞു.

“ഓ ഈ അച്ചാച്ചന്റെ കാര്യം. കോവിഡു വന്നാല്‍ അങ്ങ് വരും. അല്ലാതെന്നാ. അമ്മക്കൊരല്പം ഷുഗര്‍ ഉണ്ടെന്നല്ലാതെ ഇവിടെ മരിച്ചവരൊക്കെ ഒബീസ് ആയവരാ. ഹാര്‍ട്ടിനൊക്കെ അസുഖമുള്ളോരാ. ഇങ്ങിനെ പേടിച്ചാ ജീവിക്കാന്‍ പറ്റുവോ. നമ്മളെല്ലാം കൂടി ഒന്ന് കൂടിയിട്ടെത്ര നാളായി? കള്ളടിച്ചിട്ടെത്ര നാളായി? ശനിയാഴ്ച ആറുമണിയോടെ എല്ലാരും വന്നേക്കണം. സര്‍പ്രൈസ് പാര്‍ട്ടിയാ! അമ്മയോട് മിണ്ടുമ്പോള്‍ അറിയാതെ പറഞ്ഞു സര്‍പ്രൈസ് പൊളിക്കരുത്“.
സുബിന്‍ ഫോണ്‍ വെച്ചു.

അവന്‍ പറഞ്ഞത് കേട്ടിട്ട് എനിക്ക് ഒരു സന്തോഷവും തോന്നിയില്ല. ഒന്നാമത് ബീനക്ക് ഈ വക ചടങ്ങുകളോടൊന്നും തീരെ ഇഷ്ടപ്പെടില്ല. പിന്നെ അവള്‍ക്കു അമ്പതു വയസായിന്നു നാട് മുഴുവന്‍ ഘോഷിക്കുന്നതു തീരെ പിടിക്കില്ല. ഞാന്‍ നരച്ച തല കറപ്പിക്കാതെ നടക്കുന്നതില്‍തന്നെ അവള്‍ക്കു ദേഷ്യമുണ്ട്.

“എടീ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹെയറാ ഇപ്പോ ഫാഷന്‍... നിനക്കെന്തറിയാം.“ ഞാന്‍ പറയും.
കോവിഡു കൂടി നിക്കുന്ന സമയത്തു ഈ പാര്‍ട്ടി നടത്തണ്ട ഒരു കാര്യവുമില്ല. എങ്കിലും അവളുടെ ബെര്‍ത്ത്‌ഡേ നടത്തുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെ. ഞാനാകെ ചിന്താ കുഴപ്പത്തിലായി.
ഫോണ്‍ വിളിക്കുമ്പോള്‍ പെങ്ങള്‍ അളിയനെയും മക്കളെയും കുറിച്ച് എന്നോട് പരാതി പറയാറുണ്ടായിരുന്നു. ഈ കോവിഡ് കൂടി നില്‍ക്കുന്ന കാലത്തുപോലും അളിയന്‍ പ്രസിഡന്റിന്റെ ഇലക്ഷന്‍ പ്രചാരണത്തിന് മാസ്‌ക്കിടാതെ പോകുന്നതും, കള്ളു പാര്‍ട്ടികള്‍ക്ക് കൂട്ട് കൂടുന്നതും, ചെക്കന്മാര്‍ പബ്ബിലും ക്ലബ്ബിലുമൊക്കെ പോയി നടന്ന് കൂട്ടുകാരുമായി പാതിരാത്രി വന്നു കേറുന്നതും, മരുമക്കള്‍ ഇപ്പഴും മാളുകളില്‍ കറങ്ങി നടക്കുന്നതും, വീക്കെന്റുകളില്‍ അവരുടെ സുഹൃത്തുക്കള്‍ വീട്ടില്‍ കൂടുമ്പോള്‍ വെച്ച് വിളമ്പി മടുക്കുന്നതുമെല്ലാം അവള്‍ സങ്കടത്തോടെ പറയും.

“എനിക്ക് പേടിയുണ്ട് കൊച്ചി. ഈ കുന്തമെങ്ങാനും വന്നാല്‍! ഇവിടുന്നെറങ്ങി എങ്ങോട്ടെങ്കിലും പോയാലൊന്നോര്‍ക്കുവാ. ഇവര്‍ക്കാര്‍ക്കും ഒരു നോട്ടോമില്ല. ഇപ്പോ ദേ ഓണ്‍ലൈന്‍ സൗകര്യം ഉണ്ടായിട്ടും കുട്ടികളെ സ്‌കൂളിലും വിടുന്നു. പിള്ളേരാണെങ്കില്‍ ഞങ്ങളുടെ കൂടെയാണ് വരുമ്പോള്‍ മുതല്‍ ഇരിപ്പും കിടപ്പും. എന്ത് ചെയ്യാനാ! ഇട്ടെറിഞ്ഞേച്ചു നാട്ടിലൊട്ടേങ്ങാനും പോകാന്ന് വെച്ചാല്‍ അങ്ങോട്ടേക്ക് മരിയാദക്കു ഫ്‌ളൈറ്റും ഇല്ല. ഈ വാക്‌സിനൊക്കെ എന്ന് വരുമോ ആവോ?“

ഞാന്‍ മൂളി കേള്‍ക്കും. ഭയം അവളുടെ വാക്കുകളില്‍ നിഴലിച്ചിരുന്നു.
“നിന്റെ ഷുഗര്‍ കണ്ട്രോള്‍ അല്ലേ? തടിയൊരല്പം കുറക്കുന്നത് നല്ലതാ. നടക്കാനൊക്കെ പോകുന്നുണ്ടോ? വ്യായാമം ചെയ്യണം കേട്ടോ. അല്പമൊരു അകലം ഇട്ടു നിന്നാല്‍ മതി വീട്ടില്‍. വാക്‌സിനൊക്കെ വരാന്‍ സമയമെടുക്കും. ഒരു ഒക്‌ടോബര്‍ നവംബര്‍ വന്നാലും ആദ്യമൊക്കെ ഹെല്‍ത്ത് കെയര്‍കാര്‍ക്ക് കൊടുത്തിട്ടേ നമുക്കൊക്കെ കിട്ടു. ഇതിപ്പോ മെയ് ആകുന്നല്ലേ ഒള്ളൂ!“.
ഞാനവളെ ഓര്‍മ്മിപ്പിക്കും.

പക്ഷെ അകലമിട്ടു ആ വീട്ടില്‍ ജീവിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കുമറിയാം. അഞ്ചാറു പോരൊരുമിച്ചു താമസിക്കുന്ന വീട്ടില്‍ അകലം പാലിക്കലൊക്കെ നമുക്ക് പറയാമെന്നേ ഒള്ളൂ.
അവളുടെ രണ്ടു മക്കളില്‍ ഒരാള്‍ വിവാഹം കഴിഞ്ഞിട്ടും അവനു രണ്ടു കുട്ടികളായിട്ടും അവനെ തനിയെ താമസിപ്പിക്കാന്‍ വിടാതെ അളിയന്‍ കൂടെ താമസിച്ചിരിപ്പിക്കകയാണ്. വലിയ വീടല്ലേ, എന്തിനാണവന്‍ വേറെ വീടെടുത്തു മാറുന്നതെന്നാണ് അളിയന്റെ വാദം. ചില മാതാപിതാക്കള്‍ അങ്ങിനെയാണ്. മക്കളെ സ്‌നേഹിച്ചു കൊല്ലും. അതവരുടെ ഉത്തരവാദിത്വബോധം കുറയ്ക്കും. മകനും മരുമകള്‍ക്കും സന്തോഷം. ചെലവ് കുറവ്. ഇന്‍സ്റ്റന്റ് കുക്ക് ആന്‍ഡ് ബേബി സിറ്റിംഗ്, എല്ലാറ്റിനും ബീനയുണ്ടല്ലോ. അവര്‍ വാരാന്ത്യങ്ങളില്‍ പിള്ളേരില്ലാതെ മിനി വെക്കേഷനും ഗാംബ്ലിങ്ങിനുമൊക്കെ പോയി അടിച്ചു പൊളിക്കുന്നു. 

അളിയന്‍ രാവിലെ പോയാല്‍ രാത്രിയിലെ വരൂ. മകന് രണ്ടാമത് കുട്ടിയുണ്ടായപ്പോള്‍ അളിയന്‍ നിര്‍ബന്ധിച്ചാണ് ബീന ജോലി നിര്‍ത്തിയത്. അന്നും ഞാനവളെ വഴക്കു പറഞ്ഞു.
“ജോലിക്കു പോയിരുന്നേല്‍ നിനക്കത്രയും വിശ്രമം കിട്ടിയേനെ“. അല്ല കൊച്ചി ജോലിക്കു പോയിട്ട് വന്നു വീട്ടുപണിയും പിള്ളേരെ നോട്ടവും എല്ലാം കൂടെ പാടാണ്.“ കൊച്ചുമോനെന്നു വീട്ടുകാര്‍ ഓമനിച്ചു വിളിക്കുന്ന ഞാന്‍ അവള്‍ക്കു കൊച്ചിയാണ്.

നീ ഇങ്ങിനെ എല്ലാം സഹിച്ചു നിന്നോ! എന്നാണ് നിന്റെയീ കഷ്ടപ്പാടൊന്നു മാറുക? നിനക്ക് സ്വന്തമായി തീരുമാനങ്ങളുണ്ടാകണം. എങ്കിലേ അവിടെ വല്ലതും നടക്കൂ. അവന്മാരെയൊക്കെ വീട്ടില്‍ നിന്ന് പറഞ്ഞു വിടേണ്ട സമയം കഴിഞ്ഞു.“

അവളുടെ ദുരിതം കണ്ടു ഞാന്‍ എത്ര പ്രാവശ്യം അളിയനോട് ദേഷ്യപ്പെട്ടിരിക്കുന്നു. എല്ലാത്തിനും അയാള്‍ക്ക് ഓരോ മറുവാദങ്ങളുമുണ്ടാകും. ബീനയെ പോലെ എത്രയോ സ്ത്രീകള്‍ ഇവിടെ മക്കളെ വളര്‍ത്തി, ഇപ്പോള്‍ കൊച്ചുമക്കളെ വളര്‍ത്തുന്നു. അതവരുടെ കടമയാണെന്നാണ് ഈ സ്ത്രീകളുടെ ചിന്ത. പക്ഷെ ഇവിടെ വളര്‍ത്തിയ സായിപ്പ് മക്കള്‍ക്ക് അങ്ങിനെയുള്ള ചിന്തകള്‍ ഒന്നുമില്ല. അതിലെല്ലാം അവര്‍ക്കു തനി അമേരിക്കന്‍ സംസ്‌കാരം.

ഷവറിലെ വെള്ളത്തിനൊപ്പം ബിനോയിയുടെ കണ്ണുനീര്‍ത്തുള്ളികളും ഇടകലര്‍ന്നൊഴുകി. “ബിനോയി വേഗമാട്ടെ... പള്ളിയില്‍ പത്തിന് തന്നെ തുടങ്ങും. മതി കുളിച്ചത്..“ സുജയുടെ ശബ്ദം എന്റെ ചിന്തകള്‍ക്ക് വിരാമമിട്ടു. കുളിച്ചു തയ്യാറായി വന്നപ്പോള്‍ സുജയും മക്കളും റെഡിയായിട്ടു നില്‍ക്കുന്നു.

ഞാനൊരു ബ്ലൂ സ്യൂട്ട് ഇടാന്‍ എടുത്തപ്പോള്‍ സുജ വിലക്കി. “അവിടെ എല്ലാവരും കറുത്ത വേഷത്തിലാകും വരിക. ബിനോയിക്ക് കറുത്ത സ്യൂട്ട് ഉണ്ടല്ലോ. അതിട്.“ അവള്‍ ഉപദേശിച്ചു.

അമേരിക്കയില്‍ വന്നപ്പോള്‍ ആദ്യമായി ഒരു സ്യൂട്ട് വാങ്ങി തന്നത് പെങ്ങളായിരുന്നു. ടൈ കെട്ടാന്‍ പഠിപ്പിച്ചതും അവള്‍ തന്നെ. അളിയനു ടൈ കെട്ടി കെട്ടി അവളൊരു എസ്‌പേര്‍ട്ടു ആയിരുന്നു.
വീണ്ടും ചിന്തകള്‍ കറങ്ങിത്തിരിഞ്ഞു ബീനയിലേക്കായി!

“എന്താ ആലോചിച്ചു നില്‍ക്കുന്നത്? വേഗമാകട്ടെ“ സുജ എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു കരഞ്ഞു.

“തളരരുത് ബിനോയി. പിടിച്ചു നില്‍ക്കണം. എന്ത് വന്നാലും നമുക്ക് സഹിക്കാനുള്ള കഴിവ് വേണം. ബി പി കൂട്ടി ഇനി വല്ലതും വരുത്തി വെയ്ക്കരുത്.“

സുജയെന്നോട് ആശ്വാസവാക്കുകള്‍ പറഞ്ഞു.

ഹൃദയരോഗങ്ങള്‍ ഞങ്ങളുടെ പാരമ്പര്യമാണ്. അതാണ് അവള്‍ക്കിത്ര ആകുലത. 
ബിനോയ് പ്രസംഗം എഴുതിയ പേപ്പര്‍ എടുത്തോ? സുജ ചോദിച്ചു....

ഞാന്‍ സ്യൂട്ടിന്റെ പോക്കറ്റില്‍ തപ്പി. പ്രസംഗം പോക്കറ്റിലുണ്ട്. ഇന്നലെ രാത്രി കുത്തിക്കുറിച്ചതാണ്.
പള്ളിക്കകത്ത് കയറുമ്പോള്‍ മാസ്‌ക്കിനിടയിലൂടെ കുന്തിരിക്കത്തിന്റെ മണം അരിച്ചു കയറി. ഫോയറില്‍ ഒരു മേശയില്‍ മാസ്‌ക്കിന്റെ ബോക്‌സും സാനിറ്റയിസര്‍ കുപ്പികളും.

അകത്തു അധികം ആള്‍ക്കാരൊന്നുമില്ല. ഏറ്റവും മുന്നിലത്തെ നിരയില്‍ അളിയനും മക്കളും മരുമക്കളും കൊച്ചുമക്കളും പിന്നെ അവരുടെയും ഞങ്ങളുടെയും അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും.
അളിയന്‍ തിരിഞ്ഞിരിന്നു മുന്‍പില്‍ വന്നിരിക്കാന്‍ കൈ കാണിച്ചു വിളിച്ചെങ്കിലും ഞാന്‍ അനങ്ങിയില്ല. കഴുത്തിലിട്ടിരുന്ന മാസ്‌ക് കയറ്റിയിടാന്‍ അളിയനോട് ഞാനും ആംഗ്യം കാട്ടി. മനസില്ലാമനസോടെ അയാള്‍ അനുസരിച്ചു. സുബിന്‍ വന്നെന്നോട് അവരുടെ കൂടെയിരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ അവനെ ദേഷ്യത്തില്‍ ഒന്ന് നോക്കി. അവന്റെ മുഖമടച്ചൊന്നു കൊടുക്കാന്‍ എന്റെ കൈ തരിച്ചു. ഇവനൊരുത്തനാണ് ഇതിനെല്ലാം കാരണം. അവന്റെ ഒടുക്കത്തെ ഒരു പാര്‍ട്ടി, ചിന്തകള്‍ എന്റെ വായില്‍ വീണ്ടും കയ്പുണ്ടാക്കി.

നെഞ്ചിടിപ്പ് പഴയതിലും കൂടുന്നു. ഞാന്‍ അള്‍ത്താരയിലേക്കു നോക്കി നെടുവീര്‍പ്പിട്ടു. മുന്നില്‍ അളിയന്‍ മാസ്‌ക്കൂരി കഴുത്തിലിട്ടു ആരോടോ ഫോണില്‍ സംസാരിക്കുന്നു. മരുമക്കള്‍ കറുത്ത സാരിക്ക് ചേരുന്ന് കല്ല് വെച്ച മാച്ചിങ്ങ് മാസ്‌ക്കുകളൊക്കെ വെച്ച് വരുന്നവരോടൊക്കെ കുശലം പറയുന്നു. ബീനയുടെ കൊച്ചുമക്കളില്‍ ഇളയവള്‍ വല്യ പപ്പാ എന്ന് വിളിച്ച് ഓടി വന്നു എന്റെ മടിയില്‍ ഇരുന്നു. അവള്‍ക്കാണ് ബീനയുടെ മുഖഛായ കൂടുതല്‍. ഞാനാ കുഞ്ഞിനെ ആദ്യം കാണുന്നപോലെ നോക്കി. ദൈവമേ അവള്‍ക്കു ബീനയുടെ ചുരുണ്ട മുടിയും കവിളിലെ നുണക്കുഴിയും കുഞ്ഞുമറുകും അതുപോലെ കിട്ടിയിരിക്കുന്നു.
മദ്ബഹായുടെ രണ്ടു വശത്തും വെച്ചിരിക്കുന്ന വലിയ ടിവി സ്‌ക്രീനുകളില്‍ ബീനാമ്മയുടെ ജീവിതം ഓടുന്നു. അവളുടെ ചെറുപ്പത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടങ്ങള്‍ മുതല്‍ കല്യാണ ഫോട്ടോയും പിന്നെ കുറെ പടങ്ങളും. നാട്ടില്‍ വച്ചെടുത്ത അവരുടെ കുടുംബചിത്രം കണ്ടപ്പോള്‍ ബിനോയി കണ്ണുകള്‍ വലിച്ചടച്ചു.
ഇന്ന് എന്റെ പെങ്ങളുടെ അടക്കാണ്. ഞാന്‍ തല കുമ്പിട്ടിരുന്നു. എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ഫ്യൂണറല്‍ ഹോമുകാര്‍ ബീനയുടെ ശവമഞ്ചം പള്ളിയിലേക്ക് കൊണ്ടുവരുന്ന ശബ്ദം കേട്ടു കണ്ണ് തുറക്കുമ്പോള്‍ എല്ലാവരും അവരവരുടെ സീറ്റുകളില്‍ ബഹുമാനപൂര്‍വ്വം എഴുന്നേറ്റു നില്‍ക്കുന്നു. അളിയന്‍ കൊച്ചുമക്കളുമായി ശവമഞ്ചത്തിനടുത്തെത്തി. പുറകെ ആണ്‍മക്കളും ഭാര്യമാരും. ബീനയെ നോക്കി അയാള്‍ എന്തൊക്കെയോ പറയുന്നു. കരയുന്നു. പിറുപിറുക്കുന്നു. സുബിനും കെവിനും അളിയനെ താങ്ങിപ്പിടിച്ചു. ബീനയുടെ കൊച്ചുമക്കള്‍ വിങ്ങിക്കരയുന്നതു കണ്ടു അയാളുടെ ചങ്കു പൊടിഞ്ഞു. സുജയും മക്കളും അയാളെ ചേര്‍ത്തു പിടിച്ചു കരഞ്ഞു.

ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ഫോട്ടോകള്‍ എടുത്തു. തിരിക്കൊഴിഞ്ഞപ്പോള്‍ ബിനോയ് മക്കളെയും സുജയെയും കൂട്ടി മുന്നിലേക്ക് നടന്നു.

ഒരു ചെറുപുഞ്ചിരിയോടെ ബീന ഒരു മാലാഖയെപ്പോലെ ഉറങ്ങുന്നു. അവള്‍ക്കെന്നും സാരിയായിരുന്നു ചേര്‍ച്ച. തലയിലൂടെയിട്ട മന്ത്രകോടിക്കിടയിലൂടെ അളകങ്ങള്‍ നെറ്റിയുടെ ഒരു വശത്തേക്ക് വീണ് കിടക്കുന്നു. ഒരാഴ്ച വെന്റിലേറ്ററില്‍ കിടന്നതിന്റെ ചെറിയ ഒരു ക്ഷീണമുണ്ടോ?. കഴുത്തു തുളച്ചു ട്രക്കിയോട്ടമി ചെയ്ത ചുവന്ന പാട് മുടിയിഴകള്‍ക്കിടയിലൂടെ അല്‍പ്പം കാണാം. വിടര്‍ന്നു വരുന്ന വെള്ള റോസാപ്പൂ ബൊക്കെകള്‍ അവള്‍ക്കു ചുറ്റും പ്രകാശമേകി. എന്നാലും ബീനാമ്മേ നീ. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ബീനയുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന ചുരുണ്ടമുടി അയാള്‍ മാടിയൊതുക്കി. ഓ മഞ്ഞുകട്ട പോലെയിരിക്കുന്നു. 

സുജ അയാളെ താങ്ങിപിടിച്ചു. മക്കള്‍ മിഴിച്ചു നിന്നു വല്യമമ്മിയെ നോക്കി. ക്യാമറകള്‍ പലയിടത്തുനിന്നും ക്ലിക് ചെയ്യപ്പെട്ടു. ലോകം മുഴുവന്‍ ലൈവ് ടെലികാസ്റ്റ് ചെയ്തുകൊണ്ടിരുന്ന വീഡിയോഗ്രാഫര്‍മാരുടെ ക്യാമറയില്‍ നാട്ടിലിരുന്നു അവരുടെ അപ്പച്ചനും അമ്മച്ചിയും ബന്ധുക്കളും എല്ലാം ഫ്യൂണറല്‍ ചടങ്ങുകള്‍ തത്സമയം കാണുകയാണ്. പള്ളിയിലിരുന്നവര്‍ ഏങ്ങലടിച്ചു. ബീനക്ക് അന്ത്യചുംബനം കൊടുത്തിട്ടു ബിനോയിയും കുടുംബവും അവരവരുടെ ഇരിപ്പിടങ്ങളിലേക്കു പോയിരുന്നു. പള്ളിയിലെ പ്രാര്‍ത്ഥനാ ചടങ്ങുകളൊക്കെ വേഗം തീര്‍ന്നു. ബീനക്കു ഈ ലോകത്തിലേക്കാള്‍ വലിയ ഒരു സ്ഥാനം സ്വര്‍ഗത്തില്‍ കര്‍ത്താവു വെച്ചിട്ടുണ്ടെന്നും തനിക്കിഷ്ടമുള്ളവരെ കര്‍ത്താവ് വേഗം വിളിക്കുമെന്നും എല്ലാം ഇടവക വികാരി പ്രസംഗത്തില്‍ പറഞ്ഞു. ചെറുപ്പക്കാര്‍ മരിക്കുമ്പോള്‍ പുരോഹിതന്മാര്‍ സാധാരണ പറയുന്ന വാചകങ്ങള്‍. ബീനയെ അവിടെ സ്വര്‍ഗ്ഗത്തില്‍ ആവശ്യമുണ്ട് പോലും. അതാണ് അവള്‍ നേരത്തെ പോയതുപോലും. എങ്ങിനെയാണ് അവള്‍ ഇത്ര നേരത്തെ പോയത്? ആരാണ് അവളെ മരണത്തിന്റെ കൈകളിലേക്ക് ഇട്ടു കൊടുത്തത്? അത് ചെയ്തവര്‍ ഇപ്പോള്‍ ഒന്നും സം‘വിച്ചിട്ടില്ലാത്തതുപോലെ ഇവിടെയിരുന്ന് കുശലം പറഞ്ഞു ഫോട്ടോയെടുത്തു കളിക്കുന്നു.

അവളുടെ എത്രയോ ആഗ്രഹങ്ങള്‍ ഇനിയും പൂവണിയാനുണ്ടായിരുന്നു. കുഞ്ഞുമക്കളെ അവള്‍ക്കു ജീവനായിരുന്നു. അമേരിക്കയില്‍ വന്നിട്ട് ഇരുപതു കൊല്ലമായിട്ടും അവള്‍ എങ്ങും പോയിട്ടില്ല. ആകെക്കൂടി വല്ലപ്പോഴും പോകുന്നത് നാട്ടിലേക്ക്. ഇന്ത്യ പോലും അവള്‍ ശരിക്കു കണ്ടിട്ടില്ല. പിന്നെയല്ലേ അമേരിക്ക. വലിയ വായനയൊന്നുമില്ലായിരുന്നെങ്കിലും യാത്രാവിവരണഗ്രന്ഥങ്ങള്‍ അവളെ മോഹിപ്പിച്ചിരുന്നു. പല രാജ്യങ്ങളും പോയിക്കാണണമെന്നു അവള്‍ക്കാഗ്രഹമുണ്ടായിരുന്നു. കുറെ നാളെങ്കിലും കേരളത്തില്‍ പോയി ഞങ്ങളുടെ മാതാപിതാക്കന്‍മാരുടെ കൂടെ താമസിക്കണമെന്നും അവരുമായി ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങണമെന്നും അവള്‍ മോഹിച്ചിരുന്നു. നാട്ടിലവള്‍ക്കു വീതമായി കിട്ടിയ മണ്ണില്‍ അനാഥ പെണ്‍കുട്ടികള്‍ക്ക് വേണ്ട ഒരു സങ്കേതം ഒരുക്കേണമെന്നു തുടങ്ങി എന്തെല്ലാം സ്വപ്നങ്ങള്‍.

ബീനയുടെ സാഹചര്യങ്ങള്‍ അതായിരുന്നു. അതിനു മുന്‍പ് എത്രയോ പ്രാവശ്യം അവളെ താന്‍ യാത്രകള്‍ക്ക് വിളിച്ചിരുന്നു. അന്നൊന്നും അവള്‍ക്കു വരാന്‍ കഴിയുമായിരുന്നില്ല. വരും വര്‍ഷങ്ങളില്‍ അവളുമായി എത്രയോ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു. ഒന്നിനും കാത്തിരിക്കാതെ അവള്‍ പൊയ്ക്കളഞ്ഞല്ലോ.
കൃത്യം ഒരു മാസം മുന്‍പായിരുന്നു അവളുടെ സര്‍പ്രൈസ് ബര്‍ത്ത്‌ഡേ പാര്‍ട്ടി. സുബിന്റെ ക്ഷണപ്രകാരം ഞാന്‍ കുട്ടികളുമായി മാസ്‌ക്കും വെച്ചകത്തേക്കു കയറിയപ്പോള്‍ അളിയന്റെ വീതം കമന്റ്. “ഊരിക്കള അളിയാ ഈ കോപ്പ്. പെരക്കകത്തൊന്നും ആരും ഇത് വെയ്ക്കുവേല“. നിവര്‍ത്തിയില്ലാതെ മാസ്‌ക്കൂരി. വീട് നിറയെ ആള്‍ക്കൂട്ടം. കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നും ആരും പാലിക്കുന്നില്ല. ഇത്രയും ആളെ കണ്ട വെപ്രാളത്തില്‍ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ബീനയും അതീവ സന്തോഷവതിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് ഏകദേശം നാലുമാസം ആയിരുന്നു. 2020 തുടങ്ങിയിട്ട് ആദ്യത്തെ കാഴ്ച.

“എന്നാലും കൊച്ചി പോലും എന്നൊട് പറഞ്ഞില്ലല്ലോ, അറിഞ്ഞിരുന്നേല്‍ ഞാന്‍ പാര്‍ട്ടിയൊന്നും വേണ്ടാന്നു പറഞ്ഞേനേ“.

“ഞാന്‍ പറഞ്ഞതാ ബീന, ഇപ്പോള്‍ പാര്‍ട്ടി വെയ്ക്കണ്ടാന്ന്. സുബിന്‍ എന്നെ കൊല്ലാന്‍ വന്നു. നിന്നോട് പറയരുതെന്ന് പറയുകയും ചെയ്തു. ഞാനെന്റെ നിസഹായത വെളിപ്പെടുത്തി.

“നീ ഒരല്‍പ്പം അകലമൊക്കെയിട്ട് നിക്ക്. ആ മാസ്‌ക്കങ്ങു വെച്ചോ“. ഞാന്‍ നിര്‍ദ്ദേശിച്ചു. ആള്‍ക്കൂട്ടം കൂടി വരുന്നതിനാലും സുജ ജോലി കഴിഞ്ഞി വരുന്ന നേരമായതിനാലും ഞങ്ങള്‍ അധികം നില്‍ക്കാതെ അവിടെ നിന്ന് മടങ്ങി.

അന്നാണ് ഞാന്‍ അവളെ അവസാനമായി കാണുന്നത്. പാര്‍ട്ടി നടത്തി കൃത്യം ഒന്‍പതാം ദിവസം ബീനക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യദിവസങ്ങളില്‍ തുടങ്ങിയ പനിയും ചുമയും പിന്നെ വല്ലാതെ കടുത്തു. വയറിളക്കവും ശര്‍ദ്ദിയും അവളെ വലച്ചു. കടുത്ത ശ്വാസതടസവും നെഞ്ചുവേദനയുമായി. ന്യൂമോണിയ കൂടി അവള്‍ ആശുപത്രിയില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ വെന്റിലേറ്ററില്‍ കിടന്നു. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും ഉണ്ടായിരുന്ന അവള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അന്ന് അവളുടെ ബര്‍ത്ത്‌ഡെ പാര്‍ട്ടിക്ക് വന്ന പലര്‍ക്കും കോവിഡ് ബാധയേറ്റിരുന്നു. ഒരു മാസത്തോളം ഹോസ്പിറ്റലില്‍ അഡ്മിറ്റായ അവളെ പിന്നീട് കൊണ്ടുപൊയത് റിഹാബ് സെന്ററിലേക്കായിരുന്നു. കോവിഡ് നെഗറ്റീവായിട്ടും അവിടെ അവള്‍ പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളുമായി മല്ലിട്ടു. അവസാനം ഹൃദയസ്തംഭനത്തിലായിരുന്നു അവളുടെ മരണം. ആരും അടുത്തില്ലാതെ, ഒറ്റക്കായിരുന്നു അവള്‍ ഒന്നരമാസത്തോളം. റിഹാബിലും സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

ഇന്ന് ഈ കറുത്ത സ്യൂട്ടില്‍ ഞാനിതാ അവളുടെ ശവമടക്കിനു വന്നിരിക്കുന്നു. ഇതൊരിക്കലും സംഭവിക്കരുതായിരുന്നു. വെറും അമ്പതു വയസ്. തന്നേക്കാള്‍ രണ്ടു വയസ് കുറവ്. ചെറുപ്പത്തിലേ കെട്ടിച്ചതിനാല്‍ അവള്‍ കൊച്ചുമക്കളെയും കണ്ടു. വല്ലാത്തൊരു കുറ്റബോധം ബിനോയിയെ അലട്ടി. തണുപ്പ് കാലത്തു ആസ്മയൊക്കെ വരുന്ന പതിവുണ്ടായിരുന്നു. ബീനയെ ആ വീട്ടില്‍ നിന്നും മാറ്റേണ്ടതായിരുന്നു. താന്‍ എത്രയോ പ്രാവശ്യം അവളോടത് സൂചിപ്പിച്ചിരുന്നു. കുറച്ചുനാള്‍ തന്റെ വീട്ടിലേക്കു വരാന്‍. അവള്‍ വരില്ലായിരുന്നു. അവള്‍ക്കങ്ങിനെ വരാന്‍ കഴിയില്ലായിരുന്നു. ആ വീടും അതിനുള്ളിലുള്ളവരുമെല്ലാം തന്റെ കടമയാണെന്നും താനില്ലാതെ അവിടെ ഒന്നും നടക്കില്ലെന്നും പല മലയാളി സ്ത്രീകളെയും പോലെ അവളും വിശ്വസിച്ചു. അല്ലെങ്കില്‍ അവളെ അവര്‍ അങ്ങിനെ വിശ്വസിപ്പിച്ചു. അവളുടെതായ ഒരു സമയം, സന്തോഷം, ജീവിതം അതൊക്കെ അവള്‍ പിന്നേക്കു മാറ്റി വെച്ചിരുന്നു. അത്രക്ക് അവരെയെല്ലാം അവള്‍ സ്‌നേഹിച്ചിരുന്നു. പാവം. എന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു. തൊണ്ട വരളുന്നു.

ഞാന്‍ കയ്യും തിരുമ്മി പള്ളിയില്‍ നിന്നിറങ്ങി പാര്‍ക്കിങ്ങ് ലോട്ടിലേക്കു നടന്നു. സ്യൂട്ടിന്റെ പോക്കറ്റില്‍ കരുതിയിരുന്ന സ്‌കോച്ചിന്റെ കുഞ്ഞുകുപ്പികളില്‍ രണ്ടെണ്ണം തുറന്നു അപ്പാടെ വിഴുങ്ങി. ഒരു സിഗരറ്റിനു തീ കൊളുത്തി. ചുറ്റുമൊന്നു വീക്ഷിച്ചു കുറെ പേര് വെളിയിലുണ്ട്. ഇലക്ഷന്‍ കഴിഞ്ഞുള്ള ലോ സ്യൂട്ടുകളെക്കുറിച്ചാണ് ചര്‍ച്ച. അളിയന്റെ ബന്ധു സാം കുഞ്ഞും മറ്റൊരു ചെറുപ്പക്കാരനും തമ്മില്‍ വലിയ തര്‍ക്കം. വാഗ്വാദം. ഞാനതു ശ്രദ്ധിക്കാതെ വണ്ടി തുറന്നെന്തോ തിരഞ്ഞു. അപ്പോള്‍ പള്ളിക്കകത്തു ചടങ്ങുകള്‍ ഏകദേശം അവസാനിക്കുകയായിരുന്നു. ബീനയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടാനുള്ളവരെ സെക്രട്ടറി അനൗണ്‍സ് ചെയ്തു. ബീനയുടെ അടുത്ത കൂട്ടുകാരിക്ക് കരച്ചില്‍ കൊണ്ട് സംസാരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സുബിനും കെവിനും ഒരുമിച്ചു വന്നു അമ്മയുടെ ഗുണഗണങ്ങളും അമ്മയുടെ കൂടെ ചെറുപ്പത്തില്‍ ഇന്ത്യക്കു പോയ കാര്യങ്ങളും ഓര്‍മ്മിച്ചെടുത്തു. കെവിന്‍ ഏങ്ങലടിച്ചു കരഞ്ഞു. 

ഭാഗ്യത്തിന് അളിയനെ മൈക്കിനടുത്തേക്കു ആരും വിളിച്ചില്ല. അത് നന്നായി. അയാള്‍ രാവിടെ മുതല്‍ നന്നായി മദ്യപ്പിച്ചിട്ടുണ്ട്. സുജ ഇടക്കെല്ലാം ബിനോയി പോവുന്നുണ്ടോന്നു തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

“പരേതയെക്കുറിച്ചു രണ്ടു വാക്കു സംസാരിക്കാന്‍ സഹോദരന്‍ ബിനോയി കുരിയനെ ക്ഷണിച്ചു കൊള്ളുന്നു”വെന്ന അനൗണ്‍സ്‌മെന്റ് വരുമ്പോള്‍ ഞാന്‍ വെളിയില്‍ നിന്ന് രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്തുകയായിരുന്നു. സ്‌കോച്ചിന്റെ മൂന്നാമത്തെ കുപ്പി തീര്‍ന്നപ്പോഴേക്കും മഴ തുടങ്ങി.
അമ്മാച്ചനെ കാണാതെ സുബിന്‍ ഓടി പള്ളിക്കു പുറത്തേക്കു വന്നു. കയ്യില്‍ സ്‌കോച്ചിന്റെ കുപ്പിയുംപിടിച്ചു നില്‍ക്കുന്ന അയാളെ കണ്ടു അവന്‍ അരിശപ്പെട്ടു.

“വാട്ട് ദി ..........ഖ് ആര്‍ യു ഡൂയിങ്ങ് ഹിയര്‍!... ഒന്ന് വേഗം വാ. അകത്തു അച്ചാച്ചന്റെ പേര് വിളിച്ചിട്ടു നേരമെത്രയായി... അവന്‍ അലറി. വീണ്ടും എന്തൊക്കെയോ തെറിവാക്കുകളുടെ ദുര്‍ഗന്ധം അവന്റെ വായില്‍ നിന്നും വമിച്ചിറങ്ങി. ബിനോയിക്ക് കലിയടുക്കുവാന്‍ കഴിഞ്ഞില്ല. പീറ ചെറുക്കന്‍ തെറി വിളിക്കുന്നു. അവനിട്ടു നാലെണ്ണം പൊട്ടിക്കാനുള്ള ആഗ്രഹം അയാള്‍ സ്വയം നിയന്ത്രിച്ചു. ഒരു സീന്‍ ഉണ്ടാക്കരുത്. അതും ഇന്നത്തെ ദിവസം. ഉറഞ്ഞുതുള്ളുന്ന മരുമകനെ വക വെയ്ക്കാതെ അയാള്‍ പുറത്തേക്കിറങ്ങി നടന്നു. പോക്കറ്റില്‍ നിന്നും ബീനയുടെ മരണക്കുറിപ്പ് എടുത്ത് തുറന്നതും മഴ അതിലെ അക്ഷരങ്ങളില്‍ വീണ് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. ശരീരത്തില്‍നിന്ന് ആത്മാവിനെ എടുത്തുകളയുംപോലെ എഴുത്തിലെ നീലമഷിയെ വേര്‍പ്പെടുത്തി കടലാസിനെ മഴ രണ്ട് കഷ്ണങ്ങളാക്കി.

ഒരു പകുതിയില്‍ അയാളും
മറുപകുതിയില്‍ ബീനയും.

ഒരിക്കലും കൂട്ടിയോജിപ്പിക്കാന്‍ പറ്റാത്തവണ്ണം വെള്ളത്തിന്റെ കവാടത്തിനപ്പുറം അവള്‍ എന്നെന്നേക്കുമായി യാത്ര പറയുകയാണ്.

എന്റെ മോളേ... കൊന്നതാ നിന്നെ..... കൊലക്ക് കൊടുത്തതാ നിന്നെ.... കോട്ട് അഴിച്ച് തോളിലിട്ട് പള്ളിമുറ്റം കടന്ന് പോകുന്നതിനിടയില്‍ അയാള്‍ ടൈ ചുരുട്ടി മഴയിലേക്കെറിഞ്ഞു. കാലുകള്‍ നീട്ടിവെച്ച് നടന്നു.

“കൊച്ചി പിണങ്ങിപ്പോവ്വാണോ?! ”
ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞുനിന്നു.

“സാരമില്ല കൊച്ചി. പിള്ളാരല്ലേ.... ”

അയാള്‍ തിരിഞ്ഞ് നോക്കി. മഴയുടെ ഇരമ്പലിലും അയാള്‍ ആ ശബ്ദം തിരിച്ചറിഞ്ഞു.
Join WhatsApp News
Reader 2021-07-05 20:43:07
So touching. I felt like crying
P..P.Cherian,Dallas 2021-07-05 22:07:48
ബീനയെ കേന്ദ്ര കഥാപാത്രമാക്കി കോവിഡിന്റേ ഭീകരതയെ ചൂണ്ടിക്കാണിക്കുന്ന,,,,keep it up മീനു വിവരണം അല്പം ദീര്ഘിച്ചുപോയോ .....
Stephen Thottanani 2021-07-05 22:15:36
Nice writing.
(ഡോ.ശശിധരൻ) 2021-07-07 12:07:49
കഥാകാരി സസൂക്ഷ്മം ഇന്നത്തെ സാമൂഹ്യപ്രശ്നങ്ങളെനിരീക്ഷിച്ചതിൽ നിന്നാണ് ഈ കഥ രൂപപ്പെട്ടിട്ടുള്ളത്.ജീവിതലക്ഷ്യം എന്തുതന്നെയായാലുംഅതിലെത്തിച്ചേരാനുള്ള ഒരു വാഹനമാണ് നമ്മുടെശരീരം.അതിനു വേണ്ടത് കൊടുത്താൽ അത് ചലിക്കും.വേണ്ടാത്തത് കൊടുത്താൽ അത് നിൽക്കും.ശരീരം എന്നശബ്ദത്തിന്റെ അർത്ഥം നശിക്കുന്നത്എന്നാണ്. നശിക്കുന്നതെന്തും ക്ഷയിക്കും. ക്ഷയിക്കാതിരിക്കാൻ വേണ്ടജീവിതക്രമങ്ങൾ നാം സ്വയം പാലിക്കേണ്ടതാണ്.ഈജീവിതവീക്ഷണത്തെ സാഹിത്യസംസ്കാരത്തിലൂടെവായനക്കാരിൽ ചമയങ്ങളും ,ചമത്കാരങ്ങളുമില്ലാതെസ്വാഭാവിക ഭംഗിയോടെ ഒരു സ്വഭാവസംസ്കാരമഹിമരൂപപ്പെടുത്തുന്നതിൽ ബീന എന്ന കഥയിലൂടെവിവേകശാലികളായ വായനക്കാർക്കുമുന്നിൽ മീനുശുദ്ധമായി അവതരിപ്പിച്ചിട്ടുണ്ട്. (ഡോ.ശശിധരൻ)
Raju Mylapra 2021-07-07 17:13:53
"കൂട്ടുകൂടുംബ" പാരമ്പര്യം ചില ഇന്ത്യൻ കുടുംബങ്ങൾ അമേരിക്കയിലും അഭിമാനത്തോടെ പിന്തുടരുന്നു. എത്ര വലിയ വീടായാലും, എത്രയധികം സമ്പത്തുണ്ടായാലും ഇതിന്റെ അവസാനം അത്ര ശുഭകരമായിരിക്കില്ല. മക്കളും, മരുമക്കളും കുട്ടികളുടെ പൂർണ്ണ സംരക്ഷണച്ചുമതല grandparents -നെ ഏല്പിച്ചിട്ടു അടിപൊളി ജീവിതം ആസ്വദിക്കുന്നു. കുട്ടികൾക്ക് ചെറുതായി എന്തെകിലും സംഭവിച്ചാൽ അവരുടെ തനി നിറം കാണാം. ഇതെല്ലം കോർത്തിണക്കി വലിയ പരിക്കില്ലാതെ കൊണ്ടുനടക്കേണ്ട ചുമതല ഗ്രഹനാഥക്കാണ്..വലിയ രോഗങ്ങൾ പകരുന്നത് അശ്രദ്ധരായ സ്വന്തം വീട്ടുകാരിൽ നിന്നുമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് എന്ന മഹാമാരി നമ്മോടൊപ്പം ഇപ്പോഴും ഉണ്ടെന്നു കഥാകാരി ഓർമ്മപ്പെടുത്തുന്നു. വായനക്കാരുടെ അവലോകനത്തിന് വിടുന്ന ഒരു അനുഭവ/കഥ. അഭിന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക