പണ്ടു കാമുകനിൽനിന്നും ഗർഭം ധരിച്ച അയലത്തെ ദരിദ്രകാമുകി അയാൾ കൈയ്യൊഴിയുമ്പോൾ വിഷം കഴിച്ചോ തൂങ്ങിയോ ചത്തുകളയും! മലയാളസിനിമയുടെ പാറ്റേൺ തന്നെ അതായിരുന്നു.
എല്ലാ സിനിമയും ഒരേകഥതന്നെ പറഞ്ഞു മനുഷ്യനെ പറ്റിച്ചു!!
അല്ലെങ്കിൽ നായകൻ അവിഹിത ഗർഭം ഏറ്റെടുത്തു നന്മമരമായി മാറും
അന്നൊക്കെ ഇഷ്ടമില്ലാതെ ഉണ്ടായ ഗർഭം കളയാൻ വയ്യാതെ ജീവിതം തീർത്തു കളഞ്ഞ പെണ്ണുങ്ങൾ എത്രയെത്ര!
മലയാളസിനിമയ്ക്ക് ചിലപ്പോഴെങ്കിലും ബോധം വരും.
അപ്പോൾ അപൂർവം ചില നല്ല പടങ്ങൾ ഇറങ്ങും.
Sex is not a promise എന്ന് സമൂഹവും വ്യക്തികളും ഈ അണ്ഡകടാഹവും ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്.
പ്രതുല്പാദന ഫാക്ടറി സ്ത്രീക്ക് മാത്രം ഉണ്ടായിപ്പോയ കുഴപ്പങ്ങളാണ്.
പുരുഷനിതു ഉണ്ടായിരുന്നെങ്കിൽ എന്തായെനേം ഭൂമിയിലെ ജനസംഖ്യ
ഓരോ മനുഷ്യരും വ്യത്യസ്തരാണ്. മറ്റുള്ളവർക്ക് വേണ്ടി --ആണായാലും പെണ്ണായാലും -- എന്തെങ്കിലും വേണ്ടെന്നു വെയ്ക്കുന്നത് സ്നേഹം കൊണ്ടോ കടപ്പാടുകൊണ്ടോ ധാർമികതകൊണ്ടോ ആയിരിക്കും.
സ്വന്തം ലക്ഷ്യവും സ്വപ്നവും എപ്പോഴും സ്വന്തമാണ്.
എല്ലാം ത്യജിച്ചു ഭർത്താവിനും കുടുംബത്തിനും മക്കൾക്കും വേണ്ടി ത്യാഗം ചെയ്തേ പറ്റൂ സ്ത്രീ എന്നതും അവൾക്കു യാതൊരു ചോയിസും പാടില്ല എന്നതും പുരാതനകാലത്തെ അടിമച്ചങ്ങല ചുഴറ്റാൻ നിൽക്കുന്നവരുടെ 'കിത്താബിലെ ഏടുക'ളാണ്.
സാറാസ് എന്ന സിനിമയിൽ യാതൊരു കോംപ്ലിക്കേഷനും ഇല്ലാതെ സാറാ അയാളോട് ചോദിക്കുന്നുണ്ട്.
' ഈ തണുപ്പും കാലവസ്ഥയും നമ്മുടെ ചെറിയ ഇഷ്ടവും കാരണം ഇവിടെ എന്തെങ്കിലും ചെറുതായി സംഭവിച്ചാൽ അത് തടയാൻ എന്തെങ്കിലും കരുതിയിട്ടുണ്ടോ എന്ന്? '
വളരെ സിമ്പിൾ ആയ ചോദ്യം.
റിയലിസ്റ്റിക് മോഡിൽ ചോദിച്ചിരിക്കുന്നു.
അയാളാണെങ്കിൽ നിറഞ്ഞ ചിരിയോടെ ആ ചോദ്യത്തെ നേരിടുന്നു.
ഇത് ജീവിതത്തിൽ (അല്ലെങ്കിൽ ഇതുവരെ കണ്ട സിനിമകളിൽ, സീരിയലുകളിൽ )ആണെങ്കിൽ എങ്ങനെയിരിക്കും?
കൃത്യമായ പ്ലാനിങ്ങോടെ പുറത്തു പോയി റൂമെടുത്തു തങ്ങുന്ന 'മിഥുനങ്ങൾ' വിവാഹിതരാകാൻ പോകുന്നവരാണെങ്കിൽപോലും ഇത്തരം സന്ദർഭങ്ങളിൽ ഗർഭം തടയാനുള്ള കാര്യങ്ങൾ സൂചിപ്പിച്ചാൽ ഉടനെ സ്ത്രീ ചിന്തിക്കും 'ഓ... അതുശരി, അപ്പൊ ഇതൊക്കെ സ്റ്റോക്ക് ആണല്ലേ.. കരുതിക്കൂട്ടിയുള്ള വരവാണല്ലേ... ഇയാൾക്ക് ഇതുതന്നെയാണ് പണിയല്ലേ എന്ന്..... എത്ര പെണ്ണുങ്ങളെ ഇങ്ങനെ കൊണ്ടുവന്നിരിക്കും... എന്ന്
അതല്ല സ്ത്രീയാണ് ഈ കാര്യം സൂചിപ്പിച്ചത് എങ്കിലോ...
ഇപ്പോൾ കുട്ടികൾ വേണ്ടന്നോ ജോലി ആയി രണ്ടു വർഷം കഴിയട്ടെ എന്നോ പറഞ്ഞാൽ അവിടെ എല്ലാം തീർന്നു.
'ഇവൾ ആള് ശരിയല്ല... ഇവൾ എന്നെ ബോധവൽക്കരണം നടത്താൻ പാക്കറ്റും വാങ്ങി വന്നിരിക്കുകയാണ്. അമ്പടീ... ഇവളെ എനിക്ക് വേണ്ട... എന്തായാലും ഈ രാത്രി മുതലാക്കി നാളെ ഗുഡ്ബൈ പറയാം...'
ഇവിടെയായി മനുഷ്യനും മനുഷ്യനും ബുദ്ധിയും ചെരേണ്ടത്.
അവനവനു വേണ്ടത് അവനവൻ നേടണം.
അതിനൊന്നും വയ്യെങ്കിൽ..
നിങ്ങൾക്ക് നല്ല പേരന്റ് ആവാൻ വയ്യെങ്കിൽ ഒരു ചീത്ത പേരന്റ് ആവാതിരിക്കുക.
നിങ്ങൾക്ക് നല്ലൊരു കാമുകനോ കാമുകിയോ ആവാൻ വയ്യെങ്കിൽ ആ പണിക്കു പോകാതിരിക്കുക.
നല്ല ഭർത്താവോ ഭാര്യയോ ആവാൻ മനസ്സില്ലെങ്കിൽ ഈ ഭൂമിയെയും സർവചരാചാരങ്ങളെയും വെറുതെ വിട്ടോളുക.
നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി
നിങ്ങൾ കെട്ടിയും കെട്ടാതെയും കുട്ടികളെ ഉത്പാദിപ്പിച്ചില്ലെങ്കിലും ഈ ലോകം നിലനിന്നോളും.