വീടു കാണാൻ വന്ന സായ് വിന്റെ ചെറുവിരലിലെ നേർത്ത എൻജിനിയർ മോതിരത്തിലേക്ക് ഈപ്പൻ ആർത്തിയോടെ, അസൂയയോടെ നോക്കി. കൊത്തുപണികളും അലങ്കാരവുമില്ലാത്ത കാനഡയിലെ എൻജിനിയർമാരുടെ വിശേഷാവകാശം.
ആ മുദ്രമോതിരം ഈപ്പനെ എപ്പോഴും അസ്വസ്ഥനാക്കിയിരുന്നു. അയാൾ ബോധപൂർവം വേണ്ടെന്നുവെച്ച പഠനം. ആരോടൊക്കെയോ വാശിതീർത്ത് ഇഷ്ടപ്പെട്ട പ്രൊഫഷൻ വലിച്ചെറിഞ്ഞത് ഓർമ്മിക്കാൻ ഈപ്പൻ ഇഷ്ടപ്പെട്ടില്ല.എന്നിട്ടും ഓരോ തവണയും ആ ചെറുമോതിരം അയാളുടെ ശ്വാസകോശത്തിൽ കുടുങ്ങുന്നു.
അയാൾ റിയൽ എസ്റ്റേറ്റ് ഫോറം ഓഫ് ഒന്റേറിയോയുടെ പ്രസിദ്ധീകരണം മറിച്ചുനോക്കി. അതിൽ സിയേഴിസിന്റെ പരസ്യമുണ്ടായിരുന്നു. തീരെയും ആകർഷകമല്ലാത്ത ഒരു മുറിയുടെ ചിത്രം ഇടത്തേ പേജിൽ. വലതുപേജിൽ അതേ മുറിതന്നെ മനോഹരമായി അലങ്കരിച്ച പടം നിറഞ്ഞു നിന്നു. ഈപ്പൻ വീണ്ടും വീണ്ടും ഓരോ വ്യത്യാസങ്ങളും താരതമ്യം ചെയ്തുനോക്കി. പുതിയ തരം കർട്ടനുകൾ. അതു തൂക്കിയിടുന്ന ആധുനിക കൊളുത്തുകൾ, കൊളുത്തുകൾക്കു യോജിച്ച മറ്റ് അലങ്കാരങ്ങൾ. അവരുടെ പ്രമോഷന്റെ ഭാഗമായി റിയൽ എസ്റ്റേറ്റ് ഫോറത്തിൽ മെമ്പർഷിപ്പുള്ളവർക്ക് സിയേഴ്സിന്റെ ഇന്റീരിയർ ഡെക്കറേറ്റർ വന്ന് നിർദ്ദേശങ്ങൾ നൽകും.
സൗജന്യമായി കിട്ടുന്നത് - ഏതൊരു മലയാളിയെയും പോലെ ഈപ്പൻ അപ്പോൾത്തന്നെ ആ താളിലെ നമ്പറിൽ വിളിച്ച് ,രണ്ടു മാസമായി വിൽക്കാതെ കടക്കുന്ന റിച്ച്മണ്ട് സ്ട്രീറ്റിലെ വീട്ടിലേക്ക് അപ്പോയിന്റ്മെന്റെടുത്തു.
കുലീനതയുള്ള പണക്കാരുടെ സ്ട്രീറ്റാണ് റിച്ച്മണ്ട് . അവിടെ താമസിക്കുന്നവർ ഡോക്ടർമാർ , ജഡ്ജിമാർ , മുനിസിപ്പാലിറ്റിയിലെ ഉയർന്ന തലത്തിലുള്ളവർ തുടങ്ങിയവരായിരുന്നു. വിക്ടോറിയൻ രീതിയിലുള്ള പഴയ വലിയ വീടുകൾ . ദശകങ്ങളായി ഒരേ ആളുകൾ തന്നെ താമസിക്കുന്നത്. ആ തെരുവിലുള്ളവർ വീടുവാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു പണമുണ്ടാക്കാൻ വേണ്ടിയായിരുന്നില്ല.
ഈപ്പനു വിൽക്കാനുണ്ടായിരുന്നത് യൂണിവേഴ്സിറ്റി ഡീൻ ആയിരുന്ന കെന്നത്ത് റോസൻബ്ലാറ്റും ഭാര്യ ഈഡിത്തും അൻപതു വർഷമായി താമസിച്ചിരുന്ന വീടാണ്. എൺപതുകാരായ അവർക്ക് വീടു നോക്കാനും സ്വയം നോക്കാനും ആ വാതായി. അവർ റിട്ടയർമെന്റ് ഹോമിലേക്കു മാറിക്കഴിഞ്ഞു. അവരുടെ പല ഫർണിച്ചറുകളും അപ്പോഴും വീടിനകത്തുണ്ട് . മൂന്നുലക്ഷം ഡോളറെങ്കിലും കിട്ടേണ്ട വീടാണത്. ആ സ്ട്രീറ്റിലെ ഒരു വീടിന്റെ ഉടമയാവുന്നതു തന്നെ അഭിമാനമാണ്. പക്ഷേ, വീടിന്റെ പഴക്കം വാങ്ങാൻ വരുന്നവർക്കു നേരെ കണ്ണുരുട്ടുന്നത് ഈപ്പനറിയാം. യുവാക്കളായ ഡോക്ടർ ദമ്പതിമാർ ആ വീട് രണ്ടുതവണ വന്നു കണ്ടു. അവർക്ക് റിച്ച്മണ്ട് സ്ട്രീറ്റിലോ അതിനടുത്തോ ഒരു വീടു വേണമെന്നാണ് ആഗ്രഹം. അവിടത്തെ വീടുകൾ അധികം മാർക്കറ്റിൽ വരാറില്ല.
കെന്നത്ത് റോസൻ ബ്ലാറ്റിന്റെ മണം തങ്ങിനിന്ന വീട് അവരുടെ പുതിയ കണ്ണുകൾക്ക് ചേർന്നില്ല. അവരുടെ കോണ്ടമ്പററി ഡൈനിങ് റൂം ഫർണിച്ചർ ഇവിടെ തീരെ ചേരില്ലെന്ന് രണ്ടാം തവണ വന്നപ്പോൾ ഭാര്യ ഭർത്താവിനോടു പറയുന്നതും ഈപ്പൻ കേട്ടിരുന്നു. ഭർത്താവ് ആ പട്ടണത്തിൽ വളർന്നവനാണ്. അയാൾക്ക് റിച്ച് മണ്ട് സ്ട്രീറ്റ് ഒരു അഭിനിവേശമാണ്.
ഇറക്കവും ചുരുക്കുകളും ഇല്ലാത്ത ലെതറിന്റെ കറുത്ത മിനിസ്കേർട്ട്. ഇറക്കംകൂടിയ അയഞ്ഞ വെളുത്ത ബ്ലൗസ്സ്. ഒലിവ്ഗ്രീൻ നിറത്തിലുള്ള സ്കാർഫ് . നീളം തീരെ കുറഞ്ഞ മുടിയിൽനിന്നും കുറച്ച് ഒരു വശത്തേക്കു നീണ്ടു കിടപ്പുണ്ട്. അതിലൊരു ഭാഗം ഇരുണ്ട ചുറപ്പുനിറത്തിൽ വേറിട്ടു കാണാം. ഇടയ്ക്ക് ഒന്നു രണ്ടു വെളുത്ത സ്ട്രീക്കുകളും. ചുവന്ന ലിപ്സ്റ്റിക് . ഒലിവുനിറം പടർന്ന കൺപോളകൾ . ഇന്റീരിയർ സെക്കറേറ്റർ മിഷേൽ ഡയബെല്ലിന്റെ മുന്നിൽ ഈപ്പന്റെ ആത്മവിശ്വാസം ഉരുകിപ്പോയി. മിഷേൽ സങ്കോചം തീരെ ഇല്ലാതെ ഇരുന്നപ്പോൾ അവളുടെ ഇറക്കു കുറഞ്ഞ പാവാട ചുരുങ്ങിച്ചെറുതായി. നോക്കരുതെന്ന് ആവർത്തിച്ച് ആഗ്രഹിച്ചിട്ടും ഈപ്പന്റെ കണ്ണുകൾ കെട്ടുപൊട്ടിച്ചു. അവളുടെ കഴുത്തിനെ ചുറ്റിയുള്ള ഒലിവ് സ്കാർ ഫിൽ കണ്ണുറപ്പിക്കാൻ ഈപ്പൻ പാടുപെട്ടു. സ്കാർഫ് ... സ്കാർഫ് .. സ്കാർഫ് ... അയാൾ മനസ്സിൽ ആവർത്തിച്ചു പറഞ്ഞു.
റോസൻബ്ലാറ്റിന്റെ വീടു ചുറ്റിനടന്നു കണ്ടിട്ട് മിഷേൽ പുതിയ തരം കർട്ടനുകൾ കാണിച്ചു. അവൾ പുസ്തകത്തിലെ പുതിയ താളിൽ നിമിഷങ്ങൾ കൊണ്ട് ലിവിങ് റൂമിലെ ഭിത്തിയുടെ പടം പുതിയതരം കർട്ടനുകളും അലങ്കാര വസ്തുക്കളുമായി വരച്ചു കാണിച്ചു. അലസമായ കുറച്ചു വരകൾ നീണ്ട വിരലുകളിൽ നിന്നും ഒഴുകിയിറങ്ങി. മിഷേലിന്റെ കഴിവിൽ ഈപ്പനു മതിപ്പു തോന്നി. ഇത്രയും കഴിവുള്ള ഈ പെണ്ണെന്തിനാണു തുട കാണിച്ചു വില കളയുന്നത് എന്ന് അയാളുടെ മലയാളി മനസ്സ് പരിഭവിച്ചു. അവളുടെ ചുരുക്കില്ലാത്ത മിനിസ്കേർട്ടും നീളം കുറഞ്ഞ മുടിയുടെ ഒരു വശത്തേക്കു മാത്രം നീട്ടിയ കുറച്ചു മുടിയും അതിലെ ചുവന്ന നിറവും കണ്ടപ്പോൾ 'ലുക്ക് ' കൊണ്ട് ക്ലയന്റിനെ വീഴ്ത്താനുള്ള വിദ്യകളാണെന്നാണ് ഈപ്പനു തോന്നിയത്.
- അപ്പോൾ ഭിത്തിക്ക് ഏതു നിറമായിരിക്കും യോജിച്ചത്?
പടം നോക്കിക്കൊണ്ട് ഈപ്പൻ ചോദിച്ചു. പലതരം ഫാബ്രിക്കുകൾ, നിറങ്ങൾ, ആക്സെന്റുകൾ . മിഷേൽ കാറ്റലോഗുകളുടെ തടിയൻ ബയിൻഡറുകൾ തുറന്നു കാണിച്ചു. പെയിന്റിന്റെ കളറനുസരിച്ച് കർട്ടനുകൾ തീരുമാനിക്കാം. അല്ലെങ്കിൽ കർട്ടന്റെ കളറു തീരുമാനിച്ചിട്ട് പെയിന്റ്.
- ഈ വീട് എനിക്കു മാറ്റിമറിക്കണം.
ഈപ്പനിലെ വിൽപ്പനക്കാരൻ മിഷേലിന്റെ കഴിവിനു മുന്നിൽ ഊർജ്ജം വീണ്ടെടുത്തു. അയാൾ ഡൈനിങ് റൂം കാണിച്ചു , ചെയ്യാവുന്ന മാറ്റങ്ങളെപ്പറ്റി ആവേശത്തോടെ പറഞ്ഞു. ബെഡ് റൂമുകൾ, കുളിമുറിയിലെ പഴകിപ്പൊളിഞ്ഞു തുടങ്ങിയ ടൈലുകൾ, മാറ്റിയെടുക്കാനുള്ള സാധ്യതകൾ സ്വയം മറന്ന് ഈപ്പൻ ആ കലാകാരിയോടു പറഞ്ഞു. മിഷേൽ ശാന്തമായി ചിരിച്ചു.
- നിങ്ങളൊരു വിഷനറിയാണ്. നിങ്ങൾക്ക് നല്ല കഴിവുണ്ട്!
വിഷനറി എന്ന പദത്തിൽ ഈപ്പൻ മതിമറന്നു. അയാൾ അഭിനന്ദനത്തിനു നന്ദി പറഞ്ഞപ്പോൾ മിഷേൽ വിശദീകരിച്ചു. കരാറനുസരിച്ചുള്ള സൗജന്യം ഒരു ഭിത്തിക്കുള്ള നിർദ്ദേശം മാത്രമാണി. അതും സിയേഴിസിൽനിന്നും സാധനങ്ങൾ വാങ്ങാൻ കഴിയുന്നത് ശ്രമിക്കുകയും വേണം. ഈപ്പന്റെ മുഖം പെട്ടെന്നു മങ്ങി. ഒന്നു നിന്നിട്ട് മിഷേൽ ഒരു ഓഫർ ഈപ്പനു മുമ്പിലേക്കുവെച്ചു.
മിഷേൽ സ്വന്തമായി ബിസിനസ്സ് നടത്തുന്ന ഒരു ഇന്റീരിയർ ഡക്കറേറ്ററാണ്. സിയേഴ്സിന്റെ ഒരു ബിസിനസ്സ് പാർട്ട്ണർ സിയേഴ്സിന്റെ കാറ്റലോഗുകളുമായി ഒരു ക്ലയന്റിനെ കാണുന്നതിനു നിശ്ചിതതുക കിട്ടും, ക്ലയന്റ് അവളിൽക്കൂടി സിയേഴ്സിലെ സാധനങ്ങൾ വാങ്ങിയാൽ അവൾക്കു കമ്മീഷനും കിട്ടും. അതോടെ മിഷേലിന് ആ ക്ലയന്റും സിയേഴ്സുമായുള്ള ഉടമ്പടി തീരുന്നു.
ഒരു ഭിത്തി സിയേഴ്സിൽനിന്നും സാധനങ്ങൾ വാങ്ങി ചെയ്യുക. അതു കഴിഞ്ഞിട്ട് മിഷേൽ ഈപ്പനെ സഹായിക്കാം. ഈപ്പനിൽ ആവേശം കത്തിക്കയറി. ഈ വീടുമുഴുവനായി അലങ്കരിക്കാൻ എത്ര തുകയാവും, എത്ര ദിവസമെടുക്കും, വീട് ഇപ്പോൾതന്നെ രണ്ടു മാസം കഴിഞ്ഞല്ലോ മാർക്കറ്റിൽ കിടക്കാൻ തുടങ്ങിയിട്ട് എന്നൊക്കെ അയാളിൽനിന്നും പരാതികൾ പൊട്ടിയൊഴുകി.
- ഹോൾഡ് ഓൺ റ്റു യുവർ ഹോഴ്സസ് !
മിഷേൽ പ്രഖ്യാപിച്ചു. ആദ്യം ഒരു ഭിത്തി സിയേഴ്സിന്റെ ക്യാറ്റലോഗിൽ നിന്നും . അതു കഴിയാത്തിടത്തോളംകാലം മിഷേൽ സിയേഴ്സിന്റെ റെപ്രസന്റേറ്റീവാണ്. അത് ഈപ്പനെ ചൊടിപ്പിക്കുന്നതിനുപകരം അയാൾ മിഷേലിലെ ബിസിനസ്സുകാരിയെ ബഹുമാനിച്ചു.
മിഷേലിന്റെ സഹായത്തോടെ റിച്ച്മണ്ട് സ്ട്രീറ്റിലെ വീട് രൂപാന്തരപ്പെട്ടു. കുറച്ചു മാസങ്ങൾ കാത്തിരിക്കേണ്ടി വന്നെങ്കിലും കുലീനതയും ആധുനികതയും ഒന്നിച്ചുചേർന്ന് അതൊരു വിലപ്പെട്ട വസ്തുവായി മാറി. സിയേഴിസിൽ നിന്നും ഒരു ഭിത്തി മാറ്റിയെടുക്കാൻ ചെലവാക്കിയ പണം കൊണ്ട് മിഷേൽ രണ്ടു മുറികൾ സുന്ദരമാക്കി. അവൾക്ക് മൊത്തക്കച്ചവടക്കാരുമായും തുന്നൽക്കാരികളുമായും പരിചയമുണ്ടായിരുന്നു. തുണികൾ വാങ്ങി റിച്ച്മണ്ട് സ്ട്രീറ്റിലെ വീട്ടിൽ തന്നെയിട്ടു വെട്ടിയെടുത്ത് അളവും നിർദ്ദേശങ്ങളും കുറിച്ച് മിഷേൽ തുന്നൽക്കാരികളുടെ അടുത്തെത്തിച്ചു. ദിവസങ്ങൾകൊണ്ട് കർട്ടനുകളും കുഷ്യനുകളും കിടക്കവിരികളും തയാറായി. അപ്പോഴേക്കും അതിനു യോജിച്ച മറ്റ് അലങ്കാരവസ്തുക്കളുമായി മിഷേലെത്തി.
ഫ്ലീ മാർക്കറ്റും, ഗരാജ് സെയിലും മൊത്തക്കച്ചവടക്കാരുടെ ഗോഡൗണുകളും തിരഞ്ഞ് അവൾ അപൂർവവും മനോഹരവുമായ വസ്തുക്കൾകൊണ്ട് ആ വീട് വിലപിടിപ്പുള്ള താക്കാൻ ഈപ്പനെ സഹായിച്ചു. ടൈലു മാറ്റാനും ഭിത്തികളിൽ അറ്റകുറ്റപ്പണികൾ നടത്താനും പുതിയ തരം ഫോസെറ്റുകളും ലൈറ്റുകളും പിടിപ്പിക്കാനും ഈപ്പന് പണിക്കാരുണ്ടായിരുന്നു. വീടിന്റെ വില മൂന്നരലക്ഷമായി കൂട്ടിയിടാമെന്ന് ഈപ്പൻ പറഞ്ഞപ്പോൾ മിഷേൽ നിഷേധിച്ചു.
- നോ വേ. ദിസ് ഹൗസ് ഷുഡ് ഗോ ഫോർ അറ്റ്ലീസ്റ്റ് ഹാഫ് എ മില്യൺ.
ആ സ്ട്രീറ്റിനും അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും യോജിച്ച വിധത്തിൽ ആ വീടിനെ രൂപപ്പെടുത്തണം എന്ന് അവർ നിർദ്ദേശിച്ചു.അങ്ങനെ ബേസ്മെന്റിലെ കുളിമുറിയിലെ ടബ്ബുമാറ്റി ജിക്കൂസിയാക്കി. തുറസ്സായി കിടന്നിരുന്ന ബേസ്മെന്റ് പാർട്ടികൾ നടത്താൻ പറ്റിയ സ്ഥലമായി മിഷേൽ രൂപപ്പെടുത്തി. പുതിയതരം ബാർ, ഡാൻസ് ഫ്ലോർ , മിഷേൽ നിർദ്ദേശിച്ചതെല്ലാം ഈപ്പന്റെ പണിക്കാർ സാധിച്ചു കൊടുത്തു.
പുതുക്കാൻവേണ്ടി മാർക്കറ്റിൽനിന്നും എടുത്ത വീട് രണ്ടു ലക്ഷം കൂട്ടി വീണ്ടും മാർക്കറ്റിൽ വന്നപ്പോൾ പലരും നെറ്റിചുളിച്ചു. മിഷേലിന്റെ ക്ലയന്റ്സിൽ പലരെയും അവൾ ആ വീട്ടിലേക്കയച്ചു. ഒരു മാസത്തിനകം റിച്ച്മണ്ട് സ്ട്രീറ്റിലെ വീടു വിറ്റുപോയത് റിയൽ എസ്റ്റേറ്റ് ലോകത്തിനു തന്നെ ഒരു അൽഭുതവും ആവേശവുമായി. അങ്ങനെ മിഷേൽ ഈപ്പന്റെ ഇന്റീരിയർ ഡെക്കറേറ്ററും ബിസിനസ്സ് പാർട്ണറുമായി.
റോസൻ ബ്ലാറ്റ് ഉപേക്ഷിച്ചുപോയ പഴയ ഫർണിച്ചറുകളും സാധനങ്ങളും പെട്ടികളിലാക്കി സ്റ്റോറേജിൽ വെക്കാൻ നിർദ്ദേശിച്ചത് മിഷേലാണ്. സ്റ്റോറേജിനു മാസം മുപ്പതു ഡോളർ കൊടുത്താൽ മതി. എന്നാൽ അതുകൊണ്ടുള്ള പ്രയോജനം അതിലേറെയാണ്. ഫർണിച്ചറുകൾ കൊണ്ടുപോകാൻ കെന്നത്തിനു താൽപ്പര്യമില്ലായിരുന്നു. വീടുവിറ്റുകഴിയുമ്പോൾ ഏതെങ്കിലും ചാരിറ്റിക്കു കൊടുക്കാനായിരുന്നു അവർ നിർദ്ദേശിച്ചിരുന്നത്. അത് വേറെ ഏതെങ്കിലും വീടുവിൽക്കുമ്പോൾ ഉപയോഗിക്കാം എന്ന നിർദ്ദേശംവെച്ചത് മിഷേലാണ്.
ഈപ്പന്റെ പുതിയ ഹോബി ടെന്നീസായിരുന്നു. മിഷേലാണ് ഈപ്പനെ കളിച്ചുമറന്ന ടെന്നീസിലേക്കും മടക്കിക്കൊണ്ടുവന്നത്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ടെന്നീസ് കളിച്ചത് ജോലിയിലെ പിരിമുറുക്കം തീർക്കാൻ പ്രയോജനപ്പെടുമെന്ന് ഈപ്പൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ആവേശത്തോടെ രണ്ടു കളം കളിച്ചു കഴിയുമ്പോൾ ശരീരത്തിനും മനസ്സിനും വരുന്ന ലാഘവം ഈപ്പനു വളരെ ഇഷ്ടമായി.
വിലകുറഞ്ഞതും ഉപയോഗിച്ചതുമായ സാധനങ്ങൾ വിൽക്കുന്ന ചന്തയാണ് ഫ്ലീ മാർക്കറ്റ്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മിഷേൽ ഫ്ലീ മാർക്കറ്റ് അന്വേഷിച്ചിറങ്ങുന്നത്. അവിടെ വരുന്നവരിൽ അധികവും പാവപ്പെട്ടവരും കുടിയേറ്റക്കാരുമാണ്. അവർക്കിടയിലൂടെ അഭിമാനം മറന്ന് മിഷേൽ നടക്കും. വിലക്കുറവു മാത്രമല്ല മിഷേലിനെ അങ്ങോട്ടാകർഷിച്ചത്. സാധാരണ കടകളിൽ കിട്ടാത്ത പലതും ഫ്ലീ മാർക്കറ്റിൽ നിന്നും വളരെ കുറഞ്ഞ വിലയ്ക്കു കിട്ടും. മിഷേലിലെ കലാകാരി കുറച്ചു മിനുക്കുപണികൾ കൊണ്ട് അതിനെ ഏതെങ്കിലുമൊരു മുറിക്കു യോജിച്ച അലങ്കാരവസ്തുവാക്കി മാറ്റും.
ഒരു ദിവസം അഞ്ചടി പൊക്കമുള്ള ഒരു പ്ലാസ്റ്റിക് ചെടിയുമായിട്ടാണ് മിഷേൽ വന്ന് സ്റ്റോറേജിന്റെ താക്കോൽ ചോദിച്ചത്. ഏതോ ഫ്ലീ മാർക്കറ്റിൽ നിന്നും കണ്ടെടുത്തതാണ്. ഇരൂപത്തിയഞ്ചു ഡോളർ വില. പക്ഷേ, ചില വീടുകളിൽ ഇത് നൂറു ഡോളറിന്റെ ഗുണം ചെയ്യും. മിഷേൽ വിശദീകരിച്ചു. അതു സത്യമാണെന്ന് ഈപ്പനു ബോധ്യപ്പെടുകയും ചെയ്തു. ബ്രാസിന്റെ അലങ്കാരവസ്തുക്കൾ ഫാഷനായ കാലമായിരുന്നു അത്. മിഷേൽ ബ്രാസിന്റെ പുതിയൊരു ചെടിച്ചട്ടി വാങ്ങി. അതിനുള്ളിൽ ആ മഞ്ഞ ചൈനീസ് മുളങ്കൂട്ടത്തിനെ വെച്ചു. ബ്രാസിന്റെ ആനയ്ക്കൊപ്പം ഓറിയന്റൽ അലങ്കാരവസ്തുവായി . പല വീടുകളിലും അലങ്കാരമായി ഇരുന്നതിനുശേഷം ഒരു വീടു വാങ്ങിയവർ നൂറു ഡോളറിന് ആ പ്ലാസ്റ്റിക് മുളയും വാങ്ങി. അങ്ങനെയൊക്കെ ആ മിനിസ്കർട്ടുകാരി അവളുടെ തലച്ചോറും പ്രദർശിപ്പിച്ചു.
തുടരും..