എന്തിനും ഒരു ന്യായമൊക്കെ വേണ്ടേ! അതും സമ്പന്നമായ അമേരിക്കാ പോലെ ഒരു രാജ്യത്ത് വെറും നൂറു ഡോളറിനു ഇത്രയും തരം താഴ്ത്തിക്കളയുന്നതിനോടാണ് ഈ വിയോജിപ്പ്. കാരണം ആയിരവും തൊള്ളായിരവുമായി കേള്‍ക്കുമ്പോള്‍ വലിയ ഭീമാകാരമായ സംഖ്യ എന്ന് തോന്നിയാലും, നൂറു ഡോളറിന്റെ വിടവേ അവര്‍ തമ്മിലുള്ളൂ. പക്ഷേ ഒരു "ഫോര്‍ ഫിഗര്‍ സാലറി" കിട്ടാന്‍ പണ്ട് കൊതിച്ചവര്‍ക്കു മാത്രമേ ആ വ്യത്യാസത്തിന്റെ. വേദന മനസ്സിലാകയുള്ളു. പണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ജോലി ലഭിച്ചു, ബേസിക് സാലറി 950 രൂപാ ആണെന്ന് പറഞ്ഞപ്പോള്‍ വല്യപ്പച്ഛന്‍ ചോദിച്ചു ""നിനക്ക് ആയിരം തികച്ചുള്ള ഒരു ജോലി കിട്ടാത്തില്ലേ'' എന്ന്! അപ്പച്ചാ ഡി ഏ,യും മറ്റു അലവന്‌സുകള്‍ എല്ലാം കൂട്ടിയാല്‍ 1665 രൂപാ തുടക്കത്തില്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍, അപ്പച്ചന്റെ സന്തോഷവും കൂട്ടത്തില്‍ ദൈവത്തിനു സ്‌തോത്രവും പറഞ്ഞത്, നാല്പതു വര്ഷങ്ങള്ക്കുശേഷം ഇപ്പോഴും മനസ്സില്‍ അലയടിച്ചു നില്‍ക്കുന്നു.
പക്ഷേ ഈ തള്ളു കേള്‍പ്പിക്കാനല്ല കണക്കുശാസ്ത്രത്തില്‍ കയറിപ്പിടിച്ചത്. കാരണം കഴിഞ്ഞ ആഴ്ചയില്‍ കാലിഫോര്‍ണിയയില്‍ ആയിരുന്നപ്പോള്‍ ഒരു കാര്യം അറിയാതെ പോയതിന്റെ മണ്ടത്തരം രണ്ടു പേരോട് പറഞ്ഞില്ലെങ്കില്‍ മലയാളിക്ക് ഉറക്കം വരുമോ?
ആരെങ്കിലും 900 ഡോളറില്‍ താഴെ വിലയുളള എന്തെങ്കിലും സാധനം മോഷ്ടിക്കുകയാണെങ്കില്‍, അത് ദാരിദ്ര്യം കുറ്റകരമാക്കുന്നതിനാല്‍ കള്ളനെ തടയാനോ അറസ്റ്റ് ചെയ്യാനോ കഴിയില്ല, എന്ന് കാലിഫോര്‍ണിയ സംസ്ഥാനത്ത് പുതിയ നിയമം പാസ്സാക്കിയിരിക്കുന്നു. കടകളില്‍ ആളുകള്‍ നില്‍ക്കുമ്പോള്‍ പോലും
മോഷ്ടാക്കളെ തടഞ്ഞു നിര്‍ത്താന്‍ പ്രാണഭയത്താല്‍ ആരും തയ്യാറാവില്ല. പോലീസിനെ വിളിച്ചാലും പ്രയൊജനമില്ല്, അവര്‍ വരുമ്പോഴേക്കും മോഷ്ടാക്കള്‍ സ്ഥലം വിട്ടിരിക്കും, പിന്നെ 900 ഡോളറില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങളായിരുന്നു മോഷ്ടിച്ചതെന്നു എപ്പോള്‍ തെളിയിക്കാനാണ്?
അതിന്റെ ഫലമോ, ഈ മണ്ടന്‍ നിയമം കാരണം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പല കടകളും അടച്ചുകൊണ്ടിരിക്കുന്നു.
തയ്യാറാകൂ. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അമേരിക്കയെ കോപ്പിയടിക്കാനുള്ള വ്യഗ്രതയില്‍ ഇതും ആവര്‍ത്തിച്ചേക്കാം.. ഇതാണ് അമേരിക്കയിലെ ഇന്നത്തെ അവസ്ഥ.
കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ വാള്‍ഗ്രീന്‍ സ്റ്റോറിനുള്ളില്‍, വെറും സൈക്കിളില്‍ കടയിലേക്ക് കയറി വന്ന് വലിയ ബാഗ് നിറയെ സാധനങ്ങള്‍ വേഗം പെറുക്കിയിട്ടു സൈക്കിളില്‍ തന്നെ കടയില്‍നിന്നും ഓടിച്ചിറങ്ങി പോകുന്ന ഒരു ഹൈസ്പീഡ് കൊച്ചുകള്ളന്റെ വീഡിയോ വൈറലായി ന്യൂസിലും യൂ ട്യൂബിലും നിറഞ്ഞു നില്‍ക്കുന്നു.
തുറന്ന കൊള്ളയും മോഷണവും കാരണം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാല്‍ഗ്രീന്‍ ശ്രുംഖല തന്നെ 17 സ്റ്റോറുകള്‍ അടയ്ക്കേണ്ടി വന്നു. പരാതികളില്‍ പോലീസ് ഒരു നടപടിയും എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ല. യുഎസ്എയിലെ മിക്ക വലിയ നഗരങ്ങളും നിയന്ത്രിക്കുന്നത് ലിബറല്‍ ഡെമോക്രാറ്റുകളാണ്. അവര്‍ പോലീസ് വകുപ്പിന്റെ ഫണ്ടുകള്‍ വെട്ടിക്കുറച്ചു. അതിനുപുറമെ, അവര്‍ പോലീസിന് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍ഫലമായി, എന്തെങ്കിലും നടപടിയെടുക്കാന്‍ പോലീസ് ഭയപ്പെടുന്നു. ഇനി ഈ നിയമം മറ്റു സ്റ്റേറ്റുകളിലും നടപ്പാക്കാന്‍ വലിയ താമസം കാണില്ല. അബോര്‍ഷന്‍ മുതല്‍ മയക്കുമരുന്നുവരെ മിക്കവാറും സ്റ്റേറ്റുകളില്‍ നിയമാനുസൃതമാക്കാന്‍ വളരെ താമസം വരാത്ത നമ്മുടെ രാജ്യം, എത്രയോ സ്വാതന്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നു, സമത്വം പരിപോഷിപ്പിക്കുന്നു.
അങ്ങനെ വരുമ്പോള്‍ ബഹുമാനപ്പെട്ട കോടതിയും സംസ്ഥാന സര്‍ക്കാരും പാവപ്പെട്ടവരോട് ബഹുമാനസൂചകമായി. 900 എന്ന ലിമിറ്റിനേ 1000 ഡോളര്‍ വരെ മോഷണം കുറ്റകരമല്ല എന്നാക്കിയിരുന്നെങ്കില്‍, സ്റ്റേറ്റിനും കള്ളനും കുറച്ചുകൂടി അഭിമാനിക്കാമായിരുന്നു.
ഈ നിയമം അറിയാതിരുന്നത് നന്നായി അല്ലെങ്കില്‍, ഇത്രയും കുത്തിക്കുറിക്കാന്‍ പേനയോ ഫോണോ ജയിലില്‍ കിട്ടാതെ ഞാന്‍ വിഷമിച്ചു പോയേനെ !