"എൻ പ്രാണനായകനെ എന്ത് വിളിക്കും,സഖീ ...?" പഴയ ഒരു സിനിമാപ്പാട്ട് ആണ്.വിവാഹം തീരുമാനിച്ചു കഴിഞ്ഞ വേളയിൽ നായിക സഖിയോട് പ്രകടിപ്പിക്കുന്ന ഉത്കണ്ഠ തന്റെ ഭർത്താവിനെ എന്ത് വിളിക്കും എന്നുള്ളത് ആണ്."എങ്ങനെ ഞാൻ നാവെടുത്ത് പേര് വിളിക്കും?" എന്നതാണ് നായികയുടെ വേവലാതി.
വർഷങ്ങളോളം ഒരുമിച്ചു കൂടെ ജീവിച്ചിട്ടും, അമ്മയും, അച്ഛനുമായി കുട്ടികളെ വളർത്തി ഒരു കുടുംബം ഉണ്ടാക്കിയിട്ടും സ്വന്തം ഭർത്താവിനെ പ്രത്യേകമായി ഒരു പേരും വിളിക്കാതെ കഴിഞ്ഞു കൂടുന്ന അനേകർ ഇന്നും എന്റെയും, നിങ്ങളുടെയും പരിചയത്തിൽ ഉണ്ട് എന്നിരിക്കെ നമ്മുടെ നായിക പാടി പറയുന്ന ആശങ്കകൾ ആസ്ഥാനത്തല്ല.ഒരു പക്ഷെ കേൾക്കുവാൻ മറ്റാരും അരികിൽ ഇല്ലാത്ത നേരങ്ങളിൽ അവർ ഏതെങ്കിലും മധുരപ്പേരുകൾ കാതിൽ വിളിക്കുന്നുണ്ടാകും എന്ന് കരുതുക.
"ദേ", "ദാ", "ഇങ്ങട് നോക്കൂ ന്നെ", " പിന്നേയ്", "ശൂ" എന്നിങ്ങനെ ചില എന്തെന്നും, ഏതെന്നും ഇല്ലാത്ത വിളികളിൽ ഭാര്യ ഭർത്താവിനെ വിളിക്കുകയും, നിത്യ പരിചയം കൊണ്ട് അത് തന്നെയാണ് വിളിക്കുന്നത് എന്ന് ഭർത്താവിനു മനസിലാകുകയും ചെയ്യുന്നു.
കുട്ടികൾ ആയി കഴിഞ്ഞാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി .കുട്ടികൾക്ക് എന്ന പോലെ ഭാര്യക്കും അയാളെ അച്ഛൻ എന്ന് അഭിസംബോധന ചെയ്യാം."അച്ഛനെ വിളിക്ക്, അച്ഛനോട് പറയ്, അമ്മൂന്റെ അച്ഛൻ" എന്നൊക്കെ പറഞ്ഞു കഴിക്കാം.
മാഷ്, വക്കീൽ, ഡോക്ട്ടർ എന്നിങ്ങനെ ഉള്ള ജോലികൾ ചെയ്യുന്നവരുടെ ഭാര്യമാർ അനുഗ്രഹിക്കപ്പെട്ടവർ ,കാരണം അവർക്ക് നാട്ടുകാർ ഒക്കെ വിളിക്കുന്ന പോലെ ഭർത്താവിനെ "മാഷേ, ഡോക്ടറെ, വക്കീലെ" എന്നൊക്കെ വിളിക്കാം.പക്ഷെ ഒരു എൻജിനീയറുടെയോ, ലോക്കോ പൈലറ്റിന്റെയോ, അക്കൗണ്ടന്റിന്റെയോ ഭാര്യക്ക് അയാളെ ലോക്കോ പൈലറ്റേ എന്നൊക്കെ വിളിക്കുന്നത് എന്ത് ബുദ്ധിമുട്ടായിരിക്കും.
സ്വന്തം ഭർത്താവിനെ സാർ എന്ന് വിളിക്കുന്ന സ്ത്രീകൾ പുതുതലമുറ മലയാളം സീരിയലുകളിൽ ഉണ്ടെന്നു കേൾക്കുന്നു.
കൂടെ പിറന്നവനെയും, കല്യാണം കഴിച്ചവനെയും , പിന്നെ വഴിയേ പോകുന്നവരെ ഒക്കെയും ചേട്ടാ എന്നു വിളിക്കുന്നതിന്റെ പിന്നിലെ ആഖ്യയും, ആഖ്യാതവും എന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
ഒരാളെ മറ്റൊരാൾ അഭിസംബോധന ചെയ്യുമ്പോൾ പ്രായം, സാമൂഹിക പദവി,ലിംഗ വ്യത്യാസം, സാമ്പത്തിക നില,അവർ തമ്മിലുള്ള ബന്ധം ഇതൊക്കെ കണക്കിൽ എടുക്കുന്ന നമ്മുടെ സാമൂഹിക വ്യവസ്ഥ സൃഷ്ട്ടിച്ച ചില കുടുക്കുകൾ ആണ് ഇത് ഒക്കെ.
അത് കൊണ്ടാണ് ഭാര്യയെ എങ്ങനെ വിളിക്കണം എന്ന് ആശങ്കപ്പെട്ട് ഒരു ഭർത്താവും ഇന്നോളം പാടാതെ ഇരുന്നത്.അവന് അവളെ "എടീ" എന്ന് തുടങ്ങി എന്തും വിളിക്കുന്നതിനുള്ള അവകാശം വിവാഹം നൽകുന്നു.നേരെ മറിച്ച് ഭർത്താവിനെ ഭാര്യ പേര് വിളിക്കുന്നത് പോലും നമ്മളിൽ നടുക്കം ഉണ്ടാക്കുന്നു.
സമൂഹത്തിൽ പണവും, പദവിയും, പ്രതാപവും ഉള്ളവരെ പേര് വിളിച്ചു കൂടാ എന്ന അലിഖിത നിയമം നമ്മുടെ നാട്ടിൽ ഉളളത് കൊണ്ടാണ് അമേരിക്കകാരും, യൂറോപ്യൻസും ഒക്കെ "മിസ്റ്റർ പ്രൈം മിനിസ്റ്റർ" , "പ്രസിഡന്റ് ബൈഡൻ" എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ നമ്മുടെ കിളി പോകുന്നത്.ഇരിക്കുന്ന കസേരക്കും, കയ്യിൽ ഉള്ള പണത്തിനും അനുസരിച്ച് നമ്മുടെ വിളികളുടെ ഈണം, താളം, ഭാവം ഒക്കെ മാറുന്നു.അംബാനിയും, അപ്പുണ്ണിയും രണ്ടാണെന്ന്! ഏത്....
കയ്യിൽ പണം ഉണ്ട് , അധികാരം ഉണ്ട് എന്ന കാരണങ്ങൾ കൊണ്ട് സ്വന്തം അച്ഛനമ്മമാരെക്കാൾ പ്രായമുള്ളവരെ ഒരു പ്രയാസവും കൂടാതെ പേരെടുത്ത് വിളിക്കുന്നവരും ഉണ്ട്.
"മാഷേ" എന്ന വിളിയോട് മലയാളിക്കുള്ള സ്നേഹം ഒന്ന് വിശേഷമാണ്.സ്കൂളിലും, കോളേജിലും പഠിപ്പിക്കുന്ന മാഷുമാരുടെ വലിയ സമൂഹം കൂടാതെ ടീ മാഷ്, ദോശ മാഷ്, പൊറോട്ട മാഷ് എന്നിങ്ങനെയുള്ള മാഷുമാരും കൂടി ചേർന്ന് ആ ഗണത്തെ വലുതാക്കുന്നു.
വിളിയുടെ കാര്യത്തിൽ ഏറ്റവും ജനാധിപത്യ സ്വഭാവം പുലർത്തുന്നവർ സെയിൽസ് എക്സിക്യൂട്ടീവുകളും, കസ്റ്റമർ കെയറുകാരുമാണ്.മുൻപിൻ നോക്കാതെയുള്ള സാർ/മാഡം വിളികളാൽ അവർ നമ്മുടെ അഹം ബോധത്തെ പതുക്കെ തഴുകുന്നു.ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന് തന്നെയാകാം അന്തർഗതം.
കമ്മ്യൂണിസത്തെ കേരളത്തിൽ ഏറ്റവും ജനപ്രിയമാക്കുവാൻ ഉള്ള കാരണങ്ങളിൽ ഒന്ന് "സഖാവേ" എന്ന പരസ്പര സംബോധനയായിരുന്നു."എംബ്രാ,തബ്റാ" വിളികളിൽ നിന്നും , "റാൻ, അടിയൻ" മൂളലുകളിൽ നിന്നും ആ വിളി വാഗ്ദാനം ചെയ്ത വിമോചനം ആയിരുന്നു.ചില വിളികൾ തന്നെ വിപ്ലവങ്ങൾ ആണ്.
വെങ്കിടേശ്വര സുപ്രഭാതം കേട്ട് നോക്കൂ....യാഗം കഴിഞ്ഞു സരയൂ നദിയുടെ തീരത്ത് ഉറങ്ങിക്കൊണ്ടിരുന്ന രാമ-ലക്ഷ്മണൻമാരെ വിളിച്ചുണർത്താൻ വിശ്വാമിത്ര മഹർഷിയാണ് സുപ്രഭാതം ആലപിക്കുന്നത് എന്ന് വിശ്വാസം.എത്ര ഊർജ്ജദായകമായ, പ്രചോദനപൂർണമായ വാക്കുകൾ കൊണ്ടാണ് ഈശ്വരനെ വിളിച്ചുണർത്തുന്നത്."ഉത്തിഷ്ട്ട നരശാർദ്ദൂല, കർത്തവ്യം ദൈവമഹ്നികം" എന്നാണ് വിളിക്കുന്നത്.അല്ലാതെ "എടാ ഒന്നിനും കൊള്ളാത്തവനെ എണീറ്റ് വാടാ" എന്നല്ല.കാരണം ഒരു വിളി ഒരു വിശ്വാസമാണ്, പ്രചോദനം ആണ്.
കേശവൻ നായർ എന്ന ഹിന്ദുവിന്റെയും, സാറാമ്മ എന്ന നസ്രാണിയുടെയും കുട്ടിക്ക് ഇടാൻ വേണ്ടി സാക്ഷാൽ ബേപ്പൂർ സുൽത്താൻ കണ്ടെത്തിയ ഒരു പേരുണ്ട് - "ആകാശ മിഠായി": ആകാശത്തിന്റെ നീലിമ, മിഠായിയുടെ മധുരം, എവിടെയും കുടുങ്ങാത്ത സ്വാതന്ത്ര്യം.
വെറും തമാശക്ക് ആണെങ്കിൽ കൂടി ആരെയും നൂലാ, കോലാ, തടിച്ചീ,കറുമ്പി, കോങ്കണ്ണാ, കോന്ത്രപല്ലീ എന്നൊന്നും വിളിക്കരുതെ....ചില തമാശ വിളികൾ വലിയ ക്രൂരതകൾ ആണ്.വിളിക്കുന്നവന് മാത്രം തമാശയും, കേൾക്കുന്നവന് വേദനയും നൽകുന്ന വിളികൾ.
"വിളിച്ചതെന്തിനു വീണ്ടും, വെറുതെ വിളിച്ചതെന്തിന് വീണ്ടും.....ജന്മങ്ങൾക്കപ്പുറം പെയ്തൊരു മഴയുടെ മർമ്മരം കേൾക്കുമീ മനസിൽ നിന്നോ...." എന്ന് ഗിരീഷ് പുത്തഞ്ചേരി.