നിരത്തിയിട്ട ചെറു മേശകൾ, അടുക്കിവച്ച കസേരകൾ,
മെറൂൺ നിറമുള്ള ജനൽകർട്ടനുകൾ അവയൊക്കെ സാലിയെ നോക്കി. മനുവിന്റെ ഹൈസ്കൂൾ. മനുവിന്റെലോകം. അവന്റെ അമ്മ അറിയാത്ത അവന്റെ ലോകം. ജീവിതം മുഴുവനും അവൻ കൂടെ കൊണ്ടുനടക്കാൻ പോകുന്ന ലോകം.
ചാരനിറമുള്ള ലോക്കറുകൾ ഇടനാഴിക്ക് ഇരു വശവും നിരന്നു നിന്നിരുന്നു. കുട്ടികൾ ഒഴിഞ്ഞു പോയ ഇടനാഴികളിൽ മിഡ്റ്റേമിലെ പേരന്റ് ടീച്ചർ ഇന്റർവ്യൂവിനുവേണ്ടി മാതാപിതാക്കൾ കാത്തുനിന്നു. ഓരോ കുട്ടിക്കും നിശ്ചിത സമയത്ത് അപ്പോയിന്റ്മെന്റുണ്ട്. അധ്യാപകർ ഓരോരുത്തരെയായി കണ്ടു സംസാരിക്കും.
- ഞാൻ ഹെതർ
- പരിചയപ്പെട്ടതിൽ സന്തോഷം
ടീച്ചർ എന്തൊക്കെയോ പറയുന്നു. സാലി എന്തൊക്കെയോ കേൾക്കുന്നു. അല്ല , അവൾ ഒന്നും കേൾക്കുന്നില്ല. അവൾക്ക് ഒന്നും മനസ്സിലാവുന്നില്ല. ഷേക്ഹാൻഡുകൊടുക്കാനും മര്യാദ പാലിക്കാനും മറന്ന് സാലി സ്കൂൾ വിട്ടിറങ്ങി. സാലിയുടെ ഉള്ളിൽ നെഞ്ചുരുകുന്നൊരു സങ്കടം കെട്ടിക്കിടപ്പുണ്ട്.
തുണി കഴുകാമെന്നു കരുതിയാണ് സാലി മനുവിന്റെ മുറിയിൽ പോയത്. കാടുപിടിച്ചു കിടക്കുന്ന ക്ലോസറ്റ് . ചെറുപ്പത്തിൽ എത്ര വെടിപ്പുള്ള കുട്ടിയായിരുന്നു മനു എന്നു സങ്കടപ്പെട്ടുകൊണ്ടാണ് അവൾ ക്ലോസറ്റിലെ സാധനങ്ങൾ അടുക്കാൻ തുടങ്ങിയത്. ജീൻസ് വാഷിങ് മെഷീനിലേക്കിടുന്നതിനു മുമ്പ് പോക്കറ്റിലൊന്നു കൈയിട്ടതാണ്. മനുവിന്റെ പോക്കറ്റിൽനിന്നും കിട്ടിയ കോണ്ടോം പാക്കറ്റ് കൈയിൽ പിടിച്ച് സാലി മരവിച്ചിരുന്നു.
ഉറങ്ങാൻ കാത്തുകാത്തിരുന്ന സാലി ഉറക്കംവരാതെ ജനലിൽ കൊട്ടുന്ന കാറ്റിനെ കേട്ടു കിടന്നു. ഭംഗിയുള്ള ഇലകളെയൊക്കെ കാറ്റടിച്ചു നിലത്തിട്ടിരുന്നു. അതിനു മുകളിലേക്കു ചരിഞ്ഞു തുളുമ്പുന്ന ഒക്ടോബർമഴ .
ഒന്നുറങ്ങിയപ്പോഴേക്കും ഇടിമിന്നലിന്റെ വെളിച്ചത്തിൽ അവൾ ഞെട്ടിയുണർന്നു. പിന്നേയും പ്രാർത്ഥിച്ചു:
- എന്റെ മോനെ രക്ഷിക്കണേ കർത്താവേ, കൈവെടിയരുതേ!
താൻപോരിമ എത്തിയ എല്ലാം തികഞ്ഞ ജോയിയെ ഓർത്ത് അവൾ വ്യാകുലപ്പെട്ടില്ല.
മനുവിന്റെ മുറിയുടെ വാതിൽ അടഞ്ഞു കിടന്നു. അതിനുപുറത്ത് സാലി അകൽച്ചയോടെ നിന്നു. മുട്ടാനും മുട്ടാതെ തുറക്കാനും അവൾക്കു ഭയം തോന്നി. വാതിലിന്റെ സ്വർണനിറത്തിലുളള ഉരുണ്ട പിടിയിൽ വളരെ ചെറുതായി സാലി സ്വന്തം രൂപം കണ്ടു.
വീട്ടിലെ വെളിച്ചംകുറഞ്ഞ ഇടനാഴിയിലൂടെ സാലി വെറുതെ നടന്നു. കതകുകൾ എല്ലാം ചാരിയിരിക്കുകയാണ്. ഒന്നിലേക്കും സാലിക്കു സ്വാഗതമില്ല. കയറിച്ചെന്നാൽ എന്താണാവശ്യം എന്നൊരു അസഹ്യമായ നോട്ടം എല്ലായിടത്തുനിന്നും ഉണ്ടാവും. ജോയി കണക്കുകളും നിയമക്കുരുക്കുകളും ലൈസൻസിന്റെ പ്രശ്നങ്ങളും നേരെയാക്കുകയാണ്. ഒരു ശമ്പളക്കാരിയുടെ പ്രശ്നങ്ങൾ ആരും അറിയുന്നില്ല.
സാലിക്ക് ആശുപത്രി എന്നാൽ ശമ്പളം കിട്ടുന്ന ജോലി എന്നതിലധികമായിട്ടൊന്നുമല്ല. യൂണിഫോം അവളുടെ ജീവിതത്തിന്റെ ഭാഗമാണ്. ആശുപത്രിയിലെ ട്രേകളും മരുന്നുകളും മരണങ്ങളും അവളെ ശ്വാസം മുട്ടിക്കും. അതുകൊണ്ടാണ് അവൾ മെറ്റേണിറ്റി നേഴ്സിങ്ങിലേക്കു തിരിഞ്ഞത്. മെറ്റേണിറ്റി വാർഡിലെ യുവത്വം പുതിയ അച്ഛനമ്മാരുടെ സന്തോഷം , തൃപ്തി , ബലൂണുകൾ, പൂക്കൾ, സുന്ദരൻകാർഡുകൾ, ഭിത്തികളുടെ പെന്റിന്റ് , കുട്ടിപ്പടങ്ങളുടെ ഓമനത്തം എല്ലാം സാലിക്കിഷ്ടമായി. പുതിയ അമ്മമാർക്ക് സാലി അമ്മയായി. കുട്ടിയെ പിടിക്കുന്നതെങ്ങനെ, കിടത്തുന്നതെങ്ങനെ, മുല കൊടുക്കുന്നതെങ്ങനെ, ചുടിച്ചിലും നീറ്റലും കുറയ്ക്കുന്നതെങ്ങനെ . അവർ ആരാധനയോടെ, ആദരവോടെ, അനുസരണത്തോടെ സാലി പറയുന്നതു കേട്ടു , പരിശീലിക്കാൻ ശ്രമിച്ചു.
സാലിയും തെയ്യാമ്മയോടൊപ്പം ജീറിയാട്രിയിലായിരുന്നു. ക്ഷീണവും മരണവും ഒറ്റപ്പെട്ട ജീവശ്വാസവും സാലിയെ ക്ഷീണിപ്പിച്ചു കൊണ്ടിരുന്നു. തെയ്യാമ്മയാണ് അവളോടു പ്രസവ വാർഡിലേക്കു മാറാൻ പറഞ്ഞത്.
- കൊച്ചേ ഇങ്ങനെ ഓരോ സങ്കടോം കാണുമ്പം കരയാൻ തൊടങ്ങിയാലെങ്ങനാ . ഒന്നോ രണ്ടോ ക്ലാസ് എടുത്തേച്ച് മെറ്റേണിറ്റീ ചേര്.
കരയാത്ത തെയ്യാമ്മ, എപ്പോഴും ചിരിക്കുന്ന തെയ്യാമ്മ സാലിക്കെന്നും അത്ഭുതമായിരുന്നു , ആരാധനയും. രോഗികളോട് സ്നേഹത്തോടെ, വാത്സല്യത്തോടെയാണു തെയ്യാമ്മ സംസാരിക്കുന്നത്. സാലിക്ക് അധികമായിട്ടൊന്നും പറയാൻ കിട്ടാറില്ല.
തെയ്യാമ്മയുടെ കുട്ടികളും പഠിത്തക്കാരാണ്. പേരുദോഷം കേൾപ്പിക്കാതെ എൻജിനിയറും ലോയറുമായ മക്കളുള്ള തെയ്യാമ്മയോട് സാലി എങ്ങനെയാണ് പഠിക്കാൻ സാമർത്ഥ്യമില്ലാത്ത മനുവിനെപ്പറ്റി , കണ്ടുപിടിക്കപ്പെട്ട ആ അരുതാത്ത വസ്തുവിനെപ്പറ്റി പറയുന്നത്.
ഗ്രാജുവേഷൻ സെറിമണിയിൽ പഠിത്തക്കുട്ടികൾ സാലിയുടെ നെഞ്ചത്തു ചവുട്ടിയാണ് അവാർഡുകൾ വാങ്ങിപ്പോയത്. മനു മോഹങ്ങളടക്കി തലയും കുമ്പിട്ടിരുന്നു. ജീവിതം മുഴുവന അവനങ്ങനെ ഇരുന്നു പോകുമോ എന്നോർത്ത് സാലിക്കു വിഷമം തോന്നി. തല ഉയർത്തിപ്പിടിച്ച ഇന്നലെകളൊക്കെ മറക്കപ്പെടുന്നു.
ഞായറാഴ്ച വന്നിട്ടും പള്ളിയിലെ കല്പനകളും ചൊല്ലുകളും നൽവാക്യങ്ങളും സാലിയുടെ ചെവിയിലേക്കു കടന്നതേയില്ല. സാലി ചെറിയ കുട്ടികളെ അസ്വസ്ഥതയോടെ നോക്കിയിരുന്നു. നാളെ ഡോക്ടറും എൻജിനിയറും മറ്റു വലിയ ഉദ്യോഗസ്ഥരും ആകാൻ പോകുന്നവർ. ചെറുപ്രായക്കാരായ പെണ്ണുങ്ങൾ അഭിമാനിക്കുന്ന അമ്മമാരായി മാറും. അന്ന് അവർ പറയും. ഇവിടെ പണ്ടേ ഉണ്ടായിരുന്ന ജോയി - സാലിമാരുടെ പിള്ളേരെപ്പോലെ ആവാതെ നോക്കണം.
പള്ളിയുടെ ക്രിസ്തുമസ് കരോൾ ആഘോഷം ജോയിയുടെ സൗകര്യം നോക്കി പത്താം തീയതിയിൽ നിന്നും പതിനേഴാം തീയതിയിലേക്കു മാറ്റി വെച്ചതറിഞ്ഞപ്പോൾ ഷൈലയ്ക്കു കലിയിളകി.
- എല്ലാം അവന്റെ സൗകര്യത്തിനു മാറ്റുന്നതെന്തിനാ ?
കാറിൽ കയറി ഇരുന്നതും ഷൈല മുറുമുറുത്തു. ജോർജി അതിന് ഉത്തരമൊന്നും പറഞ്ഞില്ല. അയാൾക്കറിയാം , പള്ളിക്ക് ഏറ്റവുമധികം സംഭാവന കൊടുക്കുന്നതും അച്ചന്മാരെയും മെത്രാച്ചൻമാരെയും താമസിപ്പിക്കുന്നതും ജോയിയാണ്. അതുകൊണ്ട് , ജോയിയുടെ സൗകര്യമാണു പള്ളിയുടെ സൗകര്യം. അതു തന്നെയാണ് അച്ചന്റെ സൗകര്യം, അതൊക്കെത്തന്നെയാണ് പള്ളിയിൽ വരുന്നവരുടെ സൗകര്യം.
മാറിക്കറങ്ങുന്ന ഷിഫ്റ്റുകൾ ആശുപത്രി ജോലിയുടെ സൗകര്യവും അസൗകര്യവുമാണ്. അത്യാവശ്യകാര്യങ്ങൾക്കായി തിങ്കൾ മുതൽ വെള്ളിവരെയോ പകൽസമയത്തോ അവധി കിട്ടുമെന്ന സൗകര്യം. ചിലപ്പോൾ അസമയത്തെ ജോലിയായി സൗകര്യം. നേരത്തേ നിശ്ചയിച്ചിരുന്നതനുസരിച്ച് ക്രിസ്തുമസ് കരോളിവേണ്ടി ഷൈല ജോലി മാറ്റി എടുത്തതാണ്. ഇനി അതു വീണ്ടും മാറ്റിയെടുക്കണം. അതും ജോയിയുടെ സൗകര്യത്തിനു വേണ്ടി ! ഷൈലയുടെ കോപത്തിനു ന്യായീകരണങ്ങളുണ്ട്. അവളുടെ അത്യധികം ചിത്രപ്പണിചെയ്ത മുന്താണിയുള്ള ഈ സാരിക്കെത്ര വില കൊടുത്തു എന്നറിയാമോ എന്നൊരഹങ്കാരം വിളിച്ചറിയിച്ചു.
തുടരും ...