സ്വര്‍ഗ്ഗകവാടത്തില്‍ നിന്നും വിളിപ്പാടകലെ, വിമുക്തിയുടെ പൂര്‍ണ്ണതയിലേക്കുള്ള ക്ഷണവും കാത്ത് ആയിരങ്ങളിലൊരുവനായങ്ങനെയിരിക്കുമ്പോള്‍ മൈക്കിള്‍ ജോണ്‍സിന് തന്റെ "പൂര്‍വ്വാശ്രമ'ത്തെ പിന്നെയുമൊന്ന് വീക്ഷിക്കണമെന്ന് തോന്നി. "മാന്ത്രിക ജാലക'ത്തിനു മുമ്പില്‍ വരി നില്‍ക്കുന്നവരുടെ നീണ്ട നിര കണ്ടപ്പോള്‍ അയാള്‍ക്ക് ഇത്തിരി അക്ഷമ തോന്നാതിരുന്നില്ല. എങ്കിലും പരിഭവമേതുമില്ലാതെ, ക്ഷമയോടെ അയാള്‍ നിരയുടെ അറ്റത്ത് വീണ്ടും ഇടം പിടിച്ചു. മണിക്കൂറുകള്‍ക്കു മുമ്പ് ഒരുവട്ടം ആ ജാലകത്തിലൂടെ താഴേയ്ക്ക് നോക്കിയതാണ്. ഫ്രീഡം ടവറിന്റെ മുമ്പില്‍ തടിച്ചുകൂടി നില്‍ക്കുന്ന ജനക്കൂട്ടത്തിനിടയില്‍ ടാനിയയുടെയും ജെന്നിഫറിന്റെയും മുഖങ്ങള്‍ ഒരു മിന്നായം പോലെ കാണുകയും ചെയ്തിരുന്നു. ഇത്തിരി നേരം കൂടി അവരെ നോക്കിനില്‍ക്കണമെന്ന് അയാള്‍ ആശിച്ചിരുന്നു. പക്ഷേ തൊട്ടുപിന്നില്‍ തങ്ങളുടെ ഊഴം കാത്ത് നില്‍ക്കുന്നവരുടെ കാര്യമോര്‍ത്ത് ഇത്തിരിയൊന്ന് മാറിക്കൊടുത്തപ്പോഴേയ്ക്കും അയാള്‍ വീണ്ടും പിന്നിലേക്കെത്തപ്പെടുകയായിരുന്നു.
ഇന്നത്തെ തിരക്കിന് ആരേയും കുറ്റപ്പെടുത്താന്‍ പക്ഷേ, അയാള്‍ക്ക് തോന്നിയില്ല. പിറന്ന നാടിന്റെ ദേശീയ ഓര്‍മ്മ ദിവസം, വിടപറഞ്ഞ പ്രിയപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കാന്‍ എംപയര്‍ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ആയിരക്കണക്കിന് പേര്‍ക്കിടയില്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും കാണാന്‍ ആരാണ് മോഹിക്കാത്തത്? വര്‍ഷങ്ങളെത്ര കഴിഞ്ഞാലും ഈ ദിവസം ആ ദുരന്തഭൂമിയില്‍ അവരെത്തുമ്പോള്‍ ഇവിടെനിന്നുമവരെ നോക്കിക്കാണുന്നത് വലിയൊരു ആശ്വാസമാണ്. രണ്ട് ദശാബ്ദങ്ങളായി മൈക്കിള്‍ അതനുഭവിക്കുന്നു; "പുതിയ ഭവന'ത്തിലെ പ്രിയപ്പെട്ടവരോടൊപ്പം.
""ഹേയ് മൈക്കിള്‍, താന്‍ വേണമെങ്കില്‍ എന്റെ സ്‌പോട്ട് എടുത്തോ. എല്ലാവരും ക്യൂവില്‍ കയറിയപ്പോള്‍ ഒരു കൗതുകത്തിന് ഞാനും കയറി നിന്നെന്നേയുള്ളൂ. ഒരു കാലത്ത് ഞാനും ബിഗ് ആപ്പിളിന്റെ പുത്രനായിരുന്നല്ലോ. എന്റെയാരും അവിടെയുണ്ടാവില്ല. അവിടെയെന്നല്ല, ഒരിടത്തും എന്നെയോര്‍ത്ത് കരയാനുമാളുണ്ടാവില്ല. താനിങ്ങോട്ട് കയറി നില്‍ക്കൂ, ഞാന്‍ മാറിത്തരാം.'' മുന്‍നിരയില്‍ നിന്നും റിക്ക് ക്ഷണിച്ചപ്പോള്‍ നന്ദിയോടെ മൈക്കിള്‍ അങ്ങോട്ട് നീങ്ങി. കാമുകി ചതിച്ച വേദന സഹിക്കാനാവാതെ ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജില്‍ നിന്നും താഴേയ്ക്ക് ചാടി മരിച്ചവനാണ് റിച്ചാര്‍ഡ്. ലോലഹൃദയനായ അയാളെയാണ് പുതിയ സ്ഥലത്തെത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ടത്; കൂടുതല്‍ സമയം ചിലവഴിക്കുന്നതും അയാളോടൊപ്പമാണ്. വന്നയുടനെതന്നെ എല്ലാ കാര്യങ്ങളും അയാള്‍ മൈക്കിളിനു പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു:
""ഒരു കണക്കിന് നമ്മള്‍ ഭാഗ്യവാന്മാരാണെടോ. മഹാപാപികളെ പാര്‍പ്പിക്കുന്ന അടിനരകത്തിലേക്ക് നമ്മളെ വിട്ടില്ലല്ലോ. നോക്കൂ, അവിടെ നിന്നുമുയരുന്ന തീയും പുകയും താന്‍ കാണുന്നില്ലേ? ദുഷ്ടന്മാരെയും പാപിനികളെയും ചുട്ടുപൊള്ളിക്കുന്നതിന്റെയാണത്. എത്ര തവണ അവരെ വറുത്ത് പൊരിച്ചാലും അവിടത്തെ മേലാളന്മാര്‍ക്ക് മതിയാവില്ല. ചെവിയോര്‍ത്താല്‍ അവിടെ നിന്നുമുള്ള നിലവിളികളും പല്ലുകടികളും നമുക്ക് കേള്‍ക്കാം.''
""അപ്പോള്‍ ഇതാണ് സ്വര്‍ഗ്ഗം അല്ലേ?'' സത്യത്തില്‍ എനിക്ക് വിധിച്ചിരിക്കുന്നത് സ്വര്‍ഗ്ഗമായിരിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല കേട്ടോ. ശരിക്ക് പറഞ്ഞാല്‍ മരണത്തെപ്പറ്റി ഞാന്‍ തീരെ ചിന്തിച്ചിരുന്നില്ല. ജീവിതം ആഘോഷമായങ്ങനെ കൊണ്ടാടുമ്പോഴായിരുന്നല്ലോ നിനച്ചിരിക്കാതെ പെട്ടെന്നിങ്ങോട്ട് പോരേണ്ടിവന്നത്!'' മൈക്കിള്‍ അതു പറയുമ്പോള്‍ അയാളുടെ മുഖം വാടുന്നത് റിക്ക് ശ്രദ്ധിച്ചു.
""ഇതല്ല. വേണമെങ്കില്‍ ഇതൊരു മിനി സ്വര്‍ഗ്ഗമാണെന്നു പറയാം. ശരിക്കുള്ള സ്വര്‍ഗ്ഗം നോക്കൂ, ദേ അവിടെയാണ്. ഭൂമിയില്‍ എല്ലാ നിലയിലും ശ്രേഷ്ഠരായി ജീവിച്ചവര്‍ക്കേ നേരിട്ട് അങ്ങോട്ട് പ്രവേശനം ലഭിക്കൂ. അത്ര പൂര്‍ണ്ണരല്ലാത്ത നമ്മളേപ്പോലുള്ളവരുടേതാണ് ഈ സ്ഥലം. ഇവിടെ എത്തുന്നവര്‍ക്ക് കുറേ നാള്‍ കഴിയുമ്പോള്‍ അങ്ങോട്ട് പോകാന്‍ പറ്റുമെന്ന് കേള്‍ക്കുന്നു. നരകത്തിനും നമുക്കുമിടയ്ക്ക് മറ്റൊരു സ്ഥലവും കൂടിയുണ്ട് - അതാണ് മൂന്നാം സ്വര്‍ഗ്ഗം. ഒരുമാതിരിപ്പെട്ട മിത പാപികള്‍ എല്ലാം അവിടെയാണ് കഴിയുന്നത്. ഇവിടെ നമുക്കുള്ള പ്രിവിലേജുകളൊന്നും അവിടില്ലെന്നാണ് അവിടെ നിന്നും പ്രമോഷന്‍ കിട്ടി ഇവിടെയെത്തിയവര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. ഉദാഹരണത്തിന്, ഇവിടെ നമുക്ക് രണ്ട് മാന്ത്രിക ജാലകങ്ങളുണ്ട്. ഒന്നിലൂടെ നോക്കിയാല്‍ നമ്മുടെ പണ്ടത്തെ ജീവിതവും പ്രവൃത്തികളും കാണുവാന്‍ പറ്റും. ഓരോരുത്തര്‍ക്കും അവരവരുടേതു മാത്രം. രണ്ടാമത്തെ ജാലകത്തിലൂടെ നോക്കുമ്പോള്‍ "നാട്ടിലെ' അതായത് രണ്ടാം സ്വര്‍ഗ്ഗമായ ഭൂമിയിലെ കാഴ്ചകള്‍ തല്‍സമയം ഇവിടെയിരുന്ന് കാണാം; നമ്മുടെ "മുന്‍' കുടുംബാംഗങ്ങള്‍, അവരുടെ പ്രവൃത്തികള്‍ . . . അങ്ങനെ എല്ലാം.''
""അതു കൊള്ളാമല്ലോ, അപ്പോള്‍ പിന്നെ ഒന്നാം സ്വര്‍ഗ്ഗവും നമ്മുടെയീ നാലാം സ്വര്‍ഗ്ഗവും തമ്മില്‍ എന്താണ് വ്യത്യാസം? ഇവിടെ കരച്ചിലും പല്ലുകടിയുമില്ല, എല്ലാവരും സൗഹാര്‍ദ്ദത്തോടെ കഴിയുന്നു; പോരാത്തതിന് നാട്ടിലെ കാര്യങ്ങള്‍ ലൈവായി ഇവിടെയിരുന്ന് കാണുകയും ചെയ്യാം.'' മൈക്കിള്‍ പുതിയതായി സ്കൂളില്‍ ചേര്‍ന്ന കുട്ടിയുടെ കൗതുകത്തോടെ ചോദിച്ചു.
""വ്യത്യാസമുണ്ടല്ലോ. അവിടെ, ഒന്നാം സ്വര്‍ഗ്ഗത്തില്‍, കഴിയുന്നവര്‍ ഒരു പരിധിവരെ ദൈവതുല്യരാണെന്ന് പറയപ്പെടുന്നു. സമ്പൂര്‍ണ്ണ സന്തോഷമാണ് അവിടെയുള്ളവര്‍ക്കെപ്പോഴും. ബന്ധുക്കളെപ്പറ്റിയോ ബന്ധങ്ങളെപ്പറ്റിയോ ഉള്ള ചിന്തകള്‍ ആര്‍ക്കുമില്ല. അവിടെയുള്ള മാന്ത്രിക ജാലകത്തിലൂടെ നോക്കിയാല്‍ പ്രപഞ്ചം മുഴുവനും കണ്‍മുമ്പില്‍ തെളിയും - ഭൂതവും വര്‍ത്തമാനവും മാത്രമല്ല, ഭാവിയും ദര്‍ശിക്കാമത്രേ. ഇന്നല്ലെങ്കില്‍ നാളെ നമുക്കും അവിടെയെത്താമെന്ന് വിചാരിക്കുന്നു.''
ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമായെത്തിയപ്പോള്‍ റിക്ക് പറഞ്ഞ കാര്യങ്ങളോര്‍ത്ത് മൈക്കിള്‍ മുന്നോട്ടു നീങ്ങി. ഒടുവില്‍ തന്റെ ഊഴമെത്തിയപ്പോള്‍ മാന്ത്രിക ജാലകത്തിലൂടെ മൈക്കിള്‍ വീണ്ടും താഴേയ്ക്ക് നോക്കി. പഴയ ട്വിന്‍ ടവറുകളുടെ സ്ഥാനത്ത് പ്രൗഢിയോടെ നില്‍ക്കുന്ന പുതിയ ഫ്രീഡം ടവറിന്റെ ഗരിമ കണ്ടപ്പോള്‍ മൈക്കിള്‍ അഭിമാനത്തോടെ മന്ദഹസിച്ചു. ആള്‍ക്കൂട്ടം ഒഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റിന്റെ വാഹനവ്യൂഹം മെല്ലെ കടന്നുപോകുന്നു. മരണപ്പെട്ടവരുടെ പേരുകള്‍ കൊത്തിവച്ചിരിക്കുന്ന ഗ്രാനൈറ്റ് മതിലുകള്‍ക്കരികെ നിന്ന് ചിലരുടെയൊക്കെ കുടുംബാംഗങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു. അധികം തിരയാതെതന്നെ ജെന്നിഫറും ടാനിയയും അയാളുടെ ദൃഷ്ടിയില്‍ പെട്ടു. ഉവ്വ്, ജെന്നിയുടെ കരം ഗ്രഹിച്ചുകൊണ്ട് അവളുടെ കാമുകനുമുണ്ട്. ആവേശത്തോടെ അയാള്‍ ആ ചെറുപ്പക്കാരനെ വീക്ഷിച്ചു. സുമുഖനും അരോഗദൃഡഗാത്രനുമായ ആ യുവാവിന്റെ തിളങ്ങുന്ന പൂച്ചക്കണ്ണുകളിലേക്ക് നോക്കുന്തോറും മൈക്കിളിന്റെ കണ്ണുകളില്‍ വാല്‍സല്യത്തിന്റെ ഈറന്‍ നിറഞ്ഞു. മകള്‍ക്കും കാമുകനും പിന്നാലെ മൗനിയായി നടന്നുനീങ്ങുന്ന ടാനിയയെ കണ്ടപ്പോള്‍ അയാള്‍ വല്ലാതെയായി. കൊല്ലമിത്ര കഴിഞ്ഞിട്ടും എന്തുകൊണ്ട് അവള്‍ പുതിയൊരു ഇണയെ കണ്ടെത്തിയില്ല എന്നത് മൈക്കിളിനെ അപ്പോഴും അതിശയിപ്പിച്ചു.
ഇണയുടെ ദുഃഖത്തെപ്പറ്റി അന്ന് വൈകിട്ട് കൂട്ടുകാരോട് പറയുമ്പോള്‍ മൈക്കിള്‍ വല്ലാതെ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു. വാക്കുകള്‍ തൊണ്ടയില്‍ ഇടയ്ക്കിടെ കുടുങ്ങി. ഒരുവിധത്തിലാണ് ചുറ്റും കൂടിയിരുന്നവരോട് അയാള്‍ തന്റെ നൊമ്പരം പങ്കുവച്ചത്:
""മരിക്കുന്നതിന്റെ തലേന്ന് രാത്രി ഉറങ്ങുന്നതിന് മുമ്പ് അവസാനമായി ഇണചേരുമ്പോള്‍ ഞാന്‍ ടാനിയയോട് തമാശയായി പറഞ്ഞു - "നിന്റെ ഒടുക്കത്തെ ഒരു കാമാസക്തി!' പിറ്റേന്ന് ഓഫീസില്‍ ചെല്ലുമ്പോള്‍ ചെയ്തുതീര്‍ക്കേണ്ട ഒരു പ്രോജക്ട് റിപ്പോര്‍ട്ടിന്റെ കാര്യമോര്‍ത്ത് ടെന്‍ഷനടിച്ച് കിടക്കുമ്പോഴാണ് അവള്‍ എന്റെ നെഞ്ചിലേക്ക് പടര്‍ന്നുകയറുന്നത്. അവളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നു "സംഗതി' ആരംഭിച്ചതെങ്കിലും ഞങ്ങള്‍ ഇരുവരും ശരിക്കും അതാസ്വദിച്ചു. എന്റെ വാക്കുകള്‍ അറം പറ്റുമെന്ന് ആര് ചിന്തിച്ചു? സങ്കടമതല്ല, കടുത്ത കാമാസക്തിക്കാരിയാണവളെന്ന് പറഞ്ഞ് പലപ്പോഴും ഞാന്‍ അവളെ കളിയാക്കുമായിരുന്നു. നിംഫോമാനിയാക്ക് എന്ന അര്‍ത്ഥത്തില്‍ നിമ്മീ എന്നാണ് സ്വകാര്യമായി ഞാനവളെ വിളിച്ചിരുന്നത്. പക്ഷേ, ഞാന്‍ പിരിഞ്ഞുപോന്നതിനു ശേഷം ഇന്നേവരെ അവള്‍ മറ്റൊരു പുരുഷനെ തേടിപ്പോയിട്ടില്ല. തമാശയ്ക്കായിരുന്നെങ്കിലും അവളെ അങ്ങനെ വിളിച്ചിരുന്നതോര്‍ത്ത് ഇപ്പോഴും ഞാന്‍ ദുഃഖിക്കുകയാണ് . . .''
""സാരമില്ല സുഹൃത്തേ, തന്റെ മകളെ അവള്‍ നന്നായി വളര്‍ത്തി വലുതാക്കിയില്ലേ. ഒരുപക്ഷേ താന്‍ പോന്നതിനു ശേഷം അവളുടെ ലക്ഷ്യവും മോഹവും മകളുടെ ഭാവി മാത്രമായി ചുരുക്കി അവള്‍ സംതൃപ്തിയടയുന്നുണ്ടാവും. ഇന്ന് ഇവിടെയിരുന്ന് തന്റെ മകളുടെ വളര്‍ച്ച കാണുമ്പോള്‍ തനിക്കും സമാധാനിക്കാമല്ലോ.'' റിക്ക് ആത്മസ്‌നേഹിതനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
""സമാധാനമായി സ്‌നേഹിതാ. പക്ഷേ, പഴയ കാര്യങ്ങള്‍ എങ്ങനെ മറക്കാനാണ്? അന്ന്, ആ നശിച്ച സെപ്റ്റംബര്‍ പതിനൊന്നിന് രാവിലെ ഞാന്‍ ജോലിക്ക് പോകാനിറങ്ങുമ്പോള്‍ മോളെന്നെ പതിവില്ലാത്തവിധം ഇറുകി ഹഗ് ചെയ്ത് ചുംബനങ്ങള്‍ കൊണ്ട് മൂടിയാണ് യാത്രയാക്കിയത്. ഗരാജില്‍ നിന്നും കാറെടുത്ത് ഡ്രൈവ് വേയിലേക്കിറക്കിയപ്പോള്‍ അവള്‍ പിന്നെയും ഓടിവന്നെന്നെ ഉമ്മവച്ചു. നിങ്ങള്‍ക്കറിയാമോ, ഞാന്‍ ജോലി ചെയ്തിരുന്ന നോര്‍ത്ത് ടവറില്‍ ഭീകരര്‍ പറത്തിയ വിമാനം വന്നിടിക്കുമ്പോള്‍ അറുപത്തഞ്ചാം നിലയിലെ എന്റെ ഓഫീസ് ടേബിളില്‍ വച്ചിരുന്ന ഫാമിലി ഫോട്ടോയില്‍ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാന്‍ ജോലി ചെയ്യുകയായിരുന്നു. നിമിഷനേരം കൊണ്ട് കെട്ടിടം മുഴുവനും തീയും പുകയും പടര്‍ന്നപ്പോള്‍ തൊട്ടുമുമ്പില്‍ തകര്‍ന്നുടഞ്ഞുക്കൊണ്ടിരുന്ന ചില്ലുജാലകത്തിലൂടെ ഞാന്‍ താഴേയ്ക്ക് ചാടി; മരണം ഉറപ്പാണെന്നറിഞ്ഞിട്ടും. പുകച്ചുരുളുകള്‍ക്കിടയിലൂടെ അതിവേഗത്തില്‍ താഴേയ്ക്ക് പതിക്കുമ്പോള്‍ എന്റെ രക്തധമനികള്‍ വലിഞ്ഞു പൊട്ടുന്നതും ഹൃദയം പിളരുന്നതും ഞാനറിഞ്ഞിരുന്നു; ആ നിമിഷങ്ങളിലും പക്ഷേ എന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നത് അന്നത്തെ അഞ്ചുവയസുകാരി ജെന്നിഫറും ടാനിയയും മാത്രമായിരുന്നെടോ.'' മൈക്കിള്‍ വികാരവിക്ഷോഭത്താല്‍ വിറകൊള്ളുകയായിരുന്നു. അയാളുടെ നെറ്റിമേല്‍ പൊടിഞ്ഞ വിയര്‍പ്പുമണികള്‍ റിക്ക് സ്‌നേഹപൂര്‍വ്വം തുടച്ചുനീക്കി.
""കരയാതെ സായ്‌വേ. എന്റെ നോട്ടത്തില്‍ താങ്കളൊരു ഭാഗ്യവാനാണ്. നിങ്ങളുടെ ഭാര്യ ഒരു "നിമ്മി'യായിരുന്നെങ്കിലും അവള്‍ വിശ്വസ്തയായിരുന്നല്ലോ. എന്റെ കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സഹതപിക്കാന്‍ തോന്നും.'' അടുത്തിരുന്ന് മൈക്കിളിന്റെ കഥ കേട്ടിരുന്ന കോന്തുണ്ണി നായര്‍ പറയുന്നതു കേട്ട് എല്ലാവരും അയാളെ നോക്കി. ചുറ്റുപാടും ഒന്ന് വീക്ഷിച്ചതിനു ശേഷം കോന്തുണ്ണി നായര്‍ മെല്ലെ പറഞ്ഞു:
""എനിക്കുമുണ്ടായിരുന്നു ഒരു ഭാര്യ. ഈ സായ്‌വിനെപ്പോലെ ഞാനും അവളെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചുതന്നെയാണ് ഒപ്പം ജീവിച്ചത്. പക്ഷേ അവള്‍ക്ക് ഞാന്‍ മാത്രം പോരായിരുന്നു. തരം കിട്ടുമ്പോഴൊക്കെ അന്യപുരുഷന്മാരോടൊപ്പം അവള്‍ കിടപ്പറ പങ്കിടും. പൊന്നാനിയില്‍ ഒരു ഇല്ലത്തെ കാര്യസ്ഥവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന ഞാനതൊക്കെ അറിയാന്‍ വൈകി. ഒരു ദിവസം ഉച്ചകഴിഞ്ഞ് പതിവില്ലാതെ വീട്ടില്‍ വന്ന ഞാന്‍ കാണുന്നത് തെങ്ങ് ചെത്താന്‍ സ്ഥിരമായി വീട്ടില്‍ വരുന്ന ആ എമ്പോക്കി അവളെ ഭോഗിക്കുന്നതാണ്. മറ്റൊന്നുമാലോചിക്കുവാന്‍ തോന്നിയില്ല, ഉമ്മറത്ത് വച്ചിരുന്ന അവന്റെ ചെത്തുകത്തികൊണ്ട് തന്നെ രണ്ടിനെയും ഞാന്‍ വെട്ടി. ആദ്യത്തെ വെട്ടിന് ചീറ്റിയ ചോരയോടൊപ്പം അവളുടെ മുലക്കണ്ണുകളിലൊരെണ്ണമാണ് എന്റെ മുഖത്തേയ്ക്ക് തെറിച്ചുവീണത്. ഒരു ഭ്രാന്തനെപ്പോലെ പിന്നെയും ഞാന്‍ വെട്ടിക്കൊണ്ടിരുന്നു. അവസാനം അവന്റെ വൃഷണം കൂടി അരിഞ്ഞുമാറ്റിയപ്പോഴാണ് എനിക്ക് സമാധാനമായത്. കോടതി എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. പക്ഷേ കൊലക്കയര്‍ കഴുത്തില്‍ വരിഞ്ഞുമുറുകുമ്പോഴും ഞാന്‍ തൃപ്തനായിരുന്നു.'' കോന്തുണ്ണിനായര്‍ ഒരു ജേതാവിനെപ്പോലെ ശിരസ്സുയര്‍ത്തി നിന്നാണ് അത് പറഞ്ഞത്. അയാളുടെ കണ്ണുകള്‍ അപ്പോള്‍ വല്ലാതെ തുറിച്ചിരുന്നു.
""നിങ്ങളാണെന്ന് തോന്നുന്നു ഇവിടുത്തെ സീനിയര്‍ മോസ്റ്റ് അന്തേവാസി അല്ലേ? വന്നിട്ട് കൊല്ലം ഒരുപാടായിക്കാണുമല്ലോ. ബാക്കിയുള്ളവരൊക്കെ പ്രമോഷന്‍ കിട്ടി ഒന്നാം സ്വര്‍ഗ്ഗത്തിലേക്ക് പോയെന്ന് തോന്നുന്നു.'' മൈക്കിള്‍ സംശയനിവര്‍ത്തി വരുത്തുവാന്‍ ചോദിച്ചു.
""ഹേയ്, അല്ലല്ല. ഇങ്ങേരേക്കാള്‍ സീനിയോരിറ്റിയുള്ള ഒരാളുണ്ടിവിടെ - നമ്മുടെ ഗാബി അപ്പൂപ്പന്‍. ഗബ്രിയേലിന്റെ ചില അനുഭവങ്ങള്‍ പണ്ട് ഞാന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. നാസികള്‍ കൂട്ടക്കൊല ചെയ്ത ലക്ഷക്കണക്കിന് യൂദന്മാരിലൊരുവനാണദ്ദേഹം. അങ്ങേരുടെ കാര്യം കേട്ടാല്‍ നമ്മുടെ സങ്കടങ്ങളൊക്കെ വെറും കൊതുകുകടിയായിരുന്നെന്ന് തോന്നും.'' റിക്ക് ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്ത് മെല്ലെ പറഞ്ഞു.
""എന്റെ കാര്യമാണ് നിങ്ങള്‍ പറയുന്നതെന്ന് തോന്നുന്നല്ലോ മക്കളേ. ശരിയാണ്, ഈ അപ്പൂപ്പന്റെ കഥകള്‍ നിങ്ങള്‍ ചെറുപ്പത്തില്‍ കേട്ടിട്ടുള്ള കെട്ടുകഥകളേക്കാള്‍ അവിശ്വസനീയമാണ്.'' അതുവഴി അപ്പോള്‍ നടന്നുവന്ന ഗബ്രിയേല്‍ ഗോള്‍ഡ്മാന്‍ എന്ന ഗാബി അപ്പൂപ്പന്‍ പറഞ്ഞു:
""മരണത്തേക്കാള്‍ ഭയാനകം അതിനു തൊട്ടുമുമ്പുള്ള കുറച്ച് നിമിഷങ്ങളായിരിക്കും എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ. പക്ഷേ മരണമൊന്ന് വേഗം വന്നെങ്കില്‍ എന്നാശിച്ചുപോയ വര്‍ഷങ്ങളുടെ അനുഭവങ്ങളായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. ആ വേദനയുടെ ആഴം ഞങ്ങളെ പീഡിപ്പിക്കുവാന്‍ ഉത്തരവിട്ട ആ ദുഷ്ടന്‍ ഇപ്പോള്‍ അടിനരകത്തില്‍ കിടന്നുകൊണ്ട് അനുഭവിക്കുന്നുണ്ടാവണം. നിങ്ങള്‍ക്കറിയാമോ, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ മാസങ്ങള്‍ നരകിച്ച് കഴിഞ്ഞ്, ഒടുവില്‍ ഗ്യാസ് ചേമ്പറിലേക്ക് എന്നെ കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ കൗമാരം കടന്നിട്ടില്ലാത്ത എന്റെ മകനെയും അവര്‍ ഒപ്പം കൂട്ടിയിരുന്നു. ഞങ്ങളെ ഒരുമിച്ചാണ്, ഒരേ അറയില്‍ തള്ളിയിട്ട് അവര്‍ കരിച്ചുകൊന്നത്. തീനാളങ്ങള്‍ ഞങ്ങളെ വിഴുങ്ങുമ്പോള്‍ "ഗുഡ് ബൈ പാപ്പാ' എന്നവന്‍ ഉറക്കെക്കരഞ്ഞുകൊണ്ട് പറയുന്നതു കേട്ട് "എന്റെ ചക്കരേ' എന്ന് നിലവിളിച്ചതു മാത്രം ഞാന്‍ ഓര്‍ക്കുന്നുണ്ട് . . .'' ഗബ്രിയേല്‍ ഗദ്ഗദത്തോടെ കണ്ണുകള്‍ തുടച്ചു.
""എല്ലാവരെയും അങ്ങനെ ഒരേപോലെ കാണേണ്ട അപ്പൂപ്പാ. പെട്ടെന്നൊരു നിമിഷത്തെ തോന്നലിന് മരണത്തെ വരിച്ച എന്നേപ്പോലുള്ളവര്‍ക്ക് അന്ത്യനിമിഷങ്ങളില്‍ ഒരു വീണ്ടുവിചാരം ഉണ്ടാകുമ്പോള്‍ സംഗതി കൈവിട്ടുപോയിരിക്കും.'' വിസ്മയിപ്പിക്കുന്ന പുഞ്ചിരിയും കവിളില്‍ അഴകുള്ള നുണക്കുഴികളുമായി അടുത്ത കാലത്ത് എത്തിയ ആ യുവസുന്ദരി അവരുടെ വര്‍ത്തമാനത്തില്‍ പങ്കുചേരാനെത്തി തന്റെ നിലപാടറിയിച്ചു. നാലാം സ്വര്‍ഗ്ഗത്തിലെ ഏറ്റവും പ്രസരിപ്പും നര്‍മ്മബോധവുമുള്ള അവളെ എല്ലാവരും ഇഷ്ടപ്പെടുന്നു; അവളുടെ അനുഭവകഥകള്‍ അവരെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു. ഗാബി അപ്പൂപ്പന്റെ മുമ്പില്‍ അവള്‍ ഒരിക്കല്‍കൂടി തന്റെ അന്ത്യനിമിഷങ്ങളുടെ തീക്ഷ്ണത പങ്കുവച്ചു:
""മരണത്തെപ്പറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ടായിരുന്നെങ്കിലും അതിത്രവേഗം വേണ്ടിവരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പൊന്നിനും പണത്തിനും പറമ്പിനും വേണ്ടി മാത്രമല്ല, പുതിയ മോഡല്‍ കാറിനു വേണ്ടി പോലും കെട്ടിയവന്റെ കൈയില്‍ നിന്നും ഞാന്‍ ഒരുപാടടി കൊണ്ടിട്ടുണ്ട്. മടങ്ങി വീട്ടിലോട്ട് പോകാനൊരുങ്ങുമ്പോഴെല്ലാം അയാളെന്റെ കൈയും കാലും പിടിച്ച് മാപ്പിരക്കും. തിരിച്ച് ചെന്നാലുള്ള നാട്ടുകാരുടെ പ്രതികരണത്തെയും ഞാന്‍ ഭയപ്പെട്ടിരുന്നു. സഹികെട്ടൊരു ദിവസം രാത്രി പിരിഞ്ഞുപോവുകയാണെന്ന് ഞാനയാളോട് തീര്‍ത്തു പറഞ്ഞു. ആ രാത്രി അയാള്‍ എന്നത്തെയും പോലെ വീണ്ടും ക്ഷമയാചിച്ചെന്റെ കാലുകള്‍ കണ്ണീരുകൊണ്ട് കഴുകി; ഇനി ഒരിക്കലുമെന്നെ വേദനിപ്പിക്കില്ലെന്ന് സത്യം ചെയ്തു; പിന്നെ സ്‌നേഹമഭിനയിച്ചെന്നെ ഭോഗിച്ചു. അയാള്‍ക്കുള്ള എന്റെ അവസാനത്തെ ഭോജ്യമായി പരിഗണിച്ച് ഞാനതിന് വഴങ്ങുകയായിരുന്നു. പക്ഷേ എന്റെ ആഴങ്ങള്‍ ഭേദിച്ച് അയാള്‍ മുന്നേറുമ്പോള്‍, നിമിഷങ്ങള്‍ക്കു ശേഷം എനിക്ക് ലഭിക്കുവാന്‍ പോകുന്ന മരണമെന്ന മോചനത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു എന്റെ മനസ്സിനെ നിറച്ചിരുന്നത്. ഒടുവില്‍, തളര്‍ന്നുറങ്ങിക്കിടന്ന ആ ദുഷ്ടനറിയാതെ അടുത്ത മുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരണത്തെ ഞാന്‍ മാടിവിളിച്ചു.''
""കുട്ടി ഒരു വീണ്ടുവിചാരത്തെപ്പറ്റി നേരത്തെ പറഞ്ഞല്ലോ. അങ്ങനെയൊരു ചിന്ത . . .'' ഗബ്രിയേലിന് ചോദ്യം മുഴുമിപ്പിക്കാനായില്ല. അതിനു മുമ്പേ അവള്‍ കൂട്ടിച്ചേര്‍ത്തു:
""അതേപ്പറ്റിയാണ് ഞാന്‍ പറഞ്ഞുവരുന്നത് അപ്പൂപ്പാ. എന്റെ ഏറ്റവും വലിയ സങ്കടവും അതാണ്. ഉറച്ച തീരുമാനത്തോടെ തന്നെയായിരുന്നു മരണം ഞാന്‍ തിരഞ്ഞെടുത്തത്. പക്ഷേ കഴുത്തില്‍ കുരുക്ക് മുറുകി കടുത്ത ശ്വാസതടസ്സവും വേദനയുമുണ്ടായപ്പോള്‍ എനിക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് തോന്നിയിരുന്നു. നിലവിളിച്ച് വീട്ടുകാരെ ഉണര്‍ത്തണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് ശബ്ദിക്കാനാവുമായിരുന്നില്ല. പിടയ്ക്കുന്ന കാലുകള്‍ കൊണ്ട് ജനാലയില്‍ തട്ടിനോക്കി. ആ ശബ്ദം കേട്ടിട്ടാവണം അയാള്‍ ഓടിവന്നു. പക്ഷേ തുറിച്ചുയരുന്ന കണ്ണുകളും തൂങ്ങിയാടുന്ന ശരീരവുമായി ഞാന്‍ വെപ്രാളപ്പെടുന്നത് അയാള്‍ നോക്കി നില്‍ക്കുകയാണ് ചെയ്തത്. രക്ഷിക്കണേ എന്ന് മനസ്സുകൊണ്ട് കേഴുന്ന എന്നെ ആ അവസ്ഥയില്‍ കണ്ടിട്ടും അയാള്‍ അനങ്ങിയില്ല. ഏതാനും സെക്കന്റുകള്‍ കൂടി കഴിഞ്ഞപ്പോള്‍ എല്ലാം പൂര്‍ത്തിയായി ഞാനിങ്ങോട്ട് പോരുകയും ചെയ്തു.'' തളര്‍ന്നു വീഴാന്‍ തുടങ്ങിയ അവളെ ഗബ്രിയേലും കോന്തുണ്ണിനായരും ചേര്‍ന്ന് താങ്ങിപ്പിടിച്ചു. മൈക്കിളും റിച്ചാര്‍ഡും ചുറ്റും കൂടിനിന്ന മറ്റുള്ള ചിലരും കൂടി അവളെ മെല്ലെ നടത്തി അവളുടെ മുറിയില്‍ കൊണ്ടുപോയി കിടത്തി.
പിന്നീടൊരു നാള്‍ മാന്ത്രിക ജാലകത്തിലൂടെ താഴേയ്ക്ക് നോക്കിയ അവള്‍ ആ കാഴ്ച കണ്ടു - തന്നെ മരണവഴിയിലേക്ക് നയിച്ച, മരണവക്കില്‍ നിന്നും തന്നെ രക്ഷിച്ചെടുക്കാന്‍ വിസമ്മതിച്ച ആ മനുഷ്യന്‍ തൂക്കുകയറിനടുത്തേയ്ക്ക് നയിക്കപ്പെടുന്നു! ചുറ്റിനും പോലീസുകാരും ജയില്‍ ജീവനക്കാരും ഒരു ഡോക്ടറുമുണ്ട്. കറുത്ത തലപ്പാവും മുഖംമൂടിയുമണിയിച്ച് കൊലത്തട്ടിലേക്ക് അയാളെ കയറ്റി നിര്‍ത്തിയപ്പോള്‍ പക്ഷേ, അവള്‍ സങ്കടപ്പെട്ടു. ആരാച്ചാര്‍ ന്യായവിധി നടപ്പിലാക്കുന്നത് കണ്ട് മൈക്കിളും മറ്റ് അന്തേവാസികളും ആശ്വസിച്ചപ്പോള്‍ അവളിലെ ഭാര്യ കണ്ണീര്‍ പൊഴിക്കുകയായിരുന്നു. ഗാബി അപ്പൂപ്പന്റെ തോളിലേക്ക് അവള്‍ ഒരിക്കല്‍കൂടി തളര്‍ന്നുവീണു. $