ടിബറ്റൻ താഴ് വാരങ്ങളിൽ
ഹിമാലയ കൊടുമുടികളെ നോക്കി
ഉയർന്നു നിൽക്കുന്ന
പ്രാർത്ഥനാ കൊടിമരങ്ങളിൽ
അവിരാമം ചലിക്കുന്ന
പ്രാർത്ഥനാ കൊടികളിലെ
മന്ത്രാക്ഷരങ്ങളായി
പുനർജ്ജനിക്കണം
ഹിമഗിരി ശൃംഗങ്ങളേ നോക്കി
കാറ്റേറ്റ ആലിലകൾ പോലെ
അവിരാമം പാറിപ്പറക്കണം
കാറ്റിന്റെ നീലയായി
വായുവിന്റെ വെളുപ്പായി
അഗ്നിയുടെ ചുവപ്പായി
ജലത്തിന്റെ പച്ചയായി
ഉർവിയുടെ മഞ്ഞയായി
വ്യാളിയായി, ഗരുഡനായി, കടുവയായി,
ഹിമസിംഹമായി, കാറ്റിൻ കുതിരയായി
നിശബ്ദ പ്രാർത്ഥനകളായി, നിതാന്ത മന്ത്രണമായി
മഞ്ഞുറഞ്ഞ ഗിരി ശൃംഗങ്ങളിൽ നിന്ന്
ഗിരി ശൃംഗങ്ങളിലേക്ക്
കാറ്റിൽ അവിരാമം പറന്നു പറന്ന്
അക്ഷരങ്ങൾ മാഞ്ഞു
നിറം മങ്ങി ശൂന്യമാവണം
കൊടിയിൽനിന്നു മാഞ്ഞ അക്ഷരങ്ങൾ
കാറ്റിലൂടെ, ഉരുകുന്ന മഞ്ഞിലൂടെ
താഴ്വാരങ്ങളിലേക്ക്
സിന്ധുവിലൂടെ, ഗംഗയിലൂടെ
ബ്രഹ്മപുത്രയിലൂടെ
രാജ്യങ്ങൾ കടന്ന്
ഭൂഖണ്ഡങ്ങൾ കടന്ന്
യാത്ര ചെയ്‌യണം
അക്ഷരങ്ങൾ
അണ്ഡങ്ങളായി, പുഴുവായി, പ്യൂപ്പയായി
കോടാനുകോടി ബുദ്ധമയൂരി ശലഭങ്ങളായി
നിശബ്ദമായി ചിറകുവിരിച്ചു പറന്ന്
അശാന്തിയുടെ തീരങ്ങളിൽ കുളിർകാറ്റായി,
ഹിംസയുടെ തോക്കിൻ മുനകളിൽ
അഹിസാ മന്ത്രമായി
അനുസ്യൂതം പ്രയാണം ചെയ്യണം
വീണ്ടും ഹിമാലയ താഴ് വാരങ്ങളിലേക്ക്
അക്ഷരങ്ങൾ മാഞ്ഞ കൊടികളിലേക്ക്
ശലഭങ്ങൾ അക്ഷരങ്ങളായി
അക്ഷരങ്ങൾ ശലഭങ്ങളായി
ശാന്തിമന്ത്രങ്ങളായി
മൃദുമണിനാദത്തിനൊപ്പം
അവിരാമ മന്ത്രോച്ചാരണമായി
താഴ് വാരങ്ങളിൽ നിറയണം
ഓം... മണി ... പത്മേ... ഹും
ഓം... മണി .. പത്മേ... ഹും
ഓം... മണി ... പത്മേ... ഹും
ഓം... മണി .. പത്മേ... ഹും
***** ****** ****** ******
പ്രാർത്ഥനാ പതാക (Prayer Flags) ബുദ്ധമതത്തിലെ മന്ത്രങ്ങളും പ്രതിരൂപങ്ങളും ആലേഖനം ചെയ്ത അഞ്ചുനിറത്തിലുള്ള പതാകകൾ. പ്രാർത്ഥനാ പതാകകളിലെ ഓരോ നിറവും പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കൊടികൾ കാറ്റിൽ ആടി ഉലയുന്ന ചലനങ്ങൾ പോസിറ്റീവ് എനർജി സൃഷ്ടിക്കുന്നു എന്നും, ആ ചലനങ്ങൾ നിശ്ശബ്ദ പ്രാർത്ഥനകളായി കാറ്റു കൊണ്ടുപോകുന്നു എന്നും, പതാകകളുടെ നിറം മങ്ങുന്നത്, അതിലെ പ്രാർത്ഥനകളെ പൂർണ്ണമായും കാറ്റു വഹിച്ചു കൊണ്ടുപോയി എന്നതിന്റെ സൂചനയായും കരുതപ്പെടുന്നു.
പതാകകളിലെ പ്രതിരൂപങ്ങൾ. കാറ്റിൻ കുതിര (Wind horse) മനുഷ്യാത്മാവിനെയും, വ്യാളി, ഗരുഡൻ, കടുവ, ഹിമസിംഹം എന്നിവ ജ്ഞാനദീപ്താവസ്ഥയിലേക്കുള്ള ഗുണങ്ങളെയും മനോഭാവങ്ങളെയും സൂചിപ്പിക്കുന്നു
.
ബുദ്ധമയൂരി. പാപ്പിലിയോ ബുദ്ധ ചിത്രശലഭങ്ങൾ.