മേശപ്പുറത്തിരുന്ന ചപ്പാത്തിയും ചിക്കൻ കറിയും പ്ളേറ്റിലേക്ക് പകർന്നു ഡോക്ടർ ശാലിനി പറഞ്ഞു. "അർജുൻ ഹാവ് യുവർ ഡിന്നർ ആൻഡ് ഗോ റ്റു സ്ലീപ് ഏർലി. നാളെ പത്തുമണിയാവുന്നതോടെ ചാനൽ കാർ വരും. അപ്പോഴേക്കും നീ തയ്യാറായിരിക്കണം. അതുകൊണ്ട് ഇന്ന് ഡാഡിയും മകനുമായുള്ള പതിവ് കാർട്ടൂൺ കാണലൊക്കെ നിർത്തിവച്ച് നേരത്തെ ഉറങ്ങണം.” ഏതോ കടലാസുകൾക്കിടയിൽ മുഴുകിയിരുന്ന ഭർത്താവിനെ ഒളികണ്ണിട്ട് നോക്കി "ഈ മനുഷ്യനെയാണോ വർഷങ്ങൾക്ക് മുമ്പ് ധനികരായ മാതാപിതാക്കളുടെ ഓമനമകളായ ഞാൻ പ്രണയിച്ചത്. നേഴിസിങ് ഹോമുകളും റബ്ബർപ്ലാന്റേഷനും എല്ലാമുള്ള ധനികരായ ഡോക്ടർ ദമ്പതികളുടെ മകളായ ഞാൻ സ്നേഹിച്ചത്? കല്യാണം കഴിച്ചില്ലെങ്കിൽ മരിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയത്? പാവം എന്റെ മാതാപിതാക്കൾ. ഒരു ക്ഷമാപണത്തിനു പോലും കാത്തു നിൽക്കാതെ കാർ അപകടത്തിൽപ്പെട്ടു മരിച്ചു.
അവരെത്ര വേദനിച്ചിട്ടുണ്ടാവും, നാട്ടിൻപുറത്തെ ഒരു സാധാരണ പോസ്റ്റൽ ജീവനക്കാരന്റെ മദ്രാസ്സിൽ പഠിക്കാൻ വന്ന മകനെ ഏകമകൾ പ്രണയിച്ചപ്പോൾ, മരിക്കുമെന്ന് ഭീഷണിപ്പെടുത്തി കല്യാണം കഴിച്ചപ്പോൾ അവസാനം ഏതോ മനോഹരമായ ഒരു കളിപ്പാട്ടം കണ്ട് ശല്യം പിടിക്കുന്ന മകൾക്ക് വാങ്ങിക്കൊടുക്കുന്ന ലാഘവത്തോടെയാണ് അച്ഛൻ മകളുടെ ശല്യത്തിന് വഴങ്ങിയതും കല്യാണം ഗംഭീരമായി ഘോഷിച്ചതും.
പതിമൂന്നു വർഷത്തെ കല്യാണജീവിതത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ് ശാലിനി കോട്ടയത്തുള്ള ഒരു ഗ്രാമത്തിലെ രാജന്റെ വീട്ടിൽ പോയത്. ശാലിനിക്ക് ഒരു ദിവസം പോലും ആ കുഗ്രാമത്തിൽ കഴിയാൻ സാധ്യമല്ലായിരുന്നു. അതിൽ രാജന് പരിഭവമില്ലായിരുന്നു. അവരുടെ ജീവിതങ്ങൾ പൊരുത്തപ്പെടാൻ ആവില്ലെന്ന യാഥാർഥ്യം മനസ്സിലാക്കിയതോടെ, Dr.രാജൻ ഹൃദ്രോഗചികിത്സയിൽ ഉപരിപഠനം തേടി അമേരിക്കയിൽ പോയി. പിന്നീട് പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സ്റ്റം സെൽ നിർമ്മാണത്തിന് ഗവേഷണത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ ഏക മകനായ അർജുനനെ നാലാമത്തെ വയസ്സിൽ തന്നെ ഊട്ടിയിലെ ബോർഡിങ് സ്‌കൂളിലേക്ക് വിട്ടു.
സത്യം പറഞ്ഞാൽ ഒറ്റ പ്രാവശ്യം കേട്ടാൽ ഒരു തെറ്റും കൂടാതെ ആവർത്തിക്കാൻ കഴിയുന്ന അർജുനന്റെ അസാധാരണമായ കഴിവ് ശാലിനി തന്നെയാണ് കണ്ടുപിടിച്ചതും അർജുനനെ പഠിപ്പിക്കാൻ മിസ് റൊസാരിയോ എന്ന ആംഗ്ലോ ഇന്ത്യൻ സ്ത്രീയെ നിയമിച്ചതും. മിസ്സ് റൊസാരിയോ ബി ബി സിയുടെ ഉച്ചാരണ ശുദ്ധിയോടെ ഹാംലെറ്, ഒഥെല്ലോ, മാക്ബെത്തിലെ നിർണ്ണായക രംഗങ്ങൾ അഭിനയിച്ച് കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പറയാൻ അർജുനനെ പഠിപ്പിച്ചു.
"oh! he is a prodigy”
മിസ്സ് റൊസാരിയോ പല പ്രാവശ്യം ഉരുവിട്ടു. പിന്നീട് കരാട്ടെ, പിയാനോ, സ്വിമ്മിങ്, ടെന്നീസ് എന്നിവയിൽ അർജുനൻ എന്ന അത്ഭുതബാലൻ വൈധഗ്ദ്ധം പ്രകടിപ്പിച്ചു. പത്തു വയസ്സിൽ ഇന്ത്യ മുഴുവൻ അങ്ങനെ അവന്റെ പ്രസിദ്ധി അലയടിച്ചു. അപ്പോഴാണ് ഇന്ത്യ ടി വിയുടെ വേൾഡ് ചാനലിൽ അർജുനനു കഴിവ് പ്രകടിപ്പിക്കാൻ ചാൻസ് കിട്ടുന്നത്. അതിന്റെ തിരക്കിലായിരുന്നു ഡോക്ടർ ശാലിനിയും മകനും. ശാലിനി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലും നേഴ്‌സിങ് ഹോം, റിസോർട് മോഡലിൽ മാറ്റി മറിക്കുന്നതിലും പണമുണ്ടാക്കാനുള്ള അവസരങ്ങളിലും മുഴുകിയപ്പോൾ രാജൻ അദ്ദേഹത്തിന്റെ പ്രവർത്തി മണ്ഡലത്തിൽ മുഴുകി. ഇതിനിടയിൽ ആരെയും അസൂയപ്പെടുത്തുന്നവിധം എല്ലാ ദമ്പതികൾക്കും മാതൃകയായി അവരെ വാഴ്ത്തിയപ്പോൾ മനസ്സുകൊണ്ട് അവർക്കുള്ളിലുള്ള വിള്ളൽ വലുതായി കൊണ്ടേയിരുന്നു.
അർജുനന് രാജന്റെ മാതാപിതാക്കളോട് അതിയായ സ്‌നേഹമായിരുന്നു. അവർക്ക് അച്ചുവിനോടും. രാത്രികാലങ്ങളിൽ അമ്മൂമ്മയുടെ കഥകൾ, പകൽ അപ്പൂപ്പന്റെ കൂടെ പാടത്ത് പോക്കും, ഗോപാലിന്റെ കൂടെ കളിയും അതു അവനു സ്വർഗ്ഗമായിരുന്നു. ബോർഡിങ് സ്‌കൂളിലെ കർശന നിയമങ്ങളോടും അവിടത്തെ ഭക്ഷണത്തോടും മലയാളം പറഞ്ഞാൽ "I will not talk in Malayalam" എന്ന് ഒരായിരം തവണ ഇമ്പോസിഷൻ എഴുതേണ്ടി വരുന്നതും എല്ലാം അവൻ നേരിട്ടത്, രണ്ടു മാസത്തെ കോട്ടയം വെക്കേഷൻ മനസ്സിൽ കണ്ടുകൊണ്ടായിരുന്നു.
“Oh you are not listening to what I am saying. Remember tomorrow’s date, Doctor Rajan?
പരിഹാസം കലർന്ന ചിരിയോടെ ശാലിനി പറഞ്ഞു. “ഞാൻ ന്യുയോർക്കിലെ എന്റെ കാർഡിയോളജി കോൺഫറൻസും പേപ്പർ പ്രെസെന്റഷനും ആലോചിക്കുകയായിരുന്നു.”
അർജുനനെ നോക്കി രാജൻ പറഞ്ഞു.
“By tomorrow evening we will be on ou way to Ammommas Kottayam.”
ഇത്തവണ ഞങ്ങളുടെ ന്യയോർക്ക് താമസം രണ്ടുമാസം കൂടെയുണ്ടാകും. അപ്പോൾ ഓണം അവധിക്ക് നിനക്കവിടെ തങ്ങാം.”
ഹേ! അർജുൻ ആർത്തുകൊണ്ട് തുള്ളിച്ചാടി. “സിറ്റ് ഡൗൺ അർജുൻ. എത്രപ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. ആഹാരം വായിൽ വച്ച്കൊണ്ട് സംസാരിക്കരുത് എന്ന് കോട്ടയം എന്ന വാക്കുകേട്ടപ്പോൾ പരിസരം മറന്നു. Oru prodigy.! ഇനി ആ പുലയചെറുക്കനുമായി കളിച്ച് ഉപ്പും മാങ്ങയുംകൂട്ടി തിന്നു മരം കേറി നടക്കാമല്ലോ. അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കൊച്ചുമകനാണല്ലോ ആ പുലയചെക്കൻ.” അർജുനന് അർത്ഥമറിയില്ലെങ്കി ൽകൂടി പുലയ നല്ല വാക്കല്ല എന്നറിയാമായിരുന്നു. അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി. കണ്ണുകളിൽ നിന്ന് തീ പാറുന്നു. അർജുനന്റെ വിശപ്പ് പെട്ടെന്ന് തീർന്നപോലെ അവൻ തിരക്കിൽ വായിൽ കിടന്ന ചപ്പാത്തിക്കഷ്ണം വിഴുങ്ങി വെള്ളവും കുടിച്ചെഴുന്നേറ്റു. അപ്പോഴേക്കും ശാലിനി പറഞ്ഞു. “ലുക്ക് അറ്റ് ഹിസ് ടെമ്പർ. “നീ തീന്മേശയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ എക്സ്സ് മി എന്ന് പറയണമെന്ന് ഞാൻ ഓർമ്മിപ്പിക്കണോ ?മൈൻഡ് യുവർ മാനേഴ്സ്.” Remember your morals are not always showing but your manners are. “
“ഗുഡ് നൈറ്റ് മാം ആൻഡ് ഡാഡ്. സോറി മാം” എന്ന് പിറുപിറുത്തുകൊണ്ട് അർജുൻ കോണിപ്പടികൾ ഓടിക്കയറി കിടപ്പുമുറിയിൽ കേറി കതകു ചാരി. അര്ജുനന് ഉറക്കം വന്നില്ല. അന്നത്തെ റിഹേഴ്‌സൽ നന്നായി ചെയ്തു. മിസ്സ് റൊസാരിയുടെയും അമ്മയുടെയും താമരപ്പൂപോലെ വിടർന്ന മുഖവുമെല്ലാം അവൻ മറന്നു കഴിഞ്ഞു. പകരം പെൺപുലിയെപ്പോലെ തീജ്വാല്ല പറക്കുന്ന മമ്മിയുടെ നോട്ടവും അപ്പനോടുള്ള സംഭാഷണവും അവൻ കടിച്ചമർത്തിയിരുന്നപ്പോഴാണ് ഗോപാലിനെ പുലയ എന്ന നിന്ദ്യമായ വാക്ക് 'അമ്മ പറഞ്ഞത് അവൻ ഓർത്തത്. അമ്മയും അച്ഛനും തമ്മിൽ അത്ര സ്നേഹം ഇല്ലെന്നും അഭിനയമാണെന്നും അറിയാനുള്ള കഴിവ് അവനുണ്ട് പക്ഷെ കണ്ടിട്ടുപോലുമില്ലാത്ത ഗോപാലിനെ കുറ്റം പറയുന്നത് എത്ര തെറ്റാണ്. മമ്മിക്ക് എന്തറിയാം, ശരിക്കും ഗോപാലനാണ് ടി വി യിൽ വരേണ്ടതെന്ന്. അവന്റെ അച്ഛനും അമ്മയും പാവപ്പെട്ടവരായതുകൊണ്ടാണ് നഗരത്തിലെ പരിഷ്ക്കാരമറിയാത്തതും സമ്മാനങ്ങൾ വാരിക്കൂട്ടാൻ സാധിക്കാത്തതും.
" അച്ചു അച്ചു നീ ഉറങ്ങിയോ മോനെ” അച്ഛന്റെ സ്‌നേഹപൂർണ്ണമായ അന്വേഷണം. പാവം അച്ഛൻ. മമ്മി എന്നെ കുറ്റം പറഞ്ഞത് മയപ്പെടുത്താൻ വന്നതാവും. “ഇല്ല ഡാഡ്, ഉറങ്ങിയില്ല” അവൻ കട്ടിലിൽ പിടഞ്ഞെഴുന്നേറ്റ് ഇരുന്നു. രാജൻ അവന്റെ മുഖത്തും കവിളുമെല്ലാം തുരുതുരെ ചുംബിച്ചുകൊണ്ട് പറഞ്ഞു. "മോനെ അമ്മ പറഞ്ഞതോർത്തു നീ വിഷമിക്കേണ്ട. നീ എത്ര പ്രാവശ്യം ചെയ്ത കാര്യമാണിതൊക്കെ." അത്ഭുതബാലനൊപ്പം ഒരു ദിവസം.” അവർ നിന്റെ കൂടെ അര ദിവസം സ്പെൻഡ് ചെയ്യുമെന്ന് മാത്രമാണ്.”
ഡാഡ് എനിക്ക് അതൊന്നും കാര്യമല്ല,. എന്തിനാണ് ഗോപാലിനെപ്പറ്റി പറയുന്നത്. ഡാഡിക്കറിയാമോ അവൻ എന്റെ ഒരേയൊരു കൂട്ടുകാരനാണ്. ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരേ ഒരു കൂട്ടുകാരൻ. ഡാഡിക്കറിയുമോ? അവൻ എന്നേക്കാൾ മിടുക്കാനാണെന്നു. അവനു വലിയ തെങ്ങു കയറി കരിക്കും ഓലകളും വെട്ടാനും പിന്നെ ഓലകൾ ചീകി ചൂലുണ്ടാക്കാനും അത് വിറ്റ് കാശുണ്ടാക്കാനും അറിയാം. അവൻ കൃഷി ചെയ്യും, വെള്ളം കിണറ്റിൽ നിന്നും കോരി ചെടികളൊക്കെ നനക്കും.അമ്മൂമ്മയുടെ അപ്പൂപ്പന്റെ പൂച്ചെടികളെല്ലാം അവനാണ് നോക്കുന്നത്. രണ്ട് വർഷം മുമ്പ് അവൻ ഒരാൾക്ക് ഇരിക്കത്തക്കവണ്ണം ഷെഡ്ഡ് ഉണ്ടാക്കി അതിൽ എന്നെ ഡോക്ടർ ആക്കി അവിടെയുള്ള കുട്ടികൾ വാഴപ്പിണ്ടിയിലുണ്ടാക്കിയ കുഞ്ഞുങ്ങളുമായി വരുമ്പോൾ ഞാൻ ഇൻജെക്ട ചെയ്യണം. അവനു പട്ടം ഉണ്ടാക്കാനും ഉയരത്തിൽ പറത്താനും അറിയാം. മാമ്പഴവും പേരയും എല്ലാം മുകളിൽ കേറി പറിക്കും. നന്നായിട്ട് നീന്തും എത്രയോ പ്രാവശ്യം മീൻ പിടിച്ച് അമ്മൂമ്മക്ക് കൊടുക്കും,. അമ്മൂമ്മ അതു വറത്തു ഞങ്ങൾക്ക് രണ്ടുപേർക്കും ഊണിനു തരും. എത്ര സ്നേഹത്തെയോടാണ് അമ്മൂമ്മയും അപ്പൂപ്പനും അവനോട് പെരുമാറുന്നത്. അവന്റെ പിറന്നാളിനും ഓണത്തിനുമെല്ലാം അവർ നല്ല ഡ്രസ്സ് തയ്പ്പിച്ച് ഇടുവിക്കും, മമ്മിക്ക് മാത്രം എന്താ ഇത്ര ദ്വേഷ്യം. മമ്മിക്കറിയില്ല അവനാണ് ശരിക്കും prodigyഎന്നു. അവനെ കെട്ടിപിടിച്ചുകൊണ്ട് ഡാഡി പറഞ്ഞു മോന് രണ്ടു ദിവസത്തിനുള്ളിൽ ഗോപാലനോടൊപ്പം കളിക്കാമല്ലോ?
“ഗുഡ് നൈറ്റ് അച്ഛാ.”
ഡാഡിയോട് എല്ലാം തുറന്നുപറഞ്ഞപ്പോഴത്തെ സന്തോഷത്തിൽ അർജുൻ ഉറങ്ങിപ്പോയി,. സ്വപ്നത്തിൽ അവനും ഗോപാലനും ഒരുമിച്ച് ഓട്ടമത്സരം നടത്തുന്നതും അതിനു സമ്മാനമായി ഓല വാച്ചുണ്ടാക്കി അവൻ അമ്മൂമ്മയെക്കൊണ്ട് കെട്ടിക്കുന്നതും വാഴപ്പൂവിൽ നിന്ന് തേൻ കുടിക്കുന്നതുമെല്ലാം കണ്ടു.
പിറ്റേദിവസം പതിവുപോലെ ചാനലുകാർ വന്നു,അർജുൻ പാടി, ടെന്നീസ് കളിച്ചു, മാക്ബെത്തും, ഒഥെല്ലോയും ഹാംലെറ്റ്‌മെല്ലാം അര്ജുനനിലൂടെ ഉയർത്തെഴുന്നേറ്റു. "amazing, unbelievable real prodigy” എന്നെല്ലാം അവർ മാറി മാറി പറഞ്ഞു. അവർ കയ്യടിച്ചു. ഒപ്പം അവിടെ ഷൂട്ടിങ് കാണുന്നവരെല്ലാം കൈകൊട്ടി സന്തോഷം കൊണ്ട് ആർത്തുവിളിച്ചു.. അപ്പോൾ ടീമിന്റെ പ്രധാനി പറഞ്ഞു. "ഒരു ചോദ്യം കൂടെ. “you are real prodigy” . ഇനി ചോദിക്കാൻ പോകുന്ന ചോദ്യത്തിന് മലയാളത്തിൽ തന്നെ കുട്ടിക്ക് തോന്നുന്നത് എന്തോ പറയുക. ദൈവം ഇപ്പോൾ നിന്റെയടുത്ത് വന്നു. നിനക്കെന്തു വേണമെങ്കിലും ചോദിക്കാം, ആ ഒരു കാര്യം ഇപ്പോൾ തന്നെ നടക്കും എന്ന് പറഞ്ഞാൽ നീ എന്ത് പറയും.? ചുറ്റുപാടുമുള്ള ശ്മശാനമൂകത മാറ്റിക്കൊണ്ട് സുസ്മേരവദനനായി നിന്ന അർജുൻ പറഞ്ഞു “എത്ര എളുപ്പമുള്ള ചോദ്യം.” എനിക്ക് കോട്ടയത്തെ ഗോപാലനായി മാറണം.
*******