എഫ്. ബി. ഐ ഔദ്യോഗികമായി മാള്‍ട്ടയില്‍ വന്നിറങ്ങി. ദേശായി കേസില്‍ മാള്‍ട്ട പോലീസിനെ സഹായിക്കുക എന്നതാണ് ലക്‌ഷ്യം. ‘അണ്ടര്‍ കവര്‍ ടീം’ ആദ്യമേ തന്നെ ജോലികള്‍ തുടങ്ങി വച്ചിരുന്നു.
ഔദ്യോഗികമായി സ്പെഷ്യല്‍ ഏജന്റുമാരായ രവിചരണ്‍ ഗുപതയും, ഡേവിഡ് ഫോര്‍മാനും സൂപ്പര്‍വൈസര്‍ സ്പെഷ്യല്‍ ഏജന്റ് പോള്‍ രാംനോസ്കിയും മാത്രമടങ്ങിയ മൂന്നംഗ സംഘമാണ് മാള്‍ട്ട പോലീസിനെ സഹായിക്കുന്നത്.
മാള്‍ട്ട പോലീസിലെ കൊലക്കേസ് അന്വോഷണങ്ങളുടെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ കീത്ത് ആര്‍നോള്‍ഡാണ് അന്വോഷണ ടീമിന്‍റെ തലവന്‍. കേസിന്റെ അന്വോഷണത്തിന്റെ മുന്നോട്ടുള്ള പോക്കിനായി അവര്‍ ആശ്രയിക്കുന്നത് എഫ്.ബി.ഐ ടീമിനെയും അവരുടെ സാങ്കേതിക വൈദഗ്ധ്യത്തെയുമാണ്
“മിസ്റ്റര്‍ രാമനോസ്കി, ഇതൊരു കൊലപാതകവും, കൊലപാതകത്തിനുപയോഗിച്ചത് ഡ്രൈവര്‍ സീറ്റിനടിയില്‍ ഘടിപ്പിച്ച ഒരു ബോംബും ആണെന്ന അടിസ്ഥാന കണ്ടെത്തല്‍ മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ. ആര്‍? എങ്ങിനെ?എന്തിന് ? എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കണം”
കേസിന്റെ അതുവരെയുള്ള കാര്യങ്ങളെക്കുറിച്ചു എഫ്. ബി ഐ സംഘത്തിനു ബ്രീഫിംഗ് നല്കികൊണ്ട് ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ് വാക്കുകള്‍ അവസാനിപ്പിച്ചു
രാംനോസ്കി എജന്റ് രവിചരണ്‍ ഗുപതയുടെ നേരെ നോക്കി. എജന്റ് രവിചരണ്‍ ഗുപ്ത ഒരു സിപ്പ് ലോക്ക് ബാഗില്‍ സൂക്ഷിച്ചിരുന്ന ‘ബെന്‍സെണ്‍ ആന്‍ഡ് ഹെഡ്ജെസ്’ കമ്പനിയുടെ മെന്റോള്‍ സിഗരറ്റിന്റെ പാതിയോളം വലിച്ചു ഉപേക്ഷിച്ച സിഗരറ്റും അതോടൊപ്പം ഒരു കവറും ഏജന്റ് രാംനോസ്കിക്കു കൈമാറി.
“സര്‍ താങ്കള്‍ക്ക് അറിയാവുന്നതുപോലെ, കൊല്ലപ്പെട്ട ദേശായി താമസിച്ചിരുന്ന കുന്നിനു നേരെ എതിരെയുള്ള കുന്നില്‍ ഒരു പഴയ പീരങ്കിത്തറയുണ്ട് അതിനോട് ചേര്‍ന്ന് മറയായി ഒരു കോണ്‍ക്രീറ്റ് മതിലും. ആ മതിലിന്‍റെ അടുത്തുനിന്നു നോക്കിയാല്‍ നേരെ എതിരെയുള്ള ദേശായിയുടെ വീടും വീടിന്റെ സ്വീകരണ മുറിയും വ്യക്തമായി കാണാം.
“നോക്കൂ,ഈ പാതിവലിച്ച സിഗരറ്റ് അവിടെനിന്നും ഞങ്ങള്‍ കണ്ടെടുത്തതാണ്. ഇതു വലിച്ച ആളുടെ ഉമിനീരില്‍ നിന്നും കിട്ടിയ ഡി .എന്‍. എ പരിശോധനാ ഫലമാണ് ഈ കവറിലുള്ളത്”
“അപ്പോള്‍ നിങ്ങള്‍ ഇവിടെ വരുന്നതിനു മുന്‍പേ, ഞങ്ങളെ അറിയിക്കാതെ നിങ്ങളുടെ അന്വോഷണം തുടങ്ങിയോ? അത് ശരിയായ ഒരു നടപടിയെന്നു തോന്നുന്നില്ല മിസ്റ്റര്‍ രാംനോസ്കി ”
ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡിന് തന്‍റെ അതൃപ്തി മറച്ചു വയ്ക്കാനായില്ല.
“സര്‍ ദയവായി, അതിനെക്കുറിച്ച് നമുക്ക് പിന്നീടു സംസാരിക്കാം. ഈ ഡി .എന്‍. എ പരിശോധനാഫലം നിങ്ങളുടെ കൈവശമുള്ള ഏതെങ്കിലും ഡാറ്റയുമായി ചേരുന്നുണ്ടോന്ന് ദയവായി ഒത്തു നോക്കണം.”
“അതുകൊണ്ട് എന്തെങ്കിലും വിശേഷഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതൊരു പൊതുസ്ഥലമാണ് അവിടെ പലരും വന്നേക്കാം.”
ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ് തന്‍റെ അതൃപ്തി വീണ്ടും പ്രകടിപ്പിച്ചു.
“ആയിരിക്കാം, പക്ഷെ നമുക്ക് ഒരു തുടക്കം ലഭിക്കുമല്ലോ?”
ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ് മനസില്ലാ മനസ്സോടെ ഡി .എന്‍. എ പരിശോധനാ ഫലം വാങ്ങി തന്‍റെ ഡപ്യൂട്ടിയുടെ കയ്യില്‍ കൊടുത്തു.
“സര്‍, ഇനി സ്ഫോടനസ്ഥലത്തു നിന്നും കണ്ടെടുത്ത ബോംബിന്‍റെ അവശിഷ്ട്ടങ്ങള്‍ ഞങ്ങള്‍ക്ക് പരിശോധനയ്ക്കായി വിട്ടു തരണം. ഞങ്ങളുടെ എജന്റ് ഡേവിഡ് ഇത്തരം കാര്യങ്ങളില്‍ വിദഗ്ദനാണ്
സ്ഥലം - ക്വലാലംപൂര്‍, മലേഷ്യ
ജലാല്‍ മസ്ജിദ് ഇന്ത്യാ തെരുവിലെ ഒരു ഇടത്തരം താമസയിടമായ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയം. ചെറുകിട കച്ചവടക്കാരും ഇടത്തരം ജോലിക്കാരുമാണ് താമസക്കാരില്‍ ഭൂരിപക്ഷവും.
സമീപത്തെ ചെറിയ വഴിയോര റസ്റ്റോറന്റിലെ രാത്രി വൈകും വരെയുള്ള ജോലി കഴിഞ്ഞു വന്നു നല്ല ഉറക്കത്തിലായിരുന്നു തിരുനെല്‍വേലിക്കാരനായ കന്തസാമി. കുറച്ചുനേരമായി കന്തസാമിയുടെ ഫോണടിച്ചു തുടങ്ങിയിട്ട്. കന്ത സാമി ഉറക്കച്ചടവോടെ ഫോണെടുത്തു
“ഹലോ”
“ഡേ.. ഡേ, അറിവുകെട്ട മുണ്ടാ എഴുന്തിടടാ. എനക്ക് തൂക്കമേ വരാതെ”
“എന്നാ അണ്ണാ, എന്നാച്ച്.. , എന്നാ പ്രച്ച്നം ചൊല്ലുങ്കോ”
“ഡേ.. ഡേ, കന്തസാമി, കളുതെ, അറിവുകെട്ട മുണ്ടാ, എഫ്. ബി. ഐ ഇന്‍വെസ്റ്റിഗേഷന്‍ പണ്ണാന്‍ വന്തിട്ടാര്. എല്ലാരും തുലഞ്ചിടും”
“അണ്ണാ, അവര്‍ പണ്ണട്ടും. അതുക്കു എന്നാ പ്രച്ച്നം ?”
“കന്തസാമി, കളുതെ.. നീ എന്നാ പേച്ചടാ പേശണെ?. ഇത് എഫ്. ബി. ഐ. നമ്മ സി.ബി.ഐ അല്ലടാ. അന്ത പാരീസ് കാരന്‍ ദൊരൈ കൂപ്പിട്ടാച്ചു, അവര്‍ റൊമ്പ ടെന്‍സ്. എനക്കുമേ ടെന്‍ഷന്‍ താങ്കമുടിയില്ല”
“അണ്ണാ, പ്രച്ച്നം ഒന്നുമേ വരാത്. ഇനി ആരിക്കുമേ ഫോണ്‍ പണ്ണ വേണ്ട”.
ഫോണ്‍ കട്ടു ചെയ്ത കന്തസാമി.
പതിവായി എഴുന്നേല്‍ക്കുന്ന സമയമായില്ല. ഫോണ്‍ വന്നതോടെ ഉറക്കം പോയി. തറയില്‍ വിരിച്ച കിടക്കപായയില്‍ നിന്നും എഴുന്നേറ്റു അയാള്‍ ഗ്യാസടുപ്പ് കത്തിച്ചു.
കെറ്റിലില്‍ വെള്ളം ചൂടാകുന്നതിനോപ്പം ഫോണ്‍ തുറന്ന് സിം കാര്‍ഡ് എടുത്തു കെറ്റിലിനടിയിലൂടെ നീട്ടിപ്പിടിച്ചു. അടുപ്പിലെ നീല നാളം അതിന്‍റെ മഞ്ഞനാക്കു നീട്ടി സിം കാര്‍ഡിനെ നക്കിയെടുത്തു.
ഫോണിന്റെ ബാറ്ററിയും പിന്‍ഭാഗത്തെ മൂടിയും, സ്ക്രീനും കൈകൊണ്ടു വേര്‍പെടുത്തിയെടുത്ത് ചവറ്റുകൊട്ടയില്‍ വേസ്റ്റിന്റെ കൂട്ടത്തില്‍ കഷണങ്ങളായി നിക്ഷേപിച്ചപ്പോളേക്കും ചായയും റെഡി ആയിരുന്നു.
ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ് ഡി എന്‍ എ സെന്‍ട്രല്‍ ഡാറ്റാ ബേസില്‍ നിന്നുള്ള റിപ്പോര്‍ട്ട് രാംനോസ്കിക്ക് കൈമാറി.
മാള്‍ട്ട പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍പെട്ടതും പല തവണ ജയില്‍ വാസം അനുഭവിച്ചിട്ടുള്ളതുമായ ആല്‍ഫ്രഡ് ഓര്‍ജിയൊ എന്നയാളുടെ ഡി. എന്‍ .എ യുമായാണ് സിഗരറ്റില്‍ നിന്നും കിട്ടിയ ഡി എന്‍ എ സാമ്പിള്‍ മാച്ചു ചെയ്തത്.
റിപ്പോര്‍ട്ട് വായിക്കുന്ന എജന്റ്റ് രാംനോസ്കി മുഖമുയര്‍ത്തുന്നതും കാത്തിരിക്കുകയാണ് ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ്
“മിസ്റ്റര്‍ രാംനോസ്കി, എന്താണ് താങ്കളുടെ അടുത്ത പ്ലാന്‍. ആല്‍ഫ്രെഡ ഓര്‍ജിയൊയും അയാളുടെ സഹോദരന്‍ ജോര്‍ജു ഓര്‍ജിയോയും ക്രിമിനല്‍ കേസുകളില്‍ പെട്ടവരും ഇപ്പോഴും പലവിധ കുഴപ്പങ്ങളും ചെയ്യുന്നവരുമാണ് പക്ഷെ ഒരു പൊതുസ്ഥലത്തു നിന്നും കിട്ടിയ സിഗരറ്റുകുറ്റിയുടെ ബലത്തില്‍ മാത്രം എങ്ങിനെ മുന്നോട്ടു പോകും”
ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡിന്‍റെ സെല്‍ഫോണ്‍ ശബ്ദിച്ചു. അയാള്‍ ഫോണെടുത്ത് സംസാരിക്കുന്നതിനിടയില്‍ ഏജന്റ് രാംനോസ്കി ലാപ് ടോപ് തുറന്നു. ദേശായിയുടെ വീടിരിക്കുന്ന പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം പരിശോധിച്ചു.
ഇന്‍സ്പെക്ടര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് രാംനോസ്കിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്
“സര്‍, നമുക്ക് സംഭവസ്ഥലത്തിനടുത്തായി ടെലഫോണ്‍ ടവറുള്ള കമ്പനികളില്‍ നിന്നും കാള്‍ ഡീറ്റയില്‍സ് എടുക്കണം. സംഭവദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ആ ടവര്‍ ലോക്കഷനില്‍ നിന്നും പോവുകയും വരികയും ചെയ്ത മുഴുവന്‍ വിളികളുടെയും വിശദാംശങ്ങള്‍”
“പക്ഷെ അതുകൊണ്ട് എന്തു കാര്യം?...”
ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ് തടസവാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഏജന്റുമാരായ ഡേവിസ് ഫോര്‍മാനും രവിചരന്‍ ഗുപ്തയും കടന്നുവന്നു. സ്ഫോടനത്തിനുപയോഗിച്ച ബോംബിനെക്കുറിച്ചുള്ള ചില നിര്‍ണ്ണായക കണ്ടെത്തലുമായിട്ടാണ് അവരുടെ വരവ്.
ഡേവിസ് ഫോര്‍മാന്‍ പറഞ്ഞു തുടങ്ങി
“സര്‍ സ്ഫോടനത്തിനുപയോഗിച്ചത് ഒരു സെല്‍ ഫോണ്‍ ബോംബാണ്.
“സെല്‍ഫോണ്‍ എന്നു പറഞ്ഞാല്‍ അതു പൂര്‍ണ്ണമായും ശരിയല്ല. സിം കാര്‍ഡ് ഉപയോഗിച്ച് ലൈറ്റ്, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്മാര്‍ട്ട് ഇലക്ട്രോണിക് ഉപകരണമാണത്.”
ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ് നെറ്റിചുളിച്ചുകൊണ്ട് ഏജന്റ് ഡേവിസ് ഫോര്‍മാന്റെ വാക്കുകള്‍ ശ്രവിച്ചു.
“ടെക്സ്റ്റ് മെസേജുകള്‍ വഴിയാണ് ഇത്തരം ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നത്. അത്തരത്തിലൊരു ഉപകരണം ഘടിപ്പിച്ച ബോംബാണ് സ്ഫോടനമുണ്ടാക്കിയത്.
“അപ്പോള്‍ അതിന്‍റെ സിം കാര്‍ഡ് നോക്കിയാല്‍ ആരാണ് ചെയ്തതെന്ന് അറിയാമല്ലോ?”
ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ് ആവേശത്തോടെ ചോദിച്ചു
“അറിയാം പക്ഷെ ബോംബു വെടിച്ചതോടെ അതിലെ സിം കാര്‍ഡും ധൂളിയായിപ്പോയി അതുകൊണ്ട് അതിന്‍റെ ഉടമയെ കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ല”
“നായിന്റെ മക്കള്‍”
നിരാശയോടെ മേശയില്‍ ശക്തമായി അടിച്ചു ഇന്‍സ്പെക്ടര്‍.
(തുടരും....)