Image

ശബ്ദം ! (കവിത : മീര കൃഷ്ണൻകുട്ടി,ചെന്നൈ )

Published on 16 September, 2021
ശബ്ദം ! (കവിത : മീര കൃഷ്ണൻകുട്ടി,ചെന്നൈ )
ഒറ്റപ്പെട്ടപ്പോൾ , ഒരു കൂട്ടായി 
ഒപ്പം കൂടിയ മൗനം!
പിന്നീട്‌,
ഭീതി തീർക്കും പെരുമഴയായ്  പെയ്ത്,
മിഴിയും മൊഴികളെ, അപ്പാടെ
അകത്തടവിലാക്കി മൗനം !

താക്കീതുകളുടെ കത്തുന്ന വേനലായ് പടർന്ന്, 
വാക്കുകളെ, വിടരുംമുൻപേ വാട്ടി  തളർത്തി, മൗനം!

നിർവികാരതയുടെ മഞ്ഞായുറഞ്ഞ് , 
മരവിപ്പിന്നറയിൽ ചുണ്ടുകളെ പൂട്ടി, മൗനം!
എന്നാൽ,
അകവും പുറവും അടികൊണ്ടു പിടഞ്ഞ്,
അധികാര കുരുക്കിൽ പ്രാണ ശ്വാസം തടഞ്ഞ്,
മുതലാളുന്നവന്റെ തൊഴിലാളുന്ന അടിമയായി, ഗതികെട്ട്, സഹികെട്ട്,
മനം വിണ്ടുകീറിയപ്പോൾഒടുവിലവൾ,
അറിയാതുറക്കെയൊന്നലറിപ്പോയി !
മാനം  പിളർക്കുമാറുച്ചത്തിലുച്ചത്തിൽ...!

"മതിയായി വാത്മീകങ്ങൾ..! മൗനം തീർക്കും മതിലുകൾ!
വേണം, എനിക്കെന്റെ ശബ്ദം വീണ്ടും ! ലോകത്തെ കേൾപ്പിക്കാനായ് അറിയിക്കാനായ് ,
വേണമെനിക്കെന്റെ  ശബ്ദം! എനിക്കെന്റെ ശബ്ദം വേണം !"

അലർച്ച കേട്ട തുവഴി  വന്ന കാറ്റപ്പോൾ, പെട്ടെന്നതേറ്റെടുത്തു, പടർത്തി
നാലുപാടും, അവളുടെ ചങ്കു പൊട്ടുമാറുള്ള ശബ്ദം!

ഞെട്ടി നിന്ന മൗനത്തിൻ കാതിൽ, പിന്നീട് മെല്ലെ മൊഴിഞ്ഞു, കാറ്റ്

"ആഭരണമാകാം...! എന്നാൽ, അതേ  ആകാവു താനും "!

തുടർന്നൊന്നു നീട്ടി മൂളി, ആശിച്ചു,പ്രാർത്ഥിച്ചു , കാറ്റ് !

"ഇരട്ടിച്ചിരുന്നെങ്കിൽ, ഇശ്ശബ്ദം
പലവട്ടം, പ്രതിധ്വനികളായ് !
ഉറങ്ങാൻ വിധിയാകുന്ന   ദ്രൗപതികിളികൾക്കിതു 
ഉണർത്തു പാട്ടായ് ഭവിച്ചിരുന്നെങ്കിൽ !
ഉടനെയുണർന്നാ ക്കിളികൾ,
ഒന്നിച്ചുറക്കെയുറക്കെയൊന്നു ചിലച്ചു തുടങ്ങിയിരുന്നെങ്കിൽ ! 
ഉടനെയുണർന്നാ ദ്രൗപതിക്കിളികൾ,
ഒന്നിച്ചുറക്കെയുറക്കെയൊന്നു 
ചിലച്ചു തുടങ്ങിയിരുന്നെങ്കിൽ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക