പിങ്ക് നിറത്തിൽ വെള്ള പൂക്കൾ വിതറിയ 'പോൺസ്' പൗഡർ ടിൻ ആയിരുന്നു ആദ്യത്തെ കാശു കുടുക്ക.പൗഡർ തീർന്ന ടിന്നിന്റെ മുകൾ ഭാഗം കത്തി കൊണ്ട് ഇളക്കി മാറ്റി, ഒരു ചെറിയ തുളയിട്ട് അതിൽ പത്തു പൈസ, ഇരുപത് പൈസ, ഇരുപത്തിയഞ്ചു പൈസ, അൻപത് പൈസ, ഏറ്റവും വലിയ തുക ഒരു രൂപാ നാണയം ഇട്ട് , മുണ്ട് പെട്ടിയുടെ ഏറ്റവും അടിയിൽ സൂക്ഷിച്ചു വയ്ക്കും .
വളരെ കാൽപ്പനികമായ ഒന്നായിരുന്നു ആ മുണ്ട് പെട്ടി.അമ്മ വീട്ടിൽ നിന്നും കിട്ടിയത്.മുത്തച്ഛൻ സോപ്പു തേച്ച് , കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ച് ഉണക്കി, സൈക്കിളിന്റെ പിന്നിൽ ചൂടി കയർ വച്ചു വരിഞ്ഞു കെട്ടിയാണ് വീട്ടിൽ കൊണ്ട് വന്ന് തന്നത്.അമ്മ വീട്ടിൽ നിന്നും അച്ഛൻ വീട്ടിലേക്കുള്ള കഷ്ടി അര കിലോ മീറ്റർ ദൂരം, ,സൈക്കിളിന്റെ പിന്നിൽ വച്ച ആ പെട്ടിയിൽ പിടിച്ച് മുത്തച്ഛന്റെ പിന്നാലെ നടന്ന കുട്ടിക്ക് അന്നേരത്തെ പേര് "സന്തോഷം" എന്നായിരുന്നു. സ്വന്തമായി ഒരു പെട്ടി കിട്ടിയ സന്തോഷം.
പൂട്ട് കേടു വന്നത് കൊണ്ട് ശരിക്കും ചേർത്ത് അടയാത്ത ആ കുഞ്ഞു കാൽപ്പെട്ടിയിൽ എത്രയോ കാലം സ്വപ്നങ്ങൾ സൂക്ഷിച്ചു വച്ചു.. അമ്മായി തന്ന വീതി പൊൻകസവ് വച്ച മുണ്ട്, കാണാൻ ഭംഗിയുള്ള കുറച്ചു കടലാസുകൾ, ഒരു പിടി കുന്നിക്കുരു, ഒരു പീലിത്തണ്ട്, ഒരു കൈതപ്പൂ തുമ്പ് , ഒരു കുഞ്ഞു പാവ അതിന്റെ ഒക്കെ കൂട്ടത്തിലേക്ക് ആണ് പിങ്ക് നിറമുള്ള കാശുപാത്രം കൂടി കൂട്ടി വച്ചത്.
പീടിയേല് പോകുമ്പോ ബാക്കി കിട്ടുന്ന കുഞ്ഞു ചില്ലറ തുട്ടുകൾ ആണ് അധികവും കുടുക്കയിൽ ഇടുക.ഒരു തേൻ നിലാവ്, ഒരു പൊതി അച്ചാർ, രണ്ട് ഉപ്പിൽ ഇട്ട നെല്ലിക്ക ഇങ്ങനെ കുഞ്ഞു കുട്ടി മോഹങ്ങളെ മാറ്റി വച്ചിട്ടാണ് കുടുക്കയിൽ കാശ് ഇടുക.പൈസ ഇടുന്നതിന്റെ ഒപ്പം അതിന്റെ അടുത്ത വച്ച ചുവന്ന ചട്ടയുള്ള കുഞ്ഞു പുസ്തകത്തിൽ എഴുതി വയ്ക്കും.
മേടമാസത്തിൽ , വിഷു വലിയ അവധിക്ക് പച്ചപുളി കുലുക്കി വീഴ്ത്തി, കല്ലുപ്പും പച്ചമുളകും കൂടി കല്ലിൽ വച്ച് ചതച്ചു , വാഴയിലയിൽ ഇട്ട് നൊട്ടിയും,നുണഞ്ഞും കഴിക്കുന്ന ഉച്ച നേരത്ത് ആണ് "ഐസ്പ്രൂട്ടുകാരൻ" വരുന്നത് പതിവ്.
കാശു കുടുക്ക പൊട്ടിക്കാനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിൽ ഒന്ന് ഈ ഐസ് ക്രീം വണ്ടിയാണ്.സേമിയ ഇട്ട പാലൈസിന് അൻപത് പൈസ.കഴിച്ചു കഴിഞ്ഞാൽ ചുണ്ടും, നാവും ചുവപ്പും, ഓറഞ്ചും നിറമാകുന്ന കോൽ ഐസിന് ഇരുപത്തി അഞ്ചു പൈസ.കറുത്ത നിറമുള്ള സ്‌പെഷ്യൽ മുന്തിരി ഐസിന് എഴുപത്തിയഞ്ചു പൈസ.പിന്നെ കുഞ്ഞു കപ്പിൽ, മരത്തിന്റെ സ്പൂൺ കൊണ്ട് കോരി കഴിക്കുന്ന കപ്പ് ഐസ്, അതിന് രണ്ട് രൂപയാണ്. അത് 'വലിയ പണക്കാർ' മാത്രം കഴിക്കുന്ന ഐസ് ആണ്.ഐസ്പ്രൂട്ടുകാരന്റെ വെളുത്ത പെട്ടിയുടെ മുകളിൽ ചിത്രമായിട്ട് മാത്രമേ അത് കണ്ടിട്ടൂള്ളൂ.
കൊതി മൂത്ത് കുടുക്കയിൽ നിന്ന് പൈസ എടുത്താൽ , കുഞ്ഞി പുസ്തകത്തിൽ എടുത്ത പൈസ വെട്ടണം.അത് ഭയങ്കര സങ്കടമാണ്.
കൊല്ലത്തിൽ ഒരിക്കൽ ആണ് ഈ കുടുക്ക പൊട്ടിക്കുക.അത് മിക്കവാറും വിഷുവിന് മുൻപ് ആണ്...പടക്കവും, കമ്പിത്തിരിയും വാങ്ങാൻ അച്ഛനും, അമ്മയും മാറ്റി വച്ച കാശിലേക്ക് കൂട്ടി ചേർക്കാൻ.
കുടുക്ക പൊട്ടിക്കുന്ന ദിവസം മുൻപേ നിശ്ചയിക്കും.അന്ന് നേരത്തെ പണിയും, കുളിയും ഒക്കെ കഴിഞ്ഞു , ഉമ്മറത്ത് പുൽപ്പായും, പേപ്പറും ഒക്കെ വിരിച്ച് എല്ലാവരും ചമ്രം പടിഞ്ഞു ഇരിക്കും.കുടുക്കയ്ക്കുള്ളിൽ എത്ര പൈസ ഉണ്ടെന്ന് ഒക്കെ കൃത്യമായി അറിയാമെങ്കിലും , വളരെ നിഷ്ഠയോടെ കുടുക്ക തുറന്ന്, 'പോൺസ്' പൗഡറിന്റെ മണമുള്ള ചില്ലറത്തുട്ടുകൾ ക്രമത്തിൽ അടുക്കി, എണ്ണി വയ്ക്കും.അമ്മ ചില്ലറ മാറ്റി നോട്ട് തരും-കൂടി വന്നാൽ മുപ്പതോ, നാല്പതോ രൂപ.കമ്പിത്തിരിയും, മേശപ്പൂവും ഒക്കെയായി അത് വിഷുവിന് കത്തിത്തീരും.
വിഷുവിന്റെ അന്ന് രാവിലെ, പൊടി മഴയിലും, പുലർമഞ്ഞിലും നനഞ്ഞു കൊണ്ട്, വിഷു പുലർച്ചക്ക് കത്തിച്ച പടക്കത്തിന്റെ അടിയും, പൊടിയും തട്ടികൂട്ടി ഒന്ന് കൂടി കത്തിക്കും.പിന്നെ, 'പോൺസ്' പെട്ടി, വീണ്ടും അടച്ചു ഭംഗിയാക്കി , വിഷുക്കൈനീട്ടം കിട്ടിയ നാണയങ്ങൾ അതിൽ ഇട്ട് വീണ്ടും സമ്പാദ്യം തുടങ്ങും-ഇനിയൊരു വിഷു വരെ.