ആംബുലൻസിന്റെ വെളുപ്പും ചുവപ്പും ലൈറ്റുകൾ കറങ്ങിക്കൊണ്ടിരുന്നു. ഡ്രൈവ് - വേയിലേക്കു തിരിയുമ്പോൾ അതിന്റെ വെളിച്ചം ഗരാജിന്റെ അടഞ്ഞ വാതിലിൽ പ്രതിഫലിച്ചു. അതിൽനിന്നും ജോയിയെ വീൽചെയറിലിരുത്തി വീട്ടിലേക്കു കയറ്റുന്നത് ശ്രമപ്പെട്ട കാര്യമായിരുന്നു. പടികൾ നാലെണ്ണം കയറിയാലേ അകത്തേക്കു കടക്കാൻ കഴിയൂ. കസേര പൊക്കിയെടുത്ത് അകത്തെത്തിക്കാൻ സഹായിക്കുമ്പോൾ ജിമ്മി കുറ്റബോധത്തോടെ തല കുനിച്ചുപിടിച്ചു.
വീൽചെയറിനു വളഞ്ഞ കോണി കയറാൻ വയ്യ. കോണിക്കു താഴെ വീൽചെയറിൽ ജോയി ഇരുന്നു.ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന തുപ്പൽ കൈ പൊക്കി തുടയ്ക്കാനാവാതെ കോണിയിലേക്കു കണ്ണെറിഞ്ഞ് ജോയി നിശ്ചലനായി ഇരുന്നു. കാണുന്നത് കോണിയുടെ ഏതറ്റം എന്നു തിരിച്ചറിയാത്ത വിധത്തിൽ ജോയിയുടെ കൃഷ്ണമണികൾ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.
മനു വന്നു, ഷാരൻ പറന്നു വന്നു, ഉഷ വന്നു, ലളിത വന്നു, വിജയൻ വന്നു. ജോർജി വന്നു, ഷൈല വന്നു, ഈപ്പൻ വന്നു. പള്ളിയിൽനിന്നും അച്ചനും പിന്നെ കുറെയേറെപ്പേരും വന്നു. ഒരാഴ്ചയോളം ആളുകൾ വന്നു കൊണ്ടേയിരുന്നു.
വന്നവരെല്ലാം കാപ്പി കുടിച്ചു , വിശേഷങ്ങളുടെ കെട്ടഴിച്ചു. പിന്നെ വാച്ചുനോക്കി , ചിരിച്ചു , മുൻവാതിലിനടുത്ത് ഹോൾ വേയിൽ കൂടിക്കിടന്ന ഷൂസ്സുകൾക്കും ചെരിപ്പുകൾക്കും ഇടയിൽ നിന്നും സ്വന്തം പാദത്തിന്റേതു തിരഞ്ഞെടുത്ത് യാത്രപറഞ്ഞ് പടിയിറങ്ങിപ്പോയി.
മനുവും മടങ്ങിപ്പോയി , ആവശ്യമുള്ളപ്പോൾ വിളിക്കൂ മമ്മീ എന്നു പറഞ്ഞ്. വിളിക്കുമ്പോൾ അവൻ വരും, സാലിക്കറിയാം. കവിളത്തുമ്മവെച്ച് വിളിക്കാം മമ്മീ എന്നു പറഞ്ഞ് ഷാരൻ പറന്നുപോയി. അവൾ വിളിക്കും, സാലിക്കറിയാം.
പബ്ളിക് ഹെൽത്ത് നേഴ്സ് വന്നു. സോഷ്യൽ വർക്കർ വന്നു. ഡയറ്റീഷ്യൻ വന്നു. ഫിസിയോതെറാപ്പിസ്റ്റ് വന്നു. നിർദ്ദേശങ്ങളുടെയും മുന്നറിയിപ്പിന്റെയും കുറിപ്പുകളും ലഘുലേഖകളും മേശപ്പുറത്തു പരന്നു. എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് , ജോയിക്കെങ്ങനെ ഭക്ഷണം കൊടുക്കണമെന്ന് , കുളിക്കാൻ സഹായിക്കണമെന്ന് ഓരോരുത്തരായി സാലിയെ പഠിപ്പിച്ചുകൊണ്ടിരുന്നു.
അവർ ആ ഗ്യാസ് സ്റ്റേഷൻ ഉടമയോട് കുട്ടികളോടു സംസാരിക്കുന്ന ശൈലിയിൽ പറഞ്ഞു.
- ലുക്ക് അറ്റ് യൂ, യൂ ആർ ഓൾറെഡി ഡൂയിങ് ബെറ്റർ .
- യൂ ആർ ലക്കി ദാറ്റ് യുവർ വൈഫ് ഈസ് എ നേഴ്സ് !
നന്മനേർന്ന്, യാത്ര പറഞ്ഞ് വന്നയിടങ്ങളിലേക്ക് അവർപോയി. അടഞ്ഞ വാതിലിനു മറുവശത്ത് സാലി തുടങ്ങിയിടത്തു മടങ്ങിയെത്തിയിരിക്കുന്നു. ജോയിയുടെ ശരീരത്തിന്റെ കാവൽക്കാരിയായി , അമ്മയായി, നേഴ്സായി, പരിചാരികയായി , പടികയറി വരുന്നവരുടെ പ്രാർത്ഥനയ്ക്കു സ്തോത്രം എന്ന മറുപടിയുമായി.
(നോവൽ അവസാനിക്കുന്നു ..)
see al: https://emalayalee.com/writer/55