വാസവദത്തയുടെയും, ഉപഗുപ്തന്റെയും കഥ എല്ലാവർക്കും അറിയാം. സൗന്ദര്യത്തിന്റെയും, താരുണ്യത്തിന്റെയും പരകോടിയിൽ നിൽക്കുന്ന വാസവദത്തയുടെ ക്ഷണം ഓരോ തവണയും ഉപഗുപ്തൻ നിരസിക്കുന്നത് 'സമയമായില്ല' എന്ന വാക്ക് കൊണ്ടാണ്. വാസവദത്തയുടെ ക്ഷണം താൻ സ്വീകരിക്കുന്നില്ല എന്നോ, വരില്ല എന്നോ അല്ല , സമയമായില്ല എന്ന് ആണ് ഓരോ തവണയും മറുപടി. ഒടുക്കം കൈകാലുകൾ ഛേദിക്കപ്പെട്ടു വികൃതയും, വിരൂപയും ആയി ചുടുകാട്ടിൽ ഏകയായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന, എല്ലാവരാലും പരിത്യജിക്കപ്പെട്ട വാസവദത്തയെ തേടി യുവ സന്യാസി എത്തുന്നു.ശരീരത്തിന്റെ സുഖങ്ങൾ കാട്ടി മോഹിപ്പിച്ചു വിളിച്ച സ്ത്രീക്ക് അപാരമായ കരുണയുടെ, ഉദാത്തമായ ശാന്തിയുടെ ബുദ്ധപദങ്ങൾ ഉപദേശിക്കാനുള്ള സമയമായിരുന്നു ഉപഗുപ്തന് അത്.ആരോഗ്യവും, സൗന്ദര്യവും ഉള്ള, എല്ലാവരാലും മോഹിക്കപ്പെട്ടിരുന്ന കാലത്ത് വാസവദത്ത ഈ തത്വോപദേശങ്ങൾ സ്വീകരിക്കില്ല എന്ന തിരിച്ചറിവ് കൊണ്ടാണോ,അവൾ എല്ലാ അർത്ഥത്തിലും നിസ്വയാകുന്നിടം വരെ ഉപഗുപ്തൻ കാത്തിരുന്നിട്ടുണ്ടാകുക ?
ജീവിതത്തിൽ നമ്മൾ ഓരോരുത്തരും മനസിലായി എന്ന് വ്യഥാ നടിക്കുന്നതും, വാസ്തവത്തിൽ നമുക്ക് തിരിഞ്ഞു കിട്ടാത്തതുമായ ഒരു പ്രതിഭാസമാണ് സമയം.
നമ്മുടെ കൈവശം ധാരാളം സമയം ഉണ്ടെന്ന മിഥ്യാബോധത്തിന്റെ ആശ്വാസത്തിൽ ആണ് നമ്മൾ എല്ലാവരും സന്തോഷമായി ജീവിക്കുന്നത്.പക്ഷെ തൊട്ടടുത്ത നിമിഷത്തിൽ അനന്തമായ സമയത്തെയത്രയും പിന്നിൽ ഉപേക്ഷിച്ചു നാം മരണത്തിലേക്ക് കടന്നു പോയേക്കാം.നാളേക്ക് വേണ്ടി നാം തയ്യാർ ചെയ്തു വച്ചിരിക്കുന്ന എല്ലാ പദ്ധതികളെയും റദ്ദു ചെയ്തു കൊണ്ട് മരണം വന്നേക്കാം.വാസ്തവത്തിൽ, നാളെ നാം ജീവിച്ചിരിക്കും എന്നതിന് എത്ര തന്നെ സാദ്ധ്യതയുണ്ടോ അത്ര തന്നെ സാദ്ധ്യതയുണ്ട് മരിക്കാനും.എന്നിട്ടും മരിക്കും എന്ന തുല്യ ശക്തിയുള്ള ഒരു പാതിയെ, പൂർണമായും മറന്നു കൊണ്ട് ജീവിക്കും എന്ന മറുപാതി സാദ്ധ്യതയെ മാത്രം വിശ്വസിക്കുവാനുള്ള മനുഷ്യന്റെ ശുഭാപ്തി വിശ്വാസമാണ് ജീവിതം സാധ്യമാക്കുന്നത്.അടുത്ത ശ്വാസം ഉള്ളിലേക്ക് എടുക്കുവാൻ സാധിക്കുമോ എന്ന ഉറപ്പില്ലായ്മയുടെ വഴുക്കുന്ന തുമ്പിൽ നിന്നു കൊണ്ട് ,ഒരുപാട് വർഷങ്ങളിലേക്ക് വേണ്ടി നാം പദ്ധതികൾ ആസൂത്രണം ചെയ്യുന്നു, സ്വപ്നങ്ങൾ കാണുന്നു.
നമ്മുടെ പക്കൽ ധാരാളം സമയമുണ്ട് എന്നത് ഒരു വിശ്വാസം ആണെങ്കിൽ, തൊട്ട് അടുത്ത നിമിഷത്തെക്കുറിച്ചു കൂടി ഉറപ്പ് പറയാൻ സാധിക്കാത്തവരാണ് നാം എന്നുള്ളത് സത്യമാണ്. അത് കൊണ്ടാണ്, "അത്ഭുതം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നീ' എന്ന് കവി പാടി വച്ചത്.
എന്നിട്ടും! എന്നിട്ടും അത്ഭുതങ്ങൾ ആയി പരിവർത്തനം ചെയ്യാമായിരുന്ന എത്രയോ നിമിഷങ്ങൾ തികഞ്ഞ അലസതയോടെ നാം കൈവിട്ടു കളയുന്നു. എത്ര ലാഘവത്തോടെ, സരളമായി സമയത്തെ കൈകാര്യം ചെയ്യുന്നു...
ഒന്നാലോചിച്ചു നോക്കൂ, സമയമാകട്ടെ എന്നും, സമയമുണ്ടല്ലോ എന്നും കരുതി നിങ്ങൾ മാറ്റി വച്ചിരിക്കുന്ന കുറെയധികം കാര്യങ്ങളെ പ്പറ്റി....
മാമ്പഴ മഞ്ഞയിൽ കടും വയലറ്റ് കരയുള്ള പുതിയ ഭംഗിയുള്ള സാരി ഉടുക്കാൻ സമയമായിട്ടില്ല എന്നു നിങ്ങൾ വിചാരിക്കുന്നു.യൂ ട്യൂബിൽ കയറി പല തവണ കണ്ടു മോഹിച്ച ആ കുന്നിൻ മുകളിൽ ടെന്റ് കെട്ടി താമസിക്കാൻ ഇനിയും സമയമുണ്ടല്ലോ എന്ന് നിങ്ങൾ ആശ്വസിക്കുന്നു.മുഖം കറുത്ത് എന്തോ പറഞ്ഞു പോയ സുഹൃത്തിനോട് മാപ്പ് പറയാൻ സമയമായിട്ടില്ല എന്നാണ് നിങ്ങളുടെ തോന്നൽ.
കുട്ടിക്കാലത്ത് എനിക്ക് വലിയ ഇഷ്ടമായിരുന്നു ബൂസ്റ്റ് ഇട്ട് കലക്കിയ പാല് കുടിക്കാൻ."ബൂസ്റ്റ് ഈസ് ദി സീക്രട്ട് ഓഫ് മൈ എനർജി" എന്ന് നാവു നുണഞ്ഞു കൊണ്ട് സച്ചിൻ ടെണ്ടുൽക്കർ പറയുമ്പോൾ കൊതി വരുമായിരുന്നു.അന്ന് കൊല്ലത്തിൽ ഒരിക്കലോ മറ്റോ ആണ് ഒരു ചെറിയ ബോട്ടിൽ ബൂസ്റ്റ് വാങ്ങുക.അത് കഴിയുമല്ലോ എന്ന് പേടിച്ചിട്ടാണ് കുടിക്കുക.ബൂസ്റ്റിന്റെ പരസ്യത്തിൽ സച്ചിന് പകരം വിരാട് കൊഹ്‌ലി വന്നു.കുട്ടിക്കാലം കഴിഞ്ഞു.ഒരു ടിൻ ബൂസ്റ്റും, ഒരു ലിറ്റർ പാലും ഫ്രിഡ്ജിൽ ഉണ്ടെങ്കിലും ഒരു തുള്ളി പോലും വേണ്ടെന്ന് ആയി.ചില ആഗ്രഹങ്ങൾക്ക് ചില സമയങ്ങളിലേ പ്രസക്തിയുള്ളൂ, ആ സമയം കഴിഞ്ഞാൽ പിന്നെ അത് നിഷ്ഫലമാണ്.
അനന്തമായി നമ്മുടെ കൈവശം ഉണ്ടെന്ന് തെറ്റിദ്ധരിക്കുന്ന സമയം ഒരു അര നിമിഷം പോലും കിട്ടാതെ കടന്നു പോകേണ്ടി വന്നാൽ, പ്രിയപ്പെട്ട മനുഷ്യരെ സ്നേഹത്തോടെ പറയാൻ വച്ച വാക്കുകളുടെ കടമില്ലാതെ, അലിവാൽ തുടുത്ത ചുംബനങ്ങളുടെ ഭാരമില്ലാതെ, മൗനമായിപ്പോയ നന്ദിയുടെ ബാധ്യതയില്ലാതെ സമയ ശൂന്യതയിലേക്ക് കടന്നു പോകാൻ നമുക്ക് സാധിക്കട്ടെ...