അതിരാവിലെ ഉണര്‍ന്ന് പിതാവുമൊത്ത് പറമ്പിലൂടെയുള്ള നടപ്പ് ഇപ്പോഴും എന്റെ ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്നു . പറമ്പിന്റെ നാല് അതിരിലും ആര്യവേപ്പ് നട്ടിരുന്നു അതിന്റെ ഔഷധഗുണങ്ങളെപ്പറ്റി പിതാവ് മനസിലാക്കി തന്നിരുന്നു .
വെറും വയറ്റില്‍ ആര്യവേപ്പിന്റെ രണ്ടു മൂന്നു തളിരിലകള്‍ കഴിക്കുന പതിവായിരുന്നു പിന്നീട് അതിന്റെ തണ്ട് തന്നെ ബ്രഷ് ആയി ഉപയോഗിച്ചിരുന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു , പകരം ഇപ്പോള്‍ വലിയ വില കൊടുത്ത് സെന്‌സോഡൈന്‍ വാങ്ങി തേക്കുക പതിവായിരിക്കുന്നു വില കേട്ടാല്‍ ഞെട്ടും . പുതിയ ടൂത്ത് ബ്രഷിന്റെ കാര്യം പറയണ്ട സ്വിച്ച് ഇട്ടാല്‍ പല്ലുകളില്‍ പരതി നടന്ന് ക്‌ളീന്‍ ആക്കിക്കോളും കയ്യുടെ എക്‌സര്‍സൈസ് അതിനോടെ തീര്‍ന്നു .
വീട്ടില്‍ തിരിച്ചു കയറി ആര്യവേപ്പിന്റെ ചവപ്പ് പോകും വിധം തലേന്ന് സ്വന്തം തെങ്ങില്‍ നിന്ന് ചെത്തിയെടുത്ത ഇളം കള്ളില്‍ കുതിര്‍ന്ന ഒണക്ക മുന്തിരിയുടെ ചാറ് വളരെ ആരോഗ്യപ്രദമായിരുന്നു , പിന്നെ പ്രാതല്‍ നെല്ല് കുത്തരിയുടെ കഞ്ഞിയും വാരപയര്‍ തോരനും അച്ചാര്‍ (നമ്മുടെ മാവിലെ മാങ്ങയുടെ) ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു .
പിതാവിന് തേനീച്ച വളര്‍ത്തി തേന്‍ എടുത്ത് കഴിക്കുക എന്ന പതിവും ഉണ്ടായിരുന്നു , കൂട്ടില്‍ നിന്നും തേന്‍ അറ എടുത്ത് പതുക്കെ പിഴിഞ്ഞു തേന്‍ എടുത്ത് ഉപയോഗിച്ചിരുന്നു . ഇപ്പോഴാകട്ടെ നാം ഓര്‍ഗാനിക് തേന്‍ തേടി നടപ്പാണല്ലോ .
അന്നൊരിക്കല്‍ ചോറ് വാര്‍ത്തപ്പോള്‍ കൈ നന്നായി പൊള്ളിയതും പൊള്ളലില്‍ കപ്പയില ചതച്ചു പിഴിഞ്ഞ് ഓയില്‍മെന്റിന് പകരം ഉപയോഗിച്ചതും ഓര്‍ക്കുന്നു . പിന്നീടൊരിക്കല്‍ സഹോദരന് കൊടിഞ്ഞി പോലൊരു തലവേദന വന്നതും മുരിങ്ങയുടെ തെക്കോട്ടുള്ള വേര് അരച്ച് പുരട്ടി തലവേദന മാറിയതും , പിന്നീട് ആ തലവേദന വന്നിട്ടില്ല താനും .
ഇപ്പോഴാകട്ടെ ഒന്ന് തുമ്മിയാല്‍ എമര്‍ജന്‍സി റൂം ഒക്കെയാണല്ലോ പതിവ് സത്യത്തില്‍ ആശുപത്രിക്കാര്‍ നമ്മളെയും പ്രതീക്ഷിച്ചിരിക്കുന്നുണ്ട് താനും പിന്നെ എന്തൊക്കയോ ഇല്ലാത്ത മെഷീന്‍ ഉണ്ടാക്കി നമ്മെ പരിശോധിച്ചു കളയും , ഒക്കെ ഒരു ബിസിനസ് മിക്കവാറും കേസ്സുകളില്‍ , കൂടെ മരുന്ന് കമ്പനിക്കാര്‍ പുതിയ പുതിയ കെമിക്കല്‍ കൂട്ടുകളുമായി ഡോക്ടേഴ്സിന്റെയും ഹോസ്പിറ്റല്‍സിന്റെയും അടുക്കല്‍ കയറി ഇറങ്ങി നടപ്പും അവര്‍ക്കും ജീവിക്കണമല്ലോ .
അന്നൊക്കെ പനി വന്നാല്‍ ചുക്ക്, മുളക്, തിപ്പലി അതായത് ഇഞ്ചി ഉണങ്ങിയ ചുക്കും കുരുമുളകും മല്ലിയും കൂടി വെള്ളത്തിലിട്ട് തിളപ്പിച്ച് കൂടെ കാപ്പിപൊടിയും അല്പം കരിപ്പെട്ടിയും ചേര്‍ത്ത് കുടിച്ചാല്‍ പനിയൊക്കെ നിമിഷ നേരം കൊണ്ട് പമ്പ കടക്കും . വേണമെങ്കില്‍ മധുരത്തിന് തേന്‍ ചേര്‍ക്കാം ഞാന്‍ ഇപ്പോഴും ഉപയോഗിക്കാറുണ്ട് .
ഉളുക്കും മറ്റും വന്നാല്‍ തിരുമ്മലൊക്കെ വീട്ടില്‍ തന്നെ , എന്റെ മാതാവിന്റെ പിതാവിന് ചിന്താര്‍മണി പ്രയോഗം ഉണ്ടായിരുന്നു എന്ന കേട്ടിട്ടുണ്ട് കണ്ടിട്ടില്ല .
കശുവിന്‍ മാവില്‍ നിന്നും കിട്ടുന്ന കശുവണ്ടി ചുട്ടു തല്ലി കഴിച്ചിരുന്നതും കശുമാങ്ങയുടെ രുചിയും ഒക്കെ ഓര്‍ത്തു പോകുന്നു . ഇപ്പോള്‍ നല്ല കശുവണ്ടിക്ക് ഓര്‍ഗാനിക് കടകളില്‍ പോകണം .
പിന്നൊരു വരവായി നീലിപ്പരത്തിയും ,കറുത്തപ്പുലയനും ,അന്നപ്പുലക്കളിയുമൊക്കെ നിഷ്‌കളങ്കതയുടെ പര്യായങ്ങള്‍ . വീട്ടില്‍ മിക്കവാറും കണി കണ്ടിരുന്നത് അവരെയൊക്കെ തന്നെ . നീലിപ്പരത്തി മാറില്‍ ഒരു തോര്‍ത്തും ചാര്‍ത്തി വിഴുപ്പലക്കാനുള്ള തുണിക്കായി തിണ്ണപ്പടിയില്‍ കാത്തിരിക്കും പിന്നീട് കിട്ടിയ വിഴുപ്പ് തുണിയും ഭാണ്ഡക്കെട്ടാക്കി ഒരു പോക്ക്
എന്തിനേറെ ഒരിക്കല്‍ ഞാനൊരു കാലണ വിഴുങ്ങി , തൊണ്ടയില്‍ കുടുങ്ങിയ കാലണ നീലിപ്പരത്തി കയ്യിട്ടെടുത്തതും എന്റെ ജീവന്‍ പാതിവഴിയില്‍ രക്ഷിച്ചതും ഓര്‍മയില്‍ , പാവം നീലിപ്പരത്തി ഇല്ലായിരുന്നുവെങ്കില്‍ ഞാനിന്ന് ഒരു പക്ഷെ ഈ ലോകത്ത് കാണില്ലായിരുന്നു . ഇപ്പോഴാകട്ടെ വഴിയില്‍ മൃതപ്രായമായി കിടക്കുന്ന സഹജീവിയെ കണ്ടില്ലെന്ന് നടിച്ച പോകുന്ന എത്രയോ മാന്യന്മാര്‍ .
അന്നൊക്കെ പട്ടികളും പൂച്ചകളും നമ്മുടെയൊക്കെ വീട്ടിലെ സന്തത സഹചാരികളായിരുന്നു . പ്രജനനം കൂടുമ്പോള്‍ അവയെയൊക്കെ ചാക്കിലാക്കി ദൂരെ എവിടെയെങ്കിലും കൊണ്ട് വിടുന്ന പതിവും ഉണ്ടായിരുന്നു പക്ഷെ പിറ്റേന്ന് കാലത്ത് തന്നെ അവയില്‍ മിക്കതും സ്വന്തം വീട് തേടി തിരിച്ചെത്തുകയും ചെയ്യും . ഇത്തരുണത്തില്‍ ഞാന്‍ ഓര്‍ത്തു പോകുന്നു എന്റെ വീട്ടിലെ ഒരു പട്ടി വിവാഹ ശേഷം പിറ്റേ ദിവസം തന്നെ പത്തു മൈല്‍ അകലെയുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയിരുന്നു . വലിയൊരു പട്ടി ആയിരുന്നതിനാല്‍ ഭര്‍ത്താവിന്റെ സഹോദരന്‍ ഞെട്ടി പോയി അങ്ങനെ പോകുന്നു കഥകള്‍ .
പട്ടിയുടെയും പൂച്ചയുടെയും മറ്റ് മൃഗങ്ങളുടെയും ഒക്കെ സ്‌നേഹം പറഞ്ഞറിയിക്കാവതല്ല . മിണ്ടാപ്രാണികള്‍ കൂടെ കൂട്ടി വളര്‍ത്താന്‍ പറ്റിയ കൂട്ടങ്ങള്‍ തന്നെ ഇവര്‍ കൂറും സ്‌നേഹവും മനുഷ്യരേക്കാള്‍ അധികം കാണിക്കുന്നവര്‍ .
എന്തായാലും ഇവിടെ അവകളോട് കാണിക്കുന്ന സ്‌നേഹവും കരുതലും ഒന്ന് വേറെ തന്നെയാണ് ചിലപ്പോഴെങ്കിലും ഒരു പട്ടിയെ വളര്‍ത്തുന്നതിനെക്കുറിച്ച് അവയുടെ സ്‌നേഹം ആസ്വദിക്കുന്നതിനെക്കുറിച്ചും ആശിച്ചു പോകുന്നു .
മേരി മാത്യു മുട്ടത്ത്