Image

മാഞ്ഞു പോകുന്ന വാക്കുകൾ (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 35)

Published on 19 December, 2021
മാഞ്ഞു പോകുന്ന വാക്കുകൾ (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 35)

'പാളാക്ക്' അങ്ങനെ ഒരു വാക്കുണ്ടായിരുന്നു, അങ്ങനെ പേരുള്ള ഒരു വസ്തുവുണ്ടായിരുന്നു.അടുക്കള പുറത്തിട്ട അമ്മിത്തലക്കൽ ആണ് പാളാക്ക് ഉണ്ടാകുക.കവുങ്ങിന്റെ പട്ടയിൽ നിന്ന് കത്തി കൊണ്ട് ചെത്തി ചീവിയെടുത്ത് ഉണ്ടാക്കുന്ന ഒരു കുഞ്ഞു സമചതുരകഷണം. അരപ്പ് മാടാൻ ഉപയോഗിക്കുന്നത്.ചെനച്ച മൂവാണ്ടൻ മാങ്ങയും, ചുട്ട മുളകും, അരപ്പിടി നാളികേരവും, കല്ലുപ്പും ചേർത്ത് അമ്മിക്കല്ലിൽ വച്ചു ചമ്മന്തി അരച്ചിട്ട് അമ്മൂമ്മ പാളാക്ക് കൊണ്ട് അമ്മിയും, കുട്ടിയും മാടിയെടുക്കും.എന്നിട്ട് ആ പാളാക്കിന്റെ തുമ്പത്ത് ഉള്ള ചമ്മന്തി വിരൽത്തുമ്പ് കൊണ്ട് തോണ്ടി വായിൽ വച്ചു തരും.

അമ്മി മാടാൻ മാത്രമല്ല, അരകല്ല് മാടാനും പാളാക്ക് വേണമായിരുന്നു.വെയിൽ മങ്ങി തുടങ്ങുമ്പോൾ വെള്ളം കോരി ആട്ടുകല്ലും കുട്ടിയും കഴുകി രണ്ടാൾ അപ്പുറത്തും, ഇപ്പുറത്തും ഇരിക്കും.ഒരാൾ അരക്കും, ഒരാൾ മാടും.വളരെ താളത്തോടെ, ഭംഗിയിൽ ചെയ്യുന്ന ഒരു പ്രവർത്തി ആയിരുന്നു അത്.അതിന് ഒരു ഈണം ഉണ്ടായിരുന്നു.

മാവ് അരച്ചു കഴിഞ്ഞു അടുക്കളയിൽ ചെന്നാൽ, അത്താഴത്തിന്റെ അരി വാർത്തു കഴിഞ്ഞു ചുവന്ന് കിടക്കുന്ന അടുപ്പിൽ ഒരു ഇരുമ്പ് ചീനച്ചട്ടി വച്ച് ഈ മാവിൽ നിന്ന് ഒരു നാല് തവി കോരി മാറ്റി ,അതിലേക്ക് കുറച്ചു നാളികേരവും, കുഞ്ഞുള്ളിയും, ജീരകവും, ചോന്ന മുളകും, വേപ്പിലയും ചതച്ചിട്ട്, അപ്പോഴേക്കും ചൂടായ ചീന ചട്ടിയിലേക്ക് ഇത്തിരി  നല്ലോണം പോലെ നല്ലെണ്ണ തൂകി മാവ് കട്ടിയിൽ ഒഴിച്ചു മൂടി വച്ചു വേവിച്ചെടുക്കും.അത്താഴത്തിന് മുൻപത്തെ വിശപ്പിന് ഒരു കുഞ്ഞു സ്നാക്ക്. ഞാൻ ഒരു പാളാക്ക് കണ്ടിട്ട് വർഷങ്ങൾ ആയി.ഇപ്പോൾ ആ വസ്തുവും ഇല്ല, വാക്കും ഇല്ല, രണ്ടും മറഞ്ഞു പോയി."മാടുക" എന്ന ക്രിയാ പദവും ആരെങ്കിലും പറഞ്ഞു കേട്ടിട്ട് ഏറെയായി.

നിലം തല്ലിയും, കൽപ്പാണിയും പുറത്തെടുക്കുക വൃശ്ചികം-ധനു മാസത്തിൽ ആണ്.പറമ്പിൽ നിന്ന് നല്ല മണ്ണ് കിളച്ചു കൊണ്ട് വന്ന് മുറ്റത്ത് ഇട്ട്, വെള്ളം ഒഴിച്ചു കുഴച്ച് കൽപ്പാണി കൊണ്ട് തേമ്പി, നിലം തല്ലി കൊണ്ട് തല്ലി നിരത്തും.എന്നിട്ട് കരിയിട്ട ചാണകം കൊണ്ട് മെഴുകി മിനുക്കും.ധനു മാസത്തെ നിലാവിൽ ഈ മെഴുകിയ മുറ്റം തിളങ്ങും.സന്ധ്യ കഴിഞ്ഞു നിലാവെളിച്ചത്തിൽ ആണ് മുറ്റം തല്ലുക. സന്ധ്യയ്ക്ക് വീടുകളിൽ നിന്ന് നിലം തല്ലുന്ന ഒച്ച കേൾക്കും.ഒപ്പം കുളിച്ചു, ശരണം വിളിച്ചു, മഞ്ഞത്തു കൂടി , പാടവരമ്പത്തു കൂടി നടന്നു പോകുന്ന സ്വാമിമാരുടെ ശരണം വിളിയൊച്ചകൾ ഇടകലരും. നിലം തല്ലി എന്നും, കൽപ്പാണി എന്നും ഇപ്പൊ ആരെങ്കിലും ഒക്കെ പറയാറുണ്ടോ ആവോ ?

ചാണം തേച്ചു കറുപ്പിച്ച ഓല പനമ്പ് രണ്ട് കയർ വളയങ്ങളിൽ ആണ് തൂക്കിയിടുക.മകരത്തിലെ കൊയ്ത്ത് കഴിഞ്ഞാൽ മുറ്റത്ത് പനമ്പുകൾ ചേർത്ത് വിരിച്ചിട്ട് പുഴുങ്ങിയ  നെല്ല്‌ ഉണക്കും.ഇടയ്ക്ക്, ഇടയ്ക്ക് പനമ്പിലൂടെ വട്ടത്തിൽ നടന്ന് നെല്ല് ചിക്കണം. നെല്ല് കുത്തി കൊണ്ട് വന്നാൽ അരി പനമ്പിലേക്ക് ചെരിഞ്ഞിട്ട് മുറം കൊണ്ട് ചേറി, പാറ്റി വലിയ അരിയും, പൊടിയരിയും ആക്കും.

വൃശ്ചികം-മകരം മാസത്തിൽ അടുക്കളക്ക് പുറത്ത്, ഓല മെടഞ്ഞു മറച്ച ഒരു കുഞ്ഞു അടുക്കളയിൽ കല്ല് പൂട്ടി ഒരു അടുപ്പ് ഉണ്ടാക്കും.പറമ്പിൽ ഇഷ്ട്ടം പോലെ പൊഴിയുന്ന ചവർ ഓലവല്ലിയിൽ അടിച്ചു കൂട്ടി കൊണ്ട് വന്ന് ഈ അടുപ്പിൽ കൂട്ടി കത്തിച്ചു അതിൽ പൊടിയരി വേവിക്കും.മെഴുകി മിനുക്കിയ നിലത്ത് തെരിക ഇട്ടിരുന്ന്, ഒരു മുളംകോലു കൊണ്ട് കുറേശ്ശെയായി ചവർ അടുപ്പിന്റെ ഉള്ളിലേക്ക് നീക്കി കൊണ്ടിരിക്കും.ധനു,വൃശ്ചികത്തിലെ മഞ്ഞിൽ മുങ്ങിയ പുലരിയിലും, സന്ധ്യയ്ക്കും ഈ അടുപ്പിന്റെ അരികത്തു തീ കാഞ്ഞിരിക്കുന്നതിന്റെ സുഖം ഒന്ന് വേറെയാണ്.

പനമ്പ്, തെരിക, വല്ലി,ചിക്കുക, ചേറുക,ചവറ് ഈ വാക്കുകൾ ഒക്കെ എവിടെയോ പോയി...ഒരു കാലത്ത് ജീവിതത്തിന്റെ കൂടെ ഉണ്ടായിരുന്ന വാക്കുകൾ, ഇപ്പോൾ ഓർമയിൽ നിന്ന് കൂടി മായുന്നു.

വാക്കുകൾ , ഒരു നിമിഷത്തിൽ എവിടെയോ പൊട്ടി കുരുത്ത്, തളിർത്തു പൂവിട്ട്, പിന്നെ മാഞ്ഞും, മറഞ്ഞും മരിച്ചു പോകുന്ന ചില വാക്കുകൾ..പതുക്കെ, പതുക്കെ ആരും പറയാതെ ആകുന്ന വാക്കുകൾ, ആരും അറിയാതെ മാഞ്ഞു പോകുന്ന വാക്കുകൾ.നാവിൻ തുമ്പിൽ നിന്ന്, സ്‌മൃതിയിൽ നിന്ന് ഇല്ലാതെ ആകുന്ന വാക്കുകൾ ...വരുന്ന തലമുറക്ക് പകർന്ന് കൊടുക്കാത്ത, അവർ കേൾക്കാത്ത, തുടർച്ചയില്ലാത്ത വാക്കുകൾ....ആ വാക്കുകൾക്ക് വേണ്ടി ഒരു  തിലകോദകം.

https://emalayalee.com/writer/201

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക