ആഡംബരങ്ങളോടെയും പരേഡിന്റെ ആരവങ്ങളോടെയും അങ്ങേയറ്റം അഭിമാനത്തോടെ ഇന്ത്യ അതിന്റെ 72-ാം റിപ്പബ്ലിക് ദിനം കൊണ്ടാടുമ്പോൾ, രാജ്യം ഭരണഘടനയ്ക്ക് അനുസൃതമായാണോ നീങ്ങുന്നത് എന്ന് പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. 1935-ലെ കൊളോണിയൽ ഗവൺമെന്റ് ആക്ടിന് പകരമായാണ് 1950 ജനുവരി 26-ന് ഇന്ത്യ ഒരു ഭരണഘടനാപരമായ റിപ്പബ്ലിക്കായി മാറുന്നത്. പ്രജകളിൽ നിന്ന് പൗരന്മാരിലേക്കും
അടിച്ചമർത്തലിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും ജീവിതം വഴിമാറിയ ദിവസം ഒരു ഇന്ത്യക്കാരനും വിസ്മരിക്കാനാവില്ല.
ഏത് നാട്ടിലാണ് ജീവിക്കുന്നതെങ്കിലും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ദേശത്തോടുള്ള ആദരവും അഭിമാനവും ജ്വലിച്ചുനിൽക്കുന്നത് തീർച്ചയായും ഇക്കാരണം കൊണ്ടാണ്.
രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിനുള്ള അധികാരങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന ചട്ടക്കൂടാണ് ഇന്ത്യൻ ഭരണഘടന. 1929 ജനുവരി 26 നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 'പൂർണ്ണ സ്വരാജ്' എന്ന പ്രസിദ്ധമായ പ്രഖ്യാപനം നടത്തിയത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്ന് രവി നദിയുടെ തീരത്ത് ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തു. ബി.ആർ.അംബേദ്കർ അധ്യക്ഷനായ സമിതി, ഭരണഘടനയുടെ കരട് അസംബ്ലിയിൽ അംഗീകരിച്ചപ്പോൾ, അന്നേ ദിവസമായിരിക്കും ഭരണഘടനാരൂപീകരണത്തിന് ഏറ്റവും യോജ്യമെന്ന് പലരും ചിന്തിച്ചതിന്റെ ഫലമായാണ് 'ജനുവരി 26' ആ മഹത്തരമായ കർമ്മത്തിന് തിരഞ്ഞെടുത്തത്.
ഭരണഘടനയുടെ പ്രഖ്യാപനത്തിൽ നിന്ന് തന്നെ അതിന്റെ ലക്‌ഷ്യം വളരെ വ്യക്തമാണ് :
"ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കാനും എല്ലാ പൗരന്മാർക്കും: നീതി, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ചിന്താ സ്വാതന്ത്ര്യം ഉറപ്പാക്കാനും ഞങ്ങൾ ഇന്ത്യൻ ജനത, ഗൗരവപൂർവം നിശ്ചയിച്ചിരിക്കുന്നു. ആവിഷ്കാരം, വിശ്വാസം, ആരാധന; പദവിയുടെയും അവസരങ്ങളുടെയും സമത്വം; വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുനൽകുന്ന സാഹോദര്യവും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു."
ബി.ആർ.അംബേദ്കറുടെ ഈ ആശയം ഉൾച്ചേർത്ത് മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും പോലുള്ള നേതാക്കൾ ഇന്ത്യൻ ജനതയ്‌ക്ക് വേണ്ടി സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും ഒരു നവ്യാനുഭവം അവതരിപ്പിക്കുകയാണോ ചെയ്തത്.
ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലുള്ള അടിച്ചമർത്തലും വരേണ്യവർഗത്തിന്റെ ജന്മിത്വ /ജാതിയിൽ വേരൂന്നിയ നയങ്ങളിൽ നിന്നും അതിക്രൂരമായ വിവേചനങ്ങൾ നേരിട്ടും ആടിയുലഞ്ഞവരാണ് ഇന്ത്യൻ ജനത. സ്വന്തം വിധി നിയന്ത്രിക്കാൻ ഇടയ്ക്കിടെ കൊളോണിയലിസ്റ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ വരേണ്യ/ ഫ്യുഡലിസ്റ് ശക്തികൾ മടിച്ചില്ലെന്നോർക്കണം.
ഇന്ന്, കേരളത്തെ പുരോഗമന സംസ്ഥാനമായി കണക്കാക്കപ്പെടുന്നതിന് പ്രധാനമായും നെഹ്‌റുവിയൻ ദർശനത്തിനും കഴിഞ്ഞ അറുപത് വർഷങ്ങളായി പരിഷ്കരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പ്രാദേശിക നേതൃത്വത്തിനോടുമാണ് കടപ്പെട്ടിരിക്കുന്നത്. ആ ഒരു കാലഘട്ടത്തിന് മുമ്പ്, കേരളത്തിലെ പ്രവിശ്യകളിൽ താഴ്ന്ന ജാതിക്കാരോട് അങ്ങേയറ്റം ക്രൂരമായ നിയമങ്ങളുണ്ടായിരുന്നെന്ന് 'കേരളം: ടൈറ്റസ് ജോർജിന്റെ ഒരു അവലോകനം' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ മധ്യകാല യുഗത്തിൽ കത്തോലിക്കാ സഭയിലെ വൈദികർക്ക് ലഭിച്ചിരുന്നതുപോലെ, ഉയർന്ന ജാതിക്കാർക്ക് നികുതി ഇളവ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. അടിമത്ത സമ്പ്രദായം കുറ്റകരമായിരുന്നില്ല,കരാറടിസ്ഥാനത്തിൽ വേലയെടുപ്പിക്കുന്നതിനും അടിമകളെ ലേലം ചെയ്യാനും നിയുക്ത സ്ഥലങ്ങൾ ഉണ്ടായിരുന്നു. ഭൂവുടമകൾക്ക് അവരുടെ അടിമകളെ കൊല്ലാൻ പോലും അധികാരമുണ്ടായിരുന്നു.
ബ്രാഹ്മണരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അവർ തന്നെ നിയമങ്ങൾ ഉണ്ടാക്കുകയും ഓരോ ജാതിക്കാർക്ക് നേരെയും വ്യത്യസ്തമായി പ്രയോഗിക്കുകയും ചെയ്തു.
മോഷണം, ഗോവധം എന്നീ കുറ്റകൃത്യങ്ങൾക്ക് കീഴ്ജാതിക്കാർ വധശിക്ഷയ്ക്ക് വിധേയരായിരുന്നു. ആനയെക്കൊണ്ട് ചവിട്ടിച്ചും പീരങ്കികൊണ്ടും ഒക്കെയായിരുന്നു ശിക്ഷാവിധി. തൂക്കിലേറ്റിയുള്ള വധശിക്ഷ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയ ആയിരുന്നു. 'ചിത്രവധം' എന്നാണിത് അറിയപ്പെടുന്നത്. അംഗഭംഗം ചെയ്യുന്നതായിരുന്നു മറ്റൊരു ശിക്ഷാവിധി.
ഭൂരിഭാഗം കുടിയാന്മാർക്കും പശുക്കളെ വളർത്താനോ, നല്ല വസ്ത്രങ്ങൾ ധരിക്കാനോ, കെട്ടുറപ്പുള്ള വീട്ടിൽ താമസിക്കാനോ, ലോഹ പാത്രങ്ങൾ ഉപയോഗിക്കാനോ, സ്വർണ്ണാഭരണങ്ങൾ ധരിക്കാനോ, ട്രെയിനിലോ വാഹനങ്ങളിലോ യാത്ര ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല. നിയമം ലംഘിച്ചാൽ, പലപ്പോഴും വലിയ പിഴ ചുമത്തുകയും കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.
താഴ്ന്ന ജാതിക്കാരുടെ വിവാഹങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിരുന്നു, അവരുടെ അംഗസംഖ്യ വർദ്ധിക്കാതിരിക്കാൻ വേണ്ടി ആയിരുന്നിരിക്കാം അങ്ങനൊരു നിയമം. പിന്നോക്ക സമുദായക്കാർക്ക് പൊതുവഴികൾ ഉപയോഗിക്കുന്നതും നിഷിദ്ധമായിരുന്നു, ഒരു ബ്രാഹ്മണനോ നായരോ നടന്നുപോകുമ്പോൾ നിശ്ചിത ദൂരം പാലിക്കാത്ത കീഴാളരെ ഒറ്റയടിക്ക് വെട്ടിമാറ്റും. ഈഴവർക്ക് ബ്രാഹ്മണരിൽ നിന്ന് 32 അടി അകലം പാലിക്കേണ്ടി വന്നു. താഴ്ന്ന ജാതിക്കാർക്ക് ചെരുപ്പ് ധരിക്കാനും കനത്ത മഴയിൽ പോലും പൊതുസ്ഥലത്ത് കുട പിടിക്കാനും കഴിഞ്ഞിരുന്നില്ല. കീഴാള സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശവും നൽകിയിരുന്നില്ല. തൊട്ടുകൂടായ്മ വളരെ വ്യാപകമായി ആചരിച്ചിരുന്നു. ക്ഷേത്രങ്ങളിളോട് ചേർന്നുള്ള ഇടവഴികളിലൂടെ നടക്കാൻ പോലും താഴ്ന്ന ജാതിക്കാരെ അനുവദിച്ചിരുന്നില്ല.
നൂറ് വർഷങ്ങൾക്ക് മുമ്പ്, സ്വാമി വിവേകാനന്ദൻ കേരളത്തിലെ കർക്കശവും ക്രൂരവുമായ ജാതി വ്യവസ്ഥയിൽ അമ്പരന്നുകൊണ്ട് , 'കേരളം ഒരു ഭ്രാന്താലയം ' എന്ന് വിശേഷിപ്പിച്ചു.
ശ്രേണി തിരിച്ചുള്ള ഈ ജാതിവ്യവസ്ഥയെ വളരെ വേഗത്തിലും സമൂലമായും തകർക്കാൻ ബ്രിട്ടീഷുകാർ ആഗ്രഹിച്ചില്ല. 'വിഭജിച്ചുകൊണ്ടുള്ള ഭരണം' എന്ന അവരുടെ ലക്ഷ്യത്തിന് ഈ ഘടകം ഏറെ സഹായകമാവുകയും ചെയ്തു. എന്നിരുന്നാലും, അടിമത്തത്തിന്റെ ആ ചങ്ങല ക്രമേണ അഴിഞ്ഞുവീണു.
മിഷനറികൾ നടത്തിയിരുന്ന സ്‌കൂളുകളിൽ പാശ്ചാത്യ വിദ്യാഭ്യാസം നൽകിക്കൊണ്ട് താഴ്ന്ന ജാതിക്കാർക്കും ഉയർന്ന ജാതിക്കാർക്കും ഇടയിലുള്ള അനീതികളെയും വിവേചനത്തെയും കുറിച്ചുള്ള അവബോധവും സമത്വബോധവും സൃഷ്ടിക്കാനായി. ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, അയ്യങ്കാളി എന്നീ മഹാരഥന്മാരായ പരിഷ്കർത്താക്കളും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരവും ജാതി വിവേചനത്തിനെതിരെ പോരാടാനും അതിന് അന്ത്യം കുറിക്കാനും സാമൂഹിക നവീകരണത്തിനും പുരോഗതിക്കും മുന്നോട്ടുള്ള പാത വെട്ടിതെളിക്കുന്നതിനും വഴിയൊരുക്കി.
ഡോ.പത്മനാഭൻ പൽപ്പുവിന്റെ ജീവിതകഥയിൽ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള ഒരു വ്യക്തിയുടെ പോരാട്ടത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, 12-ാം വയസ്സിൽ ഒരു യുറേഷ്യൻ അധ്യാപകനിൽ നിന്നാണ് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയത്. തന്റെ ജ്യേഷ്ഠനെപ്പോലെ അദ്ദേഹവും, ക്രിസ്ത്യൻ മിഷനറിമാരുമായുള്ള കുടുംബത്തിന്റെ ബന്ധം ഉപയോഗിച്ച് ഈഴവരെ സ്‌കൂളിൽ ഹാജരാകുന്നതിൽ നിന്ന് വിലക്കിയിരുന്ന രാജ്യത്തിലെ പതിവ് നിയമം ഒഴിവാക്കാൻ ശ്രമിച്ചിരുന്നിരിക്കാം. എന്നാൽ, ജാതിയുടെ പേരിൽ തിരുവിതാംകൂർ മെഡിക്കൽ കോളേജിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. പിന്നീട്, തമിഴ്നാട്ടിലെ മെഡിക്കൽ കോളേജിൽ ചേർന്നാണ് മെഡിക്കൽ ബിരുദം നേടിയത്. ലണ്ടനിലും കേംബ്രിഡ്ജിലും മെഡിക്കൽ പരിശീലനം തുടർന്നെങ്കിലും മെഡിസിൻ, സർജറി എന്നിവയിൽ ലൈസൻസ് നേടിയ ശേഷം അദ്ദേഹം
ഇന്ത്യയിൽ തിരിച്ചെത്തി. തിരുവിതാംകൂർ ഹെൽത്ത് സർവീസിൽ ജോലി ലഭിക്കുന്നതിനും തടസം തന്റെ ജാതിയാണെന്ന് മനസ്സിലായതോടെ മൈസൂരിലേക്ക് സ്ഥലം മാറാൻ നിർബന്ധിതനായ അദ്ദേഹം , അവിടെ ചീഫ് മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
ചരിത്രപരമായ ഈ വസ്തുതകൾ ഇപ്പോൾ പരാമർശിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ചിലരെങ്കിലും ആശ്ചര്യപ്പെടുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നിട്ട വഴി മറക്കുന്നതാണ് മുന്നോട്ടുള്ള പ്രയാണം പലപ്പോഴും ശ്രമകരമാക്കി തീർക്കുന്നത്. ഇന്നത്തെ നിലയിലേക്ക് എത്തിച്ചേരുന്നതിന് നമ്മുടെ മുൻഗാമികൾ താണ്ടിയ ദുർഘടമായ പാതകൾ ഓർമ്മിക്കേണ്ടതുണ്ട്. 1950-ന് മുൻപുള്ള ഇന്ത്യ എന്തായിരുന്നെന്ന ചിത്രം വരച്ചിട്ടത് ആ ഉദ്ദേശത്തോടെയാണ്. കേരളം വളരെ ദൂരം മുന്നോട്ട് പോയിട്ടുണ്ടെങ്കിലും, പുരാതനകാലത്ത് പിന്തുടർന്നുപോന്ന നിന്ദ്യമായ ആചാരങ്ങളുടെ അവശിഷ്ടങ്ങൾ പല സംസ്ഥാനങ്ങളിലും ഇപ്പോഴും നിർലജ്ജമായി പിന്തുടരുന്നുണ്ട്.
ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ബ്രിട്ടീഷ് പൈതൃകത്തെക്കുറിച്ചുള്ള കഥകളുടെ പെരുമഴ അടുത്തിടെയായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് ശരിയാണ്താനും.
അതെ സമയം, നമ്മുടെ സ്വന്തം തെറ്റുകളും പോരായ്മകളും ന്യായീകരിക്കുന്നതിനും മറയ്ക്കുന്നതിനും കുറച്ചുകാട്ടുന്നതിനും നമുക്ക് മടിയില്ല താനും. അതിനു പലവിധ ന്യായീകരണങ്ങൾ നാം കണ്ടെത്തും.
അത് പോലെ തന്നെ ബ്രിട്ടീഷുകാർ വന്നില്ലായിരുന്നെങ്കിൽ നമ്മുടെ രാജ്യം മറ്റൊരു ഭ്രമണപഥത്തിൽ എത്തിച്ചേരുന്നമായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിലും ചില എഴുത്തുകാർ വിജയിച്ചേക്കും. പക്ഷെ ഇവിടെയൊക്കെ വസ്തുതകൾ തമസ്കരിക്കപ്പെടുന്നു.
അംബേദ്കർ സ്വപ്നം കാണുകയും ഗാന്ധിജി ജീവൻ ബലിയിപ്പിക്കുകയും നെഹ്രു വാർത്തെടുക്കുകയും ചെയ്ത ഇന്ത്യയെയാണ് നാം ഇന്ന് കാണുന്നത്. മഹത്തായ ഭരണഘടന രൂപീകരിക്കുന്നതിനുവേണ്ടി നിശ്ചയദാർഢ്യത്തോടെയും നിലയ്ക്കാത്ത ആവേശത്തോടെയും ധീരരായ സ്ത്രീകളും പുരുഷന്മാരും ചേർന്ന് നടത്തിയ ഇതിഹാസ യാത്രയാണിത്.
ജാതി, ഉപജാതി, മതം എന്നിവയുടെ പേരിൽ വിഭജിക്കപ്പെട്ട് അറുന്നൂറോളം സ്വേച്ഛാധിപതികളുടെ ഭരണത്തിനുകീഴിൽ താമസിച്ചിരുന്നവർക്ക് മുന്നിൽ പെട്ടെന്ന് സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ അവസരം തുറന്നുകിട്ടുകയായിരുന്നു.
ഈ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, എഴുപത്തിരണ്ട് വർഷം മുൻപത്തെ അവസ്ഥയിലേക്ക് രാജ്യത്തെ തിരിച്ചു കൊണ്ട് പോകാൻ അവസരം കാത്ത് ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ പതുങ്ങിയിരിക്കുന്നു. അവർ വീണ്ടും നമ്മുടെ നിയന്ത്രണം കയ്യാളുമോ എന്ന് ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
എന്തുതന്നെയായാലും, ഇന്ത്യൻ ചരിത്രത്തിൽ നവോത്ഥാനത്തിന്റെയും നവീകരണത്തിന്റെയും ഏറ്റവും മഹത്തരമായ ഏടായി റിപ്പബ്ലിക് ദിനം നിലകൊള്ളുന്നു എന്നതിൽ തർക്കമില്ല.