Image

അതിമാനുഷിക ശിശുക്കൾ വരവായി (സന്തോഷ് പിള്ള) 

Published on 06 March, 2022
അതിമാനുഷിക ശിശുക്കൾ വരവായി (സന്തോഷ് പിള്ള) 

ഫുങ് വിൻ അന്ന് ജോലിയിൽ എത്തിയപ്പോൾ വളരെ വിഷാദവതിയായിരുന്നു. എപ്പോഴും പുഞ്ചിരി പൊഴിച്ച് പ്രസരിപ്പോടെ സഹപ്രവർത്തകർക്കെല്ലാം ആഹ്‌ളാദം പകർന്നു നൽകിയിരുന്ന ഫുങിന് എന്തുസംഭവിച്ചു?

ജോലിത്തിരക്കൊഴിഞ്ഞ സമയത്ത് വ്യസനകാരണം അന്വേഷിച്ചപ്പോൾ. അവർ ഗദ്ഗദകണ്ടയായി അറിയിച്ചു. "എനിക്കുള്ള ഒരേയൊരു മകളുടെ വിവരങ്ങൾ നിങ്ങൾക്കെല്ലാം അറിയാവുന്നതല്ലേ? ആനി കഴിഞ്ഞ മാസമാണ്  റെസിഡൻസി എല്ലാം കഴിഞ്ഞ് ഡോക്‌റായി ജോലിയിൽ  പ്രവേശിച്ചത്. ആറുമാസം കഴിഞ്ഞ്  അവളുടെ സഹപാഠിയുമായിട്ടുള്ള വിവാഹവും നിശ്ചയിച്ചിരിക്കുകയാണ്. ആനിയുടെ മുപ്പതാമത്തെ ജന്മദിനം അടുത്തയാഴ്ച വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു..

ഇന്നലെ, ഇന്നലെയാണ് ആ ദുരന്ത വാർത്ത സ്ഥിരീകരിച്ചത്.  അവൾക്ക് സ്തനാർബുദം പിടിപെട്ടിട്ടുണ്ട്..”

വ്യസനം പൊതുസ്ഥലങ്ങളിൽ പ്രകടിപ്പിക്കാതിരിക്കുക എന്ന അമേരിക്കൻ സ്വഭാവം, വിയറ്റ്നാമിൽ ജനിച്ച ഫ്യൂങ്ങിനുണ്ടായിരുന്നതിനാൽ, കണ്ണുനീരിനെ തടകെട്ടി നിറുത്താൻ പ്രയാസപ്പെടുന്നതായി കാണപ്പെട്ടു. ആനിയുടെ ഉയർച്ചയുടെ ഓരോ പടവുകളും  സഹപ്രവർത്തകരുമായി ഒത്തുചേർന്ന് വലിയ പാർട്ടികളാക്കി  ഫുങ് ആഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ആനിയുടെ രോഗം, സ്വന്തം കുടുംബാംഗത്തിന് സംഭവിച്ച   ദുര്യോഗമായി സഹപ്രവർത്തകർക്കെല്ലാം അനുഭവപെട്ടു.

എല്ലാവരുടെയും ആശ്വാസവചനങ്ങൾക്കു ശേഷം ആനിയുടെ അസുഖ വിവരങ്ങൾ  ഫുങ് പങ്കു വെച്ചു. ക്യാൻസർ തുടക്കത്തിലായതു കൊണ്ട് കീമോതെറാപ്പിയിലൂടെ അസൂഖം നിയന്ത്രിക്കാൻ സാധിക്കും. ആനിയുടെ പിതാവ് ആഷ്കെനാസി വിഭാഗത്തിലെ  ജൂത വംശനായത് കൊണ്ടാണ് ആനിക്ക് മുപ്പതാമത്തെ വയസ്സിൽ സ്തനാർബുദം പിടിപെട്ടത്. ഈ വംശത്തിൽ പിറക്കുന്ന നാൽപ്പതു സ്ത്രീകളിൽ ഒരാൾക്ക് ചെറുപ്രായത്തിൽ തന്നെ അർബുദം വരുമത്രെ.

BRCA 1, BRCA2 ജീനുകൾക്ക് സംഭവിക്കുന്ന വ്യതിയാനമാണ് രോഗ കാരണം. 

പിന്നീടുള്ള ദിവസങ്ങളിൽ ഫുങ്, ആനിയുടെ ചികിത്സാക്രമങ്ങൾ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. കീമോ ആരംഭിച്ചാൽ പ്രതുല്പാദന കോശങ്ങളെ പ്രതികൂലമായി  ബാധിക്കുമെന്നതിനാൽ, അണ്ഡകോശങ്ങളെ ശരീരത്തിന് വെളിയിലെടുത്ത് ഇൻവിട്രോ ഫെർട്ടിലൈസഷൻ (IVF) എന്ന ചികിത്സാരീതി അവലംബിക്കാൻ തീരുമാനിച്ചു.

ചികിത്സയുടെ ഭാഗമായി  ഹോർമോണുകൾ നൽകി കുറഞ്ഞ കാലയളവിൽ അനേകം അണ്ഡങ്ങളെ പാകപ്പെടുത്തി എടുക്കും. വളർച്ച പ്രാപിച്ച അണ്ഡങ്ങളെ, ശരീരത്തിന് വെളിയിൽ എടുത്ത് ഒരു ലബോറട്ടറിയിൽ വച്ച്, പുരുഷ ബീജങ്ങളുമായി, സങ്കലനം നടത്തും. അങ്ങനെ ഭ്രൂണങ്ങളെ സൃഷ്ടിച്ചെടുത്ത്, അനുകൂല സാഹചര്യം ഒത്തുവരുന്നതുവരെ ശീതീകരിച്ച് സൂക്ഷിക്കും.

ഭ്രൂണങ്ങളെ ജനതിക വിശകലനം നടത്തി സ്തനാർബുദം പോലുള്ള  ജനതിക അസുഖങ്ങൾ വരാനുള്ള സാദ്ധ്യതകളും ഒഴിവാക്കും. അനേകം ഭ്രൂണങ്ങൾ ശീതികരിച്ച് സൂക്ഷിച്ചതിനു ശേഷം മാത്രമേ കീമോതെറാപ്പി ആരംഭിക്കുകയുള്ളൂ എന്നും ഫുങ്ങ് അറിയിച്ചു. 

IVF എന്ന ചികിത്സാ രീതിയെ കുറിച്ച് കൂടുതൽ അറിയാൻ ഒരു കൗതുകം തോന്നി. വികസിത രാജ്യങ്ങളിൽ പലരും ഈ ചികിത്സാ രീതി അവലംബിക്കാൻ ആരംഭിച്ചിരിക്കുന്നു. ഒരുലക്ഷത്തി അമ്പതിനായിരം ഡോളർ മുതൽ രണ്ടുലക്ഷം ഡോളർ വരെയാണ് IVFൻറെ ഇപ്പോഴത്തെ ചിലവ്. ഭ്രൂണങ്ങളെ ജനിതക വിശകലനത്തിനു വിധേയമാക്കുന്നത് കൊണ്ട് ജനിതക രോഗങ്ങളിൽ നിന്നും വരും തലമുറയെ രക്ഷിക്കാം എന്നതാണ് ഒരു ഗുണം. 

പലകാരണങ്ങൾ മൂലം കുട്ടികൾ ഉണ്ടാകാത്തവർക്ക് IVF ഒരനുഗ്രഹം തന്നെയാണ്.  ഇപ്പോഴത്തെ വിജയനിരക്ക് 48 ശതമാനം ആകുന്നു. ജനിക്കാൻ പോകുന്ന കുട്ടികളുടെ ലിംഗനിർണയം, ചർമ്മനിറം, കണ്ണുകളുടെ നിറം എന്നിവയെല്ലാം മുൻകൂട്ടി അറിയുവാൻ സാധിക്കും. ബുദ്ധിശക്തിയും, കായികശക്തിയുമെല്ലാം മുൻകൂട്ടി നിര്ണയിക്കുവാനും, വേണമെങ്കിൽ നിർമ്മിച്ചെടുക്കാനും സാധിക്കുന്ന നിലയിലേക്ക് ശാസ്ത്രം ഇപ്പോൾ വളർന്നു കഴിഞ്ഞു. ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണം ലബോറട്ടറിയിൽ  കുറച്ചുദിവസം വളർത്തിയ ശേഷം, വാടക ഗർഭപാത്രത്തിൽ നിക്ഷേപിച്ച് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നു. ചികിത്സയുടെ വിജയസാധ്യത കണക്കിലെടുത്ത് ഒന്നിലധികം ഭ്രൂണങ്ങൾ നിക്ഷേപിക്കന്നതു മൂലം പലപ്പോഴും ഇരട്ടകളും, മൂന്ന് കുട്ടികളുമൊക്കെ ഒറ്റ പ്രസവത്തിൽ ഉണ്ടാവാറുണ്ട്.

അടുത്ത പത്തുവർഷത്തിനുള്ളിൽ കുട്ടികളെ വളർത്തിയെടുക്കാൻ സാധിക്കുന്ന കൃത്രിമ ഗർഭപാത്രം നിലവിൽ വരുമെന്ന് നെതെർലാൻഡ്  പ്രവചിച്ചു കഴിഞ്ഞു. ദ്രാവകം നിറച്ച ബലൂൺ പോലെയുള്ള കൃത്രിമ ഗർഭപാത്രം,  മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ നെതർലാന്റുകാര് ഇപ്പോൾ തന്നെ വിജയകരമായി ഉപയോഗിച്ചു വരുന്നു.

ഇന്ത്യക്ക് ഒളിംപിക്സിൽ ആദ്യമായി വ്യക്തിഗത ഇനത്തിൽ സ്വർണമെഡൽ ലഭിക്കുന്നത് 2008ൽ അഭിനവ്  ബിന്ദ്രക്കായിരുന്നു. അദ്ദേഹത്തിന്റെ കോടീശ്വരനായ പിതാവ് സ്വന്തം നിലയിൽ മകന് ഏറ്റവും മെച്ചപ്പെട്ട പരിശീലനം ലഭ്യമാക്കിയതു കൊണ്ടാണ് റൈഫിൾ ഷൂട്ടിങ്ങിൽ സ്വർണം ലഭിച്ചത്.

IVF മാർഗ്ഗത്തിലൂടെ ഇന്ത്യയിലെ ഒരു സമ്പന്നൻ, വാടക അമ്മമാരിലൂടെ, പതിനൊന്ന് കായിക താരങ്ങളായ വ്യക്തികളെ, ഒരേപോലെ വളർത്തിയെടുത്താൽ, ഇന്ത്യക്ക് ലോകോത്തര നിലവാരത്തിലുള്ളു ഒരു ഫുട്ബോൾ ടീമിനെ വാർത്തെടുക്കാൻ സാധിക്കും. ഇന്ത്യക്ക് ചെയ്യാമെങ്കിൽ സാമ്പത്തികമായും, ശാസ്ത്രീയമായും മുന്നിൽ നിൽക്കുന്ന വികസിത രാജ്യങ്ങൾക്കും ചെയ്യാമല്ലോ എന്ന വസ്തുതയും ശരിതന്നെ. എന്നിരുന്നാലും, കാൽപ്പന്തുകളി പ്രേമികൾക്കും, ഭാരതത്തെ സ്നേഹിക്കുന്ന വ്യക്തികൾക്കും, IM വിജയൻറെ കുടുംബത്തിലെ പതിനൊന്നുപേർ അടങ്ങിയ ഇന്ത്യൻ ഫുടബോൾ ടീം, 2042ലേയോ, 2046 ലേയോ  ലോകകപ്പിൽ മുത്തമിടുന്നു എന്ന് സ്വപ്നം കാണുന്നതിൽ തെറ്റുണ്ടോ?

ലോകത്തിലെ ഏതെങ്കിലും ഒരു സോക്കർ സ്റ്റേഡിയത്തിൽ ഇരുന്ന് ഇന്ത്യ ലോകകപ്പ് ജേതാക്കളാകുന്നത് കൺകുളിർക്കെ കണ്ടുകൊണ്ടിരിക്കുമ്പോൾ, ശ്രീഹരിക്കോട്ടയിൽ നിന്നും, ടെസ്സി തോമസ്സിന്റെയും, അബ്ദുൽ കലാമിന്റെയും കുടുംബക്കാർ നിർമ്മിച്ച, ഗഗനസഞ്ചാരികളെയും വഹിച്ചു കൊണ്ടുള്ള വാഹനം ചൊവ്വയെ ലക്ഷ്യമാക്കി പറക്കുന്നുണ്ടാവും. 

ആനി, കീമോ പൂർത്തിയാക്കി, രോഗ വിമുക്തയായി, രണ്ടുമാസത്തിനുള്ളിൽ സറോഗേറ്റ് അമ്മ പ്രസവിക്കുന്ന ആൺ, പെൺ ഇരട്ട കുഞ്ഞുങ്ങളെ വരവേൽക്കാനായി തയ്യാറായികൊണ്ടിരിക്കുന്നു. ഇരട്ട കുഞ്ഞുങ്ങളെ കിടത്താനുള്ള തൊട്ടിലിന്റെ സവിശേഷതകളെകുറിച്ചാണ് ഫുങ്ങ് ഇപ്പോൾ വാതോരാതെ  സംസാരിച്ചു കൊണ്ടേയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക