“മൂടിക്കെട്ടി നടക്കാൻ നിങ്ങൾ ഞങ്ങളെ അനുവദിക്കൂ. ഞങ്ങൾ എ ഡി 570 നും എ ഡി 632 നും ഇടയിലുള്ള വർഷങ്ങളിൽ നിന്നും വരുന്നു. സംസ്കാരത്തിന്റെ സൂര്യപ്രകാശം ഏൽക്കാൻ ഞങ്ങൾക്ക് കഴിവില്ല. നിങ്ങൾ ഞങ്ങളെ കാണരുത്. നിങ്ങൾ കാപാലികരാണ്. നിങ്ങൾ ഞങ്ങളുടെ മാനവും കന്യകാത്വവും കവരുകയില്ലെന്നു എന്തുറപ്പ്?”. ഇങ്ങനെയൊക്കെ വിശ്വാസികളായ പെൺകുട്ടികൾ പറയുമോ എന്നറിയില്ല എന്നാൽ മാധ്യമങ്ങളിൽ നിറയുന്നത് ഇത്തരം വാർത്തകളായിരുന്നു.
ഹിജാബിനെക്കുറിച്ച് കർണ്ണാടകയിൽ നടന്ന വിവാദത്തിനൊടുവിൽ സംസ്ഥാന ഗവൺമെന്റിന്റെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് കോടതി ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് ഉത്തരവിട്ടു. മതവികാരങ്ങളെയും, മറ്റു അഭിപ്രായങ്ങളെയും കണക്കിലെടുത്ത് ഇതിനെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും ഉണ്ടാകാം.
നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയത്തെ ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ് നമ്മുടെ ഭാരതം. ഇവിടെ എത്രയോ മതങ്ങൾ അവരുടെ ആചാരാനുഷ്ഠാനങ്ങൾ സമാധാനത്തോടെ പുലർത്തി കഴിയുന്നു. അതിനാൽ ആര് എന്ത് ധരിക്കണം എന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം ഓരോ വ്യക്തികളിലും നിക്ഷിപ്തമാണ്. എന്നിരുന്നാലും, ഒരു സ്കൂളിൽ യൂണിഫോം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? അവിടെ പഠിക്കുന്ന കുട്ടികൾ ബുദ്ധിപരമായോ, സാഹചര്യങ്ങളാലോ, സാമ്പത്തികമായോ വ്യത്യസ്തരായിരിക്കാം. എന്നാൽ വിദ്യ അഭ്യസിക്കുന്ന ആ കളരിയിൽ വിദ്യാർത്ഥികൾ എല്ലാവരും തുല്യരാണ് എന്നതാണ്.
ഇവിടെ മതാചാരങ്ങൾക്കു പ്രത്യേകത നൽകി ഒരു വിഭാഗത്തെ വ്യത്യസ്തമായി കാണേണ്ടതായ ഒരു ആവശ്യം ഇല്ല എന്നത് തന്നെയാണ് അഭിപ്രായപ്പെടാനുള്ളത്. എല്ലാ ജാതിമതസ്ഥരും ഒരുമിച്ചിരുന്ന് പഠിക്കുന്ന ഒരു സ്ഥലത്ത് കുറച്ചുപേരുടെ വസ്ത്രധാരണം വ്യത്യസ്തമാകുമ്പോൾ കുരുന്നു മനസ്സുകളിൽത്തന്നെ ജാതിമത വിശ്വാസങ്ങളുടെ വിവേചനം നാമ്പെടുക്കുവാനും, അവരെ വ്യത്യസ്തരായി കാണുവാനും പ്രവണത ഉണ്ടായേക്കാം. ഒരു ക്ലാസ്സ്മുറിയിൽ ഒരുമിച്ചിരുന്ന് പഠിക്കുന്ന കുട്ടികളിൽ ഓരോരുത്തരും അവരവരുടെ മാതാപിതാക്കൾ അവരെ മനസ്സിലാക്കികൊടുത്ത മതവിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കുന്നവരാകാം. എന്നാൽ ക്ലാസ് മുറികളിൽ അവർ പരസ്പരം കൂട്ടുകാരും, വിദ്യാർത്ഥികളുമാണ്.
ഇവിടെ ഹിന്ദു, മുസ്ലിം വിദ്യാർത്ഥി എന്നൊന്നും ഇല്ല. സ്വന്തം മതാചാരങ്ങളെയും വിശ്വാസങ്ങളെയും മനസ്സിൽ ഊട്ടിയുറപ്പിച്ച് സമൂഹത്തിൽ ഇവയുടെ പേരിൽ വിഭാഗങ്ങളാകാതെ മനുഷ്യനായി പരസ്പരം ബഹുമാനത്തോടും, സ്നേഹത്തോടും കഴിയണമെന്ന് കുട്ടികൾക്ക് മനസ്സിലാക്കികൊണ്ടുക്കേണ്ട പ്രാഥമിക കളരിയാകണം വിദ്യാലയം. വിശ്വാസങ്ങളാൽ വ്യത്യസ്തരാണെങ്കിലും ഒന്നിച്ചുകൂടുമ്പോൾ എല്ലാവരും ഒന്ന് എന്ന ആശയം ഇവിടെ നിന്നുമാകണമല്ലോ കുട്ടികളെ മനസ്സിലാക്കിപ്പിക്കേണ്ടത്? അതിനാൽ മതവിഭാഗങ്ങൾക്കനുസരിച്ച് വസ്ത്രധാരണ രീതി പള്ളിക്കൂടങ്ങളിൽ ആവശ്യമില്ല എന്നുതന്നെ പറയണം.
പള്ളികൂടങ്ങളിലല്ലാതെ പൊതുസ്ഥലങ്ങളിലെ കാര്യം നോക്കുകയാണെങ്കിൽ, ഹിന്ദുസ്ത്രീകൾ മുലകച്ചയും, മറക്കുടയും ദാസിമാരുമായും,ക്രൈസ്തവ സമൂഹത്തിലുള്ളവർ ചട്ടയും മുണ്ടും കാതിൽ തോടയും, മുസ്ലിം സ്ത്രീകൾ പർദ്ദയും ധരിച്ചിരുന്ന ഒരു കാലഘട്ടം നമ്മുടെ ഭാരതത്തിലും നിലനിന്നിരുന്നു.
ജാതിമതങ്ങൾക്കനുസരിച്ച് ജീവിതരീതിയിലും തൊഴിലിലും എല്ലാം വ്യത്യസ്തത നിലനിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അന്ന്. ഓരോ മതത്തിനും അവരുടേതായ രീതികളും ജീവിതനിലവാരവും നയിച്ചിരുന്ന യാഥാസ്ഥിതികരായുള്ള (orthodox) ആളുകളായിരുന്നു അന്ന്. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറാൻ തുടങ്ങി. മുലകച്ചയും മറകുടയും ചട്ടയും മുണ്ടും എല്ലാം ഇന്ന് സമൂഹത്തിൽനിന്നും അപ്രത്യക്ഷമായി. ഏതു തൊഴിലും ആർക്കും ചെയ്യാം, യോഗ്യതയുള്ളവർക്ക് ഏത് പദവിയും അലങ്കരിക്കാം എന്ന അവസ്ഥയിലെത്തി. ചില ജാതിമത ഭ്രാന്തന്മാരെ ഒഴിച്ചുനിർത്തിയാൽ സമൂഹത്തിൽ മത സഹിഷ്ണുത ഇന്നും നിലനിൽക്കുന്നു. ഇന്നത്തെ സമൂഹം കൂടുതൽ സാമൂഹിക ബന്ധങ്ങളിൽ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. പല സന്ദര്ഭങ്ങളിലും മിശ്രവിവാഹങ്ങൾ വളരെ ആര്ഭാടമായിത്തന്നെ കുടുംബങ്ങൾ കൊണ്ടാടുന്നത് ഇന്ന് സാധാരണമായി മാറിയത് സാമൂഹിക ബന്ധങ്ങളിലുള്ള മനുഷ്യന്റെ വിശ്വാസം തന്നെയാണ്.
ഹിന്ദുസ്ത്രീകൾ നെറ്റിയിൽ തൊടുന്ന സിന്ദൂരത്തിനോടും, പുരുഷന്മാർ ഷർട്ടിനടിയിൽ ധരിക്കുന്ന പൂന്നൂലിനോടും, താലിയോടും, ക്രിസ്ത്യാനികൾ കഴുത്തിലണിയുന്ന കൊന്തയോടും കുരിശ്ശിനോടും ഹിജാബ് എന്ന വസ്ത്രരീതി തുലനം ചെയ്യാൻ കഴിയുമോ എന്നത് സംശയമാണ്. കാരണം ഇത്തരം കാര്യങ്ങളൊന്നും ഒരാളുടെ വ്യക്തിത്വത്തെ മറക്കുന്നില്ല. . ഇന്നത്തെ കാലഘട്ടത്തിൽ മറ്റു സ്ത്രീകളെപ്പോലെത്തന്നെ ഇസ്ലാം മതത്തിൽപ്പെട്ട സ്ത്രീകളും വിദ്യാഭ്യാസത്തിലും, യോഗ്യതകളിലും, പദവികളിലും മുന്നോക്കം വന്നപ്പോൾ അവിടെ വ്യക്തിത്വത്തെ മറച്ചുപിടിക്കേണ്ടതായ ഒരു ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഹിജാബും, പർദ്ദയും ധരിക്കുന്നത് സ്ത്രീകൾ എന്ന തരംതിരിവ് മനസ്സിലാക്കി അവർക്ക് മതിയായ ബഹുമാനം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാകാം ഒരുപക്ഷെ പരിശുദ്ധ ഖുർആൻ അനുശാസിക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീയ്ക്ക് അവളുടേതായ സ്വാഭിമാനമുണ്ട്. എല്ലാ മേഖലകളിലും സ്ത്രീ പുരുഷനൊപ്പം എത്താൻ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ ഏത് മതമായാലും ഇത്തരത്തിലുള്ള മതാചാരങ്ങൾ സ്ത്രീയുടെ വളർച്ചക്ക് വിലങ്ങുതടിയായി നിൽക്കുന്നത് പരിതാപകരമാണ്. ഒരുപക്ഷെ ഇതൊരു ദൈവീകമായ ആചാരമാണെന്ന നിലയിലാകാം ഇത് തുടരുന്നതിന് സ്ത്രീകൾ നിര്ബന്ധിതരാകുന്നത്.
സ്ത്രീയുടെ ശരീരവടിവ് പ്രദർശിപ്പിക്കുമ്പോൾ പുരുഷനിൽ കാമാസക്തി ഉണ്ടാകുന്നതിൽനിന്നും ഒരു മുൻകരുതൽ എന്ന ഉദ്ദേശവും ഒരുപക്ഷെ ഈ ആചാരത്തിനു പിന്നിൽ പുരാതനകാലഘട്ടത്തിലെ മുസ്ലിം സമൂഹം കണ്ടിരുന്നു എന്ന് അനുമാനിക്കാം. എന്നാൽ മയക്കുമരുന്നും, ലഹരിപദാർത്ഥങ്ങളും ഉപയോഗിച്ച് സ്ത്രീ എന്ന പദം കേൾക്കുമ്പോഴേക്കും പേ ഇളകുന്ന ഒരു വിഭാഗക്കാർക്ക് ഇത്തരത്തിലുള്ള മുൻകരുതലുകൾ ഉപയോഗപ്രദമാകുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്. മാത്രമല്ല ഹിജാബും, പർദ്ദയും ധരിക്കുന്നത് ‘സ്ത്രീ’ എന്നത് എടുത്തുകാണിക്കലാകാം. ഇങ്ങിനെയൊരു ഉദ്ദേശമാണ് ഇതിനുപിന്നിലുള്ളത് എങ്കിൽ ഇന്നത്തെ സ്ത്രീകൾ സ്വയം പ്രതിരോധ (self defense) മാർഗ്ഗങ്ങളും, മാന്യമായ വസ്ത്രധാരണ രീതിയുമാണ് തിരഞ്ഞെടുക്കേണ്ടത് എന്നതാണ് പറയാനുള്ളത്.
സഹസ്രാബ്ദങ്ങളുടെ സംസ്കാരമുള്ള ഭാരതത്തിന്റെ, സീതയും, ശീലാവതിയും ജനിച്ച മണ്ണിൽ, സ്വയം സംരക്ഷണത്തിനായി സ്ത്രീയ്ക്ക് ഒരു മറക്കുള്ളിൽ ജീവിക്കണമെന്ന സാഹചര്യമാണ് സാമൂഹികമായി വളർച്ചയെത്തിയ ഇന്നത്തെ സമൂഹത്തിന്റെ സ്ഥിതി എന്നുപറയുന്നത് പുരുഷനുമേലുള്ള സ്ത്രീയുടെ വിശ്വാസക്കുറവായും വിലയിരുത്താം.
പ്രാചീന കാലം മുതൽക്കേ പല മതങ്ങൾക്കും അഭയം നൽകിയിട്ടുള്ള രാജ്യമാണ് ഭാരതം. മതസഹിഷ്ണുത എന്നത് ഭാരതത്തിന്റെ മാത്രം ഒരു പ്രത്യേകതയാണ്. 1947-ൽ ഖുർആൻ അനുശാസിക്കുന്ന പോലെ ജീവിക്കാൻ തങ്ങൾക്ക് തനതായ ഒരു രാജ്യം വേണമെന്ന് മുസ്ലിം വിഭാഗം വാശിപിടിച്ചതിന്റെ ഫലമായി ഭാരതം ഇന്ത്യ-പാക്കിസ്ഥാൻ എന്നായി വിഭജിക്കപ്പെട്ടു എന്ന ഒരു നിർഭാഗ്യം ഭാരതത്തിനു നേരിടേണ്ടി വന്നു. ഈ സംഭവത്തിനുശേഷവും മുസ്ലിം ഉൾപ്പെടെ പല മതക്കാരും അവരുടേതായ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതിനോടൊപ്പം പരസ്പരം സാഹോദര്യവും നിലനിർത്തിപോന്നതാണ് ഭാരതം.
ആ കാലഘട്ടത്തിൽ മതാചാരങ്ങളും, വിവേചനങ്ങളും ഇന്നത്തേതിനേക്കാൾ വളരെ ശക്തവുമായിരുന്നു. എന്നിട്ടും മതത്തെച്ചൊല്ലിയുള്ള ചെറിയ പ്രശ്നങ്ങളോ, വ്യക്തിവൈരാഗ്യങ്ങളോ അല്ലാതെ അനിശ്ചിതമായ ഒരു സംഭവവും ഭാരതത്തിന് നേരിടേണ്ടി വന്നിട്ടില്ല. ഇത്തരം ഒരു പാരമ്പര്യം നിലനിൽക്കെ സാമൂഹികമായി ഇത്രയും വളർച്ചയെത്തിയ നമ്മുടെ രാജ്യത്തിൽ ഹിജാബ്, ശബരിമലയിലെ സ്ത്രീ പ്രവേശന സമരം എന്നിവ പൊട്ടിപുറപ്പെടുന്നു എന്നതിന് പിന്നിൽ രാഷ്ട്രീയ അല്ലെങ്കിൽ വ്യക്തിപരമായ മുതലെടുപ്പുകളുടെ ഇടപെടൽ ഉണ്ടായിരിക്കാം എന്ന് പൊതുജനം മനസ്സിലാക്കുന്നുവെങ്കിൽ പ്രശ്നങ്ങൾക്ക് രൂക്ഷത കൂട്ടാതെതന്നെ അവ നിഷ്പ്രയാസം പരിഹരിക്കപ്പെടാവുന്നതാണ്.
അതുപോലെത്തന്നെ ഓരോ മതഗ്രന്ഥവും എഴുതി ചിട്ടപ്പെടുത്തിവച്ചിരിക്കുന്ന കാര്യങ്ങൾ തീർച്ചയായും സമൂഹ നന്മയെയും മതത്തിന്റെ നിലനില്പിനെയും അടിസ്ഥാനപ്പെടുത്തി തന്നെയാണ്. എന്നാൽ അവ എഴുതപ്പെട്ട കാലഘട്ടത്തെയും അടിസ്ഥാനപ്പെടുത്തിയാണ്. മതവിശ്വാസങ്ങളെ മാറ്റിമറിക്കാതെതന്നെ കാലത്തിന് അനുസൃതമായ മാറ്റങ്ങൾ സ്വീകാര്യമാക്കുക എന്ന വിട്ടുവീഴ്ചയ്ക്ക് ഓരോ മതവും തയ്യാറാകേണ്ടേ? സമൂഹ നന്മ, രാഷ്ട്രത്തിന്റെ പുരോഗതി, പരസ്പര സാഹോദര്യം എന്നിവയായിരിക്കണം നമ്മുടെ ലക്ഷ്യം.
ഏത് മതമായാലും മതഗ്രന്ഥങ്ങളിൽ പറഞ്ഞത് (പലപ്പോഴും എഴുതിയവർ ഉദ്ദേശിച്ചതല്ല അത് വായിക്കുന്നവർ മനസ്സിലാക്കുന്നത്) പൂർണ്ണമായി പരിപാലിക്കുമ്പോൾ അത് നിങ്ങൾ ജീവിക്കുന്ന സമൂഹത്തിനു അലോസരമാകുന്നെങ്കിൽ അത്തരം ആചാരങ്ങളിൽ മുറുകെ പിടിക്കേണ്ടണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്