പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വാര്‍ഷികം കമലാ സുരയ്യ സമുച്ചയത്തില്‍ മാര്‍ച്ച് 20-ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അബ്ദുല്‍ പുന്നയൂര്‍ക്കുളം അദ്ധ്യക്ഷത വഹിച്ചു.
നാലപ്പാട്ടെ കാവും, കുളവും, നീര്‍മാതളത്തണലും, വിശാലമായ സമുച്ചയവും ഉള്‍ക്കൊള്ളുന്ന കമലാ സുരയ്യ സ്മാരകം സഗാത്മക പ്രവര്‍ത്തനങ്ങളുടെ നിരന്തര വേദിയാക്കാന്‍ പ്രാദേശിക സംവിധാനമൊരുക്കുമെന്ന് സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മണ്ണും മനുഷ്യരുമാണ് മാധവിക്കുട്ടിയെ വ്യവസ്ഥിതിയെ വെല്ലുവിളിച്ച എഴുത്തുകാരിയാക്കിയതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഡോ. ഖദീജ മുംതാസ്, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, സ്മരണ ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ സി.പി. സുന്ദരേശന്‍, കുന്നത്തൂര്‍ റസിഡന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി. ഗോപാലന്‍, പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അശ്കര്‍ അറയ്ക്കല്‍, നാലപ്പാടന്‍ സാംസ്‌ക്കാരിക സമിതി കണ്‍വീനര്‍ സരിത നാലപ്പാട്ട് എന്നിവര്‍ സംസാരിച്ചു. രാജേഷ് കടാമ്പുള്ളി സ്വാഗതവും, സി. ദിനേശന്‍ നന്ദിയും പറഞ്ഞു.
ബൈജു കുമാറിന്റെ 'പ്രകൃതി' ചിത്രപ്രദര്‍ശനം ഉമ്മര്‍ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. തിയ്യേറ്റര്‍ റൈഡേഴ്‌സിന്റെ 'മാണിക്യ മൂക്കുത്തി' എന്ന നാടകവും അരങ്ങേറി
മൊയ്തീന്‍ പുത്തന്‍ചിറ