..........കുയിലിന്റെ സ്വരം മധുരമാണെന്നറിഞ്ഞതന്നാണ്, ആദ്യമായി ശ്രദ്ധിച്ചു കേട്ടതും.
തന്റെ ജനലരുകിൽ നിൽക്കുന്ന മുല്ലച്ചെടി പൂത്തിരിയ്ക്കുന്നുവെന്നും, തേൻ കുരുവികൾ ഉല്ലാസത്തോടെ പുറത്തെ തെച്ചിക്കാട്ടിൽ പാറുന്നുവെന്നും അയാളറിഞ്ഞതന്നാണ്.
അണ്ണാർക്കണ്ണന്മാർ ഉച്ചത്തിൽ ചിലയ്ക്കുന്നുണ്ടായിരുന്നു...
"ഇന്നുണ്ടാവുമോ...."
"പണിയ്ക്കർക്ക് ആളു പാേയിട്ടുണ്ട്, ലക്ഷണം നോക്കിപ്പറയാൻ കേമനാ....."
സഹായിയും, അയൽപക്കക്കക്കാരനുമായുള്ള സംഭാഷണമാണ്...
അന്നാദ്യമായി അയാൾക്ക് ജീവിയ്ക്കണമെന്നു തോന്നി, പുറത്തു നിന്നും തണുത്ത കാറ്റ് മെല്ലെ അയാളെ തലോടാൻ തുടങ്ങി, കണ്ണടഞ്ഞാൽ, താനറിയാതെ പ്രാണൻ കൂടു തുറന്ന് പാറിപ്പോവുമെന്നയാൾ ഭയന്നു.....
പോവും മുൻപ് യാത്ര പറയേണ്ടതുണ്ട് ഒരാളോട്
അയാൾ കണ്ണു മിഴിച്ച് തിരയാൻ തുടങ്ങി.
അവൾ, അവൾ വരില്ലേ?
മരിയ്ക്കാൻ പോകുന്ന വൃദ്ധനോട് ദയവു കാട്ടാതിരിയ്ക്കാൻ കഴിയാത്തവണ്ണം.....
എന്തെങ്കിലും ചെയ്തുവോ താൻ!
അത്രമേൽ സ്നേഹിയ്ക്കയാലല്ലേ.....
"ആര്യോ തെരയണ്ട്!"
"ആരേണോ എന്തോ!"
''അയ്ന് മൂപ്പര് ആരേം അടുപ്പിച്ചിട്ടില്ല്യാല്ലോ ജീവിതത്തില് !
എല്ലാം ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്!
ഒറ്റക്കലത്തില് പുഴുങ്ങിത്തിന്നണോരെ കാണാൻ പ്പോ ആരാ വര്വാ?"
"ഒരു ചെക്കന്ണ്ടായ്ര്ന്നത് ആക്സിഡൻ്റില് വയ്യാണ്ട് കെടന്നേർന്നൂന്നും യ്യാളാ കൊന്നേന്നും ശ്രുതീണ്ട്!"
"അച്ചെക്കൻ്റെ ഭാര്യേനീം ഓടിച്ചു വിട്ടു!
മൊതലെല്ലാം കൊടുക്കണ്ടീരൂല്ലോ"
"പ്പെന്തായീ! ദുഷ്ടനാ ദുഷ്ടൻ!"
"നരകിച്ചന്യേ ചാവുള്ളൂ!"
"നോക്കിക്കോളേണ്ടൂ!"
ആരാണത് പറഞ്ഞതെന്നറിയണമെന്നു തോന്നിയില്ല.
അയാളോർക്കുകയായിരുന്നു.
സുഹൃത്തുക്കളുടെ ബഹളം നിറഞ്ഞ യൗവ്വനം!
"എല്ലാവർക്കും വച്ചുണ്ടാക്കി എനിയ്ക്ക് വയ്യാണ്ടായീട്ടോ"
എന്ന അവളുടെ സ്നേഹം കലർന്ന പരിഭവം!
അവളുടെ വിടർന്ന കണ്ണിലേയ്ക്ക് അയാൾ വെറുതെ ഒന്നൂതി!
അതിൽ കെടാനുള്ള പരിഭവത്തീയേ അവിടുള്ളൂ എന്ന് ഇരുവർക്കുമറിയാം. അയാൾ മെല്ലെ, അന്നെന്ന പോലെ ഊതാൻ ശ്രമിച്ചു.
കഴിയുന്നില്ല.
ഇപ്പോൾ കുറച്ച് സമാധാനം തോന്നുന്നുണ്ട്.
അവൾ വരും. അത്രയ്ക്ക് സ്നേഹിച്ചതുകൊണ്ടല്ലേ......
അയാൾ ഓർക്കുകയായിരുന്നു. അവൾ കൈവിട്ടു പോയ ശേഷം തനിച്ചായിപ്പോയ ഒരച്ഛനും മകനും. അവരുടെ വർണ്ണരഹിതമായ ജീവിതം!
തങ്ങളുടെ ജീവിതത്തിൻ്റെ വർണ്ണശബളിമ അവളായിരുന്നു.
സുഹൃത്തുക്കൾ അകന്നു,
സൗഹൃദം കുറഞ്ഞു.....
പിന്നൊരു പൂമ്പാറ്റയെ പോലെ നിറമുള്ള ചിറകു വീശി പറന്നു വന്നതാ പെൺകുട്ടിയായിരുന്നു
മകൻ്റെ കൂട്ടുകാരി, പിന്നെ ജീവിത സഖി.
മകൻ തൻ്റെ യൗവ്വനം ജീവിച്ചു കാണിയ്ക്കുകയായിരുന്നു. എന്തുകൊണ്ടോ സന്തോഷത്തേക്കാളധികം ഭയമായിരുന്നു.....
ഭയം.......
സന്തോഷം നഷ്ടപ്പെട്ടു പോയേക്കാമെന്ന ഭയം....
അയാൾക്കിപ്പോൾ തൊണ്ടയിൽ ശക്തിയായ വരൾച്ച അനുഭവപ്പെട്ടു.
ചുമയ്ക്കണം.... ശക്തി പോരാ.
അനക്കം കണ്ടിട്ടാവണം കൂട്ടിരുപ്പുകാരൻ അല്പം വെള്ളം ഗോകർണത്തിലെടുത്ത് പകർന്നു കൊടുത്തു.
വീണ്ടും ഓർമ്മകളുടെ വീണ്ടെടുപ്പിലേയ്ക്ക്......
ഭയന്നതു പോലെ തന്നെ......
ഹണിമൂൺ യാത്രയ്ക്കിടയിൽ അവൻ്റെ റോയൽ എൻഫീൽഡ് ചതിച്ചു, ആദ്യമായി;
അവസാനമായും!
അവൻ നീണ്ട ആശുപത്രി വാസത്തിലേയ്ക്ക്, പരിക്കൊന്നും ഏൽക്കാത്ത അവൾ പ്രാണനെ പോലെ അവനെ കാക്കുന്നത് കണ്ട് സന്തോഷിച്ചു, അവൾ മകനെ തിരിച്ചു പിടിയ്ക്കും.......
വെറും ശുഭപ്രതീക്ഷ ഒന്നിനേയും തിരിച്ചു പിടിയ്ക്കില്ല.
"ഇനി വീട്ടിൽ കൊണ്ടു പോയി നോക്കിയാൽ മതി...."
ഇടം കാത്തു നിൽക്കുന്ന, രക്ഷപ്പെട്ടേക്കാവുന്ന രോഗികളുടെ ബാഹുല്യം ഏറിയപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞു, ആദ്യം മയമായി; പിന്നീട് അല്പം പരുഷമായിത്തന്നെ!
വീട്ടിൽ, അവൾ നിറംകെട്ടൊരു പൂമ്പാറ്റയെപ്പോൽ അവനെ ചുറ്റിപ്പറന്നു.
ഭാവരരഹിതമായ മുഖത്തേയ്ക്ക് മുഖം ചേർത്ത് കരയുകയും ചിരിയ്ക്കുകയും തമാശ പറയുകയും ചെയ്തു. ഒരു പക്ഷെ അവർക്കു മാത്രമുള്ള ആ രഹസ്യങ്ങളുടെ ഓർമ്മപ്പെടുത്തൽ വിസ്മൃതിയുടെ ലോകത്ത് നിന്ന് അവനെ തിരിച്ചെത്തിയ്ക്കുമെന്നു മോഹിച്ചെന്ന പോൽ......
അവൻ ഇനി വരില്ല എന്ന് താൻ വിശ്വസിയ്ക്കാൻ തുടങ്ങിയതെന്നു മുതലാണ്?
അവളെ അനുകരിച്ച് മകനോട് അച്ഛനും അമ്മയും മകനും ചേർന്നുള്ള ജീവിതത്തിലെ ആഹ്ലാദങ്ങളെ കുറിച്ചു ചൊന്നപ്പോൾ......
മരണത്തിൻ്റെ പടിവാതിലവൻ കടന്നില്ലയെങ്കിൽ......
അവന് തിരിച്ചുവരാതിരിയ്ക്കാനാവില്ലായിരുന്നു.
അവൾ കുളിയ്ക്കാൻ കയറിയിരുന്നു.
അവനുള്ള പ്രോട്ടീൻ ഫുഡ് ഒരുക്കി വച്ചിരുന്നു.
അതെടുത്ത് ഒരു നുള്ള്,
ഒരു നുള്ളേ ചേർത്തുള്ളൂ......
കുഞ്ഞ് ബുദ്ധിമുട്ടരുത്, വെപ്രാളം കാണിയ്ക്കരുത്, അത്രയേ കരുതിയുള്ളൂ....
ഇതേ ഗോകർണമായിരുന്നു ഉപയോഗിച്ചത് തലചേർത്ത് ഇടംകയ്യിൽ താങ്ങി, ചുണ്ടിൻ കോണിലൂടെ, മെല്ലെ, മെല്ലെ മെല്ലെ.....
വായ തുടപ്പിച്ച് തിരിച്ചു കിടത്തുമ്പോൾ അവൻ്റെ കണ്ണു നിറഞ്ഞൊഴുകിയിരുന്നു, തൻ്റെ തോളിലെ തോർത്തു കൊണ്ട് അതൊപ്പി, മെല്ലെ വീശി, തിരിയുമ്പോൾ പിന്നിൽ അവൾ!
ഞെട്ടിപ്പോയി!
കണ്ടിരിയ്ക്കുമോ?
അറിഞ്ഞിരിയ്ക്കുമോ.....
അയാൾ ചെറുതായി വിറച്ചു!
അച്ഛനെന്താ ഈ കാണിച്ചത്?
അവൾ ഒച്ചയിട്ടു. പിന്നെ അവൻ്റെ നെറ്റിയിൽ മെല്ലെ ചുംബിച്ചു......
പിറ്റേന്ന്, അതാേ ഉറക്കത്തിലോ..... അവൻ പോയി!
അവളോട് യാത്ര പറഞ്ഞിരിയ്ക്കും, എല്ലാം അവളോടവൻ പറഞ്ഞിരിയ്ക്കുമെന്ന് അയാൾ കരുതി.....
പിറ്റേന്ന് ശവദാഹത്തിനു ശേഷം അവൾ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോയി!
പിന്നീട് ഒരിയ്ക്കലും ബന്ധം പുതുക്കാനുള്ള ശ്രമം, അവളുടേയോ തൻ്റെയോ വശത്തു നിന്നുണ്ടായില്ല!
അയാൾക്ക് അതാലോചിപ്പാേൾ കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി.
അവൾ ഇങ്ങനെ തീ നിന്ന് ജീവിതം പാഴാക്കരുതെന്നതിനാലാണ്.....
ഒരു പക്ഷെ അവളതിലഭിരമിയ്ക്കുവാൻ തുടങ്ങിയെന്നതിനാലാണ്.....
വിട്ടു പോയിരുന്നെങ്കിൽ അവനെയൊരിയ്ക്കലും..........
"പാവം! ഉള്ളില് നല്ല ദെണ്ണണ്ട് ന്ന് തോന്നണൂ."
"കരയ്യാണ്",
സഹായി പറയുന്നു.
"ല്ലാര്ടേം കാര്യം ഇങ്ങന്യൊക്ക്യാണ്!
താന്തന്നെ മതി! ആരും വേണ്ടാ ന്നൊക്കെത്തോന്നും, ഉശിരുള്ളപ്പോ"
"കെടക്കുംമ്പ്ലാ വെഷമം വര്വാ!"
"ന്തെങ്കിലും കാര്യണ്ടോ അദാേണ്ട്?"
അയാൾ നിർത്താനുള്ള ഭാവമല്ല.
അയാളെ ഉറ്റുനോക്കിയപ്പോൾ മയപ്പെട്ടു, അതോ ഭയന്നോ!
"പാവം!ല്ലാം മനസ്സിലാവണ്ട് തോന്നണൂ''
ശകാരിയ്ക്കുകയായിരുന്നു ഭേദം!
അയാൾ കണ്ണടച്ചു.
സഹതാപം ഒരിയ്ക്കലും താങ്ങാനാവുന്ന ഒന്നായിരുന്നില്ല തനിയ്ക്ക്!
അതുകൊണ്ടാണ് ഒറ്റക്കലത്തിലേയ്ക്ക് ചുരുങ്ങിയത്
അവനേയും സഹതാപത്തിനു വിട്ടുകൊടുക്കാതെ അങ്ങ്....
ഇതൊക്കെ ഇയാൾക്ക് മനസ്സിലാവോ എന്തോ?
ഇതുവരെ പഠിപ്പിയ്ക്കാത്ത പാഠങ്ങളെന്തിനിനി....
അയാൾക്ക് ചിരി വന്നു.
കോളിംഗ് ബെൽ മുഴങ്ങി.
പണിക്കര് വന്നൂ തോന്നണൂ, സഹായി വാതിൽ തുറക്കാൻ ഓടുമ്പോൾ പറഞ്ഞു.
പതിഞ്ഞ ഒരു സ്ത്രീ ശബ്ദം....
ആരുടേതാണ്, തിരിച്ചറിയാൻ കഴിയുന്നില്ല.
ചില്ലകളിൽ പാറി ചിലയ്ക്കുന്ന കിളികളോടപ്പാേൾ അയാൾക്ക് ദേഷ്യം വന്നു.
പണിക്കരല്ല, എന്ന മുഖവുരയുമായി വന്ന സഹായിക്കു പിൻപേ
അവൾ....
കൂടെ ഒരു പതിനഞ്ചുകാരൻ!
അവൾ അടുത്തു വന്ന്, സ്റ്റൂൾ വലിച്ചിട്ടിരുന്നു.
കുട്ടിയോട് കാൽക്കൽ ഇരിയ്ക്കാൻ, ആജ്ഞ കണ്ണിൽ കണ്ടു.
സഹായിയോട് ഒരു ചായ കിട്ടുമോ എന്ന സൗമ്യ പൂർണ്ണമായ പുറത്താക്കൽ. ആദ്യമായാവും അയാൾ ബുദ്ധിപൂർവ്വം ഒരു കാര്യം മനസ്സിലാക്കിയിരിയ്ക്കുക!
കൂപ്പിയ കൈകൾ ചേർത്തു പിടിച്ച് മുന്നോട്ടാഞ്ഞ് അവൾ കുശലങ്ങൾ പറഞ്ഞു അവർക്കിരുവർക്കും മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ.
അതേ, അവൾക്കറിയാം താൻ ചെയ്തതെന്തെന്ന്
എന്തിനെന്ന്
അംഗീകരിയ്ക്കാനായില്ലായിരുന്നു. തൻ്റെ നെറ്റി അയാളുടെ വിരലുകൾക്ക് മുകളിൽ മുട്ടിച്ചു കൊണ്ടവൾ പറഞ്ഞു.
കുറേ നാൾ ഒറ്റയ്ക്ക് അടച്ചിരുന്നു.
പിന്നെ പുറത്തു വന്നു.
വീണ്ടും വിവാഹിതയായി.
മകനാണ്!
പേര്.......
അവൾ കുട്ടിയ്ക്ക് കാൽ തൊട്ടു വന്ദിയ്ക്കാൻ ആജ്ഞ കൊടുക്കുന്നു.
അയാൾ കണ്ണടച്ച് ആ നിമിഷത്തെ ആവാഹിച്ചെടുത്തു!
ആരുടെ കുട്ടിയായാലെന്താ!
പേര്....
നാളുകൾക്ക് ശേഷം സ്നേഹസ്പർശമേറ്റ ആവൃദ്ധദേഹം ആകെ ഒന്നുലഞ്ഞു
പിന്നെ....
പുറത്ത് കാറ്റ് മെല്ലെ വീശി
സന്ധ്യയ്ക്ക് വിരിഞ്ഞ മുല്ലപ്പൂക്കളുടെ മണം ഉള്ളിലേക്കൊഴുകി
കിളികൾ ചേക്കേറിയിരുന്നു
വീണ്ടും ഉമ്മറത്ത്
കോളിംഗ് ബെൽ ശബ്ദിച്ചു.....