കവികളുടെ ശ്മശാനത്തിൽ
പകലുകൾ ഗാഢനിദ്രയിലാണ്
അപ്പോൾ
കരിയിലകൾ പോലും അവിടെ അനങ്ങാറില്ല
കാറ്റ് ശ്വാസമടക്കി നിൽക്കും
രാത്രികൾ
കള്ളന്മാർക്കും വേശ്യകൾക്കുമെന്ന പോലെ
ചിന്തകർക്കും കവികൾക്കുമുള്ളതാണ്
രാവേറെയാകുന്പോൾ, ഇരുട്ടു കനത്ത്
ഇലയനക്കം പോലുമില്ലാതാകുന്പോൾ
മരിച്ച കവികൾ കുഴിമാടങ്ങളിൽ നിന്നും
ചുടലച്ചാരത്തിൽ നിന്നും പുറത്തേക്കു വരും
ഫീനിക്‌സ് പക്ഷികളെപ്പോലെ
ഓർമകളുടെ കരിയിലകൾ കൂട്ടിയിട്ട്
ജീവിതാനുഭവങ്ങളുടെ അരണിയുരസി
ജീവിതഭാരങ്ങളുടെ മന്തുകാലുകൾ
ചൂടുപിടിപ്പിച്ച് അവർ തീ കാഞ്ഞിരിക്കും
കരിഞ്ഞ കലങ്ങളിൽ കഞ്ഞി വയ്‌ക്കും
ചുടലകാളി ചോരനാവു നീട്ടി
താണ്ഡവമാടിയാലും
മൂങ്ങകൾ കണ്ണുരുട്ടി മൂളിയാലും
ശുനകന്മാർ ഓരിയിട്ടാലും
അവർ നിസ്സംഗരായി ഇരിക്കും
ഇഷ്ട മദ്യം നുണഞ്ഞിരുന്ന്
ചുടലത്തീയിൽ നിന്ന് ബീഡിക്കു തീ കൊളുത്തി
പുകവളയങ്ങളിൽ കണ്ണ് നട്ട്
ആലോചനകളിൽ വീഴും
ചുടലയിലെ ഏകാന്തതയിൽ
ഇരുട്ടിന്റെ തുരുത്തുകളിലെ നിശബ്ദതയിൽ
തീ കാഞ്ഞിരുന്ന്
അവർ മൃദുഭാഷണങ്ങളിൽ മുഴുകും
കൊടുമുടികൾ താണ്ടി
ഗിരിശൃംഗങ്ങളിലെത്തിയ
ഇതിഹാസ കവിതകളെപ്പറ്റി
നാലും ആറും ആടുന്ന ചക്കുകളെപ്പറ്റി
വീണ പൂവുകളെപ്പറ്റി
ഒസ്യത്തിലെഴുതാൻ വിട്ടുപോയ ഹൃദയത്തെപ്പറ്റി
വൃത്തത്തിൽ മാത്രം കറങ്ങുന്ന
കുറ്റിയിൽ കെട്ടിയ പശുക്കളെപ്പറ്റി
കയറുകളുടെ ബന്ധനമില്ലാത്ത മേഞ്ഞുനടക്കുന്ന
ലെസ്ബിയൻ പശുക്കളെപ്പറ്റി
ഭക്തകവികളെപ്പറ്റി, ശൃംഗാരകവികളെപ്പറ്റി
ഓർമകളിൽ തങ്ങാത്ത പുതുകവിതകളെപ്പറ്റി
ചിന്തകളിൽ ഇടിമിന്നൽ വീണപ്പോൾ
പൊട്ടി വിരിഞ്ഞ കൂൺ കവിതകളെപ്പറ്റി
പുതുമഴ പെയ്തപ്പോൾ കിളർത്തുവന്ന
തകര കവിതകളെപ്പറ്റി
അനേകകാലം മണ്ണിൽ ഒളിച്ചിരുന്ന ശേഷം
കിളിർത്തു വന്മരമായ വടവൃക്ഷ കവിതകളെപ്പറ്റി
ഹൃദയരക്തം കൊണ്ടെഴുതിയ കവിതകളെപ്പറ്റി
പിറക്കാതെ പോയ ചാപിള്ളക്കവിതകളെപ്പറ്റി
ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ
അനാഥ കവിതകളെപ്പറ്റി
കുരിശിലേറ്റപ്പെട്ട സത്യ കവിതകളെപ്പറ്റി
പൊട്ടിച്ചിതറിപ്പോയ ചാവേർ കവിതകളെപ്പറ്റി
ചർച്ചകൾ മൂക്കുന്പോൾ
ചിലർ മയക്കയത്തിൽ വീഴും
ചിലർ ദേഷ്യപ്പെട്ട് ഇറങ്ങി പോകും
പുലർ വെട്ടത്തിന്റെ ആദ്യകീറുകൾ
ശ്മശാനത്തിലേക്ക് ഊർന്നു വീഴുന്പോൾ
തങ്ങളുടെ കുഴിമാടങ്ങളിലേക്കും
ചുടലകളിലേക്കും അവർ മടങ്ങും
അപ്പോൾ വീണ്ടും
അവിടെ ഇലകൾ പോലും നിശബ്ദമാകും
കാറ്റു വീർപ്പടക്കി നിൽക്കും
അവർ ഉറങ്ങുകയാണ്
രാത്രിയുടെ നിശബ്ദ യാമങ്ങൾ
തിരിച്ചു വരുന്നതും കാത്ത്
ചില ജന്മങ്ങൾ അങ്ങിനെയാണ്
അവർ ജനിച്ചതേ കവികളായിട്ടായിരുന്നു
മരിച്ചിട്ടും അവർ അങ്ങിനെ തന്നെ.