മഴയെത്ര
വേഗത്തിലാണൊരു
ടൈം മെഷീനാകുന്നത് !
മധ്യവയസ്സിന്റെ
വെള്ളിനൂലുകൾ
തൂവാനം നനയുമ്പോൾ
മനസ്സോടുന്നു,
ഓട്ടിൻപുറത്തെ മഴത്താളം കേട്ട്,
മഴക്കുമിളകളുടെ
അൽപായുസ്സിൽ നൊന്ത്,
പടിഞ്ഞാറ്റു മുറ്റത്ത്
മഴയിലേക്ക്
കാലുനീട്ടിയിരിക്കുന്ന
പെറ്റിക്കോട്ടുകാരിയിലേക്ക്!
മുറ്റത്തെ
സാൽവിയയും ബീബാമും
മുറിച്ചൊതുക്കുമ്പോൾ
മിന്റ് മണക്കുന്ന
കാറ്റിലുമുണ്ടൊരു
സമയയന്ത്രം!
മനസ്സിൽ
സ്വർണ്ണക്കുണുക്കിട്ട
വിശറിഞൊറി
മുണ്ടിന്റെ മിന്നലാട്ടം.
പനിക്കൂർക്കയുടെ,
കറുകപ്പുല്ലിന്റെ,
നറുമണം.
തൊണ്ടക്കുഴിയിൽ
കുറുകുന്നു
ഗദ്ഗദപ്പിറാവുകൾ !
ഡാലിയയിലും
സീനിയയിലും
പൂക്കാലം വരച്ചിടുന്നു
നിറമേളങ്ങളുടെ
മറ്റൊരു സമയയന്ത്രം!
ഒരു വളകാലൻ കുട
മനസ്സിൽ നിവർത്തുന്ന
കരുതൽത്തണൽ.
"എന്റെ കുഞ്ഞേ
നിനക്കൊരു കാന്താരിയോ
പച്ചമുളകോ നട്ടൂടെടി "
എന്ന ചോദ്യം,
"അത് വേണേൽ
അപ്പച്ചി നട്ടോളൂ"
എന്നു തർക്കുത്തരം.
ചെവിയിൽ
അലിയുന്നു
വാത്സല്യം പുരണ്ട
കിഴുക്കലിന്റെ
മധുരനൊമ്പരം!
മഴയും മണവും നിറവും
ടൈം മെഷീനുകളാകുമ്പോൾ
പോയകാലങ്ങളൊന്നും
പോയിട്ടില്ലെന്നും
പോവുകയേ ഇല്ലെന്നുമുള്ള
ഉറപ്പിന്റെ പേരല്ലേ ജീവിതം !