Image

പ്രവാസത്തിന്റെ കെട്ടുനിറച്ച് കല്‍ക്കട്ടയിലേക്കൊരു കന്നിയാത്ര (പി. ടി. പൗലോസ്)

പി. ടി. പൗലോസ് Published on 05 April, 2022
പ്രവാസത്തിന്റെ കെട്ടുനിറച്ച് കല്‍ക്കട്ടയിലേക്കൊരു കന്നിയാത്ര  (പി. ടി. പൗലോസ്)

1968 ജനുവരി 25 വൈകുന്നേരം 5:20.  കൊച്ചിൻ - മദ്രാസ് എക്സ്പ്രസ്സ് ട്രെയിൻ വില്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷൻ വിട്ടു. കൂത്താട്ടുകുളം വിസ്‌ഡം ട്യൂട്ടോറിയൽ കോളേജിലെ എന്റെ ചില സഹ അധ്യാപകരും ഒന്നുരണ്ട്‌ വളരെ അടുത്ത കൂട്ടുകാരും എന്നെ യാത്ര അയക്കാൻ ഹാർബർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. 52 രൂപ വിലയുള്ള കൊച്ചിൻ - ഹൗറ സെക്കന്റ് ക്ലാസ്സ് ടിക്കറ്റുമായി അണ്‍റിസെര്‍വഡ് കംപാർട്മെന്റിൽ രാപ്പകലുകൾ നീണ്ട സാഹസിക യാത്രക്ക് ധൈര്യപൂർവ്വം ഒരുങ്ങിയിരിക്കുന്ന എന്നെ കൂട്ടുകാർ സ്നേഹപൂർവ്വം കൈകൾ വീശി യാത്ര അയച്ചു. കൂട്ടുകാരുമൊത്തുള്ള സായാഹ്ന സൊറപറച്ചിലുകളും ട്യൂട്ടോറിയൽ കോളേജിലെ ഫ്രഞ്ച് / റഷ്യൻ വിപ്ലവങ്ങളുടെ ആവർത്തന ക്‌ളാസ്സുകളും റിഹേഴ്സൽ ക്യാമ്പുകളിലെ നാടക പരിശീലനങ്ങളും എല്ലാം അങ്ങനെ ഓർമ്മയായി . 

ഇന്ത്യയിലെ ഒരു നഗരത്തിലും ബന്ധുക്കൾ ഇല്ലാതിരുന്ന ഞാൻ എന്നോട് തന്നെ ചോദിച്ചു. എന്തിനാണീ കൽക്കട്ടയാത്ര. കൽക്കട്ട
കാണാനോ ?  ജോലി  തേടിയോ ?  നാട്ടിലെ വിരസതയകറ്റാനോ ? കൃത്യമായ ഉത്തരം കണ്ടെത്താനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. വേറെ എത്രയോ നഗരങ്ങളുണ്ട് ഇന്ത്യയിൽ - ബോംബെ, മദ്രാസ്, ഡൽഹി അങ്ങനെ. പക്ഷെ, കൽക്കട്ട എന്ന നഗരം ആവേശമുണർത്തിയ ഒരു വികാരമായി ഞാനറിയാതെ തന്നെ എന്റെ മനസ്സിൽ ലയിച്ചുചേർന്നിരുന്നു. അത് ഒരുപക്ഷേ ,  മലയാളി വായനയുടെ വസന്തകാലത്തിലൂടെ യാത്ര ചെയ്‌ത അറുപതുകളുടെ അവസാനം ഒരു സഹയാത്രികനാകാൻ എനിക്കും ഭാഗ്യമുണ്ടായി എന്നതുകൊണ്ടാകാം. അക്കാലത്ത് അനേകം ബംഗാളി നോവലുകൾ മലയാളത്തിലേക്ക് മൊഴിമാറ്റി വന്നു. അതിലൊന്നാണ് ബിമൽ മിത്രയുടെ ''കൊടി ദിയെ കിന്‍ലാം''.  ഒരു താപസൻറെ അർപ്പണത്തോടെയും ധ്യാനത്തിലൂടെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും ഇടതുപക്ഷ സഹയാത്രികനും ഭാഷാപണ്ഡിതനുമായ എം. എൻ. സത്യാർത്ഥി ആ നോവൽ ''വിലയ്‌ക്ക്‌ വാങ്ങാം'' എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റി ജനയുഗത്തിന്റെ നോവൽപതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ മലയാളി നോവൽ വായിച്ചു വിസ്മയിച്ചു. ഗോപാലൻ എന്ന ചിത്രകാരൻ വരകളിലൂടെ കഥാപാത്രങ്ങളുടെയും ചരിത്രമുറങ്ങുന്ന കൽക്കട്ടയുടെയും ഭിന്നഭാവങ്ങളെ ദൃശ്യസമ്പന്നമാക്കി. ബർമ്മയിൽ നിന്നും കടൽ കടന്നു വന്ന്, ഈശ്വർ ഗാംഗുലി സ്ട്രീറ്റിലെ ദരിദ്രനായ ദീപാങ്കുരന്റെ ആത്മാവിൽ പേരറിയാത്ത വികാരത്തിന്റെ മിന്നലേൽപ്പിച്ച സതി എന്ന കഥാപാത്രത്തിലൂടെ ''വിലയ്ക്ക് വാങ്ങാം'' എന്ന നോവൽ ഇതിഹാസതലത്തിലേക്കുയര്‍ന്നു. അവസാനം ഗരിയാഹട്ട് ലവൽക്രോസിനപ്പുറത്തുള്ള റെയിൽവേ പാളത്തിൽ  കഷണം കഷണങ്ങളായി സതി ചിതറിയൊടുങ്ങിയപ്പോൾ അവൻ ദരിദ്രനായ ദീപാങ്കുരനിൽ നിന്നും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥനായ ദീപാങ്കർ സെൻ സാഹിബ് ആയി ഉയർന്നിരുന്നു. ദീപാങ്കുരൻ സഞ്ചരിച്ച കൽക്കട്ടയിലെ ഊടുവഴികൾ മറക്കാനാവാതെ എന്റെ ഉള്ളിൽ ഉടക്കികിടന്നിരുന്നു. ഒരു നിയോഗമെന്നോണം 1971 ൽ  ''വിലയ്ക്ക് വാങ്ങാം'' എന്ന ഇതിഹാസനോവലിന്റെ രചയിതാവ് സാക്ഷാൽ ബിമൽ മിത്രയെ തന്റെ  വീടിന്റെ അടുത്തുള്ള കാളിഘട്ട്  ചെത്തല മരപ്പാലത്തിൽ വച്ച് അവിചാരിതമായി നേരിൽ  കണ്ടുമുട്ടുവാനും പത്തു മിനിട്ടു സംസാരിക്കുവാനും സാധിച്ചു എന്നതും 1978 ല്‍ കൽക്കട്ട മലയാളി അസോസിയേഷന്റെ ഒന്നാം വാർഷികാഘോഷത്തിനു ക്ഷണിക്കുവാൻ അദ്ദേഹത്തിൻറെ വീട്ടിൽ പോയ സംഘാടകരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്നതും ചരിത്രം. അത് എന്റെ ജീവിതത്തിൽ വന്നുവീണ ഭാഗ്യമായി ഞാൻ കരുതുന്നു.

ഇടുക്കി - കുളമാവ് - മൂലമറ്റം പദ്ധതികളുടെ പണി  നടക്കുന്ന 1968 - 70 കളിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പശ്ചാത്തലമുള്ള എനിക്ക് കേരളത്തിൽ ഒരു ജോലിക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്ന് പറഞ്ഞുതരുവാൻ പറ്റിയ ആരും എന്റെ വീട്ടിലും ഉണ്ടായിരുന്നില്ല. അത്യാവശ്യം വസ്ത്രങ്ങളും കട്ടിയുള്ള ഒരു പുതപ്പും ചെറിയ ഒരു തുകൽപെട്ടിയിൽ നിറച്ച് ഒരു മാസമെങ്കിലും കൽക്കട്ടയിൽ നിൽക്കുവാനുള്ള പണം വീട്ടിൽനിന്നും സംഘടിപ്പിച്ചു തീവണ്ടി കയറിയ ഞാൻ രണ്ടര പതിറ്റാണ്ട്‌ അവിടെ പിടിച്ചുനിൽക്കുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല.

പിറ്റേദിവസം രാവിലെ 8 മണിയോടെ തീവണ്ടി മദ്രാസ് സെൻട്രലിൽ എത്തി. അന്നു വൈകിട്ട് പത്തരയ്ക്ക് മദ്രാസ് - ഹൗറ മെയിൽ വരുന്നതുവരെ സെൻട്രൽ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ഷീറ്റുവിരിച്ചു കിടന്നുറങ്ങി. ട്രെയിൻ വന്നപ്പോൾ റെയിൽവേ പോട്ടർക്ക് 2 രൂപ കൊടുത്ത് ഹൗറയിൽ എത്തുന്നതുവരെയുള്ള രണ്ടു രാത്രികൾ കിടന്നുറങ്ങാനുള്ള സൗകര്യം കോമൺ കംപാർട്മെന്റിൽ തരപ്പെടുത്തി. നാട്ടിൽനിന്നും പുറപ്പെട്ട് നാലാംദിവസം രാവിലെ തീവണ്ടി ഹൗറയിൽ എത്തി. ഞാൻ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി. ഇരുപതിലധികം പ്ലാറ്റ്‌ഫോമുകളുള്ള  ഹൗറാസ്റ്റേഷനിലെ ജനത്തിരക്കുകണ്ട് ഞാൻ അതിശയിച്ചുനിന്നു. പ്ലാറ്റ്‌ഫോമുകളിലൂടെ പരന്നൊഴുകുന്ന അജ്ഞാതമനുഷ്യർ. ഏതൊക്കെയോ ദേശങ്ങളുടെ ഗന്ധവുമായി വന്നുപോകുന്ന തീവണ്ടികൾ. ഹൗറാസ്റ്റേഷൻ എനിക്കൊരത്ഭുതലോകമായിരുന്നു. അന്ന് ജനുവരി 28 .  കൊടുംതണുപ്പ്‌ . കമ്പിളിവസ്ത്രങ്ങൾ ഒന്നുമില്ല. അടുത്തുകണ്ട സിമെന്റ്‌ബെഞ്ചിൽ വിറച്ചിരുന്നു, എങ്ങോട്ടു പോകണമെന്നറിയാതെ. അല്പം കഴിഞ്ഞ് തോളിൽ ഒരു കൈ സ്പർശിച്ചു . പെട്ടെന്ന് തിരിഞ്ഞുനോക്കി. ദേ, രാജൻ. വെണ്ടർ രാജൻ എന്ന്  ഞങ്ങൾ വിളിക്കുന്ന കൂത്താട്ടുകുളത്തെ എന്റെ ഒരു കൂട്ടുകാരൻ. എനിക്ക് അതൊരത്ഭുതമായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞുപോയി. എന്റെ ഒരു സുഹൃത്തും രാജന്റെ കസിനുമായ  ചെച്ചൻ എന്ന്  ഞങ്ങൾ വിളിക്കുന്ന ഹോമിയോ ഡോക്ടർ ലക്ഷ്മണൻ ഞാൻ ജനുവരി 28 ന്  കൽക്കട്ടയിൽ എത്തുമെന്ന് എഴുതി രാജന് ഒരു പോസ്റ്റുകാർഡ് അയച്ചിരുന്നു. രാജൻ സ്റ്റേഷനിൽ വരുമോ എന്നുറപ്പില്ലാത്തതിനാൽ ചെച്ചൻ എന്നോടത് പറഞ്ഞതുമില്ല. പ്ലാറ്റ്‌ഫോമിൽ വച്ചുതന്നെ മുണ്ടു മാറ്റി പെട്ടിയിൽ കരുതിയിരുന്ന ഒരു കോട്ടൺ പാന്റിട്ടു. രാജന്റെ സ്വെറ്റർ ഊരി എനിക്കുതന്നു. ഒരു ടാക്സിയിൽ ഹൗറാ ദാസ്‌ നഗറിൽ രാജന്റെ ഐ ടി ഐ കാമ്പസിലെ ഹോസ്റ്റലിൽ എത്തി. അന്നവിടെ തങ്ങി പിറ്റേദിവസം ദക്ഷിണ കൽക്കട്ടയിലെ രാഷ് ബിഹാരി അവന്യൂവിലെ താര റോഡിലുള്ള ലക്ഷ്മിനാരായൺ മെസ്സിൽ രാജൻ എന്നെ കൊണ്ടുവന്നാക്കി. അങ്ങനെ
മാസം 110 രൂപക്ക് രണ്ടുനേരം വെജിറ്റേറിയൻ ഭക്ഷണവും താമസവും ഉറപ്പായി.

ഒരാഴ്ചകഴിഞ്ഞ്, ഞാൻ ജോലിയൊന്നും
ഇല്ലാതിരിക്കുന്നതുകണ്ട് എന്റെ റൂം
ഷെയർ ചെയ്തിരുന്ന ഒറ്റപ്പാലം സ്വദേശി വെങ്കടേശ്വരന്‍ എനിക്ക് ജോലി വല്ലതും തരപ്പെടുമോ എന്നറിയാൻ എന്നെയും കൂട്ടി സെൻട്രൽ കൽക്കട്ടയിലെ ഡല്‍ഹൗസി സ്‌ക്വയറിൽ 2 മംഗോ ലെയിനില്‍ ഉള്ള ജെ. കെ. ബിസിനെസ്സ് മെഷിൻസ് ലിമിറ്റഡിലെ
സെയിൽസ് മാനേജർ എം. എസ് .ഡി. മേനോന്റെ ചേംബറിലെത്തി. വെങ്കടേശ്വരന്‍ നേരത്തെ ജെ. കെ യിൽ ജോലി ചെയ്തതാണ്. അന്ന് എസ് . കെയ്ത്താന്‍ ആൻഡ് കമ്പനിയുടെ (ഇന്നത്തെ കെയ്ത്താന്‍ ഫാന്‍) ഇലെക്ട്രിക്കൽ അപ്ളയന്‍സസിന്‍റെ പുതിയ ഷോറൂം തിരട്ടി ബസാറിലെ പൊദ്ദാർ കോർട്ടിൽ ഉത്ഘാടനം ചെയ്യപ്പെടുകയായിരുന്നു. ഉത്ഘാടകന്‍ എം. എസ് .ഡി. മേനോനും.  ഞങ്ങൾ ചെല്ലുമ്പോൾ മേനോൻ സാർ ചടങ്ങിന് പോകാൻ നിൽക്കുകയായിയുന്നു. വെങ്കടേശ്വരന്‍ വിവരം പറഞ്ഞപ്പോൾ മേനോൻ സാർ എന്നെയും കൂട്ടി പൊദ്ദാർ കോർട്ടിലെത്തി. ചടങ്ങുകൾ കഴിഞ്ഞപ്പോൾ എന്നെ കമ്പനിയുടമ  ശ്രീകൃഷ്ണ കെയ്ത്താനെ പരിചയപ്പെടുത്തി. പിറ്റേദിവസം മുതൽ അവിടെ ഷോറൂം സെയില്‍സ് മാനായി ജോലിയിൽ പ്രവേശിച്ച് എന്റെ പ്രവാസ ജീവിതത്തിന്‌ തുടക്കം കുറിച്ചു. പന്നീട് ജോലിസ്ഥലങ്ങൾ മാറിക്കൊണ്ടിരുന്നു. കൽക്കട്ട ആദ്യം എന്നെ മടുപ്പിച്ചു. പിന്നെ പ്രണയിച്ചു. രണ്ടര പതിറ്റാണ്ട്‌ എനിക്ക് അന്നംതന്നന്തിയുറക്കിയ അവളെ ഞാൻ പിരിഞ്ഞപ്പോൾ അവളെന്നെ കരയിപ്പിച്ചു. കൊൽക്കത്ത, അവൾ അങ്ങനെയാണ് !

വെണ്ടർ രാജനും വെങ്കടേശ്വരനും ചെച്ചനും എന്നെ ചേർത്തുപിടിച്ച മേനോൻസാറും നക്സൽ സമയത്ത് നോർത്ത് കൽക്കട്ടയിലെ ബര്‍ത്തല പോലീസ് സ്റ്റേഷനിൽ നിന്നും ഒരു മുന്‍പരിചയവും ഇല്ലാതെ എന്നെ പുറത്തിറക്കിക്കൊണ്ടുവന്ന പത്രപ്രവർത്തകൻ ശേഖരൻ നമ്പ്യാരും എല്ലാം മൺമറഞ്ഞെങ്കിലും എന്റെ പ്രവാസത്തിന്റെ ജീവിതവഴികളിൽ ഞാൻ കണ്ടു കൈകൂപ്പിയ ദൈവങ്ങളാണവർ. ചേർത്തുനിർത്തിയവരെ വിസ്മരിച്ചാൽ പ്രവാസജീവിതത്തിന്റെ വിശുദ്ധി നഷ്ടപ്പെടുമെന്ന ബലമായ തിരിച്ചറിവോടെ അഞ്ചു പതിറ്റാണ്ടുകൾ  കഴിഞ്ഞെങ്കിലും ദേശവും കാലവും മാറിയെങ്കിലും ഞാനിന്നും യാത്ര തുടരുന്നു പ്രവാസത്തിന്റെ മാറാപ്പും തോളിലേറ്റി.

Join WhatsApp News
ഡോ. പി.എം.ജി. നമ്പീശൻ, കൊൽക്കത്ത 2022-04-05 17:21:53
നല്ല ഓർമ്മക്കുറിപ്പുകൾ. കൽക്കട്ടയിലെ ജീവിതത്തെക്കുറിച്ച് കൂടി എഴുതൂ. ഇത്തരം അനുഭവങ്ങളും ഓർമ്മകളും ഓരോ പ്രവാസിക്കും ഉണ്ട്. പക്ഷേ എല്ലാവർക്കും എഴുതാൻ കഴിയില്ല. അതുകൊണ്ട് നമ്മൾ എഴുതുന്നത് മറ്റുള്ളവർക്ക് വേണ്ടി കൂടി ആണ്.
ഫിലിപ്പ് തോമസ് . 2022-04-24 03:44:14
നന്നായി. കൽക്കത്തയെ പരിചയപെടുത്തി.
സുനിൽ ഞാളിയത്ത് 2022-05-10 08:35:04
ഹൃദ്യമായ കുറിപ്പ്. എത്രയോ കഥകളുടെ അടരുകൾ ഉള്ളിൽ പേറുന്നവരാണ് ഓരോ മനുഷ്യരും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക