ശീതകാലം വരുന്നു: എന്തുകൊണ്ടാണ് വ്ളാഡിമിർ പുടിനെയും സ്വതന്ത്ര ലോകത്തിന്റെ ശത്രുക്കളെയും തടുത്തുനിർത്തേണ്ടത് എന്ന റഷ്യൻ (മുമ്പ് സോവിയറ്റ്) ചെസ്സ് ഗ്രാൻഡ്മാസ്റ്റർ, മുൻ ലോക ചെസ്സ് ചാമ്പ്യൻ, എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, എക്കാലത്തെയും മികച്ച ചെസ്സ് കളിക്കാരനായി പലരും കരുതുന്ന ഗാരി കാസ്പറോവിന്റെ പുസ്തകം (Winter Is Coming: Why Vladimir Putin and the Enemies of the Free World Must Be Stopped-2015) ഇന്ന് എന്തുകൊണ്ടും പ്രസക്തമായി ഉയർന്നുവരുന്നു. റഷ്യ വീണ്ടും സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്നതിന്റെ അതിശയകരമായ കഥ - അത് സംഭവിക്കാൻ അനുവദിച്ചതിന് പടിഞ്ഞാറ് ഇപ്പോൾ എങ്ങനെ വില കൊടുക്കുന്നു,അദ്ദേഹം മുൻകൂട്ടി പ്രവചിച്ചു.
മിഖായേൽ ഗോർബച്ചേവിന്റെ കാലത്തെ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം, ബോറിസ് യെൽറ്റ്സിൻ കീഴിൽ ദുർബലവും അപൂർണ്ണവുമായ ജനാധിപത്യത്തിലേക്കുള്ള റഷ്യയുടെ മാറ്റം, കെജിബി സ്വേച്ഛാധിപത്യം പുനർനിർമ്മിക്കാനും ലോകക്രമത്തെ അസ്ഥിരപ്പെടുത്താനും വ്ളാഡിമിർ പുടിൻ റഷ്യൻ ഭയവും പാശ്ചാത്യ ഭീരുത്വവും എങ്ങനെ മുതലെടുത്തു. ഇരുമ്പ് തിരശ്ശീലയുടെ പതനത്തിന് ശേഷം ലോകത്തിലെ മുൻനിര രാജ്യങ്ങൾ റഷ്യയുമായി നടത്തിയ പ്രവർത്തനരഹിതമായ ബന്ധം. ശീതയുദ്ധത്തിൽ വിജയിച്ച റീഗനൈറ്റ് ധാർമ്മിക നേതൃത്വം യുഎസും യൂറോപ്പും ആഘോഷിക്കുമ്പോൾ പാതിവഴിയിൽ പെട്ടെന്ന് ഉപേക്ഷിക്കപ്പെട്ടു. റഷ്യയുടെ അസ്ഥിരതയും അഴിമതിയും അവഗണിക്കപ്പെടുകയും തുടക്കം മുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്ലിന്റൺ-യെൽറ്റ്സിൻ 90-കൾ മുതൽ പുടിൻ താൻ ഒരു സഖ്യകക്ഷിയാണെന്ന് ജോർജ്ജ് ഡബ്ല്യു ബുഷിനെ ബോധ്യപ്പെടുത്തി. ഓരോ ഘട്ടത്തിലായി റഷ്യ അറിയാതെ വഴുതിപ്പോയ പടവുകൾ കാസ്പറോവ് തെളിച്ചുകാണിക്കുകയാണ് ഈ പുസ്തകത്തിലുടനീളം. സോവിയറ്റ് യൂണിയൻ ശിഥിലമായതോടുകൂടി ശത്രുക്കളില്ലാത്ത പുതിയ ഒരു ലോകക്രമം ഉണ്ടായി എന്ന് അമേരിക്കൻ സഖ്യം വെറുതെ കണക്കുകൂട്ടി. ഈ നിഷ്ക്രിയതിനും അലംഭാവത്തിനും കൊടുക്കേണ്ടിവരുന്ന കനത്ത വിലയെപ്പറ്റി അദ്ദേഹം വാചാലനാവുന്നു.
ക്ലിന്റൺ വളരെ കുറച്ച്, ബുഷ് വളരെയധികം, ഒബാമ ഒന്നും ചെയ്തില്ല, ”കാസ്പറോവ് പറഞ്ഞു. "യുദ്ധത്തിനും സമാധാനത്തിനും ഇടയിൽ ഒരു വലിയ പ്രദേശമുണ്ട്, അതിനെ നേതൃത്വം എന്ന് വിളിക്കുന്നു. ഇത് ചെസ്സ് പോലെയല്ല, കറുപ്പും വെളുപ്പും പോലെ അത്ര വ്യക്തമല്ല. പുടിൻ കൂടുതൽ ശക്തനായതിനാൽ, അദ്ദേഹം ഉയർത്തുന്ന ഭീഷണി പ്രാദേശികമായും ഒടുവിൽ ആഗോളമായും വളർന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച ഒരു അവസാന പോയിന്റ് ആയിരുന്നില്ല - ശീതയുദ്ധം ഒരു പുതിയ വസന്തമായി ഉരുകിയതിനാൽ സീസണുകളുടെ മാറ്റം മാത്രമായിരുന്നുവെന്ന് ഈ പുസ്തകത്തിൽ കാസ്പറോവ് കാണിക്കുന്നു. എന്നാൽ ഇപ്പോൾ, വർഷങ്ങളോളം അലംഭാവത്തിനും തെറ്റായ മുൻവിധികൾക്കും ശേഷം, ശീതകാലം വീണ്ടും വന്നിരിക്കുന്നു. കാസ്പറോവ് അടിവരയിട്ടു പറയുന്നു, പാശ്ചാത്യ ലോകത്തെ ഈ ഉറക്കത്തെ എങ്ങനെ ന്യായീകരിക്കാനാവും?.
റഷ്യൻ ചാര സംവിധാനമായ കെജിബിയുടെ മുൻ ലെഫ്റ്റനന്റ് കേണൽ ആയിരുന്ന വ്ളാഡിമിർ പുടിൻ 1999-ൽ റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നത് രാജ്യം ജനാധിപത്യത്തിൽ നിന്ന് അകലുന്നതിന്റെ ശക്തമായ സൂചനയായിരുന്നു. എന്നിട്ടും ഇടയ്ക്കുള്ള വർഷങ്ങളിൽ-അമേരിക്കയും ലോകത്തിലെ മറ്റ് പ്രമുഖ ശക്തികളും അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്നത് തുടർന്നു. പുടിൻ ഒരു ഏകാധിപതിയായി മാത്രമല്ല, ഒരു അന്താരാഷ്ട്ര ഭീഷണിയായിത്തന്നെ വളർന്നു. തന്റെ വിപുലമായ വിഭവങ്ങളും ആണവായുധങ്ങളും ഉപയോഗിച്ച്, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ആധുനിക ലോകക്രമത്തിനും എതിരായ ലോകവ്യാപകമായ ആക്രമണത്തിന്റെ കേന്ദ്രമാണ് പുടിൻ എന്ന് വർഷങ്ങൾക്കു മുൻപേ കാസ്പറോവ് പ്രവചനം നടത്തി. ചതുരംഗപ്പലകയിൽ അദ്ദേഹത്തിന് ലഭിച്ച സൂക്ഷ്മനിരീക്ഷണങ്ങളും, ആയിരക്കണക്കിനു ഉണ്ടാകാവുന്ന എതിരാളിയുടെ
ചടുല നീക്കങ്ങളെ ഏത്രയോ നേരത്തെ മനസ്സിൽ കുറിച്ചുവെക്കാനും പ്രതികരിക്കുവാനുമുള്ള കഴിവാണ് വിന്റർ ഈസ് കമിങ് എന്ന പുസ്തകത്തിലൂടെ അദ്ദേഹം കാട്ടിത്തരുന്നത്. സോവിയറ്റ് ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിന്റെ സ്വന്തം കഥ, സോവിയറ്റ് സമ്പ്രദായത്തിനെതിരെ സംസാരിക്കുകയും ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒരു പ്രമുഖ ശബ്ദമായി മാറുകയും ചെയ്തു.
1963-ൽ സോവിയറ്റ് യൂണിയനിലെ അസർബൈജാനിലെ ബാക്കുവിൽ ജനിച്ച ഗാരി കാസ്പറോവ് 12-ആം വയസ്സിൽ USSR-ന്റെ അണ്ടർ 18 ചെസ്സ് ചാമ്പ്യനും 17-ആം വയസ്സിൽ ലോക അണ്ടർ-20 ചാമ്പ്യനും ആയി. 22-ആം വയസ്സിൽ അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തിയിലെത്തി. 1985-ൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനായി. കാസ്പറോവ് 1990-ൽ ബോബി ഫിഷറിന്റെ റേറ്റിംഗ് റെക്കോർഡ് തകർത്തു, 2013 വരെ അദ്ദേഹത്തിന്റെ തന്നെ ഏറ്റവും ഉയർന്ന റേറ്റിംഗ് റെക്കോർഡ് തകർക്കപ്പെടാതെ തുടർന്നു. ഗെയിമിന്റെ തയ്യാറെടുപ്പിനും പഠനത്തിനുമായി കമ്പ്യൂട്ടറുകൾ വൻതോതിൽ ഉപയോഗിക്കുന്ന ആദ്യത്തെ പ്രധാന കളിക്കാരനായിരുന്നു കാസ്പറോവ്, കൂടാതെ 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും വളരെ പ്രചാരം നേടിയ നിരവധി മത്സരങ്ങളിൽ അദ്ദേഹം ശക്തമായ കമ്പ്യൂട്ടറുകളെ പരാജയപ്പെടുത്തി.
1996-97-ൽ IBM സൂപ്പർ കമ്പ്യൂട്ടറായ ഡീപ് ബ്ലൂവിനെതിരായ അദ്ദേഹത്തിന്റെ പ്രശസ്തമായ മത്സരങ്ങൾ കൃത്രിമ ബുദ്ധിയും ചെസ്സും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാനമായിരുന്നു. 1990-ൽ, സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അദ്ദേഹവും കുടുംബവും തന്റെ ജന്മനാടായ ബാക്കുവിൽ വംശീയ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. റഷ്യൻ പ്രോ-ഡെമോക്രസി മൂവ്മെന്റിന്റെ മുൻനിരയിൽ ചേരുന്നതിനായി പ്രൊഫഷണൽ ചെസിൽ നിന്ന് വിരമിച്ചു. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ (HRF) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. HRF ലോകമെമ്പാടും വ്യക്തിസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുകയും ഓസ്ലോ ഫ്രീഡം ഫോറം സംഘടിപ്പിക്കുകയും ചെയ്യുന്നു. പുടിന്റെ അടിച്ചമർത്തലിനിടെ ആസന്നമായ അറസ്റ്റിനെ അഭിമുഖീകരിച്ച കാസ്പറോവ് 2013 ൽ മോസ്കോയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് മാറി.
ഒരു ദശാബ്ദത്തിലേറെയായി കാസ്പറോവ് പുടിന്റെ കടുത്ത വിമർശകനായിരുന്നു, 2008 ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരായ ജനാധിപത്യ അനുകൂല എതിർപ്പിന് പോലും നേതൃത്വം നൽകി. എന്നിട്ടും പുടിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് ഒരു ഇരുണ്ട സത്യമായി അവശേഷിപ്പിച്ചു. പുടിന്റെ റഷ്യ, ISIS അല്ലെങ്കിൽ അൽ ഖ്വയ്ദ പോലെ, ലോകത്തിലെ സ്വതന്ത്ര രാജ്യങ്ങൾക്ക് ഒരു ഭീഷണിയായി. കാസ്പറോവിന്റെ ലോകോത്തര ബുദ്ധിശക്തി, ബോധ്യം, തന്റെ മാതൃരാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയുടെ ശക്തിയിൽ വാദിച്ച വിന്റർ ഈസ് കമിംഗ്, പുടിനെ അദ്ദേഹം ശരിക്കും എന്താണെന്ന് വെളിപ്പെടുത്തുന്നു: ഒരു അസ്തിത്വപരമായ അപകടം വ്യക്തമായ കാഴ്ചയിൽ മറഞ്ഞിരിക്കുന്നു. യുദ്ധം ഒരു മോശം ആശയമാണെന്ന് കാസ്പറോവ് സമ്മതിക്കുന്ന ഒരേയൊരു കാരണം റഷ്യയുടെ കൈവശം ആണവായുധങ്ങൾ ഉള്ളതുകൊണ്ടാണ്. അതിനാൽ ഈ പുസ്തകം കൂടുതലും ഒരു നീണ്ട തർക്കമാണ്. എന്നാൽ ഇത് സ്റ്റാലിനോടും ഹിറ്റ്ലറോടും താരതമ്യപ്പെടുത്തുന്ന ഒരു മനുഷ്യനെതിരെയുള്ള ആയുധത്തിനുള്ള ആഹ്വാനമാണ്.
കാസ്പറോവ് കൊതിക്കുന്ന പടിഞ്ഞാറ് നിലവിലില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ജനാധിപത്യ രാജ്യങ്ങളിലെ വോട്ടർമാർ രക്തം, വിയർപ്പ്, അധ്വാനം, കണ്ണുനീർ എന്നിവയെക്കാൾ അവരുടെ നേതാക്കളെയും ശാന്തമായ ജീവിതത്തെയും ഇഷ്ടപ്പെടുന്നു. നിലപാടുകൾ അല്ല ഒഴിഞ്ഞുമാറലുകൾ ആണ് ഇന്ന് രാഷ്രീയ താല്പര്യം. പ്രസ്താവനകൾ, ഭീഷണികൾ, അർത്ഥമില്ലാത്ത വിരട്ടലുകൾ ഒക്കെയാണ് പൊളിറ്റിക്കലി കറക്ട്. സ്വയം പ്രതിരോധിക്കാൻ കഴിയാത്ത ഒരു സ്വതന്ത്ര ലോകത്തെ എങ്ങനെ സംരക്ഷിക്കും?.
എന്താണ് കയ്യും കെട്ടി ലോകരാജ്യങ്ങൾ നിൽക്കുന്നത്? യുക്രൈയിനിൽനിന്നു റഷ്യയെ തുരത്താൻ നാറ്റോ സഖ്യത്തിന് കഴിവില്ലേ എന്ന് ചിന്തിക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിൽ നമ്മെ നേരിട്ട് ഭീഷണിപ്പെടുത്താത്ത ഒരു സ്വേച്ഛാധിപതിയെ എതിർത്ത് മറ്റൊരു കാടത്തത്തിലേക്ക് കടക്കുന്നതിന് മുമ്പ് നാം വളരെ ജാഗ്രത പാലിക്കേണ്ടതിന്റെ നല്ല കാരണവുമുണ്ട്. അത്തരം സംരംഭങ്ങളുടെ സമീപകാല ചരിത്രം പ്രോത്സാഹജനകമായിരുന്നില്ല, ആ സ്വേച്ഛാധിപതികൾക്ക് ആണവായുധങ്ങൾ ഇല്ലായിരുന്നു എന്നും പാശ്ചാത്യ ലോകം ഭയപ്പെടുന്നെങ്കിൽ അതിൽ ചില്ലറ ശരികൾ ഉണ്ട് , വളരെയേറെയുണ്ട് എന്നതാണ് ഈ പുസ്തകത്തിനുള്ള ഇപ്പോഴത്തെ മറുപടി.
റഷ്യാക്കാർ നിരത്തു മുറിച്ചുകടക്കുമ്പോൾ പലപ്രാവശ്യം തിരിഞ്ഞുനോക്കും, നിരത്തിന്റെ അപ്പുറത്തു എത്തുന്നതിനു മുൻപ് ഒരുപക്ഷെ അവൻ ഏതോ ചാരപ്പോലീസിന്റെ തോക്കിനു ഇരയായേക്കാം അല്ലെങ്കിൽ പിടിച്ചുകൊണ്ടുപോയി സൈബീരിയയിലേക്കു നാടുകടത്തിയേക്കാം. ഭക്ഷണത്തിൽ വിഷംചേർക്കുന്ന ഇടപാട് ഇടക്കൊക്കെ ഉള്ളതിനാൽ ഓരോ ഭക്ഷണവും ലാസ്റ്റ് മീൽ എന്നും വിചാരിക്കണം എന്നൊരു തമാശ റഷ്യക്കാരെക്കുറിച്ചു പറയാറുണ്ട്. അത്ര അരക്ഷിത ചുറ്റുപാടിലാണ് അവർ എപ്പോഴും. കാര്യക്ഷമതയുള്ള, അഴകുള്ള ഒരു ജനക്കൂട്ടത്തിനു അടിമത്തത്തിന്റെ കൂച്ചുവിലങ്ങിൽനിന്നും രക്ഷപെടുവാനാകാതെ പള്ളിയിൽ തിരികത്തിച്ചും അല്ലെങ്കിൽ വീട്ടിലെ വോഡ്ക സേവയിലും ദിനങ്ങൾ എണ്ണിക്കഴിയേണ്ടിവരുന്നത് വിധിയുടെ ഒരു കടംകഥ. ലോക യുദ്ധങ്ങളിൽ അവർ അത്യധികം രക്തം ചൊരിയേണ്ടിവന്നത് അവരുടെ നേതാക്കളെ വിശ്വസിച്ചു ഇറങ്ങിപുറപ്പെട്ടപ്പോഴാണ്, ഇത് ഇന്നും അവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പുട്ടിന്റെ റഷ്യയിലും അവർ വല്ലാതെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഞങ്ങൾ വിശ്വസിച്ചതെല്ലാം തെറ്റായിരുന്നു, ഇപ്പോൾ സംഭവിക്കുന്നത് വളരെ വിചിത്രമാണ്, യുക്തിയുടെ പ്രയോജനം ഒരു പരിധിയിലാണെന്ന് തോന്നി. അദ്ദേഹം പ്രായോഗികബുദ്ധി കുറഞ്ഞവനും കൂടുതൽ വൈകാരികനുമായിരിക്കുന്നു. അനന്തരഫലങ്ങൾ ഊഹിക്കാൻ പോലും കഴിയില്ല; ഇതൊരു ദുരന്തമാണ്. ഞങ്ങൾ ഇപ്പോൾ ഈ അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്, ഇതൊക്കെയാണ് സാധാരണ റഷ്യാക്കാർ അടക്കം പറഞ്ഞുകൊണ്ടിരിക്കുന്നത്.
ചെസ്സ്, ഇന്ന് നമുക്കറിയാവുന്നതുപോലെ, എഡി 600-കൾക്ക് മുമ്പ് ഇന്ത്യൻ ഗെയിമായ ചതുരംഗത്തിൽ നിന്നാണ് ജനിച്ചത്. അടുത്ത നൂറ്റാണ്ടുകളിൽ ഏഷ്യയിലും യൂറോപ്പിലും ഈ ഗെയിം വ്യാപിക്കുകയും ഒടുവിൽ 16-ാം നൂറ്റാണ്ടിൽ ചെസ്സ് എന്ന പേരിൽ പരിണമിക്കുകയും ചെയ്തു. ചതുരംഗപ്പലകയിൽ കറുപ്പും വെളുപ്പും ഉള്ള കളങ്ങൾ മാത്രമേയുള്ളൂ എന്ന് ഇന്ത്യക്കു നന്നായി അറിയാം എന്നാൽ അവിടെയൊക്കെ കറുപ്പും വെളുപ്പും അത്ര വ്യക്തമല്ലാത്ത ചാരനിറത്തിലുള്ള കളങ്ങൾ തപ്പി നടക്കുമ്പോൾ, നാം അറിയാതെ പുതിയ ഒരു കളിയുടെ സാധ്യത ഗെയിമിൽ കൊണ്ടുവരികയാണ്. ഇന്നത്തെ നിയമങ്ങളും നീതിയും നാളെ അങ്ങനെയാവണമെന്നില്ല.
ഇമവെട്ടാതെ മനുഷ്യരാശിയുടെ കാവൽഭടനായി നിൽക്കാൻ സ്വാർത്ഥമല്ലാത്ത ഏതുകൂട്ടത്തിനാണ് ആവുക? ലോലമായ സന്ദർഭങ്ങൾ മുന്നിൽകണ്ട് വെറുതേ നിസ്സംഗമായ പ്രസ്താവനകൾ ഇറക്കി സമൂഹത്തിന്റെ കണ്ണിൽ പൊടിയിട്ടു പുകമറക്കുള്ളിൽ ലാഭംകൊയ്യാൻ മത്സരിക്കുന്ന മനുഷ്യക്കൂട്ടങ്ങൾ, ഒരിക്കൽ തങ്ങളും വളരെ അകലെയല്ലാത്ത ഇത്തരം അപകടമരമായ അവസ്ഥയിൽ എത്തുമ്പോൾ കൈകാലിട്ടടിച്ചാൽ ആരും തിരിഞ്ഞുമൊക്കെപോലുമില്ല. കൂട്ടിവെച്ച ആണവായുധങ്ങളുടെ മേന്മയിൽ ആരുടെമേലും കുതിരകയറാം എന്ന് ധരിച്ചാൽ തെറ്റി, ഓരോ ചെറിയ രാജ്യങ്ങളും അധോലോകത്തിൽനിന്നും വാങ്ങിക്കൂട്ടുന്ന ആണവായുധങ്ങളുമായി വിലപേശാനിറങ്ങുന്ന കാലം അത്ര വിദൂരത്തിലല്ല.
"ശീതകാലം വരുന്നു" എന്ന മുന്നറിയിപ്പ്, നിരന്തര ജാഗ്രതയാണ് ഈ വാക്കുകൾക്ക് പിന്നിലെ അർത്ഥം. ശീതകാലം, അത് ഭൂമിയെ ഏറ്റവും കഠിനമായി ബാധിക്കുന്നു. യുക്രൈയിനിൽനിലെ നിസ്സഹരായ ജനങ്ങളെ കുരുതികഴിക്കുമ്പോളും പട്ടണങ്ങൾ ചുട്ടു ചാമ്പലാക്കുമ്പോഴും നിഷ്ക്രിയരായി നോക്കിനിൽക്കേണ്ടിവരുന്ന ഒരു വലിയ ജനക്കൂട്ടത്തിന്റെ ധാർമ്മികത ചരിത്രത്തിൽ എങ്ങനെ അടയാളപ്പെടുത്തും?. ജീവനുള്ള ഇലകൾ കൊഴിഞ്ഞുപോയിരിക്കുന്നു നഗ്നമായ ചില്ലകൾ ക്രൂരമായ തണുപ്പിലേക്ക് വിരൽചൂണ്ടി നിൽക്കുന്നു. വസന്തകാലത്തിനും മുകളിൽ പിടിച്ചുനില്ലാനുള്ള ശക്തമായ വേരുകൾ ആണ് ഇനി ഭൂമിയിൽ മനുഷ്യരാശിയുടെ പ്രതീക്ഷ, നിതാന്ത ജാഗ്രത, നന്മക്കുവേണ്ടിപോരാടാനുള്ള കൂട്ടമായ കരുത്തും, അത് നഷ്ടപ്പെട്ടുതുടങ്ങിയാൽ പിന്നെ ഒരു വസന്തം ഉണ്ടാവില്ല ഈ ഭൂമിയിൽ.
“There is no one that can share your responsibility. It is your responsibility you must carry it on and you must be responsible for your actions. At the end of the day we all are being challenged, sooner or later, by our destiny. And it's up to us to make all the difference in this life. If not you, who else?”
― Garry Kasparov