കഥ ഇതുവരെ
രവികുമാറിനും പൂര്‍ണിമക്കും അവിചാരിതമായി മൂന്നാമതൊരു കുഞ്ഞു പിറക്കുമ്പോള്‍ മൂത്ത മകന് അഖിലിന്റെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടാമത്തെ മകള്‍ നിഖില ഡിഗ്രി സ്റ്റുഡന്റും. നാണക്കേട് സഹിക്കാനാവാതെ ആ കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് നിഖില വാശിപിടിച്ചു. പ്രസവം രഹസ്യമായി നടത്താന്‍ പൂര്‍ണിമയെ ബാഗ്ലൂരിലേക്ക് കൊണ്ടുപോയി.
പഴയ സഹപാഠികള്‍ക്കൊപ്പം റിയൂണിയനു പൂര്‍ണിമ കന്യാകുമാരിയില്‍ പോയപ്പോള്‍ ജയദേവന് എന്ന കാമുകനില്‍ നിന്നാണ് ആ കുഞ്ഞു പിറന്നതെന്ന അവകാശവാദവുമായി, ജയദേവന്റെ ഭാര്യയും ഫിലിംസ്റ്റാറുമായ നിരുപമ രംഗത്ത് വന്നു. നിരുപമ ഒരു ട്രാന്‍സ്ജെഡര്‍ വുമണ്‍ ആണ്. കുഞ്ഞിനെ അവര്‍ക്ക് വേണമെന്ന് നിരുപമ ആവശ്യപ്പെട്ടു. ഈ വിവരമൊന്നും രവികുമാറിന്റെ മക്കളായ അഖിലിനോ നിഖിലക്കോ പൂര്ണിമക്കോ അറിയില്ലായിരുന്നു.
രവികുമാര്‍ നടത്തിയ അന്വേഷണത്തില്‍ നിരുപമയുടെ വാദം പൊളിയുന്നു. പൂര്‍ണിമയുടെ സഹോദരന് ജയദേവനെ ആക്സിഡന്റില്പ്പെടുത്തുന്നു. ജയദേവന് വലതുകാല്‍ നഷ്ടമായി. നിഖില വഴങ്ങാതിരുന്നപ്പോള്‍ കുഞ്ഞിനെ ജയദേവനും നിരുപമക്കും കൊടുക്കാന്‍ രവികുമാര്‍ തയ്യാറായി. മകള്‍ക്ക് നാലു വയസു പ്രായമുള്ളപ്പോള്‍ ജയദേവന് മരിക്കുന്നു. മകളെയും കൊണ്ട് നിരുപമ മുംബൈയിലേക്ക് ചേക്കേറി. പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം പതിനെട്ടു തികഞ്ഞ മകളുമായി നിരുപമ ഒരു ടിവി ഷേയില്‍ പങ്കെടുക്കുന്നത് രവികുമാറും പൂര്‍ണിമയും കാണുന്നു. നിരഞ്ജന എന്നായിരുന്നു മകളുടെ പേര്. നിരുപമയുടെ സിനിമ ജീവിതത്തിനിടയില്‍ മകള്‍ വഴിവിട്ടുപോയിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്നു അവള്. മകളെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ നിരുപമ കൊച്ചിയില്‍ താമസം ആരംഭിക്കുന്നു.
കഥ തുടര്‍ന്നു വായിക്കാം.
നിരുപമ അകത്തു വരുമ്പോള്‍ കൈയില്‍ കിട്ടിയതൊക്കെ അനൂട്ടി നിലത്ത് വാരിയെറിഞ്ഞ് ഉടച്ചിരുന്നു. എന്നിട്ടവള് നിലത്ത് തുറിച്ചു നോക്കി കസേരയില്‍ ഇരിപ്പുണ്ട്.
വാതില്ക്കല് കവിളില്‍ കൈചേര്‍ത്ത് വച്ചു ആച്ചിയമ്മ നില്ക്കുന്നു. അന്‍പത്തഞ്ച് വയസ് പ്രായം വരും ആച്ചിയമ്മയ്ക്ക്. മുണ്ടും നേരിയതുമാണ് വേഷം. വെളുത്ത് സാത്വികയായ സ്ത്രീ. തലമുടി ഏറിയപാടും നരച്ചിട്ടുണ്ട്. നെറ്റിയില്‍ ചന്ദനക്കുറി.
വീടുപണി പൂര്‍ത്തിയാക്കി ആര്‍ക്കിടെക്റ്റ് ഹരിശങ്കറിനോട് വൃത്തിയും വെടിപ്പും പ്രായവുമുള്ള ഒരു സ്ത്രീയെ സെര്വെന്റായി വേണമെന്ന് നിരുപമ റിക്വസ്റ്റു ചെയ്തിരുന്നു. അങ്ങനെ വന്നതായിരുന്നു ആച്ചിയമ്മ. തൃപ്പൂണിത്തുറയിലെ പാവപ്പെട്ട ഒരു നായര്‍ തറവാട്ടിലെ അംഗമാണ്. അവര്‍ക്കത് അമ്പരപ്പെടുത്തുന്ന കാഴ്ചയാണെന്ന് നിരുപമക്ക് അറിയാം.
'ആച്ചിയമ്മ താഴേക്ക് ചെല്ല്.... ദേഷ്യം വന്നാല്‍ മോള് അങ്ങനെയാ.'
ആച്ചിയമ്മ അവിടെ നിന്നു പോയി.
നിരുപമ മകള്‍ക്കടുത്തേക്ക് ചെന്നു.
ആ മനുഷ്യന് അവിടെ ഇരുന്നു എല്ലാം കാണുന്നുണ്ട്.....'
ചുവരില്‍ തൂക്കിയ ജയദേവന്റെ വലിയ ചിത്രത്തില്‍ നോക്കി നിരുപമ പറഞ്ഞു.
'ഓര്‍മ്മ വച്ചകാലം മുതല്‍ മമ്മി ഇതു പറയുന്നുണ്ട്. പിന്നെന്താ ആ മനുഷ്യന് ശബ്ദിക്കാത്തത്... കാണുക മാത്രമേയുള്ളോ?'
'അനൂട്ടി....!'
നിരുപമ ഒച്ചയെടുത്തു
.
ഇവിടെ കൊണ്ട് വന്നു ഈ വീട്ടിനുള്ളില്‍ എന്നെ തളച്ചിട്ട് മമ്മി എന്തു നേടാനാ പോകുന്നത്.?
'നിന്നെ എനിക്ക് നന്നാക്കി എടുക്കണം.'
'നന്നാക്കിയെടുത്തിട്ട് എന്ത് നേടാനാ? എന്റെ വഴി പിഴച്ചുപോയെന്ന് എപ്പോഴും പറയുന്നല്ലോ. അതിനെന്നെ കുറ്റപ്പെടുത്താന്‍ മമ്മിക്ക് എന്തു യോഗ്യതയാണുള്ളത്? ആദ്യം സ്വയം നന്നാവണം. എന്നിട്ടുമതി മറ്റുള്ളവരുടെ കാര്യം നോക്കാന്‍....'
നിരുപമ തറഞ്ഞു നിന്നു.
'ഇട്ടുമൂടാന്‍ പണമല്ലാതെ മമ്മി എനിക്കെന്താ തന്നത്. ബന്ധുക്കളായിട്ടോ സ്വന്തക്കാരായിട്ടോ ഒരാളെങ്കിലും ഉണ്ടോ? എ്ന്തിനും ചൂണ്ടി കാണിക്കാന്‍ ചുവരില്‍ ഒരു ഫോട്ടോയും. അതെന്റെ പപ്പയാണെന്നു മമ്മി മാത്രം പറഞ്ഞു തന്ന അറിവേ എനിക്കുള്ളൂ. മമ്മിയുടെ ശരിക്കുള്ള ഭര്‍ത്താവ് തന്നെയാണോ ആ മനുഷ്യന്....?'
നിരുപമയുടെ നിയന്ത്രണം വിട്ടുപോയി. അനൂട്ടിയുടെ കവിളില്‍ അടി വീണു. ചരിഞ്ഞു പോയ മുഖം അവള് വെട്ടി തിരിച്ചു.
'തല്ലിയതു കൊണ്ട് എ്ന്റെ ചോദ്യത്തിന് ഉത്തരമായില്ല.'
അനൂട്ടി വീറോടെ നിന്നു.
'നാലു വര്‍ഷം നിന്നെ മടിലിരുത്തി വീല്‍ചെയറില്‍ കൊണ്ടു നടന്ന മനുഷ്യനാണെടി അത്. നീ എന്തു പറഞ്ഞാലും ഞാന്‍ സഹിക്കും. ദേവേട്ടനെ പറ്റി പറഞ്ഞാല്‍, സഹിക്കില്ല ഞാന്‍...'
നിരുപമ തിരിഞ്ഞു നടന്നു.
'അങ്ങനെ എങ്കില്‍ പപ്പയുടെ വീട്ടുകാരുടെ അടുത്തേക്ക് എന്നെ കൊണ്ട് പോ....' അനൂട്ടി പിന്നാലെ വിളിച്ചു പറഞ്ഞു.
നിരുപമ പുറം തിരിഞ്ഞ് നിന്നു. അനൂട്ടി പാഞ്ഞ് പിന്നില്‍ ചെന്നു.
'എല്ലാ കുട്ടികളെയും പോലെ ജീവിക്കണമെന്ന ആഗ്രഹമൊക്കെ എനിക്കുമുണ്ട്. തടവറയില്‍ എന്നെ അടച്ചിടാതെ പുറത്തിറക്ക്. എനിക്ക് കാണണം എന്റെ പപ്പയുടെയും മമ്മിയുടെയും ബന്ധുക്കളെ.....പറ്റോ നിങ്ങള്‍ക്ക്?
നിങ്ങള്‍ക്കതിനു കഴിയില്ല. ഞാന്‍ ജനിക്കുമ്പോ പപ്പാക്കൊരു കാലില്ലെന്നാ പറഞ്ഞു കേട്ടത്. എന്നെ ഏറ്റെടുത്ത് വളര്‍ത്തിയതാണോ എന്നാര്‍ക്കറിയാം. പല സിനിമാ നടിമാരും കുട്ടികളെ ഏറ്റെടുത്ത് വളര്‍ത്തുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നിരുപമക്കും അതാവാം. ഒരു പെറ്റ് വേണമെന്ന ആഗ്രഹം സാധിക്കാം.
അതല്ലേ നിങ്ങള്‍ എ്ന്നിലൂടെ സാധിച്ചത്?'
ശൂലം പോലെ ആ വാക്കുകള്‍ നിരുപമയുടെ ഹൃദയത്തില്‍ വന്നു തറച്ചു. ആലുവ പുഴയില്‍ നിന്ന് വന്ന കാറ്റിന് അഗ്നിയുടെ ചൂടായിരുന്നു.
'എനിക്കറിയാം, എന്റെ ജീവിതം വേസ്റ്റാണെന്ന്. അതറിഞ്ഞു തന്നെയാ ഞാന്റെ വഴി തേടി പോയത്. എല്ലാം മറന്ന് ജീവിക്കാനും നിങ്ങള്‍ എ്ന്നെ അനുവദിച്ചില്ല.'
നിരുപമ മെല്ലെ തിരിഞ്ഞു. കണ്ണുകള്‍ നനവാര്‍ന്നിരുന്നു.
'ദേവേട്ടന് ആക്സിഡന്റ് പറ്റുമ്പോള്‍ എന്റെ വയറ്റില്‍ നീ ജന്മമെടുത്തിരുന്നു. ഞാന്‍ നിന്റെ അമ്മയല്ലെന്ന് നീ പറഞ്ഞാല്‍ നിനക്ക് വേണ്ട തെളിവുകള്‍ നിരത്തി തരാനും ഞാന്‍ തയ്യാറാ. നിന്നെ പ്രസവിക്കാന്‍ ഏഴു മാസമാ ഞാന്‍ ഫീല്‍ഡില്‍ നിന്നും മാറി നിന്നത്. സ്വന്തം അസ്തിത്വം തിരിച്ചറിയണമെന്നുണ്ടോ...? എങ്കില്‍ വാ.... ബാംഗ്ലൂരില്‍ നിനക്കു ഞാന്‍ ജന്മം തന്ന ഹോസ്പിറ്റലില്‍ പോകാം...'
നിരുപമയുടെ സ്വരം ചിലമ്പി.
'എന്തിന്.... എനിക്ക് ഈ നാട്ടില്‍ വന്നിട്ടു കാണേണ്ടത് എന്റെ പപ്പയുടെയും മമ്മിയുടേയും സ്വന്തക്കാരെയാ....'
'എനിക്കും ദേവേട്ടനും അവര്‍ ഭ്രഷ്ട് കല്പിച്ച കാര്യം പറഞ്ഞതല്ലേ നിന്നോട്?'
'ഭ്രഷ്ടോ. എ്ന്താ അതിന്റെ മീനിംഗ്? ജയദേവനെ ഇന്നും ആളുകള്‍ ഓര്‍ക്കുന്നുണ്ട്. മമ്മി പ്രശസ്തിയുടെ കൊടുമുടിയിലല്ലേ. ഞാന്‍ മണ്ടിയൊന്നുമല്ല. ആരും നിങ്ങളെ അവഗണിക്കില്ല.'
'ഇന്നലെ ഇല്ലാത്തവര്‍ എനിക്കിന്നും വേണ്ട.'
നിരുപമ സ്വരം വീണ്ടെടുത്തു.
'നിന്റെ ഡിഗ്രി അഡ്മിഷന് ശരിയായിട്ടുണ്ട്. നാളെ കോളേജില്‍ പോയി ചേരാം. നല്ല കാര്യങ്ങള്‍ ചിന്തിക്ക്....'
നിരുപമ നടന്നു പോയി. പിടിച്ചു നില്‍ക്കാനുള്ള നിരുപമയുടെ ആത്മധൈര്യം ചോര്‍ന്നു പോയിരുന്നു.
ബാല്‍ക്കണിയിലെ ഈസി ചെയറില്‍ നിരുപമ ചെന്നിരുന്നു. അവിടെ ടീപോയില്‍ സൈലന്റ് മോഡിലിരുന്ന ഫോണ്‍ മിന്നികൊണ്ടിരുന്നു. അതിലേക്കൊന്നു നോക്കാന്‍ പോലും നിരുപമക്ക് തോന്നിയില്ല.
എന്നെ എടുത്തു വളര്‍ത്തിയതാണോ എന്നവള്‍ ചോദിച്ചു കഴിഞ്ഞു. ഇനി എന്തായാലും രവികുമാര്‍ സാറോ പൂര്ണേച്ചിയോ വരില്ല എന്നു തന്നെ ആശ്വസിക്കാം. അവരിപ്പോ മുത്തച്ഛനും മുത്തശ്ശിയും ആയിട്ടുണ്ടാവും. നിരുപമ കസേരയിലേക്ക് ചാരി കണ്ണുകളടച്ചു.
****
പിറ്റേന്ന്.
കിച്ചനില്‍ നിന്നു പൂര്‍ണിമ ഫോണിലെടുത്ത അനൂട്ടിയുടെ ചിത്രങ്ങള്‍ സൂം ചെയ്തും അല്ലാതെയും നോക്കികൊണ്ടു നിന്നു. മകളുടെ കണ്ണുകള്‍, മൂക്ക്, ചുണ്ട്, നെറ്റി, കവിള് അങ്ങനെ മാറിമാറി സൂം ചെയ്ത് കണ്ടു. പൂര്‍ണിമയുടെ മിഴികള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു. അവള് ഫോണിലെ ഫോട്ടോയില്‍ ചുംബിച്ചു.
'മോളെ.....അമ്മ.....!'
മുറ്റത്ത് ഒരു കാറിന്റെ ഇരമ്പല്‍ കേട്ടു. പൂര്‍ണിമ ഫോണ്‍ വച്ചിട്ട് സാരി തലപ്പാലെ കണ്ണുകള്‍ ഒപ്പി. ഗ്യാസ് സ്റ്റൗ ഓഫു ചെയ്തിട്ട് ഹാളില്‍ വന്ന് വാതില്‍ തുറന്നു.
സുമലതയും മകന് അപ്പുവും സിറ്റൗട്ടില്‍ കയറിയിരുന്നു.
പൂര്‍ണിമയുടെ നനഞ്ഞ മിഴികളില്‍ പ്രകാശമുണ്ടായി.
'അപ്പുനെകൊണ്ട് കാര്‍ എടുപ്പിക്കാന്‍ പാടില്ലായിരുന്നു. പതിനെട്ടു വയസ് തികഞ്ഞിട്ടില്ല. സുമേച്ചി ഇവന്റെ താളത്തിനു തുള്ളരുത്. രവിയേട്ടന് ഒരിക്കല്‍ പറയുകയും ചെയ്തു.'
അകത്തേക്കു നടക്കുമ്പോള്‍ പൂര്‍ണിമ പറഞ്ഞു.
'എനിക്ക് ഒന്നു ക്ഷേത്രത്തില്‍ പോകാന്‍ പോലും സാറിനെ കിട്ടില്ല. പിന്നെ അപ്പൂനെ അല്ലാതെ ആരെ ആശ്രയിക്കാനാ.'
സുമലത സെറ്റിയില്‍ ചെന്നിരുന്നു. ഹരിബാബുവിനെ സുമലതക്ക് ഇപ്പോഴും സാര്‍ വിളിയാണ്. പരിചയപ്പെട്ട നാള് മുതല്‍ ശീലിച്ചു പോയതാണ്.
അടുത്ത വര്‍ഷം ഞാന്‍ ലൈസന്‍സ് നേടും. ചിറ്റ നിരുപമയുടെ ഫാന്‍ ആണോ. ആ പ്രോഗ്രാം റിക്കോര്‍ഡ് ചെയ്ത് ചിറ്റയെ കാണിക്കാന്‍ അച്ഛന് പറഞ്ഞു.....' അപ്പു പോക്കറ്റില്‍ കൈയിട്ടു.
പൂര്‍ണിമ സുമലതയെ നോക്കി.
അപ്പു ടി.വി.യുടെ അടുത്തേക്കു പോയി. റിക്കോര്‍ഡ് ചെയ്തു കൊണ്ടു വന്നത് പ്ലേ ചെയ്തു കാണിക്കാനുള്ള ശ്രമമായിരുന്നു.
'നിരുപമയെ നമ്മള് അറിയുന്നതല്ലേ അപ്പൂ.'
എനിക്കീ നിരുപമയെ ഒട്ടും ഇഷ്ടമല്ല. അച്ഛന്റെ സിനിമയിലൂടെയാ അവള് വന്നത്. നാഷ്ണല്‍ അവാര്‍ഡു വരെ കിട്ടിയിട്ടും അച്ഛനെ പറ്റി ഇന്റര്‍വ്യൂവില്‍ ഒരു വാക്ക് പറഞ്ഞിട്ടില്ല. അഹങ്കാരിയാ.
പക്ഷേ അവളുടെ മോള്‍ക്ക് നല്ല ഭംഗീണ്ട്. കണ്ടാ അവളുടെ മോളെന്ന് പറയില്ല. നല്ല കുട്ടി. ഉടനെ ഏതെങ്കിലും ഫിലിമില്‍ അവളെ കാണാം. ജോലിക്കിടയില്‍ അപ്പു പറഞ്ഞു.
മുഖാമുഖം നോക്കിയതല്ലാതെ പൂര്‍ണിമയും സുമലതയും ഒന്നും മിണ്ടിയില്ല.
അപ്പു ടി.വി. ഓണ്‍ ചെയ്തു. ഉള്‍തുടിപ്പോടെ പൂര്‍ണിമ അതു കണ്ടു തുടങ്ങി. അനൂട്ടിയെ കണ്ടതും അപ്പു ഒരു ഡയറക്ടറെ പോലെ ഷോട്ടിനു നേരെ തള്ളവിരലുകള്‍ കൂട്ടിചേര്‍ത്ത് നോക്കി.
അമ്മേ.... നിരഞ്ജനയെ കാണാന്‍ ചിറ്റയുടെ ഒരു വിദൂരഛായയില്ലേ ..... ഉണ്ട്.....ചെറിയൊരു ലൂക്കുണ്ട്.....'
അവന് കണ്ണെടുക്കാതെ പറഞ്ഞു.
പൂര്‍ണിമയുടെ ഉള്ള് തേങ്ങി പോയി.
' എന്നെങ്കിലും ഒരിക്കല്‍ നിരഞ്ജനയെ വച്ചു ഞാനുമൊരു പടമെടുക്കും. എന്റെ ആദ്യത്തെ ഹീറോയിന് ദേ.... ഇവള് തന്നെ ആയിരിക്കും. അപ്പോഴെക്കും അവള് നാലഞ്ചു പടം കഴിഞ്ഞിരിക്കും.' അപ്പു കൂട്ടിചേര്‍ത്തു.
പൂര്‍ണിമയുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ വേണ്ടി സുമലത പറഞ്ഞു.
'നീ എന്തിനോ വെള്ളയമ്പലത്ത് പോകുനെന്നല്ലേ പറഞ്ഞത്. എന്നാല്‍ ചെല്ല്.'
സുമലത പറഞ്ഞതും അപ്പു പുറത്തേക്ക് പോയി.
ഒരക്ഷരം ശബ്ദിക്കാതെ പൂര്‍ണിമ പ്രോഗ്രാം മുഴുവനും കണ്ടുതീര്‍ത്തു. പിന്നെ കണ്ണുകളും കവിളുകളും തുടച്ചു.
'നിന്റെ വേദന എനിക്കറിയാം പൂര്ണിമേ. അവള് നല്ല നിലയില്‍ ജീവിക്കുന്നല്ലോ. നിരുപമ നിധിയെ പോലാ അവളെ കൊണ്ടു നടക്കുന്നത്.'
സുമലത ആശ്വസിപ്പിച്ചു.
'എന്റെ മോളെ ഒരു സിനിമക്കാരിയായി കാണാന്‍ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. മലയാളത്തിലാണെങ്കില്‍ പിന്നേം വേണ്ടില്ല. ഹിന്ദിയിലേയും തെലുങ്കിലെയും സിനിമ നടികളുടെ പേക്കൂത്തുകള്‍ കാണുന്നതല്ലേ. എ്ന്റെ കുട്ടിയുടെ നിഷ്കളങ്ക മുഖം ഓര്‍ക്കുമ്പോള്‍.....' സുമലത ശബ്ദിച്ചില്ല.
'എന്തിനാ നിരുപമ കൊച്ചിയില്‍ താമസമാരംഭിച്ചതെന്നു മനസിലാവുന്നില്ല. അവള്‍ക്ക് ചാന്‍സുകളൊക്കെ കുറഞ്ഞിട്ടായിരിക്കുമോ.'
പൂര്‍ണിമ ആരാഞ്ഞു.
'പ്രായം നാല്പത് കഴിഞ്ഞെങ്കിലും അവള്‍ക്കിപ്പോഴും നല്ല ഓഫര്‍ ഉണ്ടെന്നാ സാറ് പറഞ്ഞത്. എല്ലാം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാ. ഒന്നിന്റെ ഷൂട്ട് ഹൈദരാബാദില്‍ നടക്കുന്നുമുണ്ട്. അതിനിടയില്‍ ധൃതി പിടിച്ചുള്ള ഈ വരവിനു പിന്നില്‍ തക്കതായ കാര്യമുണ്ട്.....' സുമലത സംശയിച്ചു.
'ഹരിബാബു സാറിന്റെ കണക്ഷന് വച്ച് അവള് കൊച്ചിയില്‍ വരാനുള്ള കാരണം മനസിലാവില്ലേ?'
'നിരുപമക്കിപ്പോ മലയാളം ഇന്‍ഡസ്ട്രിയുമായി അടുത്ത ബന്ധം ഒന്നുമില്ല. അവള് മലയാളം കൈവിട്ടിട്ട് വര്ഷങ്ങളായില്ലേ. ഇവിടത്തെ സൂപ്പര്‍ സ്റ്റാറുകളുടെ പ്രതിഫലമൊക്കെയാ അവള് വാങ്ങുന്നത് തന്നെ. അവളെ പറ്റിയുള്ള ഒരു രഹസ്യവും ആര്‍ക്കുമറിയില്ല.'
'എനിക്കെന്റെ മോളെ അടുത്തൊന്നു കാണാന്‍ എന്തു വഴിയാ സുമേച്ചി ഉള്ളത്?' പൂര്‍ണിമ കരയാന്‍ തുടങ്ങി.
'അവളുടെ വീട്ടിലൊന്നും ചെന്നു കയറാന്‍ പറ്റില്ല. കനത്ത സെക്യൂരിറ്റി ഉണ്ടാവും. ആരാ എന്താ എന്നൊന്നുമറിയാതെ അവര്‍ കടത്തി വിടാനും പോകുന്നില്ല. നിന്നെയും രവി അനിയനേം മനസില്‍ കണ്ട് നല്ല തയ്യാറെടുപ്പോടെ തന്നെയാവും അവള് വന്നിരിക്കുന്നത്. അല്ലെങ്കില്‍ ഇന്റര്‍വ്യൂന് തയ്യാറാവോ?'
നീലു എറണാകുളത്തുണ്ടെന്നു കരുതി എനിക്ക് അവളില്‍ നിന്ന് ഒരു സഹായോം കിട്ടില്ല.' പൂര്‍ണ്ണിമ സങ്കടപ്പെട്ടു.
'അവള് കടവന്ത്രയിലല്ലേ. നിരുപമ ആലുവയിലും. പിന്നെ ഒരു വിശേഷം ഉണ്ട്. കൊച്ചിയിലേക്ക് മാറ്റം വാങ്ങി അഖിലും മാളുവും അടുത്തയാഴ്ച വരുന്നുണ്ട്. രാവിലെയാ അവള് എന്നെവിളിച്ച് പറഞ്ഞത്. ഡല്‍ഹിക്കു പോയിട്ട് കാലം കുറെയായില്ലേ. മാളു നിനക്കു വേണ്ടി എ്ന്തിനും തയ്യാറാ.... നിന്റെ മോളെക്കാള്‍ നിന്നെ മനസിലാക്കിയത് നിന്റെ മരുമകളാ....'
സുമലത പറഞ്ഞു തീര്‍ന്നതും പൂര്‍ണിമ അവളുടെ കൈപിടിച്ചു.
'സുമേച്ചി..... അവളോട് എറണാകുളത്ത് വീടെടുക്കാതെ ആലുവയില്‍, നിരുപമയുടെ വീടിനടുത്ത് ഒരു വാടക വീട് സംഘടിപ്പിക്കാന്‍ പറയണേ. അങ്ങനെ ഒത്തു കിട്ടിയാല്‍ മോളെ കാണണമെന്നു തോന്നുമ്പോഴൊക്കെ എനിക്കും രവിയേട്ടനും അങ്ങോട്ടു പോകാം. പുറത്ത് എവിടെ എങ്കിലും വച്ച് ഞങ്ങള്‍ ആരാന്നു പറയാതെ അവളെ ഒന്നു കാണാനുള്ള ഭാഗ്യം ഉണ്ടായാലോ.....'
പൂര്‍ണിമ ധൃതി വച്ചു. കണ്ണുകളില്‍ നിന്ന് തെരുതെരെ നീര്‍ക്കണങ്ങള്‍ പൊഴിഞ്ഞു.
'ഞാന്‍ മാളുവിനോടു പറയാം. നീ അഖിലിനോടും പറ. അവര്‍ രണ്ടു പേരും വിചാരിച്ചാലെ നിന്റെ മോഹം നടക്കൂ.'
ഒരു സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നതിന്റെ നിര്‍വൃതിയോടെ പൂര്‍ണിമ നിശ്വസിച്ചു.
**
കോളേജ് ഗേറ്റ് കടന്ന് കാര്‍ കാമ്പസിനുള്ളിലേക്ക് സാവകാശം നീങ്ങി. പിന്‍സീറ്റില്‍ നിരുപമയുടെ അടുത്തിരുന്ന് കൗതുകത്തോടെ അനൂട്ടി പുറത്തേക്ക് നോക്കിയിരുന്നു. ശാന്തമായ അന്തരീക്ഷം. കുട്ടികളെ ഒന്നും കാമ്പസില്‍ കാണാനില്ല. മുംബൈയിലെ കാമ്പസില്‍ ഒച്ചയും ബഹളുവുമാണ്.
കാര്‍ ചെന്ന് പോര്‍ട്ടിക്കോവില്‍ നിന്നു. എറണാകുളത്തെ പഴക്കമുള്ളതും പേരെടുത്തതുമായ കോളജായിരുന്നു അത്. കാറില്‍ നിന്നിറങ്ങുന്നതിനു മുമ്പ് നിരുപമ മകളെ നോക്കി. മുഖം സംതൃപ്തമാണെന്നു മനസിലായി.
'ഇവിടെ എന്നെ തിരിച്ചറിയുന്നവരുണ്ടാവും. നീ ഇറിട്ടേറ്റഡാവരുത്....'
'ആദ്യം മുഖത്തിരിക്കുന്ന ഗ്ലാസ് എടുത്ത് മാറ്റ്. എ്ന്നിട്ടൊരു കുട്ടിയുടെ മമ്മിയായി വാ. ഫാഷന്‍ ഷോക്കൊന്നുമല്ല പോകുന്നത്.'
അവള് ഡോര്‍ തുറന്നിറങ്ങി. സീറ്റിലിരുന്ന ബാഗ് എടുത്ത് തോളില്‍ തൂക്കി.
അപ്പോഴെക്കും മുന്‍കൂട്ടി അറിയിച്ചതിനാല്‍ പ്രിന്‍സിപ്പലും ഏതാനും ടീച്ചേര്‍സും ഓടി വന്നു. ഒരു ടീച്ചര്‍ ബൊക്കെ നല്കി നിരുപമയെ സ്വീകരിച്ചു. പുറത്ത് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. അവരെയെല്ലാം ക്ലാസുകളില്‍ കയറ്റിയിരുന്നു. പ്രിന്‍സിപ്പല്‍ അമ്പതിനടുത്ത് പ്രായമുള്ള പ്രൗഢയായ സ്ത്രീയായിരുന്നു.
'വരൂ മാം....'
പ്രിന്‍സിപ്പല്‍ ഹാര്‍ദ്ദവപൂര്‍വ്വം ക്ഷണിച്ചു. നിരുപമ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു.
പ്രിന്സിപ്പിലിനൊപ്പം നിരുപമയും അനൂട്ടിയും ഓഫീസില്‍ കയറി. ഒപ്പം രണ്ടു പേരും.
'മാം ഇരിക്കൂ.'
പ്രിന്‍സിപ്പല്‍ സ്വീകരിച്ചു.
നിരുപമ ഇരുന്നു. അനൂട്ടി അടുത്തു നിന്നു.
അഡ്മിഷനുള്ള നടപടിക്രമങ്ങള്‍ ധൃതിയില്‍ ആരംഭിച്ചു.
'മാം മോളെ ഇവിടെ ചേര്‍ക്കാന്‍ തീരുമാനിച്ചത് ഞങ്ങള്‍ക്ക് അഭിമാനമാ..... മോളെന്താ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ തന്നെ ചൂസ് ചെയ്തത്?'
കണ്ണട മുഖത്ത് അമര്‍ത്തി വച്ച് പ്രിന്‍സിപ്പല്‍ ചോദിച്ചു.
'ലിറ്ററേച്ചര്‍ എനിക്കിഷ്ടാ മാഡം.....' അനൂട്ടി പറഞ്ഞു.
'ടിവിയില്‍ ഇന്റര്‍വ്യൂ വന്ന വിവരം ഇവിടെ ടീച്ചേഴ്സ് പറയുന്ന കേട്ടു. നാട്ടില്‍ സെറ്റിലാവുകയാണോ?'
'അതെ മാഡം. ഷൂട്ട് ഉള്ള സമയം പോയാല്‍ മതിയല്ലോ. നാട്ടില്‍ ജീവിക്കണമെന്നത് മോളുടെ ആഗ്രഹമായിരുന്നു.'
നിരുപമ പറഞ്ഞു. അനൂട്ടി പുച്ഛം അടക്കി നിന്നു.
കോളേജിന്റെ ഗുണഗണങ്ങള്‍ പ്രിന്‍സിപ്പല്‍ വിവരിച്ചു. അപ്പോഴേക്കും അഡ്മിഷന് പൂര്‍ത്തിയായി.
'ക്ലാസ് തുടങ്ങിയിട്ട് ഒരാഴ്ചയായി. മോള് ക്ലാസിലിരിക്കുന്നോ അതോ നാളെ വരുന്നതേയുള്ളോ?'
പ്രിന്‍സിപ്പല്‍ ചോദിച്ചു.
'അവള് നാളെ മുതല്‍ വരും മാഡം.' നിരുപമ പറഞ്ഞു.
'ഞാനിന്നു തന്നെ ക്ലാസില്‍ കയറികൊള്ളാം. എല്ലാരേം പരിചയപ്പെടാല്ലോ.'
അനൂട്ടി നിലപാടറിയിച്ചു. നിരുപമ അത് പ്രതീക്ഷിച്ചിരുന്നില്ല.
'അതിനെന്താ. കുട്ടിയെ ക്ലാസിലേക്ക് വിടാം. ക്ലാസ് ഉച്ചവരെയുള്ളൂ. അതു കഴിയുമ്പോ മാം വണ്ടി വിട്ടാ മതി.'
പ്രിന്‍സിപ്പല്‍ അത് പറഞ്ഞിട്ട് ബെല്ലമര്‍ത്തി. പ്യൂണ്‍ അകത്തു വന്നു.
'കുട്ടിയെ ഫസ്റ്റിയര്‍ ഇംഗ്ലീഷിലേക്ക് കൊണ്ടു വിടൂ....'
'ശരി മാഡം.'
'താങ്ക്യൂ മാഡം.'
പ്രിന്‍സിപ്പലിനോട് പറഞ്ഞിട്ട് നിരുപമയോടൊന്നും പറയാതെ അനൂട്ടി പ്യൂണിന്റെ കൂടെ പോയി. സെക്കന്റ് ഫ്ളോറിലെ ഡിഗ്രി ഫസ്റ്റ് ഇയര്‍. ഇംഗ്ലീഷ് ബാച്ചിനു മുന്നില്‍ പ്യൂണ്‍ നിന്നു. യുവതിയായ ടീച്ചര്‍ ക്ലാസെടുക്കുകയാണ്. നിറയെ പെണ്‍കുട്ടികള്‍ ക്ലാസ്റൂമിലുണ്ട്.
'മാഡം....'അയാള്‍ വിളിച്ചു.
ടീച്ചര്‍ മുഖം തിരിച്ചു.
'ന്യൂ അഡ്മിഷനുണ്ട്.... കുട്ടിചെല്ലൂ...' പ്യൂണ്‍ പറഞ്ഞു.
അനൂട്ടി ക്ലാസിലേക്ക് കയറിയതും തിര നിശ്ചലമായത് പോലെ കുട്ടികള്‍ ഇരുന്നു.
'എന്താ ഇയാളുടെ പേര്?' ടീച്ചര്‍ ചോദിച്ചു.
'നിരഞ്ജന.'
'എന്താ ഇത്ര വൈകിയത്?'
'ഞാന്‍ മുംബൈയിലാ ടീച്ചര്‍ പഠിച്ചത്. ഇപ്പോ ഫാമിലി ഇവിടെ സെറ്റില്‍ഡായി.'
'ശരി ചെന്നിരിക്കൂ.'
അനൂട്ടി ചെറുചിരിയോടെ ചെന്നതും സെക്കന്റ് റോയിലിരുന്ന ഒരു പെണ്‍കുട്ടി സ്ഥലം നീക്കികൊടുത്തു. അവള് താങ്ക്സ പറഞ്ഞിട്ട് അവിടെ ഇരുന്നു. മറ്റുകുട്ടികള്‍ കൗതുകത്തോടെ നോക്കുന്നത് അവള് കണ്ടു.
'ഇവിടെ ശ്രദ്ധിക്കൂ....'
ടീച്ചര്‍ കടുപ്പിച്ചു പറഞ്ഞു. അവര്‍ ഗൗരവകാരിയാണെന്ന് അനൂട്ടിക്ക് തോന്നി. ക്ലാസെടുക്കുമ്പോള്‍ ടീച്ചറുടെ കുന്തമുനയുള്ള നോട്ടം വരുന്നത് അനൂട്ടി ശ്രദ്ധിച്ചു.
ബെല്‍ മുഴങ്ങി.
'സീ യൂ....'
പുസ്തകവുമെടുത്ത് ടീച്ചര്‍ പുറത്തിറങ്ങി നടന്നതും കോറിഡോറില്‍ നിന്നൊരു പിന്‍വിളി കേട്ടു.
'നിഖില ടീച്ചര്‍..... ഒന്നുനിന്നേ....'
വിളികേട്ട് ടീച്ചര്‍ നിന്നു. അത് നിഖിലയായിരുന്നു! പൂര്‍ണിമയുടെ മകള്‍ നിഖില. പ്രൊഫസര്‍ ഹിമാസുന്ദര് ധൃതിയില്‍ വരുന്നത് നിഖില കണ്ടു.
'നിരഞ്ജന എന്നൊരു കുട്ടി വന്നില്ലേ? ന്യൂ അഡ്മിഷന്.'
'അതെ.... എന്താ മാഡം?'
'അത് ആരാണെന്നറിയോ ടീച്ചര്‍ക്ക്? തെന്നിന്ത്യന്‍ ഫിലിം സ്റ്റാര്‍ നിരുപമയുടെ മകളാ..... അവരിപ്പോ കൊച്ചിയില്‍ സെറ്റില്ഡായിരിക്കാ. നിരുപമയെ സ്വീകരിക്കാന്‍ പ്രിന്‍സിപ്പലിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു. എന്നാ ഗ്ലാമര്‍! മോളും ഒട്ടും പിന്നിലല്ല....'
അടിമുടി പടര്‍ന്ന വിറയലില്‍ അമര്‍ന്നു നിഖില നിന്നു!
നിരുപമയുടെ മകള്‍!!
നാലു വയസുപ്രായമുള്ളപ്പോള്‍ അമ്മ ഇടയ്ക്കിടെ വീട്ടില്‍ എടുത്തു കൊണ്ടു വരാറുള്ള അനൂട്ടി..... വെറുപ്പായിരുന്നു അതിനോട്.
അച്ഛനും അമ്മയ്ക്കും മധ്യാഹ്നത്തിൽ ധൂമകേതു പോലെ വന്നു പിറന്ന സന്തതി.! ആ അധ്യായം അവസാനിച്ചെന്നു കരുതിയതാണ്. തന്റെ കോളേജില്‍ .....തന്റെ സ്റ്റുഡന്റായി.....
ഒരു അഗ്നിതിര നിഖിലയുടെ മനസിലേക്ക് അലച്ചു കയറി.
സന്ദീപും ഈ കോളേജിലെ പ്രൊഫസറാണ്!!
(തുടരും)
read more: https://emalayalee.com/writer/217