Image

പെസഹാ അപ്പം മുറിക്കൽ; നന്മസ്മരണകളുടെ പങ്കുവെക്കൽ: പുഷ്പമ്മ ചാണ്ടി

Published on 13 April, 2022
പെസഹാ അപ്പം മുറിക്കൽ; നന്മസ്മരണകളുടെ പങ്കുവെക്കൽ: പുഷ്പമ്മ ചാണ്ടി

നാളെ പെസഹാ വ്യാഴം.. നിറഞ്ഞ ഓർമ്മകളാണ് ചുറ്റും പൊതിയുന്നത്...
കുഞ്ഞുന്നാളിൽ അതൊരു സ്നേഹത്തിന്റെ ആഘോഷമായിരുന്നു .അരിയും ഉഴുന്നും വെള്ളത്തിലിട്ടു  കുതിർത്ത്  , ചുവന്നുള്ളിയും , വെളുത്തുള്ളിയും ജീരകവും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന പുളിക്കാത്ത അപ്പം , കൂടെ പെസഹാ പാലും .. സത്യത്തിൽ അപ്പത്തിനേക്കാൾ എനിക്കിഷ്ടം ആ പാല് കുടിക്കാനായിരുന്നു .
അന്ന് മാത്രം വല്യപ്പച്ചൻ   അടുക്കളയിൽ കയറും. അപ്പമുണ്ടാക്കലിന്റെ മേൽനോട്ടം അപ്പച്ചി എന്ന് ഞങ്ങൾ കുഞ്ഞുമക്കൾ വിളിക്കുന്ന  മുളവന ഔതക്കുട്ടിക്കാണ്.  എൻ്റെ അഞ്ചാം ക്ലാസ്സിലെ വേനലവധിക്കാലത്താണ് അപ്പച്ചി മരിച്ചത്.ഈസ്റ്റർ കഴിഞ്ഞ ഉടനെ .. കുടുംബത്തിൽ മരണം സംഭവിച്ചാൽ ആ വർഷം വീട്ടിൽ പെസഹാ അപ്പം ഉണ്ടാക്കില്ല , പകരം സ്വന്തക്കാര് ആരെങ്കിലും അത് അവരുടെ വീട്ടിൽ ഉണ്ടാക്കി നമുക്ക്  കൊണ്ടുവന്ന് തരും . 
അപ്പച്ചി മരിച്ചതിന്റെ പിറ്റേ വർഷത്തെ പെസഹയുടെ അപ്പം കഴിക്കാൻ എനിക്ക് ഒട്ടും ഉന്മേഷം തോന്നിയില്ല . അപ്പച്ചിയില്ലാത്ത ആദ്യത്തെ പെസഹാ ..!
അപ്പത്തിൽ ചേർക്കാൻ തേങ്ങാ ചുരണ്ടുമ്പോൾ അപ്പച്ചി ഒരു പാട്ടു പാടും.
എല്ലാ വർഷവും അത് പതിവാണ് . 
''ഇണ്ടറി അപ്പത്തിനു  തേങ്ങാ പോരാഞ്ഞിട്ട് , അമ്മേടപ്പനെ തെങ്ങേൽ കേറ്റി ... എന്നു തുടങ്ങുന്ന ആ പാട്ടിന്റെ ബാക്കി വരികൾ എനിക്ക് ഓർമ്മയില്ല.
ജർമ്മനിയിലെ ജീവിത നാളുകളിൽ ഒരിക്കൽ പോലും ഞാൻ പെസഹാ അപ്പം ഉണ്ടാക്കിയിട്ടില്ല . അവിടുത്തെ ഊഷ്മളമായ കൂട്ടായ്മകളാണ് ആ കുറവ് പരിഹരിച്ചത്. ആരുടെയെങ്കിലും  വീട്ടിൽ എല്ലാവരും ഒത്തു ചേർന്ന് പെസഹാ 
ആഘോഷിക്കും .

ഒരു ഈസ്റ്റർ തിങ്കളാഴ്ച്ചയാണ് എൻ്റെ അച്ചായൻ മരിച്ചത് .സുഖമില്ലെന്നറിഞ്ഞ് , അന്നത്തെ ദുഃഖ വെള്ളിയാഴ്ച ഞാൻ ഫ്രാങ്ക്ഫുർട്ടിൽ നിന്നും പ്ലെയിൻ കയറി.
അത് ശരിക്കും ഒരു ദുഃഖവെള്ളി ആയിരുന്നു . വൈകി പുറപ്പെട്ട വിമാനം മുംബൈയിൽ എത്തിയപ്പോൾ എൻ്റെ കൊച്ചി വിമാനം പോയിരുന്നു . പിന്നെയും വീട്ടിലെത്താൻ ഒരു ദിവസം കൂടി എടുത്തു . അച്ചായൻ പോകുമെന്നുറപ്പായിരുന്നത് കൊണ്ട് , വീട്ടിൽ പെസഹാ ആഘോഷിച്ചില്ല . അപ്പന്റെ പെങ്ങൾ, ഞാൻ അമ്മാമ്മ എന്ന് വിളിക്കുന്ന മറിയക്കുട്ടി അപ്പവും പെസഹാ പ്പാലും ഉണ്ടാക്കി കൊടുത്തുവിട്ടു.  ഫ്രിഡ്ജിൽ എനിക്കായി വെച്ചിരുന്ന ഒരു കഷ്ണം അപ്പവും  പാലും ഞാൻ കുടിച്ചു . ( എൻ്റെ അമ്മാമ്മയുടെ കൈപ്പുണ്യം അപാരമാണ് . എന്ത് ഉണ്ടാക്കിയാലും ഒരു പ്രത്യേക സ്വാദുണ്ടാവും. ഈസ്റ്റർ കാലത്തു ഞാൻ എപ്പോൾ നാട്ടിൽ ചെന്നാലും എനിക്കായി കുറച്ച് അപ്പവും , പാലും അമ്മാമ്മയുടെ ഫ്രിഡ്ജിൽ കാണും )
എൻ്റെ ഭർത്താവ്  ചാണ്ടിക്കു മതപരമായ ചടങ്ങുകളിൽ ഒന്നും  വിശ്വാസം ഇല്ലെങ്കിലും എൻ്റെ വികാരം  മാനിച്ച് അദ്ദേഹം   ബൈബിൾ വായിച്ച് അപ്പം മുറിച്ച് എല്ലാവർക്കും കൊടുക്കും .വർഷത്തിൽ ഒരു നാൾ 
പള്ളിലച്ചനെപ്പോലെ  ഈ ചടങ്ങ് അനുഷ്‌ഠിക്കുവാൻ കിട്ടുന്ന   അവസരം  സന്തോഷത്തോടെ , തമാശ ആയി പങ്കുവെക്കും .


ഇന്ന് അച്ചായനും  അമ്മയും  ചാണ്ടിയും ഇല്ല . ചാണ്ടി പോയതിനു ശേഷം കുറെ നാൾ ഞാൻ ഈസ്റ്റർ ദിനങ്ങളിൽ ഒന്നും ചെയ്തില്ല . കാരണം 2014 ഏപ്രിൽ ഇരുപത് ഈസ്റ്റർ നാളിൽ   ഞങ്ങൾ ആശുപത്രിയിൽ ആയിരുന്നു . അത് കഴിഞ്ഞ്  24 ദിവസങ്ങൾക്കു ശേഷം ചാണ്ടി ഈ ലോകത്തു നിന്നും യാത്രയായി .

പെസഹാ  നാളുകൾ  എനിക്ക് ഒരുപാട് സ്നേഹം കിട്ടിയ ദിനങ്ങൾ ആയിരുന്നു . അതിന്റെ ഓർമയ്ക്കായി കഴിഞ്ഞ രണ്ടു വർഷങ്ങളായി, ഞാൻ അപ്പവും പാലും തയ്യാറാക്കുന്നു. ( ഈ വർഷവും ആഗ്രഹിക്കുന്നു ) പ്രാർത്ഥിച്ചതിനു ശേഷം മുറിച്ച്, കുപ്പുസ്വാമിക്കും, നാഗമ്മക്കും കൊടുത്തിട്ട് ഞാനും കഴിക്കുന്നു..
കുഞ്ഞുന്നാള് തൊട്ടുള്ള, വീട്ടിലെ പെസഹാ സന്തോഷങ്ങൾ ഉള്ളാലെ അനുഭവിക്കുന്നു.

പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്. അതെ, സ്നേഹത്തിന്റെ , പരിപാലനത്തിന്റെ ഒരുപാട്  ഓർമ്മകളിലൂടെ ഞാൻ കടന്നുപോകുന്ന ദിവസം .

(ക്രിസ്ത്യാനികൾ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. ‘മോണ്ടി തേസ്ഡെ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്‍റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക