Image

വിഷു! സ്വര്‍ണ്ണ പൂക്കള്‍ പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍ എങ്ങനെ ആഘോഷിക്കാതിരിക്കും? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 13 April, 2022
വിഷു! സ്വര്‍ണ്ണ പൂക്കള്‍   പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍ എങ്ങനെ  ആഘോഷിക്കാതിരിക്കും? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ലോകത്ത് എമ്പാടും ഉള്ള മലയാളികള്‍ക്ക്  മറക്കാനാവാത്ത   ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവമായ വിഷു. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങള്‍ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം.

വിഷു ദിനത്തില്‍ രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ ആദ്യത്തെ പ്രവർത്തി 'വിഷുക്കണി' കാണുക എന്നതാണ്. വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണി തന്നെ. കുടുംബത്തിലെ  സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല.  എന്റെ വീട്ടില്‍ ഭാര്യ അതിരാവിലെ തന്നെ  കണിയൊക്കെ  ഒരുക്കി  ഓരോരുത്തരായി ഉറക്കമെണീറ്റ്  വരുമ്പോൾ  കാട്ടിയതിന് ശേഷമായിരിക്കും ജോലിക്ക് പോലും  പോകുന്നത്.

തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഇരട്ടക്കര മുണ്ട്,  വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്, കണ്‍മഷിക്കൂട്, പൊതിച്ച നാളികേരം, പഴം, താമ്പൂലം, വെള്ളിനാണയങ്ങള്‍, കൊളുത്തിവച്ച നിലവിളക്ക്, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍ വിളഞ്ഞ ഫലവര്‍ഗങ്ങള്‍,ആറന്‍മുള കണ്ണാടി,  കൃഷ്ണ വിഗ്രഹം  എന്നിവ ഒത്തു ചേരുന്നതാണ് വിഷുക്കണി. അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ് ഞങ്ങളെ  ഓരോരുത്തരെ ആയി കണികാണാന്‍ കൊണ്ട് വരിക.

കൊന്ന  പൂക്കളാല്‍ അലങ്കരിച്ച  കണികാണുമ്പോള്‍  ആ  വര്‍ഷത്തില്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും എന്നാണ്  ഞങ്ങളുടെ  വിശ്വാസം.  കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ വിഷുക്കൈനീട്ടത്തിന്റെ  ഉഴമാണ്.

കുടുംബത്തിലെ കാരണവര്‍ വിഷുക്കണിക്കു ശേഷം നല്‍കുന്നതാണ് വിഷുക്കൈനീട്ടം.  വരുന്ന വര്‍ഷത്തിന്റെ ഐശ്വര്യമായാണ് ഇതിനെ കാണുന്നത്. വിഷു കുട്ടികളുടെ ആഘോഷമാണെന്ന്കൂടി  പറയാം. കുട്ടികള്‍ അക്ഷമരായി കാത്തു നില്‍ക്കുന്നത് ഈ വിഷുക്കൈനീട്ടത്തിന് വേണ്ടിയാണ്.

കുട്ടികള്‍ക്കും തന്നേക്കാള്‍ പ്രായം കുറഞ്ഞ എല്ലാവര്‍ക്കും കൈനീട്ടം ലഭിക്കും. കൈനീട്ടത്തില്‍ നാണയം, കൊന്നപ്പൂവ്, അരി, ഉരുളിയില്‍ വെച്ചിരിക്കുന്ന സ്വര്‍ണ്ണം എന്നിവയുണ്ടാവും. ഇതില്‍ സ്വര്‍ണ്ണവും അരിയും ഉരുളിയിലേക്കു തന്നെ തിരിച്ചിടുന്നു. കാരണവര്‍ക്കു ശേഷം മറ്റ് മുതിര്‍ന്നവര്‍ ഇളയവര്‍ക്ക് കൈനീട്ടം നല്‍കാറുണ്ട്.

ഒരു വിധത്തില്‍ പറഞ്ഞാല്‍ കുട്ടിക്കാലത്തു  കൈ നിറയെ രൂപ കിട്ടുന്ന ഒരു ദിവസമാണ് വിഷു .  കുടുംബത്തിലെ കൈനീട്ടം വാങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ബന്ധുജനങ്ങളുടെ വീട്ടിലേക്ക്    ഒന്ന് വിരുന്നു പോകും അവിടെ നിന്നും  കൈനീട്ടം കിട്ടിയിരുന്നു. വിഷുവിനു  വരുന്ന  വിരുന്നുകാരില്‍ നിന്നും ചിലപ്പോള്‍ കൈനീട്ടം പ്രതീക്ഷിക്കാം. അങ്ങനെ നല്ല ഒരു തുക വിഷു കൈനീട്ടം  കിട്ടിയിരുന്നു.

കൈനീട്ടം ലഭിക്കുന്നവര്‍ക്കെല്ലാം  ഐശ്വര്യം ഉണ്ടാകുകയും  നല്‍കുന്നവര്‍ക്ക് ഐശ്വര്യം വര്‍ധിച്ച്  ഇനിയും നല്‍കാനാകുമെന്നുമാണ് വിശ്വാസം. കിട്ടുന്ന കൈനീട്ടം ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി  ഞങ്ങള്‍  കണ്ടിരുന്നു. ഓണത്തേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് വിഷുതന്നെ, കാരണം കൈ  നിറയെ പണം കിട്ടുന്നത്  വിഷുവിന്  മാത്രമാണ്.

കാര്‍ഷികപ്രധാനമാണ് വിഷു. നല്ല  കൃഷിയും അതില്‍ നിന്ന് ധാരാളം  ധനവും ഇക്കാലം കര്‍ഷകര്‍ സ്വപ്നം കാണുന്നു. ഞാന്‍ ജനിച്ചു വളര്‍ന്നത്  ഒരു കാര്‍ഷിക കുടുംബത്തില്‍ ആണ്. അതുകൊണ്ടുതന്നെ   വീട്ടിലെ പണിക്കാര്‍ക്കും വിഷുക്കൈനീട്ടം  നല്കുമായിരുന്നു. ഇവിടെ പ്രതീകാത്മകമായി ഐശ്വര്യവും സമ്പല്‍സമൃദ്ധിയും സന്തോഷവും എല്ലാവരുമായി പങ്കുവെയ്കുകയാണ്.

ഒരു വര്‍ഷത്തില്‍  രണ്ടു തവണയാണ്  സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക് നേരേ മുകളില്‍ ഉദിക്കുന്നത്. മേടം ഒന്നാംതിയതിയും മറ്റൊന്ന് തുലാമാസം  ഒന്നാം തിയതിയും. ഈ  രണ്ടു ദിവസങ്ങളിലും  ലോകത്തെല്ലായിടത്തും രാവും പകലും തുല്യമായിരിക്കും.  തുല്യാവസ്ഥയോടു കൂടിയത് എന്നാണ് വിഷു എന്ന വാക്കിന്റെ    അര്‍ഥം തന്നെ. അതായത് രാത്രിയും പകലും തുല്യമായ ദിനം, വിഷുവിനാണത്രേ സൂര്യന്‍ നേരേ കിഴുക്കുദിക്കുന്നത്.

മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ് ഇത്. മേടം ഒന്നു മുതല്‍ പത്താമുദയം വരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്. കൊല്ലവര്‍ഷം വരുന്നതിനുമുമ്പ് വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്. വസന്തത്തിന്റെ വരവിനെയാണ് അക്കാലത്ത് നവവത്സരത്തിന്റെ തുടക്കമായികണക്കാക്കി പോന്നത്.

വിഷു കഴിഞ്ഞാല്‍ പിന്നെ വേനലില്ല,  മഴക്കാലം തുടങ്ങി എന്നാണ് ചൊല്ല്.  മേടം പത്തിനു മുമ്പ് കൃഷിയിടം എല്ലാം ഉഴുതു പത്താമുദയത്തിന്  കൃഷിയിറക്കുന്നത് ഭാഗ്യമായി അന്നത്തെ കൃഷിക്കാര്‍ ആയിരുന്ന ഞങ്ങള്‍  കണ്ടിരുന്നു. പത്താമുദയത്തിന് കൃഷിയിറക്കിയാല്‍ പൊന്നും വിള കിട്ടും  എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം.

 അമേരിക്കയില്‍ എത്തിയിട്ടും  നാട്ടില്‍ നാം ഒരുക്കുന്ന വിഷു കണി   കേമമായിത്തന്നെ   സഹധര്‍മ്മിണി   ഒരുക്കി  ഞങ്ങളെ കണി കാണിക്കുമായിരുന്നു. കൈനീട്ടത്തിന് ശേഷം,  പിന്നെ  ഒരാവകാശം പോലെ ഭാര്യ  ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും  കൈനീട്ടം തരുമായിരുന്നു. ആ  കൈനീട്ടം  വാങ്ങിയാല്‍ ആ  വര്‍ഷം  സമ്പല്‍സമ്മര്‍ദ്ദമായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശ്യമില്ലായിരുന്നു.  

 നാട്ടിലെക്കെ വിഭവസമൃദ്ധമായ സദ്യ ഉച്ച ഊണിന്  ഉണ്ടാകും. പക്ഷേ അമേരിക്കയില്‍ മിക്കവാറും വിഷു  ജോലി ദിവസങ്ങില്‍ ആയിരിക്കും. അങ്ങനെയുള്ള ദിവസങ്ങളില്‍ സഹധര്‍മ്മിണി  ജോലി കഴിഞ്ഞു വന്നതിന്  ശേഷം സദ്യയുണ്ടാക്കി ഞങ്ങള്‍ക്കു തന്നെ ശേഷമേ ഉറങ്ങുമായിരുന്നുള്ളു. വിശേഷ ദിവസങ്ങള്‍ അല്ലെങ്കില്‍ കുടി ഏറ്റവും ആദ്യം എഴുന്നേല്‍ക്കുന്നതും ഏറ്റവും അവസാനം  ഉറങ്ങുന്നതും ഭാര്യ തന്നെ. 

ഇന്ന് വിഷു ആഘോഷിക്കാന്‍ ആരുമില്ലെങ്കില്‍കൂടി  ഓര്‍മ്മകളില്‍ ഈ  ആഘോഷങ്ങള്‍ എന്നും ഒരു ഉത്സവമായി  തന്നെ തുടരും.

മനസ്സിന് സന്തോഷം തരുന്ന ഒരുപാട് കൊച്ചു കൊച്ചു ഓര്‍മ്മകളെ അയവിറക്കിയാണ് നാം ഓരോരുത്തരും  ഓരോ ആഘോഷങ്ങള്‍ ഓര്‍ത്തുടുക്കുക. ഇന്നത്തെ സന്തോഷങ്ങള്‍ നാളത്തെ ഓര്‍മ്മകള്‍ ആയിരിക്കാം.നമ്മുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ഒരിക്കലും മാഞ്ഞു പോകില്ല, മനസ്സില്‍  ഓര്‍മകളായായി അതൊന്നും കൂടെതന്നെ  കാണും
 
പ്രകൃതി എന്നും നമ്മില്‍ വിസ്മയമുണര്‍ത്തുന്ന അത്ഭുതപ്രതിഭാസമാണ്.  നമുക്ക് സന്തോഷമായാലും  സഹതാപമായാലും  പ്രകൃതി അതിന്റെ കൃത്യനിര്‍വ്വഹണത്തില്‍  ഒരു മാറ്റവും  വരുത്താത് ഓരോ ആഘോഷങ്ങള്‍  സമ്മാനിച്ചുകൊണ്ടേയിരിക്കും. വിഷു കാലമായപ്പോഴേക്കും ലോകം മുഴുവന്‍  സ്വര്‍ണ്ണ പൂക്കള്‍  നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണുബോള്‍ മനസ്സിന്  ഒരു സന്തോഷം.

 കൊന്നയ്ക്കു പൂക്കാതിരിക്കാനാവാത്തതുപോലെ, സ്വര്‍ണ്ണ പൂക്കള്‍  നിറയെ പൂത്തുലഞ്ഞു നില്‍ക്കുബോള്‍ നമുക്ക്  എങ്ങനെ ഒരു വിഷു ആശംസയെങ്കിലും പറയാതിരിക്കാന്‍ ആകുമോ ?

അതായിരിക്കാം കവി പാടിയത്.*

*' എനിക്കാവതില്ലേ* *പൂക്കാതിരിക്കാന്‍*
*കണിക്കൊന്നയല്ലേ* *വിഷുക്കാലമല്ലേ'

ഹൃദയത്തിന്റെ ഭാഷയില്‍  എല്ലാവര്‍ക്കും  ഐശ്വര്യവും സമാധാനവും സമൃദ്ധിയും  ഉണ്ടാകാന്‍    വിഷു ആശംസകള്‍ നേരുന്നു.

Join WhatsApp News
കൊടുങ്ങല്ലൂർ ഭരണി 2022-04-16 20:56:50
കൊടുങ്ങല്ലുൽ ഭരണി എന്നറിയപ്പെടുന്നത് ഭക്തിയുടെ രൗദ്രഭാവം എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത് മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരയൊണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. ഭരണിയിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ ലൈഗീകച്ചുവയുള്ള ഭക്തിപ്പാട്ടുകൾ പാടുന്ന ഒരു അചാരം നില നിന്ന് പോരുന്നു ഇത് ക്ഷേത്രം കേന്ദ്രീകരിച്ചൂ പ്രവർത്തിച്ച ബൗദ്ധരെ ഓടിക്കാൻ വേണ്ടിയായിരുന്നുവെന്നും ശാക്തേയ അചാരത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായണ്. രണ്ടഭിപ്രായവുമുണ്ട് എന്നിരന്നാലും രതിയും ഊർവ്വരതയും ദൈവീകമായികണ്ട് ജീവിച്ചിരുന്ന ആദിമ ജനതയുടെ കൂടിചേരൽകൂടിയാണ് ഭരണിയെന്ന് കണക്കാക്കപ്പെടുന്നു. ആദ്യകാലത്തു ദ്രാവിഡ ജനത തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളുടെ പങ്ക് സമർപ്പിച്ചുകൊണ്ട് ജീവിത പ്രാരാബ്ധങ്ങൾ രോഷോത്തോടെ (തെറി) പാടി ആദിപരാശക്തിയെ ആരാധിച്ചിരുന്നു. ദ്വാരികവീരനെ വധിച്ചു കലിതുള്ളി വരുന്ന ഭദ്രകാളിയുടെ കോപമടക്കാൻ ശിവഗണങ്ങൾ ദേവീ സ്തുതികൾ പാടി നൃത്തം ചവിട്ടിയതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ഉത്സവം . നിരപരാധിയായ തൻ്റെ ഭർത്താവിനെ വിധിച്ചതിൽ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു സംഹാരരുദ്രയായി. മധുരാനഗരം ദഹിപ്പിച്ച വീരനായിക കണ്ണകിയെ സ്വന്ത്വനിപ്പിക്കാൻ വേണ്ടി ആണെന്നും വിശ്വസിക്കപ്പെടുന്നു. ഭരണി കേരളത്തിലാകമാനുള്ള പ്രത്യേകിച്ച് വടക്കൻ ജില്ലകളിലെ ദ്രാവിഡ വിഭാഗങ്ങളുടെ അനുഷ്ഠാനമാണ് ദ്രാവിഡർ ഇതിൽ ക്രിയാത്മകമായി ഇടപെടുന്നുണ്ട് . കുടുബികൾ പുലയർ അരയർ മുക്കുവർ വള്ളോർ വേലൻ വിശ്വകർമ്മജർ എന്നിങ്ങനെ പല സമുദായങ്ങൾക്ക് ഭരണി പ്രത്യേക പങ്കാളിത്തമുണ്ട്. രഹസ്യപൂജയായ " തൃച്ചന്ദനചാർത്ത് " ഇത് പൂർത്തിയാക്കി കോയ്മ പട്ടുകുട ഉയർത്തുന്നതോടെ കാവ് തീണ്ടൽ ഈ സമയത്ത് ചെമ്പട്ടണിഞ്ഞു വാളും ചിലമ്പും പൂമാലയും ധരിച്ച കോമരക്കൂട്ടങ്ങൾ ഉറഞ്ഞുതുള്ളുന്നു ഭക്തർ തകിടുകളിൽ ആഞ്ഞടിച്ചു പ്രദക്ഷിണം ചെയ്തു നൃത്തം ചെയ്യുന്നു തുടർന്ന് പ്രസാദമായ ഉണക്ക ച്ചെമ്മീനും വാങ്ങി മടങ്ങുന്നു. അവർ തങ്ങളുടെ അവകാശത്തറകളിൽ നിലയുറപ്പിക്കുകയും ചെയ്യുന്നു ശാക്തേയ കവിളാചാരത്തിൽ അധിഷ്ഠിതമായ ദ്രാവിഡ അചാരങ്ങൾ ആണ്. ഇത് ഭഗവതിയുടെ ദ്രാവിഡബദ്ധം വെളിവാക്കുന്നു .... 🌌 അവലംബം : naradhan
തേനും വയമ്പും) 2022-04-17 09:08:31
തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ -- (2) രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടുംവീണ്ടും തേനും വയമ്പുംനാവിൽ തൂകും വാനമ്പാടീ മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻപഴ തോട്ടം -- (2) കാലത്തും വൈകീട്ടും കൂമ്പാളത്തേനുണ്ണാൻ ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിൻ മേലേ മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക് താലികെട്ടിന്നല്ലേ നീയും പോരുന്നോ (തേനും വയമ്പും)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക