Image

“ഇന്‍ ദി മാറ്റര്‍ ഓഫ് അബൂബക്കര്‍, ആന്‍ എലിഫെന്റ് ഇന്‍ ദി കോര്‍ട്ട് റൂം….” (കഥ: ജോസഫ്‌ എബ്രഹാം)

Published on 18 April, 2022
“ഇന്‍ ദി മാറ്റര്‍ ഓഫ്    അബൂബക്കര്‍, ആന്‍ എലിഫെന്റ് ഇന്‍ ദി കോര്‍ട്ട് റൂം….” (കഥ: ജോസഫ്‌  എബ്രഹാം)

“Ignorantia juris non excusat”  എന്നു പറഞ്ഞാല്‍ എന്താണെന്ന്  അറിയുമോ മിസ്റ്റര്‍. മാത്തുകുട്ടിക്ക് ?”

“യെസ്  മൈ ലോര്‍ഡ്‌, വിവരമില്ലായ്മ  ഒരു എക്സ്ക്യൂസല്ലാ എന്നല്ലേ ?”

“അതെയതെ, പക്ഷെ വിവരമില്ലായ്മ  ഒരു കുറ്റകൃത്യം   അല്ലാത്ത സ്ഥിതിക്ക്,   താങ്കളുടെ പരിചയക്കുറവും  മറ്റും  പരിഗണിച്ചുകൊണ്ട്, കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ ഈ വ്യവഹാരത്തിന്മേല്‍ താങ്കള്‍ക്കെതിരെ പിഴ ശിക്ഷ വിധിക്കുന്നില്ല. താങ്കള്‍ക്ക് ഈ കോടതി  മാപ്പ് നല്‍കിയിരിക്കുന്നു.”

ദാമോദര്‍ജിയുടെ വക്കാലത്തുമായി മാനന്തവാടിയില്‍ നിന്നും  എറണാകുളം സൂപ്പര്‍ഫാസ്റ്റില്‍ കയറുമ്പോള്‍ തന്‍റെ പെട്ടിയില്‍ ഇരിക്കുന്ന ഹേബിയസ് കോര്‍പ്പസ്  ഹരജി ഉണ്ടാക്കാന്‍ പോകുന്ന കുഴപ്പങ്ങള്‍ എന്തൊക്കെയാണെന്നു മാത്തുക്കുട്ടിവക്കീലിന്  ഒരൂഹം പോലുമില്ലായിരുന്നു.

കീഴ് കോടതികളില്‍  മാത്രം കേസുകള്‍ നടത്തിവരവേ, ഹൈക്കോടതിയില്‍ ചെന്നൊരു കേസു നടത്താന്‍ മാത്തുക്കുട്ടിവക്കീലിന് പൂതി തോന്നിത്തുടങ്ങിയിട്ടു ഇമ്മിണി കാലമായി. അങ്ങു ദൂരെയുള്ള  ഹൈക്കോടതിയിലും പോയി  കേസുനടത്തുന്ന വക്കീലാണെന്നുവന്നാല്‍  മാനന്തവാടിയിലും മാത്തുക്കുട്ടിവക്കീലിന്‍റെ പെരുമ വര്‍ദ്ധിക്കും. 

 അങ്ങിനെയിരിക്കെയാണ്  ‘അബുബക്കര്‍ കേസു’മായി മുന്‍കാല വന്യജീവി വേട്ടക്കാരനും ഇപ്പോള്‍ സാധുമൃഗ സംരക്ഷണ സമിതിക്കാരനുമായ കടുവാ ദാമോദരന്‍ എന്ന ദാമോദര്‍ജി  മാത്തുക്കുട്ടിവക്കീലിനെ  തേടി വരുന്നത്. 

‘ഹേബിയസ് കോര്‍പസ്’  അടിയന്തിരമായി  കേള്‍ക്കേണ്ട ഇനത്തില്‍പ്പെട്ട കേസായതിനാല്‍  ഒന്നാമത്തെ കേസായി തന്നെ വിളിച്ചു.

സര്‍ക്കസു മുതലാളി  കാജാ ഹാജിയുടെ ഉടമസ്ഥതയിലുള്ള   അഭ്യാസിയായ ആനയാണ് അബൂബക്കര്‍. കോവിട് മഹാമാരി വന്നപ്പോള്‍ കളിമുടങ്ങി, നില്‍ക്കകള്ളിയില്ലാതെ കാജാ ഹാജി സര്‍ക്കസ് കമ്പനി പിരിച്ചുവിട്ടു. അവസാനം അബൂബക്കറും  ഏതാനും കുരങ്ങന്മാരും മാത്രം ഹാജിക്കൊപ്പം ബാക്കിയായി.

 അബുബക്കറെ വില്‍ക്കാന്‍ നോക്കിയിട്ടാര്‍ക്കും വേണ്ട,  സാധാരണ നാട്ടാനെയെപ്പോലെ തടിപിടിക്കല്‍ പോലുള്ള പണികളൊന്നും  അബൂബക്കറിനറിയില്ല. സര്‍ക്കസ് റിങ്ങില്‍   സ്റ്റൂളില്‍ കയറി നില്‍ക്കുക,  പന്ത് തട്ടുക,  പാട്ട് കേള്‍ക്കുമ്പോള്‍ നൃത്തം ചെയ്യുക, മൌത്ത് ഓര്‍ഗന്‍ തുമ്പിക്കയില്‍ പിടിച്ചൂതി  പാട്ട് വായിക്കുക  അതൊക്കെയായിരുന്നു  അവന്റെ പണി.  നല്ല തലയെടുപ്പുള്ളവനായിരുന്നതിനാല്‍ വല്ല ഉത്സവത്തിനും തിടമ്പേറ്റി പഷ്ണിമാറ്റാന്‍  പറ്റുമോന്നു നോക്കിയപ്പോളാണങ്കിലോ  അന്യജാതിക്കാരനായ  ആനയെക്കൊണ്ട്  തിടമ്പ് എടുപ്പിക്കുന്നത്  പരദേവതകള്‍ക്ക്  ഇഷ്ട്ടമാകുമോന്നു  എല്ലാവര്ക്കും ഒരു  ശങ്കയും.

സര്‍ക്കസുകാര്‍  എല്ലാവരും തന്നെ തമ്പുകള്‍  പൂട്ടിക്കെട്ടി, അതുകൊണ്ട്  സര്‍ക്കസ്സുകാര്‍ക്കും   അബൂബക്കറിനെ വേണ്ട.   വെറുതെ കൊടുക്കാമെന്നു പലരോടും പറഞ്ഞെങ്കിലും  ഒരാനയെ പൂമുഖത്ത് കെട്ടി പ്രതാപം കാണിക്കുന്ന കാലമൊക്കെ പോയതുകൊണ്ട്  ആര്‍ക്കും വേണ്ട.

  അബുബക്കറിനെ  ഏറ്റെടുക്കാമോന്ന് ഹാജി  വനംവകുപ്പുകാരോടും  ചോദിച്ചെങ്കിലും അവരും കൈമലര്‍ത്തി. അറ്റകയ്യായി, നമ്മുടെ ജാതിയിലുള്ള ആനയല്ലേ ഇതിനു  ചെലവിനു കൊടുക്കാന്‍ എന്തെങ്കിലും പോംവഴി കാണാനായി സഹായിക്കണം  എന്നപേക്ഷിച്ചെങ്കിലും, മീസാന്‍ കല്ല്‌ വാങ്ങാന്‍ പോലും കായില്ലാന്നു പറഞ്ഞു   മഹല്ല് കമ്മറ്റിയും കയ്യൊഴിഞ്ഞു. 

ആനയല്ലേ ഹാജിയാരെ,  ഒരാടായിരുന്നെങ്കില്‍ ഞമ്മള്‍  പോറ്റുമായിരുനെന്നു പറഞ്ഞു  ആടു വളര്‍ത്തുന്ന പാത്തുമ്മയും കൂടി കൈയൊഴിഞ്ഞതോടെ  കാജാ ഹാജിയെന്ന മുന്‍ സര്‍ക്കസ് മുതലാളി വല്ലാത്തൊരു ഹലാക്കിന്റെ  സുയിപ്പില്‍പ്പെട്ടു എടങ്ങേറായി.

ഒരാനയുടെ വയറുനിറക്കുക  എന്നത്  എളുപ്പകാര്യമല്ലലോ. ആനയ്ക്കു വേണ്ടവിധം ഭക്ഷണം നല്കുന്നില്ലെന്നെ  പരാതിയില്‍  വനംവകുപ്പും,  മൃഗ സംരക്ഷണ വകുപ്പും, ആനയെ സ്ഥിരമായി തളച്ചിട്ടിരിക്കുന്നത് ക്രൂരതയാണ്, ആനയ്ക്ക് വ്യായാമം കിട്ടാന്‍ നടക്കാന്‍ കൊണ്ടുപോകണമെന്ന്    എസ്. പി . സി  എ ക്കാരുമൊക്കെ വന്നു ഹാജിയെ  താക്കീതു ചെയ്തുപോയി. ഹാജിക്കാകപ്പാടെയുള്ള  എട്ടു സെന്റു പുരയിടത്തില്‍ നിന്നും, എപ്പളാ കെട്ടുപൊട്ടിച്ചു ആനയിറങ്ങി വന്നു തങ്ങളുടെ പുരയിടങ്ങള്‍ നശിപ്പിക്കുകയെന്നു അയല്‍ക്കാരും ഭയന്നിരിക്കുകയാണ്. 

അബൂബക്കര്‍,  കാജാ ഹാജിയുടെ  കസ്റ്റഡിയില്‍  പട്ടിണിയിലും, പീഡനത്തിലും  ആണെന്നും, അതുകൊണ്ട്  അബുബക്കറിനെ  അതിന്റെ ഉടമയുടെ തടങ്കലില്‍ നിന്നും മോചിപ്പിച്ചു  ഭക്ഷണവും മരുന്നും ലഭ്യമാക്കണമെന്നും,  ദേവസത്തിന്‍റെ  ആനക്കൊട്ടിലിലേക്ക് മാറ്റി പുനരധിവസിപ്പിക്കണമെന്നുമാണ്  ഹേബിയസ് കോര്‍പ്പസ്  റിട്ട് ഹര്‍ജിയിലൂടെ  മാത്തുക്കുട്ടി വക്കീല്‍ ഹൈക്കോടതിയോടു  നിവര്‍ത്തി ചോദിച്ചിരിക്കുന്നത്.

കേസ് വിളിച്ചപ്പോള്‍ തന്നെ  ഹര്‍ജിയില്‍ വലിയ പിഴവുണ്ടെന്നും  പ്രഥമദൃഷ്ട്ടിയാല്‍  തന്നെ കേസ്  തള്ളുമെന്നും  ജഡ്ജിയദ്ദേഹം    പറഞ്ഞു. 

“വക്കീലിനറിയരുതോ, ഹേബിയസ്  കോര്‍പ്പസ്  ഹര്‍ജികള്‍  ഒരു വ്യക്തിയെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ മാത്രമേ പറ്റുകയുള്ളൂ.”

“മൈ ലോര്‍ഡ്‌, അബുബക്കര്‍ ഒരു മനുഷ്യനല്ലെങ്കിലും  മനുഷ്യനേക്കാളും വലിയൊരു വ്യക്തിയാണ്” 

 മാത്തുക്കുട്ടിവക്കീല്‍  വാദിച്ചു.

 ‘ പാത്തുമ്മയുടെ  ആട്’ എന്ന കഥയില്‍   “ആടും ഒരു മനുഷ്യനല്ലേ ഇക്കാ” എന്ന  വൈക്കം മുഹമ്മദുബഷീറിന്റെ സഹോദരിയായ, പാത്തുമ്മ ചോദിച്ച  ചോദ്യത്തിന്‍റെ  ഫോട്ടോസ്റ്റാറ്റ് കോപ്പി കോടതിയില്‍  രേഖയായി  സമര്‍പ്പിക്കുകയും ചെയ്തു.  

 

കോടതിയില്‍ നിയമപുസ്തകം ഹാജരാക്കുന്നതിനു പകരം കഥപുസ്തകം ഹാജരാക്കുന്നതു കണ്ടപ്പോള്‍  ഹൈക്കോടതിയില്‍ സ്ഥിരമായി  വ്യവഹാരം  നടത്തുന്ന വക്കീലന്മാര്‍ ഉറക്കെ  ചിരിച്ചു. 

“വക്കീല്‍ ആദ്യമായിട്ടാണല്യോ ഹൈക്കോടതിയില്‍?, ആരോടെങ്കിലുമൊക്കെ ചോദിച്ചു മനസിലാക്കിയിട്ടു പോരായിരുന്നോ റിട്ട് ഫയലാക്കല്‍”

മാത്തുക്കുട്ടിവക്കീലിന്‍റെ  ആത്മവീര്യം ചോര്‍ത്തുന്ന ഒരുപരിഹാസ  ചിരിയോടെ  ജഡ്ജിയദ്ദേഹം  ചോദിച്ചു. ജഡ്ജിയദ്ദേഹം  ചിരിച്ചപ്പോള്‍ കോടതി അലക്ഷ്യം  ഭയന്നു മുഴുവന്‍ വക്കീലന്മാരും കൂടെ ചിരിച്ചു.

“മിലോര്‍ഡ്,  യു ഹാവ്  എ വണ്ടര്‍ഫുള്‍  ഹ്യൂമര്‍ സെന്‍സ്”

   സീനിയര്‍ വക്കീല്‍  നമ്പ്യാര്‍,  ജഡ്ജിയദ്ദേഹത്തെ  അഭിനന്ദിച്ചു.

എല്ലാവരുടെയും ചിരി അടങ്ങിയപ്പോള്‍  ജഡ്ജിയദ്ദേഹം  ചോദിച്ചു 

“എന്താ പേര്?” 

“മാത്തുക്കുട്ടി” 

“ആദ്യമായാണോ  ഹൈക്കോടതിയില്‍?” 

“യെസ്  മിലോര്‍ഡ്.”

“സാരമില്ല,  ഇടയ്ക്ക്  ഇവിടെവന്നു വെറുതെയിരുന്നു കോടതി നടപടി ക്രമമൊക്കെ കണ്ടും കേട്ടും  പഠിച്ചാല്‍ മതി.” 

“യെസ്  മിലോര്‍ഡ്‌.” 

പാവം നാട്ടും പുറത്തുകാരന്‍  വക്കീല്‍, ഹൈക്കോടതി കാര്യങ്ങളില്‍ വലിയ അറിവില്ല  അതിനാല്‍ തന്നാലാവുംവിധം  അറിവ് പകര്‍ന്നു കൊടുക്കാനായി  ജഡ്ജിയദ്ദേഹം   ഉദാരനായി. ജഡ്ജിയാകുന്നവരെ വക്കീല്‍ പണിക്കൊപ്പം പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന ജഡ്ജിയദ്ദേഹത്തിനു വക്കീല്നന്മാരെ  പഠിപ്പിക്കാന്‍ എപ്പഴും വലിയ ഉത്സാഹമാണ്.  

“ഈ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് വ്യക്തി എന്ന നിര്‍വചനത്തില്‍ വരുന്നവര്‍ക്ക് വേണ്ടിയാണ്. മനസിലായോ,  ഇറ്റ്‌ ഷുഡ്‌ ബി എബൌട്ട്‌  എ  ലീഗല്‍ പേര്‍സണ്‍”

“ യെസ് മൈ ലോര്‍ഡ്‌.”

 

“മിസ്റ്റര്‍.മാത്തുക്കുട്ടി, താങ്കള്‍ക്കെന്തെങ്കിലും  കോടതി മുന്‍പാകെ അവസാനമായി ബോധിപ്പിക്കാനുണ്ടോ?” 

 തൂക്കികൊല്ലുന്നതിനു മുന്‍പ്  അവസാനത്തെ ആഗ്രഹം ചോദിക്കുമ്പോലെ  ഹര്‍ജി തള്ളുന്നതിനു മുന്‍പായി കോടതി ചോദിച്ചു.

“മൈ ലോര്‍ഡ്‌,  എന്‍റെ  പരിചയക്കുറവു പരിഗണിച്ചു മാപ്പ് നല്കിയ കോടതിയോട്  എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു.

“മൈ ലോര്‍ഡ്‌,  കാന്‍ ഐ ആസ്ക്‌  സംതിംഗ്?  എന്‍റെ  വിവരക്കേടായിരിക്കും,  എങ്കിലും അറിവുള്ള കോടതിയില്‍ നിന്നും  അത് മനസ്സിലാക്കാമല്ലോ  എന്ന്  കരുതിയാണ്” 

“അതിനെന്താ വക്കീലെ, എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളൂ, വിദ്യ കൊടുക്കുംതോറും  ഏറിടുമെന്നല്ലേ  പ്രമാണം. ജഡ്ജിയദ്ദേഹം വീണ്ടും ഉദാരവാനായ   അധ്യാപകനായി മാറി.”

“മൈ ലോര്‍ഡ്‌,   ഗുരുവായൂരപ്പന്‍  ഒരു നയാമിക വ്യക്തിയല്ലേ ?“

“ഒഫ്‌ കോഴ്സ്, ലോര്‍ഡ്‌ ഗുരുവയൂരപ്പന്‍ ഈസ്‌ എ ലീഗല്‍ പേഴ്സന്‍, ഹി കാന്‍ സ്യൂ ആന്‍ഡ്‌ ബീ സ്യൂട്.  ഇതാണോ വക്കീലിന്‍റെ  സംശയം?” 

“മൈ ലോര്‍ഡ്‌,  അപ്പോള്‍ ഗുരുവായൂരപ്പന്‍റെ  വിഗ്രഹത്തെ  ആരെങ്കിലും എടുത്തുകൊണ്ടുപോയി  അന്യായ തടങ്കലില്‍ വച്ചാല്‍  ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യാന്‍ പറ്റുമോ?”

“അതെങ്ങിനെ പറ്റും, ഗുരുവായൂരപ്പന്‍റെ   വിഗ്രഹം എടുത്തു കൊണ്ടു  പോയാല്‍ കളവു കേസെടുക്കും” 

“അപ്പോള്‍ ആനയെ മോഷ്ട്ടിച്ചാലോ?”

“സംശയമെന്ത് ?   അതും കളവു കേസ് തന്നെ”.

“മൈ ലോര്‍ഡ്‌,  ഞാന്‍ അറിയുവാന്‍ ആഗ്രഹിക്കുന്നത് ഗുരുവായൂരപ്പന്‍റെ  വിഗ്രഹം കേവലം ഒരു വസ്തുവല്ല ഒരു നയാമിക വ്യക്തിയായതിനാല്‍. ഗുരുവായൂരപ്പന് വേണമെങ്കില്‍  ആര്‍ക്കെതിരെയും  വ്യവഹാരം ഫയല്‍ ചെയ്യാമല്ലോ.  അങ്ങിനെയെങ്കില്‍  ഗുരുവായൂരപ്പനു  ഒരു ഹേബിയസ് കോര്‍പ്പസ്  ഹര്‍ജിയില്‍  ഹരജിക്കാരനാകാന്‍  പറ്റുമോ?”

“അങ്ങിനെ  ചോദിച്ചാല്‍….,  ‘Judge knows no law’  എന്നാണല്ലോ  പ്രമാണം. അല്ലെ മിസ്റ്റര്‍. മാത്തുക്കുട്ടി?”

“ യെസ്,  മൈ ലോര്‍ഡ്‌.”

“എന്താണ്  നമ്പ്യാര്‍വക്കീലെ ഇതിലെ കറക്ട്  ലീഗല്‍ പൊസിഷന്‍?”, കോടതിയിലെ മുന്‍സീറ്റിലിരിക്കുന്ന സീനിയര്‍ വക്കീലിനെ നോക്കി ജഡ്ജിയദ്ദേഹം ചോദിച്ചു. 

നമ്പ്യാര്‍ വക്കീല്‍ എഴുന്നേറ്റു നിന്നു പറഞ്ഞു, 

“മൈ ലോര്‍ഡ്‌, ദെയര്‍  ആര്‍ പ്ലെത്തോര ഓഫ്  ജഡ്ജുമെന്‍റ്  ഇന്‍ ദിസ്‌ വെരി സെയിം പോയിന്റ്‌, ബൈ വേരിയസ്  ഹൈക്കൊര്‍ട്സ് ആന്‍ഡ്‌ ദി ഹോണറബിള്‍  സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ. ഐ തിങ്ക്‌ ദേര്‍ ഈസ്‌ എ റീസന്റ്   ജഡ്ജുമെന്റ്  ബൈ ഗുവാഹത്തി ഹൈക്കോര്‍ട്ട് . ഐ ഷാല്‍  വേരിഫി ആന്‍ഡ്‌ സബ്മിറ്റ്”

സീനിയര്‍ വക്കീല്‍ പ്രശ്നത്തില്‍ നിന്നും നൈസായി  തടിയൂരി. ജഡ്ജി നാരായണപിള്ള  മാത്തുക്കുട്ടി വക്കീലിനെ നോക്കി  മന്ദഹസിച്ചു  പിന്നെ കോടതിയിലിരിക്കുന്ന വക്കീലന്മാരുടെ   നേര്‍ക്ക്‌  കണ്ണുകളോടിച്ചു. പക്ഷെ എല്ലാ വക്കീലന്മാരും  അവരുടെ കേസ് കെട്ടുകളില്‍  കണ്ണുംനട്ട്   തിരക്കിട്ട് കേസ് പഠിക്കുന്നതായി കാണപ്പെട്ടു.

ജഡ്ജിയദ്ദേഹം   മാത്തുക്കുട്ടി വക്കീലിനോട് ചോദിച്ചു, 

“മിസ്റ്റര്‍. മാത്തുകുട്ടി  താങ്കള്‍ എന്താണ് പറഞ്ഞു വരുന്നത് ?”

“മൈ ലോര്‍ഡ്‌,  ഈ കോടതി ഭരണഘടനാ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അധികാരമുള്ള കോടതിയാണ്”

 

“ആണല്ലോ  അതാണല്ലോ ഈ  ഹേബിയസ് കോര്‍പസ്”

 

“മൈ ലോര്‍ഡ്‌, വിഗ്രഹത്തിനു, ദൈവങ്ങള്‍ക്ക്, കമ്പനിക്ക് ഒക്കെ ഒരു വ്യക്തിയാകാം. ഒരു മൃഗശാലയ്ക്ക്  വ്യക്തിയാകാം   പക്ഷെ മൃഗങ്ങള്‍ക്ക് പറ്റില്ല. ശ്രീരാമദേവനായിരുന്നു  ബാബറിമസ്ജിദു കേസിലെ ഒരു അന്യായക്കാരന്‍” 

 

“വക്കീലെ, മനുഷ്യരും, മൃഗങ്ങളും  ഒരു പോലെയാണോ?”

 

“മൈ ലോര്‍ഡ്‌,  ജീവനില്ലാത്ത ഒരു വിഗ്രഹത്തെ  ഒരു വ്യക്തിയായി കണക്കാക്കമെങ്കില്‍  ജീവനുള്ളതും, കരയിലെ ഏറ്റവും വലിപ്പമുള്ളതും, സ്വന്തം പ്രതിരൂപം കണ്ണാടിയില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ തക്ക വിവേകവുമുള്ള  ഒരു ആനയെ എന്തുകൊണ്ട്  കൊണ്ട്   ഭരണഘടനാപരമായി ഒരു വ്യക്തിയായി കോടതിക്ക് പ്രഖ്യപിച്ചു കൂട ?”

കോടതിയില്‍  രംഗം ചൂടുപിടിച്ചു.

ലാ കോളേജില്‍ വച്ചു ജൂറിസ്സ് പ്രൂഡന്‍സ്  പഠിച്ചപ്പോള്‍ വായിച്ച  “ഡോണ്ട്  അണ്ടര്‍ എസ്റ്റ്‌മേറ്റ് ദി പവര്‍ ഓഫ്  എ ട്രയല്‍ കോര്‍ട്ട്  ലോയര്‍” ( “don’t underestimate the power of a trialcourt laweyr”- Justice BlackBurn)  എന്നുള്ള  ജസ്റ്റിസ്‌  ബ്ലാക്ക്‌ബന്‍ന്‍റെ പ്രശതമായ  വാചകം ഓര്‍ത്തുകൊണ്ട്‌  എല്ലാ വക്കീലന്മാരും  മാത്തുക്കുട്ടി വക്കീലിനെ സാകൂതം വീക്ഷിച്ചു. 

“മൈ ലോര്‍ഡ്‌, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍  ഇരുപത്തൊന്നു പ്രകാരം കരയിലും വെള്ളത്തിലും ആകാശത്തിലുമുള്ള മുഴുവന്‍  ജന്തുലോകത്തിനും ജീവിക്കാനുള്ള  അവകാശമുണ്ടെന്നു  ചണ്ഡിഗര്‍   ഹൈക്കോടതി വിധിച്ചിട്ടുണ്ട്. 

“ഗംഗ, യമുനാ  എന്നീ നദികള്‍ വ്യക്തികള്‍ ആണെന്നും,  മാലിന്യമുകത്മാക്കാന്‍  അവര്‍ക്കവകാശം ഉണ്ടെന്നും, ഉത്തരാഞ്ചല്‍ ഹൈക്കോടതി വിധി പറഞ്ഞിട്ടുണ്ട്” 

“മിസ്റ്റര്‍. മാത്തുക്കുട്ടി താങ്കള്‍ എന്താണ്  പറയുന്നത്,  താങ്കളുടെ കക്ഷിയായ അബൂബക്കര്‍ ഒരു വ്യക്തിയാണെന്നാണോ ?”

“മൈ ലോര്‍ഡ്‌, വെള്ളത്തിലെ ഒരു പള്ളത്തിപോലും വ്യക്തിയെങ്കില്‍ അബൂബക്കറും  ഭരണഘടനാ അവകാശമുള്ള ഒരു വ്യക്തി ആയേ പറ്റൂ.”

 

“ഗവര്‍മെന്റു   വക്കീലിന്  ഈ കാര്യത്തില്‍  എന്താണ് പറയാനുള്ളത് ?”

 കോടതി സര്‍ക്കാര്‍ വക്കീലിനോട് ചോദിച്ചു 

“മൈ ലോര്‍ഡ്‌,  ഈ കേസില്‍ പലവിധ നിയമപ്രശ്നങ്ങളും,   ഭരണഘടനാ വിഷയങ്ങളും ഉള്ളതിനാല്‍ വിശദമായ വാദം കേള്‍ക്കാനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന്  അപേക്ഷിക്കുന്നു” 

“മൈ ലോര്‍ഡ്‌,  കേസ് വാദം കേള്‍ക്കാനായി   നീട്ടി വയ്ക്കുന്നതിനു  ഹര്‍ജിഭാഗത്തിനു  എതിര്‍പ്പൊന്നുമില്ല, പക്ഷെ ഇന്നു  തന്നെ ഇക്കാര്യത്തില്‍ ഒരു ഇടക്കാല ഉത്തരവ് വേണമെന്ന്  അപേക്ഷിക്കുന്നു. 

“അബൂബക്കറിനെ,  ഇപ്പോള്‍ ആയിരിക്കുന്ന  സ്ഥലത്തു  നിന്നും നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്  നിര്‍ദേശം കൊടുക്കുകയും  കേസിന്റെ  വാദം പൂര്‍ത്തിയാക്കുന്നത് വരെ ദേവസത്തിന്‍റെ ആനക്കൊട്ടിലില്‍  താമസിപ്പിക്കുകയും  ഭക്ഷണവും, മരുന്നും  വെള്ളവും  നല്കാന്‍  നിര്‍ദേശിക്കുകയും  ചെയ്യണമെന്നു  അപേക്ഷിക്കുന്നു” 

“ഐ  ഹാവ്  സ്ട്രോങ്ങ്‌  ഒബ്ജക്ഷന്‍, മൈ ലോര്‍ഡ്‌”

ഇക്കുറി ഉയര്‍ന്നത്  ദേവസം   വക്കീലിന്‍റെ  ശബ്ദമായിരുന്നു. 

“മൈ ലോര്‍ഡ്‌,  ആനയെ ദേവസത്തിന്റെ ആന കൊട്ടിലില്‍  താമസിപ്പിക്കാന്‍  സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ഒരു അന്യജാതിക്കാരനെ  ദേവസം കൊട്ടിലില്‍ പ്രവേശിപ്പിക്കുന്നത്  ആചാരലംഘനമാണ്. ഒരു നയാമിക വ്യക്തിയായ    ദേവന് അന്യജാതിക്കാരെ അകറ്റി നിര്‍ത്താനുള്ള  അവകാശമുണ്ട്‌.  അബൂബക്കറിനെ ആചാരപ്രകാരം  മതം മാറ്റിയാല്‍  ഒരു പക്ഷെ സ്വീകരിക്കാന്‍  കഴിഞ്ഞേക്കും പക്ഷെ അതിനൊക്കെ  ബന്ധപ്പെട്ടവരുമായി  കൂടിയാലോചനകള്‍ നടക്കണം.”

 കോടതിയില്‍ നടക്കുന്ന കേസിന്റെ വിവരങ്ങള്‍ അപ്പോഴേക്കും   എങ്ങിനെയോ പുറത്തറിഞ്ഞു, ആളുകള്‍ വാട്ട്സ്ആപ്പിലും, ഫേസ്ബുക്കിലുമായി അബൂബക്കറിന്റെ പേരില്‍  ചേരി തിരിഞ്ഞു പോരാട്ടം തുടങ്ങി കഴിഞ്ഞു.

അബൂബക്കര്‍ സ്വന്ത ഇഷ്ട്ടപ്രകാരമാണ്  അവന്‍റെ ഉടമയായ കാജാ  ഹാജിയുടെ  കൂടെ കഴിയുന്നതെന്നും  ഹാജിയാര്‍  അബൂബക്കറിനെ നല്ല നിലയില്‍ പരിചരിക്കുന്നുണ്ടെന്നും,  അബൂബക്കറിനെ മതംമാറ്റി തട്ടിയെടുക്കാനുള്ള  ഗൂഡാലോചനയാണ്  ഈ ‘ഹേബിയസ് കോര്‍പസ്’ ഹര്‍ജിയുടെ പിന്നിലെന്നും   ഒരു വിഭാഗം വാദിച്ചു. അവര്‍ അബൂബക്കറിനു വേണ്ടി ഫണ്ട് ശേഖരണവും  തുടങ്ങി.

ആനകള്‍ ജന്മനാ തങ്ങളുടെ മതക്കാരാണന്നും അതുകൊണ്ട്  തടങ്കലില്‍ നിന്നും മോചിപ്പിച്ചു  പൂര്‍വമതത്തിലേക്ക്  അബൂബക്കറെ മാറ്റണമെന്നും, ‘ശ്രീരാമ നരസിംഹന്‍’ എന്ന പേരിരിടണമെന്നും പറഞ്ഞു   മറുപക്ഷവും  ക്യാമ്പയിന്‍ തുടങ്ങി. ശ്രീരാമ നരസിംഹനു  വേണ്ടി അവര്‍ ഫണ്ട്‌ ശേഖരണവും തുടങ്ങി.

വാട്ട്സ്ആപ്പ്   സന്ദേശങ്ങള്‍ മാത്തുക്കുട്ടി വക്കീല്‍ കോടതിയില്‍ കാണിച്ചു കൊണ്ട് പറഞ്ഞു.

“മൈ ലോര്‍ഡ്‌, ഇനിയും  അബൂബക്കറിനെ  അവിടെ താമസിപ്പിക്കുന്നത്  അവന്‍റെ  ജീവനു തന്നെ  ആപത്താണ്  ആയതുകൊണ്ട് അബൂബക്കറിനെ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍  വയ്ക്കണമെന്ന്  അപേക്ഷിക്കുന്നു”.

മാത്തുക്കുട്ടിവക്കീലിന്‍റെ  അപേക്ഷയോട്  സര്‍ക്കാര്‍ ഭാഗവും യോജിച്ചു. അബൂബക്കറിനെ  ഉടനെ കസ്റ്റഡിയില്‍ എടുക്കണം,  അല്ലെങ്കില്‍  അത് ക്രമസമാധാന പ്രശ്നമാകും. അബൂബക്കറെ കോടതിയില്‍ ഹാജരാക്കണമെന്നും   പ്രായപൂര്‍ത്തിയായ  അവന്, ആരുടെ കൂടെ പോകാനാണിഷ്ട്ടമെന്നു  സ്വയം തീരുമാനിക്കാമെന്നും സര്‍ക്കാര്‍ വാദിച്ചു. 

അബൂബക്കറെ കസ്റ്റഡിയില്‍  എടുക്കാനുള്ള ഉത്തരവ് വയര്‍ലെസില്‍ പറന്നു. പോലീസും, ഫോറെസ്റ്റ്, മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് അബൂബക്കറിനെ കസ്റ്റഡിയില്‍ എടുത്തു, കോടതിയില്‍ ഹാജരാക്കാനായി ലോറിയില്‍ കയറ്റി  യാത്ര തിരിച്ചു. വഴിനീളെ ജനങ്ങള്‍ അവനു വേണ്ടി നടത്തുന്ന ജാഥകള്‍ കണ്ടുകൊണ്ടവന്റെ   യാത്ര  പാതി രാവോടെ കോടതി വളപ്പില്‍ അവസാനിച്ചു.

 രാത്രിമുതല്‍ ആളുകള്‍ കോടതി വളപ്പിനു പുറത്തുള്ള റോഡില്‍ കൂട്ടംകൂടി നിന്നിരുന്നു. അബൂബക്കറിനെയും  വഹിച്ചുള്ള ലോറിയും അകമ്പടി പോലീസ് സംഘവും എത്തിയതോടെ റോഡില്‍ വലിയ തിരക്കും ബഹളവുമായി, ‘ജയ് അബൂബക്കര്‍’, ‘ജയ് നരസിംഹം’ വിളികള്‍കൊണ്ടവിടം മുഖരിതമായി.

കോടതി വളപ്പില്‍  നൂറുകണക്കിനു പോലീസുകാരുടെ  കാവലില്‍ നിന്നുകൊണ്ട് ശേഷിച്ച രാത്രിമുഴുവന്‍ അബൂബക്കര്‍ ആര്‍ത്തിയോടെ പനമ്പട്ട തിന്നു. നേരംവെളുത്തതോടെ  കോടതി വളപ്പ്  ജനസമുദ്രമായി. രാജ്യമൊട്ടാകെയുള്ള  മാധ്യമങ്ങള്‍  അബൂബക്കറിന്റെ നേരെ ക്യാമറ തിരിച്ചു. രാജ്യത്ത്  ആദ്യമായിട്ടാണ്  ഇതുപോലെ ഒരു ‘ഹേബിയസ് കോര്‍പസ്’,  ഒരു ആനയ്ക്ക് വേണ്ടി കോടതി  ഫയലില്‍ സ്വീകരിക്കുന്നത്. ലോകത്ത് ആദ്യമായിട്ടാണ്  ഇങ്ങനെ ഒരു സംഭവമെന്നും, ഇത് കേരളത്തിന്‍റെ ഉന്നതമായ സാംസ്‌കാരിക മൂല്യമാണ് ഉയര്‍ത്തികാട്ടുന്നതെന്നും  അതിനു കാരണഭൂതനായ മാത്തുക്കുട്ടി വക്കീല്‍ ഒരു മഹാസംഭവമാണെന്നും   ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തു.

റോഡിലൂടെ നടന്നുവന്ന വിവിധ വിഭാഗക്കാരുടെ ജാഥകള്‍ ഹൈക്കോടതിയിലേക്ക് നീണ്ടു. അബൂബക്കറിനു വേണ്ടിയും, ശ്രീരാമ നരസിംഹനുവേണ്ടിയും  ജനം തെരുവില്‍ ഏറ്റുമുട്ടി  ഇതൊന്നുമറിയാതെ  അബൂബക്കര്‍  പനമ്പട്ടകള്‍  തിന്നുകൊണ്ടിരുന്നു.

കോടതി കൂടാന്‍ സമയമായി. അബൂബക്കറിനെ  ആരുടെ കൂടെ വിടും  എന്നകാര്യത്തില്‍  ജനക്കൂട്ടത്തിനിടയില്‍  വീണ്ടും തര്‍ക്കവും വാഗ്വാദവും  തുടങ്ങി, കുറേശ്ശെ  ഉന്തുംതള്ളുമായി കുഴപ്പങ്ങള്‍ തുടങ്ങി.  അതിനിടയില്‍ പാഞ്ഞെത്തിയ പോലീസുകാര്‍ക്ക് നേരെ  കല്ലുകള്‍ ശറ പറാന്നു  മൂളിവരുകയും ചെയ്തതോടെ  കോടതിമുറ്റവും പരിസരവും  യുദ്ധക്കളമായി. ജനക്കൂട്ടത്തെ  നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ പോലീസുകാര്‍ ആകാശത്തേക്കു വെടിയുയര്‍ത്തി. അതോടെ ജനക്കൂട്ടം പലവഴിക്കായി  ചിതറിയോടി.


കോടതി മുറിയിലെ ജനാലയിലൂടെ മാത്തുക്കുട്ടിവക്കീല്‍  പുറത്തേക്ക് നോക്കി, 

ആള്‍ക്കൂട്ടം പിരിഞ്ഞുപോയ കോടതിവളപ്പില്‍  പോലീസ് കാവലില്‍,  അബൂബക്കര്‍  തലയുയര്‍ത്തി ചെവിയാട്ടി നിന്നു. 

ഇന്‍ ദി മാറ്റര്‍ ഓഫ് അബൂബക്കര്‍, ആന്‍ എലിഫെന്റ് ഇന്‍ ദി കോര്‍ട്ട്……

ജഡ്ജിയദ്ദേഹം  കോടതി  ഉത്തരവ്,  ഓപ്പണ്‍ കോര്‍ട്ടില്‍ തന്‍റെ സഹായിക്കു പറഞ്ഞു കൊടുക്കുന്നത് മാത്തുകുട്ടിക്കൊപ്പം  അബൂബക്കറും കേട്ടുനിന്നു. 

 

Join WhatsApp News
Know how 2022-04-18 03:05:25
മുസ്ലീങ്ങള്‍ അവരുടെ പ്രവാചകനായ മുഹമ്മദിനെ എപ്പോഴും പൊക്കിപ്പറയുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ ഖുര്‍ആനും ഹദീസുകളും നിഷ്പക്ഷബുദ്ധ്യാ പരിശോധിച്ചാല്‍ ഇവരീപ്പറയുന്ന മുഹമ്മദിന്‍റെ ചിത്രമല്ല നമുക്ക്‌ അതില്‍ നിന്ന് കിട്ടുന്നത്. അല്ലാഹുവിനെപ്പോലെ തന്നെ മുഹമ്മദും സ്വന്തം വാക്കുകള്‍ക്ക് പോലും യാതൊരു വിലയും കല്പിക്കാതിരുന്ന ആളായിരുന്നോ എന്ന സന്ദേഹമാണ് ഹദീസുകള്‍ വായിക്കുമ്പോള്‍ നമുക്ക്‌ ഉണ്ടാകുന്നത്. ചില ഹദീസുകള്‍ നമുക്ക്‌ പരിശോധിക്കാം: സൈദ്‌ ബ്നുസാബിത് നിവേദനം: നബി പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 90 (351) അബ്ദുല്ലാഹിബ്നു ഇബ്രാഹിം ബ്നു ഖാരിള് നിവേദനം: ഒരിക്കല്‍ അബു ഹുറയ്റ പള്ളിയില്‍ നിന്നു വുദു എടുക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം (അബുഹുറയ്റ) പറഞ്ഞു: ഒരു കഷ്ണം പാല്‍ക്കട്ടി തിന്നത് കൊണ്ട് മാത്രമാണ് ഞാന്‍ വുദു എടുക്കുന്നത്. കാരണം നബി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത്) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 352) സഈദ്‌ ബ്നുഖാലിദ്‌ നിവേദനം: വേവിച്ച ആഹാരം കഴിച്ചവന്‍റെ വുദുവിനെ സംബന്ധിച്ച് അദ്ദേഹം ഉര്‍വ്വത് ബ്നു സുബൈറിനോട് ചോദിച്ചു. അപ്പോള്‍ ഉര്‍വ്വത് പറഞ്ഞു: റസൂലിന്‍റെ പത്നി ആഇശ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. റസൂല്‍ പറഞ്ഞിരിക്കുന്നു: അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 353) ഇതിന് പ്രത്യകിച്ചു ഒരു വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ലല്ലോ. എന്നാല്‍ അനുയായികള്‍ക്ക്‌ ഇങ്ങനെയുള്ള കല്പന നല്‍കിയ മുഹമ്മദ്‌ സ്വന്തം കാര്യത്തില്‍ എന്താണ് ചെയ്തത് എന്ന് നോക്കാം: ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരാട്ടിന്‍റെ തോള്‍കൈയുടെ മാംസം ഭക്ഷിക്കുകയും, വുദു എടുക്കാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 91 (354) ഇതിന് പ്രത്യകിച്ചു ഒരു വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ലല്ലോ. എന്നാല്‍ അനുയായികള്‍ക്ക്‌ ഇങ്ങനെയുള്ള കല്പന നല്‍കിയ മുഹമ്മദ്‌ സ്വന്തം കാര്യത്തില്‍ എന്താണ് ചെയ്തത് എന്ന് നോക്കാം: ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരാട്ടിന്‍റെ തോള്‍കൈയുടെ മാംസം ഭക്ഷിക്കുകയും, വുദു എടുക്കാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 91 (354) ഇബ്നു അബ്ബാസ്‌ നിവേദനം: നബി അല്പം മാംസമുള്ള ഒരു എല്ല്- അല്ലെങ്കില്‍ മാംസം ഭക്ഷിക്കുകയും- എന്നിട്ട് നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു എടുക്കാതെ, വെള്ളം തൊടുക പോലും ചെയ്യാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 92)
Sree 2022-04-18 08:37:27
👌👌👌
Sudhir Panikkaveetil 2022-04-18 13:36:16
സുന്നത്ത് കഴിക്കാത്തതതുകൊണ്ട് ആന മുസ്‌ലിം അല്ലെന്നും ഹിന്ദു ആണെന്നും വാദിക്കാൻ വല്ല വകുപ്പും ഉണ്ടോ വക്കീലേ? ഇന്നത്തെ സാമൂഹ്യ അവസ്ഥയും ജനങ്ങളിൽ ഉള്ള മതാന്ധതയും കാണിക്കുമ്പോൾ കോടതിയിൽ നടക്കുന്ന രസകരമായ കാഴ്ചകളും ചേർത്ത് കഥ മുന്നിൽ അരങ്ങേറുന്ന പ്രതീതിയുണ്ടാക്കി. ആനയും ഒരു മനുഷ്യനല്ലേ എന്ന് പാത്തുമ്മ ബീവിയെപോലെ ജനങ്ങൾ ചിന്തിക്കുന്നു എന്ന ഹാസ്യവും ഉണ്ട്. മൃഗങ്ങൾക്കു അവരുടെ യജമാനന്റെ ജാതിയാണ് പതിവ്. കാദർ ഹാജിയുടെ ആന അബുബക്കർ. പേര് കൊണ്ട് മാത്രം ഒരാളുടെ മതം അത് മനുഷ്യനായാലും മൃഗമായാലും തീരുമാനിക്കാമോ എന്ന ഗഹനമായ ചിന്തയും കഥയിലുണ്ട്.
അറ്റോർണി 2022-04-19 12:01:17
ഈ കഥയിലെ ചോദ്യം ആന ഒരു വ്യക്തിയാണോ എന്നതിന് ഉത്തരം ഉടൻ തന്നെ മൻഹാട്ടനിലെ കോടതിയിൽ നിന്നും ഉണ്ടാകുമെന്നു കരുതുന്നു അവിടെ ഇങ്ങനെയൊരു കേസ് നടക്കുന്നുണ്ട്
ജോസഫ്‌ എബ്രഹാം 2022-04-28 00:15:11
https://youtu.be/6XiqD4iRRlo കഥ കേള്‍ക്കാന്‍ ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാബു മാത്യു 2024-02-23 10:17:14
സിഹത്തിന്റെ കഥയ്ക്ക് മുൻപ്, രണ്ടുവർഷം മുൻപേ ആനയുടെ പേരിലെ കോലാഹലത്തിന്റെ ഈ കഥ കാലത്തിനു മുൻപേ സഞ്ചരിച്ചു എന്ന് പറയാം. കഥാ കൃത്യത്തിന്റെ രാഷ്ട്രീയ ദീർഘ വീക്ഷണം ശരിയായി. നല്ല കഥയുമാണ്. അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക