Image

ഭ്രമം-2   (നോവൽ-അദ്ധ്യായം-5- മുരളി നെല്ലനാട്)

Published on 18 April, 2022
ഭ്രമം-2   (നോവൽ-അദ്ധ്യായം-5- മുരളി നെല്ലനാട്)

കഥ ഇതുവരെ  
മകന്‍ അഖില്‍ വിവാഹിതനും മകള്‍ നിഖില ഡിഗ്രിക്കും പഠിക്കുമ്പോഴാണ് രവികുമാറിനും പൂര്‍ണിമക്കും മധ്യാഹ്നത്തില്‍ മൂന്നാമതൊരു പെണ്‍കുഞ്ഞ് പിറക്കുന്നത്. നാണക്കേടു കാരണം ആ കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് നിഖില വാശിപ്പിടിച്ചതിനാല്‍ രഹസ്യമായി പ്രസവം ബാംഗ്ലൂരില്‍ നടത്താന്‍ തീരുമാനിക്കുന്നു. ഈ രഹസ്യം മനസിലാക്കിയ ഫിലിംസ്റ്റാറും ട്രാന്‍സ് ജെന്‍ഡര്‍ വുമണുമായ നിരുപമ, പൂര്‍ണിമയുടെ കുഞ്ഞ് തന്റെ ഭര്‍ത്താവ് ജയദേവന്റേതാണെന്ന അവാകശവാദവുമായി വരുന്നു. 

ബാംഗ്ലൂരിലായിരുന്ന രവികുമാര്‍ ഈ വിവരം പൂര്‍ണിമയെ അറിയിക്കാതെ നാട്ടിലെത്തി, നടത്തിയ അന്വേഷണത്തില്‍ അത് കളവാണെന്നു തെളിയുന്നു. കോളേജ് പഠനകാലത്ത് ജയദേവനും പൂര്‍ണിമയും പ്രണയത്തിലായിരുന്നു. നിരുപമ ട്രാന്‍സ്‌ജെഡര്‍ ആണെന്നു അറിഞ്ഞുകൊണ്ടു തന്നെയാണ്  ജയദേവന്‍ അവളെ വിവാഹം കഴിച്ചത്, പൂര്‍ണിമ അപ്പോഴും മനസില്‍ ഉള്ളത് കൊണ്ടായിരുന്നു. നിരുപമയുടെ അവകാശവാദമറിഞ്ഞ പൂര്‍ണിമയുടെ സഹോദരന്‍ പ്രഭാചന്ദ്രന്‍, ജയദേവനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് ഒരു കാല്‍ നഷ്ടമാവുന്നു. അതിനിടയില്‍ പൂര്‍ണിമ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കുന്നു. നിഖില നിലപാട് കടുപ്പിച്ചതോടെ രവികുമാര്‍ കുഞ്ഞിനെ ജയദേവനു നല്‍കി. 

ജയദേവന്റെ മരണത്തെ തുടര്‍ന്ന് നാലു വയസുള്ള മകളുമായി മുംബൈയിലേക്ക് പോയ നിരുപമ പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ താമസിക്കാന്‍ എത്തി. ഈ വിവരം രവികുമാറും പൂര്‍ണിമയും അറിയുന്നു. ചീത്ത കൂട്ടുകെട്ടില്‍ പോയെ മകളെ തിരിച്ചുകൊണ്ടുവരാനായിരുന്നു നിരുപമ മകളെയും കൊണ്ട് നാട്ടിലെത്തിയത്. നിരഞ്ജന എന്ന അനൂട്ടിയെ നിരുപമ കൊച്ചിയിലെ ഒരു കോളേജില്‍ ചേര്‍ത്തു. അനൂട്ടിയുടെ ടീച്ചര്‍ നിഖില ആയിരുന്നു. പുതിയ അഡ്മിഷനായി വന്ന പെണ്‍കുട്ടി, അനിയത്തി ആണെന്ന തിരിച്ചറിവ് നിഖിലയെ നടക്കുന്നു.
നോവല്‍ തുടര്‍ന്നു വായിക്കാം.

നിഖില പരിഭ്രമം മറയ്ക്കാനാകാതെ ഹിമാസുന്ദറിനെ നോക്കി.
"നിരുപമ മുംബൈയിലോ മറ്റോ അല്ലേ?'
'ആയിരുന്നു. മകളുടെ ആഗ്രഹപ്രകാരം എറണാകുളത്ത് വന്ന് സെറ്റില്‍ഡായതാ. ശാലീന സുന്ദരിയായ കുട്ടി. ഒരു ഫിലിം സ്റ്റാറിന്റെ മകളാന്നു പറയില്ല. ആ കുട്ടി ആഗ്രഹിച്ചത് ഇവിടത്തെ ജീവിതമാവും. അല്ലെങ്കില്‍ മുംബൈയിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് നിരുപമ കൊച്ചിയിലേക്ക് വരുമോ.'
ഹിമാസുന്ദര്‍ വാചാലയായി.

എല്ലാവരും എല്ലാം  മറന്നു കഴിഞ്ഞതാണെന്ന് നിഖില ഓര്‍ത്തു. നാലു വര്‍ഷം മാത്രമാണ് ആ ഭയം വേട്ടയാടിയത്. നിരുപമ ആ കുട്ടിയുമായി മുംബൈയിലേക്ക് പോയെന്നു അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ചത് താനാണ്.

'പ്രിന്‍സിപ്പല്‍ വിവരം പത്തു മണിവരെ പുറത്തുവിടാതിരുന്നു. കുട്ടികളെ എല്ലാം ക്ലാസില്‍ കയറ്റിയപ്പോള്‍ ഞാന്‍ കരുതിയത് മുകളീന്നു ആരോ വരുന്നുണ്ടെന്നാ. നിരുപമ വരുന്നതിനു പത്തുമിനിറ്റു മുമ്പാ ഞങ്ങള്‍ നാലഞ്ചു പേരെ വിളിച്ച് വിവരം പറയുന്നത്. അല്ലായിരുന്നെങ്കില്‍ കോളേജ് ഇളകി മറിഞ്ഞേനെ. ഇവിടെ ഉത്സവ പ്രതീതിയായേനെ!'
' അവര്‍ പോയോ?'
' പോയി....'
'ശരി മാഡം.'
നിഖില മുന്നോട്ടു നടന്നു.

നിരുപമ സ്ഥലം വിട്ടുപോയ ശേഷം പിന്നെ ആരും ബോധപൂര്‍വ്വം അങ്ങനൊരു വിഷയം വീട്ടില്‍ സംസാരിച്ചിട്ടില്ല. മാളു ചേച്ചി പോലും ആ കാര്യത്തില്‍ ജാഗ്രത കാണിച്ചു. ഒന്നും അമ്മയെ ഓര്‍മപെടുത്താതിരിക്കാനുള്ള കരുതലായിരുന്നു.

സന്ദീപിന്റെ പ്രെപ്പോസല്‍ വരുമ്പോഴും വിവാഹം കഴിയുമ്പോഴും അച്ഛനും അമ്മക്കും  മുന്നാമതൊരു മകള്‍ കൂടിയുള്ള കാര്യം പറഞ്ഞിരുന്നില്ല. സന്ദീപിന് ഇന്നും ആ വിവരമറിയില്ല. അന്ന് അതൊരു കടുത്ത അപമാനമായി തോന്നി.

ഇനി സന്ദീപ് അതറിയാനിട വന്നാല്‍ ഏതു മറുപടി പറഞ്ഞ് പ്രതിരോധിക്കും?
നാണക്കേട് ഓര്‍ത്തു പറയാതിരുന്നതാണെന്നു പറഞ്ഞാല്‍ വിലപോവില്ല. അമ്മ പ്രസവിച്ചത് അവിഹിത സന്തതിയെ അല്ലല്ലോ എന്നായിരിക്കും തിരിച്ചു ചോദിക്കുക.
സന്ദീപിനെ അന്നേ എല്ലാ ധരിപ്പിക്കേണ്ടതായിരുന്നു.
തെറ്റുകള്‍ ഒരിക്കലും തിരുത്തപ്പെടില്ലെന്നു നിഖില ഓര്‍ത്തു. ആയിരം വര്‍ഷം പൂഴ്ത്തി വച്ചാലും തെറ്റ് തെറ്റു തന്നെയാണ്. കാലപഴക്കം അതിന്റെ വീര്യം കൂട്ടുമെന്നു മാത്രം!

പെണ്‍കുട്ടികളെല്ലാം അനൂട്ടിയുടെ ചുറ്റും കൂടി കഴിഞ്ഞിരുന്നു. എല്ലാവരെയും നോക്കി ഹൃദ്യമായി അവള്‍ പുഞ്ചിരിച്ചു.
'കുട്ടി ഫിലിംസ്റ്റാര്‍  നിരുപമ മാഡത്തിന്റെ മോളല്ലേ.'
അതുവരെ സംശയഭാവത്തില്‍ നിന്ന പെണ്‍കുട്ടി ചോദിച്ചു.
' നിരഞ്ജന കടന്നുവന്നപ്പോഴേ എനിക്കും സംശയം തോന്നിയതാ. ടി.വി.യിലെ ഇന്റര്‍വ്യൂവില്‍ ഞാന്‍ കുട്ടിയെ കണ്ടിരുന്നു. രാവിലെ ഞങ്ങള്‍ നിരുപമയുടെ ഇന്റര്‍വ്യൂനെപറ്റി സംസാരിക്കുകയും ചെയ്തതാ. അപ്പഴാ ടീച്ചര്‍ വന്നത്. അത് കഴിഞ്ഞ് കുട്ടിയും.... ശരിക്കും സര്‍പ്രൈസായി!'

മറ്റൊരു കുട്ടി പറഞ്ഞു.
'സത്യമാണോ? കുട്ടി നിരുപമ മാമിന്റെ മോളാണോ?'
വിശ്വാസം വരാതെ അടുത്ത ചോദ്യം വന്നു.
' എന്റെ  മമ്മി, നിങ്ങള്‍ ഈ പറയുന്ന നിരുപമ തന്നെ. പക്ഷേ ഫിലിം സ്റ്റാർ  നിരുപമയുടെ മോളായി പറഞ്ഞു നടക്കാന്‍ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. അങ്ങനൊരു കണ്‍സിഡറേഷനും എനിക്ക് വേണ്ട. നിങ്ങള്‍ എന്നെ വേറിട്ടു കാണരുത്.... പ്ലീസ്.'
കുട്ടികള്‍ അത്ഭുതപ്പെട്ടു നിന്നു. വലിയ ജാഡയൊക്കെയാണ് അവര്‍ പ്രതീക്ഷിച്ചത്.
' ഞാന്‍ കരുതി ഇതൊരു മിക്ലഡ് കോളേജാണെന്ന്. '
' അല്ല നിരഞ്ജന. ഇത് വിമണ്‍സ് കോളേജാ. കാമ്പസിനുള്ളിലേ ബോയ്‌സ് ഇല്ലാതുള്ളൂ.'
പിന്നില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.

'നിരഞ്ജന പ്ലസ്ടുവിന് പഠിച്ചത് എവിടെയാ?'
അടുത്തിരുന്ന കുട്ടി ചോദിച്ചു.
' ആര്യ വിദ്യാമന്ദിര്‍. ബാന്ദ്രയിലെ ആ സ്‌ക്കൂള്‍.'
' സ്ട്രിക്റ്റായിരുന്നോ അവിടെ?'
'സ്‌ക്കൂള്‍ ഗേറ്റ് കടന്നാലല്ലേ അതുള്ളൂ. ഞാന്‍ ഓപ്പണായിട്ട് പറയാം. ഞങ്ങള്‍ക്ക് ഒരു ഗ്യാങ്ങ് ഉണ്ടായിരുന്നു. പല സ്‌ക്കൂളില്‍ നിന്നുമുള്ളവര്‍. അടിച്ചു പൊളിച്ചാ രണ്ടു വര്‍ഷം ആഘോഷിച്ചത്.... '
അവള്‍ കണ്ടത് പോലെയൊന്നുമല്ലെന്ന് ചില കുട്ടികള്‍ക്ക് മനസിലായി.
' ബോയ് ഫ്രണ്ട്...'
ചോദ്യം ചോദിച്ചയാളെ അനൂട്ടി തിരിഞ്ഞു നോക്കി. സ്‌പെക്‌സ് വച്ച ഒരു സുന്ദരി.
'എന്താ പേര്?'
' നിയ ജോണ്‍.'
' എന്റെ നിയാ. ഒരു ബോയ് ഫ്രണ്ട് ഉണ്ടായാല്‍ പിന്നെ നമ്മുടെ ലൈഫ് തീര്‍ന്നില്ലേ. എപ്പോഴും അവന്റെ കോളും മെസേജും അറ്റന്‍ഡ് ചെയ്യണം. ശരിക്കും നമ്മള്‍ അവന്റെ അടിമയാവുകയാ. എ്ന്തിനാന്നറിയോ? നാളെ അവന്റെ കൂടെ ജീവിക്കാമെന്നു മോഹിച്ച് ! എന്നാല്‍ ഈ ബോയ്‌സിനെ പോലെ ലൗവിനെ കാണാന്‍ ഗേള്‍സില്‍ എത്രപേര്‍ക്കു കഴിയും? ബോയ്‌സിനു തമാശ. ഗേള്‍സ് സീരിയസായി എടുക്കും.'
' അത് കറക്ടാ....നിരഞ്ജനാ....' ഒരാള്‍ പറഞ്ഞു.
' ഏറ്റവും വലിയ ലഹരി പ്രണയവും വിപ്ലവവുമൊണെന്ന് പറയുന്നവരോട് എനിക്ക് പുച്ഛമാ തോന്നാറ്. നിരഞ്ജന ചുമല്‍ കൂപ്പി.

പിന്നെ ഏറ്റവും വലിയ ലഹരി എന്താ?'
ആ ചോദ്യം അനൂട്ടിയുടെ കാതില്‍ മുഴങ്ങി. തലച്ചോറ് ചുരമാന്തിയത് അവള്‍ അറിഞ്ഞു. ചോദ്യകര്‍ത്താവിനെ അവള്‍ നോക്കി.
ആള് മെലിഞ്ഞിട്ടാണ്. കണ്ണുകളില്‍ ഒരു മയക്കമുണ്ട്. ഒറ്റ നോട്ടത്തില്‍ അവള്‍ തനിക്കു ചേരുന്ന ഫ്രണ്ടാണെന്ന് അനൂട്ടിക്ക് മനസിലായി.
' യുവര്‍ നെയിം?'
' ജ്യോതിര്‍മയി....'
വലിച്ചാകര്‍ഷിക്കും പോലെ അവള്‍ പറഞ്ഞു.
'നൈസ് നെയിം....'
അനൂട്ടി പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.
' വെല്‍ക്കം....'
മധ്യവയസ്‌ക്കനായ ഒരു അധ്യാപകന്‍ കയറിവന്നപ്പോള്‍ എല്ലാവരും സീറ്റുകളിലേക്ക് പോയി.
***
എം.എല്‍.എ. എന്ന ചുവന്ന ബോര്‍ഡ് വച്ച ഇന്നോവ ക്രിസ്റ്റ കാര്‍ രവികുമാറിന്റെ  വീട്ടുമുറ്റത്ത് വന്നു നിന്നു. ഷോപ്പില്‍ നിന്ന് രവികുമാര്‍ മടങ്ങി വന്നിട്ടേയുണ്ടായിരുന്നുള്ളൂ. അയാള്‍ വേഗം വന്നു വാതില്‍ തുറന്നു. കാറില്‍ നിന്ന് പ്രഭാചന്ദ്രന്‍ പുറത്തിറങ്ങി. പൂര്‍ണിമയുടെ ഏക സഹോദരന്‍!
കിളിമാനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടാമതും എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു, പ്രഭാചന്ദ്രന്‍. ഇത്തവണ മിനിസ്റ്റര്‍ ആവുമെന്നൊക്കെ ശ്രുതി ഉണ്ടായിരുന്നു. പക്ഷേ നടന്നില്ല.
' പ്രഭേട്ടാ...വരൂ.'
രവികുമാര്‍ സന്തോഷത്തോടെ ക്ഷണിച്ചു.
തല ഉയര്‍ത്തി പിടിച്ച് പ്രഭാചന്ദ്രന്‍ കയറി വന്നു. അവര്‍ ഹാളില്‍ കയറി.
രവിയുടെ സൂപ്പര്‍ മാര്‍ക്കറ്റ് എങ്ങനെ പോകുന്നു..... പൂര്‍ണിമ അകത്തില്ലേ.
കുട്ടികള്‍ ഉടനൊന്നും വരവില്ലേ.....'
പ്രഭാചന്ദ്രന്‍ തുടരെ ചോദിച്ചു.

പ്രഭാചന്ദ്രന്‍ അങ്ങനെയാണ്. ചോദ്യങ്ങള്‍ ഒരേ സമയം പലതാണ്. ഉത്തരങ്ങള്‍ക്ക് ചെവി കൊടുക്കാറുമില്ല. ഏതെങ്കിലും ആ ചോദ്യത്തിന് ഉത്തരം പറഞ്ഞാ മതി എന്നൊരു ആശ്വാസമുണ്ട്.
'സമ്മേളനം കഴിഞ്ഞില്ലേ പ്രഭേട്ടാ....?'
ഇരിക്കുമ്പോള്‍ രവികുമാര്‍ അന്വേഷിച്ചു.
' ഇന്നലെ കഴിഞ്ഞു.'
പൂര്‍ണ്ണിമ രണ്ടു കപ്പ് ചായയുമായി വന്നു. പ്രഭാചന്ദ്രന്‍ ചായ എടുത്ത് അല്പം കുടിച്ചു.
'എടീ, നിന്റെയാ രണ്ടേക്കര്‍ കുടുംബ സ്വത്തിന് ഒരുകൂട്ടര്‍ വന്നിട്ടുണ്ട്. അവര്‍ക്കവിടെ ഒരു കല്യാണ മണ്ഡപവും അതിനോടനുബന്ധിച്ച് മറ്റെന്തെക്കൊയോ പണിയാനാ. മതിപ്പ് വിലയേക്കാള്‍ പത്തുശതമാനം കൂടുതല്‍ തരാമെന്നാ എന്നെ വന്നുകണ്ട് പറഞ്ഞത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇപ്പോ പറഞ്ഞിരിക്കുന്നത് നല്ല വിലയാ.'

പൂര്‍ണ്ണിമ രവികുമാറിനെ നോക്കി.
കുടുംബ സ്വത്തില്‍ അവശേഷിക്കുന്നത് ആ രണ്ടേക്കര്‍ തെങ്ങിന്‍ പറമ്പാണ്. എം.സി റോഡില്‍ നിന്ന് നൂറുമീറ്റര്‍ പോലുമില്ല ആ പ്രോപ്പര്‍ട്ടിയിലേക്ക്. അതിനോടൊപ്പമുണ്ടായിരുന്ന ഒരേക്കര്‍ നിഖിലയ്ക്ക് കൊടുത്തിരുന്നു. കല്യാണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ അവള്‍ അത് വിറ്റു. എറണാകുളത്ത് വീട് വച്ചു. അഖിലിന്റെ ഷെയറും അവന്‍ വിറ്റു. ശേഷിക്കുന്നത് പൂര്‍ണ്ണിമയുടെ കാലശേഷം രണ്ടാളും വീതിച്ചെടുക്കെട്ടെന്നു കരുതി ഇട്ടതാണ്

'അതവിടെ കിടക്കുന്നതുകൊണ്ട് നിങ്ങള്‍ക്കൊരു മെച്ചവുമില്ല. ഒന്നുകില്‍ വിറ്റ് സിറ്റിയില്‍ കുറച്ച് സ്ഥലം വാങ്ങിയിട്. അല്ലെങ്കില്‍ ബാങ്കിലിട്. നിങ്ങള്‍ ഒന്നാലോചിക്ക്.'
പ്രഭാചന്ദ്രന്‍ ഉപദേശിച്ചു.

'ഞാനത് വില്‍ക്കുന്നില്ല പ്രഭേട്ടാ.'
പൂര്‍ണ്ണിമ പെട്ടെന്ന് പറഞ്ഞു.
'കുട്ടികള്‍ രണ്ടുവഴിക്കായില്ലേ. ഒന്നിനു പോലും നിങ്ങളുടെ കൂടെ നില്‍ക്കാനും തോന്നിയില്ല.'
പ്രഭാചന്ദ്രന്‍ ആത്മഗതം പോലെ പറഞ്ഞു.
'കൂടെ ഇപ്പോഴും ഒന്നുണ്ടായേനേ. എല്ലാവര്‍ക്കും അപമാനമായി പോയില്ലേ. എങ്ങനെ വയറ്റില്‍ പിറന്നാലും പെറ്റമ്മയ്ക്ക് അതു സ്വന്തം കുഞ്ഞാ'.
അത്രയും പറഞ്ഞ് ശരംപോലെ പൂര്‍ണിമ അകത്തേക്ക് പോയി. പ്രഭാചന്ദ്രന്‍ അമ്പരപ്പോടെ രവികുമാറിനെ നോക്കി. ആദ്യമായിട്ടായിരുന്നു മുഖം വീര്‍പ്പിച്ചൊരു പ്രതികരണം പ്രഭാചന്ദ്രനോട് ഉണ്ടാവുന്നത്.

'അവളെന്താ രവി അങ്ങനെ പറയാന്‍?'
'പ്രഭേട്ടന്‍ വാ...'
രവികുമാര്‍ എഴുന്നേറ്റ് സ്റ്റെയര്‍ കേസ് കയറി. പ്രഭാചന്ദ്രന്‍ പിന്നാലെ ചെന്നു. ബാല്‍ക്കണിയില്‍ അവരെത്തി.
'പ്രഭേട്ടന്‍.... ഇരിക്ക്....'
രവികുമാര്‍ അകത്തേക്ക് പോയി. തിരിച്ചുവന്നത് ആന്റിക്വിറ്റിയുടെ വിസ്‌കി ബോട്ടിലും രണ്ടു ഗ്ലാസുകളും സോഡയും ഒരു ജാറില്‍ ഐസ് ക്യൂബുമായിട്ടായിരുന്നു.
'പ്രഭേട്ടന്‍ വീട്ടിലേക്കാണോ, ക്വാര്‍ട്ടേഴ്‌സിലേക്കാണോ?'
'വീട്ടിലേക്ക്.... എന്താ രവി. തനിക്കിത് പതിവുള്ള സംഗതിയല്ലല്ലോ...'

ഗ്ലാസിലേക്ക് വിസ്‌കി വീഴുമ്പോള്‍ പ്രഭാചന്ദ്രന്‍ ചോദിച്ചു.
'ഉറങ്ങാന്‍ കഴിയുന്നില്ല പ്രഭേട്ടാ. കണ്ണടച്ചാല്‍ ഉപേക്ഷിച്ചു കളഞ്ഞ ഞങ്ങളുടെ കുഞ്ഞിനെ ഓര്‍മ്മവരും. ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരമായി പോയി. അത്. തിരുത്താന്‍ കഴിയാത്ത മണ്ടത്തരം.'
ഐസ് ക്യൂബ് എടുത്തിട്ടശേഷം ഒരു ഗ്ലാസ് എടുത്ത് രവികുമാര്‍ പ്രഭാചന്ദ്രന് കൊടുത്തു.
'രവീ.. പശൂം ചത്ത് മോരിലെ പുളീം പോയെന്ന് ഒരു നാട്ടുചൊല്ലുണ്ട്. വര്‍ഷം ഒന്നും രണ്ടുമല്ല കടന്നുപോയത്. എല്ലാവരും അത് മറന്നുകാണും... ഇപ്പോ എന്താ ഇങ്ങനെ ഒരു പുനര്‍വിചാരം...'
പ്രഭാചന്ദ്രന്‍ ചോദിച്ചു.
'പ്രഭേട്ടന്‍ അതു കഴിക്ക്...'

ഒറ്റവിലിക്ക് രവികുമാര്‍ ഗ്ലാസ് കാലിയാക്കി വച്ചു. പ്രഭാചന്ദ്രന്‍ കഴിച്ചുതീരും വരെ അയാള്‍ കാത്തിരുന്നു. രവികുമാര്‍ ഫോണ്‍ എടുത്ത് ഫോട്ടോ തിരഞ്ഞിട്ട് അത് പ്രഭാചന്ദ്രന്റെ കൈയില്‍ കൊടുത്തു.
'ഇങ്ങനൊരു മുഖം പ്രഭേട്ടന് മറക്കാനാവില്ല. നോക്ക്....'
പ്രഭാചന്ദ്രന്‍ ഫോണ്‍ വാങ്ങിയപ്പോള്‍ രവികുമാര്‍ അടുത്ത പെഗ്ഗ് ഒഴിച്ചു.
'ഇത് രവി... പൂര്‍ണിമയല്ലേ.. അവളുടെ പുതിയ ചിത്രം.! ഇതെങ്ങനെ ഇത്ര ക്ലാരിറ്റിയോടെ..?'
'സമ്മതിച്ചല്ലോ. പ്രഭേട്ടന്റെ അനിയത്തിയുടെ മുഖം അല്ലേ...?'
'ങാ...പഠിക്കുന്നകാലത്ത് അവള്‍ ഇങ്ങനെയായിരുന്നു. ഇപ്പോഴല്ലേ കുറച്ച് തടിയൊക്കെ വച്ച് രൂപം മാറിപ്പോയത്.'

രവികുമാര്‍ അടുത്ത പെഗ്ഗും കഴിച്ച് ഗ്ലാസ് വച്ചു. പിന്നെ വിരലുകള്‍കൊണ്ട് ചുണ്ടു തുടച്ചു.
'അത് പ്രഭേട്ടന്റെ അനിയത്തിയല്ല. എന്റേയും അവളുടേയും മകളാ. ഞങ്ങള്‍ ഉപേക്ഷിച്ചുകളഞ്ഞ മൂന്നാമത്തെ സന്തതി...!'
ഒരടി കിട്ടിയപോലെ പ്രഭാചന്ദ്രന് തോന്നി. അയാള്‍ ഫോട്ടോകള്‍ നീക്കി നോക്കി. നാലഞ്ചു ചിത്രങ്ങള്‍. അനൂട്ടിക്കൊപ്പം നിരുപമ അടുത്തിരിക്കുന്ന ഫോട്ടോ കണ്ടതും പ്രഭാചന്ദ്രന്റെ നെറ്റിചുളിഞ്ഞു.
'രവീ... നിങ്ങള്‍ക്കെങ്ങനെ ഈ ചിത്രം കിട്ടി....? നിരുപമ അയച്ചുതന്നോ?'
'ടിവിയില്‍ കുറച്ചുദിവസം മുമ്പ് അവളും മോളും വന്നിരുന്നു. ഹരിബാബുവിന്റെ മോന്‍ ആ പ്രോഗ്രാം റിക്കോര്‍ഡ് ചെയ്തു. അതില്‍ നിന്ന് ഞാന്‍ എടുത്തതാ... നിരുപമയ്ക്ക് അയച്ചു തരാന്‍, അവള്‍ക്ക് ഭ്രാന്തുണ്ടോ....?'

യാന്ത്രികമായി ഗ്ലാസ് എടുത്ത് പ്രഭാചന്ദ്രന്‍ മദ്യം കഴിച്ചു.
അറിഞ്ഞ വിവരങ്ങള്‍ രവികുമാര്‍ അയാളോട് പറഞ്ഞു. ഏറെ നേരം പ്രഭാചന്ദ്രന്‍ നിശബ്ദനായിരുന്നു.
'ഇത് കണ്ടതില്‍ പിന്നെ പൂര്‍ണ്ണിമയുടെ സമാധാനം കെട്ടു. പക്ഷെ എന്നെ പിടിച്ചുലച്ചത് മറ്റൊന്നാ. ഇപ്പോ പ്രഭേട്ടന്റെ മനസിലൂടെ കടന്നുപോകുന്ന വികാര വിചാരങ്ങള്‍ തന്നെ. രണ്ടു മക്കളില്‍ ആര്‍ക്കും പൂര്‍ണിമയുടെ വിദൂര ഛായപോലുമില്ല. ഈ മകള്‍ അവളുടെ തനി പകര്‍പ്പ്. കൈവിട്ട് കളഞ്ഞില്ലേ പ്രഭേട്ടാ...'

രവികുമാറിന്റെ വാക്കുകള്‍ കേട്ട് പ്രഭാചന്ദ്രന്‍ ഫോട്ടോയില്‍ നോക്കി ഇരുന്നു.
'ഇരുപതുകളിലെ പൂര്‍ണിമയല്ലേ പ്രഭേട്ടാ അത്.'
പ്രഭാചന്ദ്രന്‍ മൂളി.
'സ്വന്തം മകളാണെങ്കിലും മറ്റൊരു മുഖമായിരുന്നു അവള്‍ക്കെങ്കില്‍ എന്നെ ഇത്രക്ക്  ഹോണ്ട് ചെയ്യില്ലായിരുന്നു. എന്റെ മോളെ തിരിച്ചുപിടിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ പ്രഭേട്ടാ...? ഞങ്ങള്‍ക്ക് അവളെ വേണം!'
രവികുമാറിന്റെ ചോദ്യം കേട്ട് ഞെട്ടലോടെ മുഖം ഉയര്‍ത്തി പ്രഭാചന്ദ്രന്‍ പറഞ്ഞു. 'രവി മുമ്പും പിമ്പും ഓര്‍ക്കാതെയാണോ ഈ പ്രായത്തില്‍ ഇത് പറയുന്നത്.'

'മറ്റുള്ളവരുടെ മുന്നില്‍ ഞാനും പൂര്‍ണിമയും എന്തിന് തലകുനിക്കണം? സന്ദീപുള്‍പ്പെടെ ഉള്ളവരോട് സത്യം പറയും. ആ ഭൂമി വില്‍ക്കണ്ടെന്ന് പൂര്‍ണിമ നിലപാട് എടുക്കാന്‍ കാരണം മോളെ ഓര്‍ത്താ...'
ഒരിക്കല്‍ 'കുടത്തിലടച്ചുവെച്ച ഭൂതം പുറത്ത് ചാടാന്‍ വ്യഗ്രത കൊള്ളുന്നത് പ്രഭാചന്ദ്രന്‍ അറിഞ്ഞു. കുഞ്ഞിനെ പ്രസവിച്ചവള്‍  പൂര്‍ണിമ തന്നെ. ആ കുഞ്ഞിന്റെ അച്ഛന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തനിക്കുണ്ട്. രവികുമാര്‍ അന്ന് ജയദേവനെ പൂര്‍ണമായും വിശ്വസിച്ചു. പക്ഷെ അവനെ വിശ്വസിക്കാന്‍ വിഡ്ഡിയല്ല ഞാന്‍.

'നിരുപമ തന്റേതെന്ന് മുഴുവന്‍ പേരേയും വിശ്വസിപ്പിച്ച് വളര്‍ത്തുന്ന കുട്ടിയെ എങ്ങനെ ഇനി വീണ്ടെടുക്കുമെന്നാ രവി പറയുന്നത്. രവി ഒരുകാര്യം ഓര്‍ക്കണം. നിങ്ങള്‍ക്ക് പിറന്ന കുഞ്ഞിനെ ജയദേവനും നിരുപമയ്ക്കും കൊടുത്തു എന്ന കാര്യമേ നിങ്ങളുടെ രണ്ടു മക്കള്‍ക്കും, എന്തിന് പൂര്‍ണിമയ്ക്കുപോലും അറിയൂ. ആ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി നിരുപമ നടത്തിയ അവകാശവാദം അറിയാവുന്നത് എനിക്കും രവിക്കും ഹരിബാബുവിനും  സുമലതയ്ക്കും മാത്രമാണ്. കുട്ടിയെ തിരിച്ചുതരാനുള്ള ആഗ്രഹവുമായി രവി ചെന്നാല്‍ പതിനെട്ട് വര്‍ഷം വളര്‍ത്തിയ മകളെ നിരുപമ വിട്ടുതരുമോ? ആ കുട്ടിയുടെ മാനസീകാവസ്ഥ എന്തായിരിക്കും.? ആ കുട്ടിയിലൂടെ താനൊരു അമ്മയാണെന്ന് ലോകത്തിനു മുന്നില്‍ സ്ഥാപിച്ച് വച്ചിരിക്കുകയാണ് നിരുപമ.'
രവികുമാര്‍ ഒന്നു ചിരിച്ചു.

'അവള്‍ അമ്മയാകാന്‍ യോഗ്യതയില്ലാത്തവളാ.
അവളെ തകര്‍ക്കാനുള്ള ഒരു ആയുധം എന്റെ കൈയ്യിലുണ്ട്. അവള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന വെളിപ്പെടുത്തല്‍. എങ്ങനെ അവള്‍ക്കൊരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയും.? അവളല്ല തന്റെ അമ്മയെന്നറിഞ്ഞാല്‍ പിന്നെ മോള്‍ അവള്‍ക്കൊപ്പം നില്‍ക്കുമോ? പൂര്‍ണിമയുടെ മുഖം മോളൊന്നു കണ്ടാല്‍ മതി....അതില്‍ കൂടുതല്‍ എന്തുവേണം?'

കഴിച്ചുതീര്‍ത്ത ഗ്ലാസ് പ്രഭാചന്ദ്രന്‍ താഴെവച്ചു.
'ഒരു കാര്യം വിസ്മരിച്ചുകൊണ്ടാണ് രവി സംസാരിക്കുന്നത്. രവി എടുത്തുപയോഗിക്കുമെന്നു പറയുന്നതിനേക്കാള്‍ പ്രഹരശേഷിയുള്ള ബ്രഹ്മാസ്ത്രം നിരുപമയുടെ കൈയ്യിലുണ്ട്. അതിന്റെ ധൈര്യത്തില്‍ തന്നെയാ അവള്‍ വീണ്ടും കേരളത്തില്‍ കാലുകുത്തിയിരിക്കുന്നത്. പൂര്‍ണിമയുടെ പ്രസവ നാളുകളില്‍ അരങ്ങേറിയ നാടകങ്ങള്‍ മറന്നുപോയോ? കുഞ്ഞിന്റെ അച്ഛന്‍ ജയദേവനാണെന്ന ഭീഷണിയുമായി അവള്‍ എന്റേയും ഹരിബാബുവിന്റേയും മുന്നില്‍ വന്നത്.'
രവികുമാറിന്റെ മുഖം ചുളിഞ്ഞു.

'ജയദേവനും പൂര്‍ണിമയും തമ്മിലുള്ള പഴയ പ്രണയകഥയും അവള്‍ റീ യൂണിയനു കന്യാകുമാരിയില്‍ പോയതും നിരുപമ പുറത്തിറക്കും. മയങ്ങിക്കിടന്ന പൂര്‍ണിമയുടെ മുറിയില്‍ ജയദേവന്‍ കടന്നതും അങ്ങനെ ജനിച്ച കുഞ്ഞാണെന്നും അവള്‍ തുറന്നടിക്കും. നിങ്ങളുടെ രണ്ടു മക്കളുടെ മുന്നില്‍! സമൂഹത്തിനു മുന്നില്‍! അത് അംഗീകരിച്ചാണ് പുറത്താരും അറിയാതിരിക്കാന്‍ നിങ്ങള്‍ ജയദേവന്റെ കുഞ്ഞിനെ അവര്‍ക്കുതന്നെ കൊടുത്തെന്ന് അവള്‍ പറയില്ലേ?'

രവികുമാറിന്റെ ശിരസിനുള്ളില്‍ ഇടിമുഴങ്ങി.
'അന്ന് ഒന്നും സംഭവിച്ചില്ലെന്നും, റൂമില്‍ കയറിയ ഉടന്‍ പുറത്തുപോയെന്നും പറയാന്‍ ജയദേവനുണ്ടായിരുന്നു. ഇന്നയാള്‍ ജീവിച്ചിരിപ്പില്ല. നിരുപമ പറയുന്നതാണ് സത്യമാവുക. വേണമെങ്കില്‍ പ്രശോഭ, ഹരിപ്രസാദ് എന്ന പഴയ സഹപാഠികളേയും നിരുപമ രംഗത്തിറക്കും.
ഇങ്ങനെയൊരു സംഭവം ഉണ്ടായ വിവരം പൂര്‍ണിമയ്ക്കുപോലും അറിയില്ല. സ്ലീപിംഗ് പില്‍സ് കലര്‍ത്തിയ   ജ്യൂസ് കുടിച്ച് അവള്‍ ബോധംകെട്ട ഉറക്കമായിരുന്നു. ജയദേവന്‍ വന്നതും പോയതും അവള്‍ക്കിന്നും അജ്ഞാതമാണ്.'

രവികുമാര്‍ വിയര്‍ത്തു.
'രണ്ടു മക്കള്‍ക്കുമുന്നില്‍ അമ്മയുടെ ചാരിത്ര്യശുദ്ധി വിചാരണ ചെയ്യപ്പെടണോ? അമ്മയുടെ പ്രണയകഥയിലെ നായകന്‍ ജയദേവനെന്ന് അറിയിച്ചുകൊടുക്കണോ? അവിടംകൊണ്ടും തീര്‍ന്നില്ല. വേദനിക്കാന്‍ ഇനിയുമുണ്ട്. പതിവ്രതയാണെന്നു വിശ്വസിക്കുന്ന പൂര്‍ണിമ കളങ്കപ്പെട്ടവളായി വരുത്തിതീര്‍ക്കലാവും. രവി എന്തു നേടാന്‍ ആഗ്രഹിക്കുന്നോ അതിന്റെ പതിന്‍മടങ്ങ് അപമാനവും നഷ്ടങ്ങളുമാവും പിന്നീട് സംഭവിക്കാന്‍ പോകുന്നത്.'

പ്രഭാചന്ദ്രന്റെ ചുട്ടുപഴുത്ത വാക്കുകള്‍ രവികുമാറിന്റെ കര്‍ണ്ണങ്ങള്‍ തുളച്ചു.
'നിരുപമ ഒരു സാധാരണ പെണ്ണല്ല രവീ...അവളുടെ വീറും വാശിയും അക്കാലത്ത് നന്നായി അറിഞ്ഞവനാ ഞാന്‍. അവളോട് കളിക്കുന്നത് തീക്കനല്‍ വാരുന്നതിനു തുല്യമാകും. അതില്‍ രവി കത്തി എരിഞ്ഞുപോവും....'
രവികുമാര്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.
(തുടരും)

see also: https://emalayalee.com/writer/217

Join WhatsApp News
Sandeep 2022-04-19 03:10:32
പ്രഭാചന്ദ്രൻ പറഞ്ഞതെല്ലാം വച്ച് നോക്കുമ്പോൾ നിരുപമ എന്ന യക്ഷിയുടെ കൈയ്യിൽ നിന്നും നിരഞ്ജനയെ തിരിച്ചു പിടിക്കുന്നത് ഒട്ടും തന്നെ എളുപ്പമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക