മനസ്സിന്റെ ഉള്ളിലെ ആദ്യത്തെ പ്രണയവും
മരണത്തിന്റെ മറവിലെ
അവസാന ശ്വാസവും
നിനക്കുള്ളതാണ്
അന്നും ഇന്നും നീയാണല്ലോ
ജീവന്റെ കാവൽക്കാരൻ.
ഖലീൽ ജിബ്രാന്റെ പ്രവാചകനിൽ നിന്നോ ടാഗോറിന്റെ സ്ട്രേ ബേർഡ്സിൽ നിന്നോ അല്ല ഈ വരികൾ
സോയയുടെ പ്രണയ വീഞ്ഞിൽ നിന്നാണ്.
പ്രണയ വീഞ്ഞ് ......
അതെ,
പ്രണയം വീഞ്ഞാകുന്നു
ഉന്മത്തമാക്കുന്ന
ആസ്വാദ്യമായ രസം പകരുന്ന
സിരകളിൽ ലഹരി പകരുന്ന വീഞ്ഞ് .....
അതു നുകർന്നവന് മോചനമില്ല ....
നുകരാത്തവന് ജീവിതവുമില്ല.
പ്രണയത്തിന് തുടക്കമില്ല
ഒടുക്കവുമില്ല.
അതുകൊണ്ടാണ്
" ഈ മഴക്കാലവും തീരും
വേനൽക്കാലവും തീരും
വസന്തം വിടരും
ഇലകൾ പൊഴിയും
ശൈത്യം വരും
അപ്പോഴും നീയെന്നിൽ
കത്തുന്ന പ്രണയമായ്
ജ്വലിച്ചു കൊണ്ടേയിരിക്കും " എന്നു സോയ പാടുന്നത്.
ഏഴു കടലുകൾക്കക്കരെ ഇരുന്നാലും വിരഹി പ്രണയത്തിനായി കാത്തിരിക്കും.
"നീ വരുന്നതും കാത്ത്
നിന്റെ വിളി കാതോർത്ത്
നിന്റെ ആശ്ലേഷത്തിനായ്
കൊതിയ്ക്കുന്ന ഹൃദയവുമായ്
കാത്തിരിക്കാൻ തുടങ്ങിയിട്ട്
കാലമേറെയാകുന്നു
ഇനിയും എത്ര നാൾ
തുടരും ഈ കാത്തിരിപ്പ്
വിരഹവും പ്രണയവും
മനസ്സിൽ കോറിയിടുന്നത്
ഒരായിരം സ്വപ്നങ്ങളുടെ
കണ്ണീർമഴയാണ് "
ഈ കാത്തിരിപ്പാണ്, കണ്ണീർപ്പെയ്ത്താണ് , വിരഹത്തിന്റെ കാരമുൾ വേദനയാണ് പ്രണയം.
സോളമൻ ഉത്തമഗീതത്തിൽ "പ്രിയാ വരു, നമുക്കു പോകാം. അതികാലത്തെഴുന്നേറ്റ് മുന്തിരി വള്ളികൾതളിർത്തോ മാതള നാരകം പൂത്തോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരാം " എന്നുപറയുന്നു. പക്ഷെ ലഭിയ്ക്കുന്ന പ്രണയത്തിനല്ല നഷ്ട പ്രണയത്തിന്റെ നൊമ്പരത്തിനാണ് മാധുര്യമേറുന്നത്. അതാണു പ്രണയത്തിന്റെ ജാലവിദ്യ.
പ്രണയ വീഞ്ഞ് ഒരു കാമുകിയുടെ ഹൃദയ രക്തത്തിൽ കുതിർന്ന വരികളാണ്. അതിന്റെ തേങ്ങലും കാത്തിരിപ്പുംപ്രതീക്ഷയും നഷ്ടബോധവും വായനക്കാരനിലേക്ക് സംക്രമണം ചെയ്യുന്നു.
ഒരു അസാധാരണ പുസ്തകത്തിനു ചേർന്ന കെട്ടും മട്ടും തന്നെയാണ് കണ്ണൂരുള്ള പായൽ ബുക്സ്പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്. തികച്ചും ആകർഷകം .....ആമസോണിൽ ലഭ്യമായിട്ടുള്ള ഈപ്രണയകുറിപ്പുകളിൽ
" പ്രണയത്തെ മനസ്സിൽ
ഒളിപ്പിക്കുന്തോറുമാണ്
ഇഷ്ടത്തിന്റെ വ്യാപ്തി കൂടുന്നത് " എന്നു സോയ കുറിയ്ക്കുന്നു.
ഈ എഴുത്തുകൾ വായിയ്ക്കുന്തോറുമാണ് പ്രണയത്തോട് ഇഷ്ടം കൂടുന്നത്. സോയയുടെ "പ്രണയ വീഞ്ഞി"നോടും എന്നു നാം തിരിച്ചറിയുന്നു...
പ്രണയവീഞ്ഞ് (പ്രണയക്കുറിപ്പുകൾ)
സോയ
പ്രസാധകർ: പായൽ ബുക്സ്,കണ്ണൂർ
വില:130 രൂപ
കൃഷ്ണകുമാർ . പി.കെ
കേരള സർക്കാറിന്റെ മൃഗസംരക്ഷണ വകുപ്പിൽ അക്കൗണ്ട് സ് ഓഫീസർ. മലയാള സാഹിത്യത്തിൽ എം.എ യും ജേർണലിസത്തിൽ ഡിപ്ലോമയും.