രവികുമാറിനും പൂർണിമയ്ക്കും മധ്യപ്രായത്തിൽ ജനിച്ച മകളാണ് അനൂട്ടി. മകൻ അഖിലിന്റെ വിവാഹം കഴിഞ്ഞിരുന്നു. മകൾ നിഖില ഡിഗ്രി സ്റ്റുഡന്റും. ആ കുഞ്ഞിനെ വളർത്താൻ പറ്റില്ലെന്ന് നിഖില വാശി പിടിക്കുന്നു. അവൾ വീട് വിട്ടുപോകുമെന്ന് ഭീഷണി മുഴക്കുന്നു. രഹസ്യമായി ഡെലിവറി നടന്നത് ബാംഗ്ലൂർ വച്ചായിരുന്നു. പൂർണിമ പ്രസവിച്ച വിവരം പുറത്ത് ആർക്കും അറിയില്ല. പൂർണിമക്ക് കോളേജ് കാലത്ത് ജയദേവനുമായി അടുപ്പം ഉണ്ടായിരുന്നു. ഏട്ടൻ പ്രഭാചന്ദ്രൻ രവികുമാറുമായി പൂർണിമയുടെ വിവാഹം നടത്തുകയായിരുന്നു. പ്രണയ നിരാശയിൽ കഴിഞ്ഞ ജയദേവൻ നിരുപമയെവിവാഹം ചെയ്‍തത് അവൾ ട്രാൻസ്ജന്റെർ വുമൺ എന്നറിഞ്ഞാണ്. സുഹൃത്ത് ഹരിബാബുവിന്റെ അഭിപ്രായം മാനിച്ചു പതിനാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ജയദേവനും നിരുപമക്കും കൈമാറി. അനൂട്ടിക്ക് നാല് വയസു പ്രായമുള്ളപ്പോൾ ജയദേവൻ മരിച്ചു. അതുവരെ പൂർണിമയുടെ കൺവെട്ടത്താണ് അനുട്ടി വളർന്നത്. ഫിലിം സ്റ്റാർ ആയ നിരുപമ നാല് വയസു പ്രായമുള്ള മകളുമായി മുംബയിൽ പോയതോടെ അനുട്ടിയെപറ്റി ആർക്കും ഒരു വിവരവും ഇല്ലാതെ ആയി.
അനൂട്ടിക്ക് പതിനെട്ടു വയസായപ്പോൾ നിരുപമ മകളുമായി കൊച്ചിയിൽ താമസിക്കാൻ എത്തി. നിരുപമയുടെ തിരക്ക് പിടിച്ച സിനിമ ജീവിതത്തിനിടയിൽ അനുട്ടി മയക്കുമരുന്നിനു അടിമപ്പെടുന്നു. നിരുപമയും മകളും കൊച്ചിയിൽ വന്ന വിവരം പൂർണിമ അറിയുന്നു. കൊച്ചിയിൽ എത്തിയ ശേഷം അനൂട്ടിയെ ചേർത്ത കോളേജിലെ ലെക്ചർ ആയിരുന്നു നിഖില. നിഖില അനുട്ടിയെ തിരിച്ചറിയുന്നു. അനൂട്ടി അവൾക്കൊരു ശല്യം ആവുന്നു. ഇതിനിടെ പൂർണിമയുടെ മകൻ അഖിലും മരുമകൾ മാളവികയും ഡൽഹിയിൽ നിന്ന് ട്രാൻസ്ഫർ ആയി കൊച്ചിയിൽ വരുന്ന വിവരം പൂർണിമയിൽ മകളെ കാണാനുള്ള പ്രതീക്ഷ ഉണ്ടാക്കുന്നു. ക്ലാസ്സിൽ വച്ച് അനൂട്ടിയും നിഖിലയും കോർക്കുന്നു. നിഖില നിരുപമയെ കണ്ട് മകളുമായി സ്ഥലം വിടാൻ ആവശ്യപെടുന്നു.
തുടർന്നു വായിക്കാം...
നിഖില ടീച്ചർ മമ്മിയെ കാണാൻ വന്നതിന്റെ കാരണം അനൂട്ടിക്ക് മനസിലായി. സാധാരണ പ്രിൻസിപ്പലിനാണ് കംപ്ലയിന്റ് കൊടുക്കേണ്ടത്. നിഖില ടീച്ചർ അതിനു തയ്യാറാകാത്തത് മമ്മി ഒരു സെലിബ്രിറ്റി ആയതു കൊണ്ട് തന്നെയാണ്. പ്രിൻസിപ്പളും മറ്റു ടീച്ചേഴ്സും നിരുപമയുടെ മകളെ ആ കോളേജിൽ ചേർത്തത് വലിയ സംഭവമായിട്ടാണ് കാണുന്നത്.
നേരിട്ടു വന്നു ഗേറ്റിനു മുന്നിൽ നിന്നു സംസാരിക്കാൻ കാരണം തന്റെ സാന്നിധ്യം ഉണ്ടാവാതിരിക്കാൻ തന്നേ. അനൂട്ടി ജനൽ കർട്ടന്റെ മറപറ്റി നിന്നു പുറത്തേക്കു നോക്കി. നിരുപമ ശാന്തമായി നിഖിലയെ നോക്കി.
"നാട്ടിൽ ജീവിക്കണം എന്ന് ആഗ്രഹിച്ചിട്ടാ ഞാൻ ഈ വീട് വാങ്ങിയത്. പല ഓഫറുകൾ ഞാൻ നിരസിക്കുകയും ചെയ്തു. നിലവിൽ സൈൻ ചെയ്‌ത പ്രൊജക്ടുകൾ മാത്രമേ ഇപ്പോൾ ചെയ്യുന്നുള്ളു. അതു കഴിഞ്ഞാൽ ഫീൽഡ് വിട്ടു നിൽക്കാനാ ഞാൻ തീരുമാനിച്ചിരിക്കുന്നത്. എന്റെ മകളുടെ ഭാവിയാണ് ഞാൻ എല്ലാത്തിലും വലുതായി കാണുന്നത്. ആകെ ഒന്നേയുള്ളു. അവളെ കാനഡയിലേക്കോ ഓസ്ട്രേലിയയിലേക്കോ പറഞ്ഞു വിടാൻ മനസു വരുന്നില്ല. എന്റെ കുട്ടി നിഖില പഠിപ്പിക്കുന്ന കോളേജിൽ പഠിക്കുന്നത് കൊണ്ട് നിഖിലക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് മനസിലാകുന്നില്ല."
"നിങ്ങളുടെ മകളോ.. അവൾ എങ്ങനെ നിങ്ങളുടെ മകളാവും?"
എടുത്തത്തടിച്ചത് പോലെ നിഖില ചോദിച്ചു.
"പിന്നെ നിരഞ്ജന ആരുടെ മകളാ..."
നിരുപമയുടെ മറുചോദ്യം കടുത്തു. നിഖില ചുട്ടു പഴുത്തു.
"എന്താ എനിക്കും എന്റെ മോൾക്കും കേരളത്തിൽ ജീവിക്കാൻ പാടില്ല എന്നുണ്ടോ?"
"നിങ്ങൾ എവിടെ വേണമെങ്കിലും ജീവിച്ചോ. അവൾ എന്റെ ക്ലാസ്സിൽ ഉണ്ടാകാൻ പാടില്ല."
"വളരെ ബുദ്ധിമൂട്ടിയാണ് ഈ സമയത്ത് ഞാൻ ഒരു അഡ്മിഷൻ ശെരിയാക്കിയത്. എന്റെ മോൾ ആ കോളേജിൽ തന്നേ ഡിഗ്രി ചെയ്യും. അതിലൊരു മാറ്റവുമില്ല. നിഖിലക്ക് അവളെ കാണുന്നതിൽ പ്രയാസമുണ്ടെങ്കിൽ മറ്റൊരു കോളേജിലേക്ക് മാറാം. അതിനു പറ്റില്ലെങ്കിൽ അവളുടെ ക്ലാസ്സിൽ പോകാതിരിക്കാം. അതൊന്നും എന്റെ വിഷയം അല്ല."
മുഖത്തടിച്ചത് പോലെ നിരുപമ പറഞ്ഞു.
"അപ്പോ എല്ലാം അങ്ങ് കഴിഞ്ഞെന്നാണോ നിങ്ങൾ കരുതുന്നത്? അല്ലെങ്കിൽ ഇത്രയും ധൈര്യത്തോടെ ആ പെണ്ണിനെയും കൊണ്ട് തിരിച്ചു വരില്ലായിരുന്നു."
നിഖില പരിഹസിച്ചു ചിരിച്ചു.
"നിഖില എന്താ കരുതിയത്? എന്റെ മുന്നിൽ നിഖില വന്നിറങ്ങുമ്പോൾ തന്നെ ഞാൻ ഭയന്ന് പോകുമെന്നോ. അങ്ങനെ ഒരു വിചാരം മനസ്സിൽ വച്ചല്ലേ ചില കല്പനകൾ തന്നത്. എന്റെ ഹസ്ബൻഡ് ജയദേവന്റെ ഫ്രണ്ടിന്റെ മകളാ നിഖില. അല്ലാതെ നിങ്ങളുമായി എനിക്ക് ഒരു ബന്ധവുമില്ല. ഉണ്ടെങ്കിൽ വിളിച്ചു പറയൂ... എല്ലാവരും കേൾക്കട്ടേ..."
നിരുപമയെ തുറിച്ചു നോക്കി നിഖില നിന്നും.
"നിഖിലക്കു നിരഞ്ജനയെ എന്റെ മകളായി കാണാൻ കഴിയാത്തത് എന്റെ കുറ്റമാണോ."
"ഒന്നു നിർത്ത്. നിങ്ങൾ വിജയിച്ചിട്ടില്ല. ടീവിയിൽ വന്ന നിങ്ങളുടെ ഇന്റർവ്വു അമ്മയും അച്ഛനും കണ്ടിട്ടില്ല എന്നാണോ കരുതുന്നത്. നിങ്ങളും മകളും കൊച്ചിയിൽ ഉണ്ടെന്നു അവർക്കറിയാം."
"ആരറിഞ്ഞാൽ എനിക്ക് എന്താ. നിരുപമക്കു ആരേയും ഭയപ്പെടേണ്ട കാര്യം ഇല്ല. പതിനെട്ടു വർഷം വളർത്തി വലുതാക്കിയ എന്റെ മകൾക്കു അവകാശം പറഞ്ഞു വരാൻ ആരും ഇല്ല. അങ്ങനെ ഒരാൾ വന്നാൽ ജീവനോടെ കത്തിച്ചു കളയും ഞാൻ. നിരുപമ ഒരു സാധാരണ സ്ത്രീ അല്ലെന്ന ബോധം വേണം. നിഖിലക്കു പോകാം."
നിരുപമ അകത്തേക്ക് നടന്നു.
"നിൽക്ക്..."
നിഖില ശബ്ദിച്ചു. നിരുപമ തിരിഞ്ഞു നിന്നും.
"എന്റെ മകൾ... എന്റെ മകൾ എന്ന് നൂറു വട്ടം പറഞ്ഞിട്ട് കാര്യം ഇല്ല. ഒരു അവകാശി വന്നാൽ അത് തെളിയിച്ചു കൊടുക്കേണ്ട ബാധ്യത ഇവിടത്തെ നിയമ സംവിധാനത്തിനുണ്ട്. അത് നിങ്ങൾ മറന്നു കളയണ്ട. നിങ്ങൾ കാണുന്ന സിനിമയുടെ ഗ്ലാമർ ലോകമല്ല ശെരിക്കുള്ള ലോകം. സിനിമയിലെ കോർട്ട് അല്ല ജീവിതത്തിലെ കോടതി."
അത് കേട്ട് നിരുപമ ചിരിച്ചു.
"ഭയമോ ഉൽക്കണ്ടയോ രണ്ടായാലും നിരുപമയെ അത് ബാധിക്കില്ല. നിരഞ്ജന തന്റെ കോളേജിൽ തന്റെ സ്റ്റുഡന്റായി ഉണ്ടെന്നു വീട്ടിൽ വിളിച്ചു പറയാൻ നിഖില തയാറാവില്ല. എന്തിനു ഹസ്ബന്റിനോട് പോലും നിഖിലക്ക് അത് പറയാൻ ആവില്ലെന്നാണ് ഞാൻ കരുതുന്നത്. കാരണം നിഖിലയുടെ ക്യാരക്റ്റർ എനിക്ക് നന്നായി അറിയാം. ഇനി നിഖിലയുടെ ഉൽക്കണ്ഠ... നിരഞ്ജനയെ തേടി ആരും വരില്ല. വരണമെങ്കിൽ രവികുമാർ സാറോ പ്രഭാചന്ദ്രനോ മുന്നിൽ ഉണ്ടാകണം. അവർ രണ്ടു പേരും അതിനുള്ള ധൈര്യം കാണിക്കില്ല."
"അത് കൈകുഞ്ഞല്ല. പതിനെട്ടു തികഞ്ഞ യുവതിയാ. അതെന്താ നിങ്ങൾ ഓർക്കാത്തത്."
നിഖില ചോദിച്ചു.
"ലോകത്തോട് മുഴുവൻ ഞാൻ പ്രസവിച്ച മകൾ എന്ന് വിളിച്ചു പറഞ്ഞ, നിയമ പരമായി സ്ഥാപിച്ചെടുത്ത എന്റെ മുഴുവൻ സ്വപ്നവുമായ എന്റെ മകളുമായി ഞാൻ ഇവിടെ വരണമെങ്കിൽ എതിരിട്ട് നില്കാൻ പോന്ന എന്തെങ്കിലും എന്റെ കൈയിൽ ഉണ്ടെന്ന് നിഖിലക്കു കരുതിക്കൂടേ. മണ്ടിയാണോ ഞാൻ. കടത്തിണ്ണയിൽ പ്രസവിച്ചു ഉപേക്ഷിച്ചു പോകുന്ന ഒരമ്മക്ക് പോലും തന്റെ കുഞ്ഞിനെപറ്റി ഒരു നീറ്റലുണ്ടാകും കാരണം അവളുടെ കുഞ്ഞു അവളുടെ ശരീരത്തിന്റെ ഒരു ഭാഗമാണ്. പിന്നെയാണോ പൂർണിമ ചേച്ചിയെ പോലൊരമ്മ. എനിക്ക് നന്നായിട്ടറിയാം. നിഖില സമാധാനമായി പൊയ്ക്കോ.
"എന്താ ഇത്ര ഉറപ്പ്? "
"ഉറപ്പുണ്ട്. എനിക്കെതിരെ ആര് പടയൊരുക്കം നടത്തിയാലും ഞാൻ തോറ്റു പോകേണ്ടിവരും. പക്ഷെ നിരുപമ മാത്രമായി തോൽക്കില്ല. ഒപ്പം എതിർ പക്ഷവും തകർന്നടിയും. എന്നെ തൊട്ടാൽ നിഖില ഭയപ്പെടുന്നവർ "
നിരുപമ തിരിഞ്ഞ് വീടിന് നേരെ നടന്നു. നിഖിലക്കു ഒന്നും മനസിലായില്ല. മകളുടെയും പേരക്കുട്ടികളുടെയും ഭാവി ഓർത്തു അച്ഛനും അമ്മയും തൊടാൻ പോലും ഭയപ്പെടുമെന്നാണ് ആ സ്ത്രീ ഇപ്പോഴും കരുതുന്നത്. പിന്നേ അവർക്ക് സമൂഹത്തിൽ ഉള്ള ഇമേജും!
നിഖില ചെന്ന് കാറിൽ കയറി.
മകളെയും കൊണ്ട് അവർ പോകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ദേഹത്തു നിന്നും തീ ആളുന്നത് പോലെ നിഖില പുളഞ്ഞു.
നിരുപമ വീട്ടിലേക്ക് കയറി വന്നപ്പോൾ അനൂട്ടി സ്റ്റേയർ കേസ് ഇറങ്ങി വരുന്നതാണ് കണ്ടത്.
"മമ്മി എപ്പഴാ പുറത്തു പോയത്."
അനൂട്ടി ചോദിച്ചു.
"ഞാൻ ഗാർഡനിൽ ഉണ്ടായിരുന്നു."
അനൂട്ടിയുടെ നെറ്റി ചുളിഞ്ഞു.
"ഗേറ്റിനു മുന്നിൽ നിന്നു ആരോടോ സംസാരിക്കുന്നത് കണ്ടു . ആരാന്ന് മനസിലായില്ല. എന്താ അവരെ വീട്ടിലേക്കു വിളിക്കാത്തത്. മമ്മി അങ്ങനെ റോഡിൽ ഇറങ്ങി ആരോടും സംസാരിക്കുന്ന ആളല്ലല്ലൊ."
"നീ അവരെ കണ്ടില്ലേ.?"
"ഇല്ല. പുറം തിരിഞ്ഞു നിന്ന ആളെ എങ്ങനെ കാണാനാ."
അനൂട്ടിക്ക് അങ്ങനെ പറയാനാണ് തോന്നിയത്.
"അടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീയാ. ഞാൻ ഗാർഡനിൽ നിൽക്കുന്നത് കണ്ടപ്പോ സംസാരിക്കാൻ വന്നതാ."
നിരുപമ മുന്നോട്ട് നടന്നു.
" ഇവിടെ ആരുമായി അടുപ്പം വേണ്ടാന്നു മമ്മി തന്നെ അല്ലേ പറഞ്ഞത്.
"ഒരാൾ മിണ്ടാൻ വന്നാൽ പിന്നെ എന്ത് ചെയ്യണം? നിരുപമ ജാഡക്കാരിയാണെന്നു അയൽക്കാരെ കൊണ്ട് പറയിപ്പിക്കണോ?"
നിരുപമ സ്വരം കടുപ്പിച്ചിട്ടു കയറി പോയി. അനൂട്ടി സെറ്റിയിൽ വന്നിരുന്നു. ടീപോയിൽ കിടന്ന ഇംഗ്ലീഷ് മാഗസിന്റെ കവർ ചിത്രം നിരുപമയുടേതായിരുന്നു.
നിഖില ടീച്ചർ വന്ന വിവരം എന്തിനാണ് മമ്മി തന്നിൽ നിന്നും മറച്ചു പിടിച്ചത്? അവർ വന്നത് തന്നേ പറ്റിയുള്ള പരാതി പറയാൻ തന്നെയാണ്. മമ്മി തന്റെ നേരെ ക്ഷോഭിക്കേണ്ടതായിരുന്നു. ഒരേറ്റുമുട്ടൽ പ്രതീക്ഷിച്ചു തന്നെയാണ് താഴെ വന്നത്.
ഇനി തന്നിൽ നിന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ലെന്നു ഉറപ്പ് കൊടുത്തെങ്കിൽ, തന്നോട് താക്കീത് ചെയ്യേണ്ടതായിരുന്നു.
സിനിമ നടികളെ പരമ പുച്ഛമാണ് അവർക്ക്. ആരാധനയുടെ പേരിൽ വന്നതല്ല. അവളുടെ സെൽ റിങ് ചെയ്തു. അവൾ ഫോൺ എടുത്തു നോക്കി. നമ്പർ പരിചിതമല്ല എങ്കിലും കാൾ എടുത്തു.
"ഹലോ...."
"നിരഞ്ജന അല്ലെ?"
നല്ല പരിചിതമായ സ്വരം പോലെ അവൾക്കു തോന്നി.
" അതെ ... "
" എടാ... ഞാനാ വിവേക്.... "
അനൂട്ടി ചുറ്റുമൊന്നു നോക്കിയിട്ട് ഫോണുമായി എഴുന്നേറ്റ് പുറത്തേക്കിറങ്ങി.
" നിനക്കെങ്ങനെ ഈ നമ്പർ കിട്ടി? "
അത്‍ഭുതത്തോടെ അവൾ ചോദിച്ചു.
അവളുടെ പഴയ ഫോൺ നിരുപമ നിലത്തെറിഞ്ഞു പൊട്ടിച്ചു കളഞ്ഞിരുന്നു. സിം കാർഡ് പോലും നശിപ്പിച്ചു. അതിലുണ്ടായിരുന്ന മുഴുവൻ കോൺടാക്റ്റും അനൂട്ടിക്ക് നഷ്ടപ്പെട്ടിരുന്നു.
" നിന്റെ മമ്മി, നിന്നെ എവിടെ കൊണ്ട് ഒളിപ്പിച്ചാലും നമ്മൾ കണ്ടുപിടിക്കും മോളെ... നിന്റെ എല്ലാ വിവരങ്ങളും ഞങ്ങൾക് അറിയാം. "
" സസ്പെൻസ് കളഞ്ഞിട്ട് നീ പറ... എങ്ങനെ ഈ പുതിയ നമ്പർ കിട്ടി. "
" ജ്യോതിർമയി എന്നൊരു കുട്ടി നിന്റെ ക്ലാസ്സിൽ ഇല്ലേ. അവളുടെ ഒരു കസിൻ ഡൽഹിയിൽ ഉണ്ട്. അവൾ വഴിയാ നിന്നെ പറ്റി അറിഞ്ഞത്. "
ജ്യോതിർമയിയുടെ മയങ്ങിയ മിഴികൾ അനൂട്ടിയുടെ മനസ്സിൽ തെളിഞ്ഞു.
"നിന്റെ മമ്മി സെലിബ്രിറ്റി ആയതുകൊണ്ട് സംസാരത്തിനിടെ അവൾ അത് കസിനോട് പറഞ്ഞു. അങ്ങനെയാ നിന്റെ നമ്പർ കിട്ടിയത്. നീ എങ്ങനെയാ അവിടെ പിടിച്ചു നിൽക്കുന്നത്?"
"എനിക്ക് തന്നെ അറിയില്ല വിവേക്... ആകെ ഭ്രാന്ത് പിടിച്ച പോലെയാ. മമ്മിയോട് വഴക്കടിച്ചു മടുപ്പായി. മരിച്ചു കളഞ്ഞാലോ എന്ന് വരെ രാത്രി തോന്നിയിട്ടുണ്ട്..."
"വഴിയുണ്ട്.. നീ ജ്യോതിർമയിയെ കണ്ടാൽ മതി. നീയുമായി അവൾ അടുക്കാത്തത് പേടിച്ചിട്ടാ..."
അനൂട്ടി മൂളി.
"നമുക്ക് ഒന്ന് കൂടണ്ടേ. നീ പറഞ്ഞാൽ നമ്മുടെ ഗാങ് കൊച്ചിയിൽ എത്തും."
"മമ്മി ഉടനെ ഷൂട്ടിംഗിന് പോകും. അപ്പോൾ നിങ്ങൾ എല്ലാവരും കൊച്ചിക്ക് വാ."
"അവിടെ എന്തെങ്കിലും വലിയ ഇഷ്യൂ ഉണ്ടാക്കണം. അവിടെ പിടിച്ചു നില്കാൻ കഴിയാതെ മമ്മി നിന്നെയും കൊണ്ട് തിരിച്ചു വരും. ഇവിടത്തെ പോലെ ഒരു ലൈഫ് എവിടെ കിട്ടാനാ മോളെ."
"നീ എന്നേ അതൊന്നും ഓർമിപ്പിക്കരുത്.. പിന്നെ ഇനി നിങ്ങൾ ആരെങ്കിലും ഫോൺ വിളിച്ചാൽ ഞാൻ സംസാരിച്ചു കഴിഞ്ഞിട്ടേ സംസാരിക്കാവു. മമ്മി റൂമിൽ ക്യാമറ വച്ചിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയം ഉണ്ട്..."
പിന്നിൽ കാൽപദനം കേട്ടപ്പോൾ അവൾ പറഞ്ഞു..
"ശരി നിയ.. നാളെ കാണാം.."
അനൂട്ടി കാൾ കട്ട് ചെയ്തു തിരിഞ്ഞപ്പോൾ ചായയുമായി ആച്ചിയമ്മ പിന്നിൽ എത്തിയിരുന്നു.
* * *
അഖിലിനെയും മാളവികയേയും എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ രവികുമാറിന് ഒപ്പം പൂർണിമയും പോയിരുന്നു. സാധാരണ അത് സംഭവിക്കുന്ന കാര്യം ആയിരുന്നില്ല. ഒരു ടാക്സി എടുത്താവും അവർ വരുക.
രണ്ടു പേരും പുറത്തേക്ക് വരുന്നത് അവർ കണ്ടു. അഖിലിന് ഒരു മാറ്റവും ഇല്ലായിരുന്നു. നീട്ടി വളർത്തിയ മുടി. മാളവിക കുറച്ചു തടിവച്ചിട്ടുണ്ട്. അവളുടെ വിരൽ തുമ്പിലായിരുന്നു അഞ്ചു വയസുകാരി അമയ മോൾ.
പൂർണിമയെ കണ്ടതും മാളവികയുടെ വിരൽ വിട്ട് അവൾ ഓടി വന്നു.
"അച്ഛമ്മേ..."
പൂർണിമ അവളെ വാരി എടുത്തു കവിളിൽ ചുംബിച്ചു.
"അച്ഛാച്ച.."
പൂർണമയുടെ കൈയിൽ ഇരുന്നു അവൾ രവികുമാറിന്റെ കഴുത്തിൽ ചുറ്റി പിടിച്ചു. രവികുമാർ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു.
കുസൃതി ചിരിയോടെ അഖിലും മാളുവും അവരെ നോക്കി നിന്നും.
"അമ്മ വരുന്നുണ്ടെന്നു ഞങ്ങൾ കരുതിയില്ല."
മാളവിക പറഞ്ഞു.
"ഞങ്ങൾ ഒരു ടാക്സി വിളിച്ചു വരില്ലായിരുന്നോ അച്ഛാ..."
അഖിൽ ബാഗ് മറു കൈയിലേക്ക് മാറ്റി പറഞ്ഞു.
"നിങ്ങൾ മോർണിംഗ് ഫ്ലൈറ്റിൽ വരുമെന്ന് അല്ലേ പറഞ്ഞത്. അത് കൊണ്ട് കൂട്ടികൊണ്ട് വന്നിട്ട് ഷോപ്പിൽ പോകാമെന്നു കരുതി. പൂർണിമയും കൂടെ വന്നു..." പൂർണിമയെ കണ്ടപ്പോൾ മനസ്സിൽ ഒരു കടൽ ഇരമ്പുന്നത് മാളവിക കണ്ടു. അതിന്റെ കാരണം അവൾക്കു അറിയാമായിരുന്നു. വരവ് കാത്തിരിക്കുകയായിരുന്നു അമ്മ.
"ഞാൻ വണ്ടി എടുത്തിട്ട് വരാം."
രവികുമാർ അവിടെ നിന്നു പോയി.
"നിങ്ങൾ എത്ര ദിവസം ഇവിടെ ഉണ്ടാകും?"
പൂർണിമ തിരക്കി.
"മോളെ സ്കൂളിൽ ചേർക്കണ്ടേ അമ്മേ. ഞങ്ങൾ ജോയിൻ ചെയ്യുന്നതിനെകാൾ തിടുക്കം അതിനാ..."
അഖിൽ പറഞ്ഞു.
"നീലു നിന്നെ വിളിച്ചോ മോളെ?"
"ഇന്നലേം വിളിച്ചു. നിരുപമ ചേച്ചി എറണാകുളത്തു എത്തിയ വിവരം അവൾ അറിഞ്ഞിട്ടില്ല. ഞാൻ പറയാനും പോയില്ല. ഞങ്ങൾ കൊച്ചിയിൽ വരുന്നത് അവർക്ക് വലിയ താല്പര്യം ഇല്ലാത്ത പോലെ തോന്നി. മറ്റൊന്നും അല്ല, മോളുടെ പഠിപ്പു തന്നേ. അവളൊരു പഠിപ്പിസ്റ്റായിരുന്നല്ലോ..."
മാളവിക ചിരിച്ചു.
"അവൾ ഒന്നും അറിയണ്ട.. വീട് വല്ലതും ഒത്തു വന്നോ?"
ജിജ്ഞാസയോടെ പൂർണിമ ചോദിച്ചു.
"അമ്മ അങ്ങനൊരു ആഗ്രഹം പറഞ്ഞത് മുതൽ ഞാൻ അതിനുള്ള ശ്രമത്തിൽ ആയിരുന്നു. വൈറ്റില ഒരു ഫ്ലാറ്റ് അക്കുവേട്ടൻ ഏർപാട് ആക്കി വച്ചതാ. അത് വിട്ടു. എന്റെ ഒരു കൂട്ടുകാരി ആലുവയില താമസം. അവളെ വച്ച് ഞാൻ ഒരു അന്വേഷണം നടത്തി. നിരുപമ ചേച്ചിയുടെ വീടിനു പരിസരത്തു രണ്ട് മൂന്ന് വീടുണ്ട്. നല്ല കാശുകാരും സിനിമക്കാരും താമസിക്കുന്ന ഹൗസിങ് കോളനിയാ അത്."
പൂർണിമയുടെ മുഖം വിടർന്നു.
"അതിൽ ഒന്നിന് അഡ്വാൻസ് കൊടുക്ക്."
അത് കേട്ട് അഖിൽ ചിരിച്ചു.
"വാടക താങ്ങാൻ പറ്റില്ല അമ്മേ. ഞങ്ങളിൽ ഒരാളുടെ ശമ്പള തുകയാ വാടക ആയി കൊടുക്കേണ്ടത്."
"വാടകയുടെ കാര്യം നിങ്ങൾ അച്ഛന് വിട്ടേക്ക്. രവിയേട്ടൻ കൊടുക്കും. ആ ഹൗസിങ് കോളനിയിൽ തന്നേ വീട് കിട്ടണം."
വാശി പോലെ പൂർണിമ പറഞ്ഞു. രവികുമാർ കാറുമായി വന്നപ്പോൾ എല്ലാവരും വണ്ടിയിൽ കയറി. സംസാരത്തിന്റെ ബാക്കി കാറിലായിരുന്നു. അമ്മയെ അച്ഛൻ അനുകൂലിക്കുന്നത് കണ്ടപ്പോൾ അഖിലിന് ആശ്ചര്യമായി.
"ഞങ്ങൾ ഞങ്ങളുടെ മോളെ കാണാൻ ആഗ്രഹിക്കുന്നതുപോലെ നിനക്ക് നിന്റെ കുഞ്ഞു പെങ്ങളെ കാണാനും ആഗ്രഹം ഇല്ലേടാ."
അമയയെ മടിയിൽ ഇരുത്തി പൂർണിമ ചോദിച്ചു.
"നാളെ തന്നെ ഞാനും മാളുവും എറണാകുളത്തെക്ക് പോകും."
അഖിൽ സമ്മതം പറഞ്ഞു. പിറ്റേന്ന് അവർ പോവുകയും ചെയ്തു.
* * *
മൂന്നാം നാൾ രാവിലെ എട്ടു മണിക്ക് രവികുമാറും പൂർണിമയും സരോവരം എന്ന വാടക വീടിനു മുന്നിൽ കാറിൽ വന്നിറങ്ങി. മറ്റൊരു കാറിൽ ഹരിബാബുവും സുമലതയും അപ്പുവും ഉണ്ടായിരുന്നു.
മനോഹരമായ ഇരുനില വീട്. വലിയ മുറ്റമൊന്നുമല്ലെങ്കിലും ചെടിയും പുല്ലും വച്ചു പിടിപ്പിച്ചിട്ടുണ്ട്. റോഡിൽ നിന്നു അഞ്ചു മീറ്റർ അകലെയാണ് വീട്. മാളവികയും അഖിലും അവരെ സ്വീകരിച്ചു. വീടിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടു അവർ ഹോട്ടലിൽ തങ്ങുകയായിരുന്നു. അവിടെ നിന്നു പൂർണിമ റോഡിന്റെ ഇരുവശവും നിരന്നിരിക്കുന്ന വീടുകൾ നോക്കി. അതിൽ ഏതിലായിരിക്കും തന്റെ മകൾ ഉള്ളത്...
വാടക വീടാണെങ്കിലും പാലുകാച് വേണമെന്ന് സുമലത പറഞ്ഞിരുന്നു. എല്ലാവരും വീട് കണ്ട് തൃപ്തരായി. മുകളിലും താഴെയുമായി നാല് ബെഡ് റൂമുകൾ ഉണ്ടായിരുന്നു.
പാലുകാച്ചൽ ചടങ്ങിന് മുമ്പായി വീട് തരപ്പെടുത്തി കൊടുത്ത മാളവികയുടെ കൂട്ടുകാരി പല്ലവിയും അവളുടെ ഭർത്താവ് വിപിനും വന്നു.
ഒൻപതിനു മുമ്പ് പാലുകാച്ചൽ ചടങ്ങ് നടന്നു. പൂർണിമ വീട്ടിൽ നിൽക്കാതെ മുറ്റത്ത് നിൽക്കുകയാണ്. അമയ സൈക്കിളിൽ ചവിട്ടുകയാണ്. അവളെ പഠിപ്പിക്കാനായി അപ്പുവും ഉണ്ട്. ഫ്ലാറ്റിൽ നിന്നു മണ്ണിൽ ഇറങ്ങിയ സന്തോഷമായിരുന്നു അവൾക്ക്. ഏതു ഭാഗത്തായിരിക്കും നിരുപമ താമസിക്കുന്നതെന്നു മക്കളോട് ചോദിക്കാൻ പൂർണിമക്കു സങ്കോചമായി.
തുറന്നു കിടന്ന ഗേറ്റിനു നേരെ അമയ സൈക്കിളിൽ നീങ്ങി.
"അങ്ങോട്ട് പോവല്ലേ അനൂട്ടീ..."
അപ്പു വിളിച്ചു പറഞ്ഞു.
അമയ ഗേറ്റ് കടന്നു റോഡിൽ ഇറങ്ങിയതും, പാഞ്ഞുവന്ന കാർ വലിയ ഒച്ചയോടെ ബ്രേക്ക് ചെയ്തു. കാർ നിന്നെങ്കിലും അമയയെ തട്ടി ഇട്ടു.
"അയ്യോ മോളേ.."
പൂർണിമയും അപ്പുവും വിളിച്ചു കൊണ്ട് അങ്ങോട്ട് ഓടി. കാറിൽ നിന്നൊരു പെൺകുട്ടി ഇറങ്ങി സൈക്കിളിന് അടിയിൽ നിന്നു അമയയെ എടുക്കുന്നത് അവർ കണ്ടു. പൂർണിമ ഓടി എത്തിയതും അമയയെ കൈയിൽ എടുത്തു പെൺകുട്ടി തിരിഞ്ഞു.
"ഭാഗ്യത്തിന് മോൾക്ക് ഒന്നും പറ്റിയില്ല ആന്റി.."
അവളുടെ മുഖം കണ്ടതും പൂർണിമയുടെ ഓരോ അണുവും ത്രസിച്ചു.
അനൂട്ടി!
തന്റെ പൊന്നുമോൾ...! (തുടരും
read more: https://emalayalee.com/writer/217