മണ്ണിന്റെ നെറമായിരുന്നവൾക്ക്, മീനച്ചൂടിൽ വെന്തും
പെരുമഴപ്പാച്ചിലിൽ കുതിർന്നും പതം വന്ന മണ്ണിന്റെ നെറം
മണ്ണും പെണ്ണും ഒരുപോലെന്ന് എത്ര കേട്ടാലും കൂസാത്ത മനസ്സും
ഞാവല്പഴച്ചുണ്ടുകൾക്ക് പൂവമ്പിന്റെ ചേലാരുന്നു
പൂ പോലെ വിടർന്നവള് പക്ഷെ അധികം ചിരിക്കാറില്ല
കരിങ്കൂവളക്കണ്ണാരുന്നവൾക്ക്, കടക്കണ്ണുനോട്ടം വശമില്ലാരുന്നു
കണ്ണിന്റെയാഴങ്ങളില് മുങ്ങാൻ വന്നോരെയവള് കണ്ടംവഴി ഓടിച്ചു
കയ്യിലെ കൊയ്ത്തരിവാളിനേക്കാളും മൂർച്ചയാണീപ്പെണ്ണിനെന്ന്,
അവളൊരു പെഴയാണെന്ന്, നാട്ടാരു ചുമ്മാ പറഞ്ഞു നടന്നു.
അങ്ങനെയിരിക്കുമ്പളാണ് കണ്ണുചൊവ്വേ കാണാത്ത
ഒരുത്തനെ കണ്ടപാടെ, അവളങ്ങുകേറി പ്രേമിച്ചുപോയത്
കാലിനും ശേഷിക്കൊറവൊണ്ടാരുന്നേലും അവൻ
ആവുന്ന പണിയൊക്കെച്ചെയ്തു , കണക്കുപറഞ്ഞു കൂലീം മേടിച്ചു
അവനെ കണ്ടപ്പഴൊക്കെ അവൾടെ കവിളില് ചുഴികൾ തെളിഞ്ഞു
കൂടെപ്പൊറുക്കാൻ പോരുന്നോയെന്ന് അവളാണങ്ങോട്ട് പോയിച്ചോദിച്ചത്
പിന്നെപ്പിന്നെ പൂത്ത കാട്ടുചെമ്പകം പോലവളങ്ങനെ നടക്കുമ്പോള്
നാട്ടാര് പറഞ്ഞു, "ഇനിയവക്കെന്നാ പേടിക്കാനാ, ആൺതൊണയായല്ലോ"!
അതുകേക്കുമ്പം അവളൊന്ന് വല്ലാണ്ട് വിടർന്നങ്ങു ചിരിച്ചുകളയും
ആ ചിരിയിലപ്പിടി പുച്ഛമാണോന്ന് നാട്ടാർക്കൊര് സംശയം തോന്നുകേം ചെയ്യും.