"And Alexander wept seeing as he had no more worlds to conquer".Alexander is Ofcourse Alexander the great, king of Macedon in the fourth century BC. 'ഇനി ഒരു കഴുത്തു കൂടി അറക്കുവാൻ ബാക്കി ഇല്ലെന്നു കണ്ട് അലക്സാണ്ടർ തേങ്ങി'. രണ്ടു പ്രസ്താവനയും തമ്മിൽ ധൃവങ്ങളുടെ വ്യത്യാസമുണ്ട്. ഒരാളെ എല്ലാക്കാലവും എല്ലാവരും ഒരേപോലെ അംഗീകരിക്കണമെന്നില്ലല്ലോ?.
നിക്കോസ് കസാൻദ് സാക്കിസ്സി ന്റെ അധികം ഘോഷിക്കപ്പെടാത്ത ഒരു ചരിത്ര നോവലാണ് 'മഹാനായ അലക്സാണ്ടർ'. ഇതെന്നെഴുതപ്പെട്ടു എന്നറിയാൻ 'ഗൂഗിളിനെ' തന്നെ ആശ്രയിക്കേണ്ടി വന്നു. അതും അത്ര എളുപ്പമായിരുന്നില്ല. ഉള്ളിൽ നിന്നും ഉള്ളറകളിലേക്കുള്ള യാത്രയിലാണ് ഇതു മിഴികളിലുടക്കിയത്.1940കളിൽ ഗ്രീസ്സിൽ നിന്നും സീരിയൽ ഫോമിൽ പബ്ലിഷ് ചെയ്ത ഈ നോവൽ 1979ൽ മാത്രമാണ് ഒരു പൂർണ്ണ പുസ്തകമായി പ്രകാശനം ചെയ്യപ്പെട്ടത്.
ഈ പുസ്തകം കണ്ടെത്തി വായിക്കുവാൻ എന്നെ പ്രേരിപ്പിച്ച കാരണങ്ങൾ എന്തായിരിക്കണം. നിക്കോസിന്റെ ഏറെ വായിക്കപ്പെട്ട, സ്നേഹിക്കപ്പെട്ട, പുകഴ്ത്തപ്പെട്ട നോവലാണ് 1946 ൽ ഇറങ്ങിയ 'സോർബ ദി ഗ്രീക്ക് '. അദ്ദേഹത്തിന്റെ ആദ്യ നോവലായും ഇതിനെ പരിഗണി ക്കുന്നു. അപ്പോൾ പിന്നെ 1940ൽ എഴുതിയ ഈ ചരിത്ര നോവൽ എന്തു കൊണ്ട് ഒന്നാമത്തേതാകുന്നില്ല? കഴിഞ്ഞ ചില മാസങ്ങൾ ഞാൻ നിക്കോസിനു പിന്നാലെ ആയിരുന്നു.1940-1960 കാലങ്ങളിലാണ് അദ്ദേഹത്തിന്റെ എല്ലാ ക്ലാസ്സിക്കുകളും എഴുതപ്പെട്ടിട്ടുള്ളത്. 1957 ൽ അദ്ദേഹം കടന്നു പോകുമ്പോൾ ആത്മകഥ പ്രകാശനം ചെയ്യപ്പെട്ടിരുന്നില്ല. നാലു വർഷങ്ങൾക്കു ശേഷം മുപ്പത്തിരണ്ടു വർഷം ആ ആത്മാവിനു കൂട്ടായിരുന്ന ഹെലൻ ആണ് Report to Greco. പ്രകാശനം ചെയ്യുന്നത്. ഈ ആത്മ കഥയുടെ ആദ്യ താളുകൾ മറിയുമ്പോൾ തന്നെ വായനക്കാരന് മനിസ്സിലാകുന്നു ഇത് നല്ലൊരളവിൽ കാല്പനികത കലർന്ന ഒന്നാണെന്ന്.വായനയ്ക്കൊടുവിൽ നാം ഇതിനോട് പൂർണമായി യോജിക്കുന്നു.
കാസൻദ് ജനിക്കുന്നത് 1883ൽ ആണ്, പല പുസ്തകങ്ങളിലും 1893എന്ന് തെറ്റായി എഴുതി കാണുന്നു എങ്കിലും. പത്തു വർഷത്തെ ചെറുപ്പം. പല കണക്കുകളും അങ്ങു ചേർന്നു പോകുന്നില്ല! 1946ൽ തന്റെ അറുപത്തിമൂന്നാം വയസ്സിൽ 'സോർബ' എഴുതിയ ഇദ്ദേഹം തന്റെ മുൻകാലങ്ങളിൽ എന്തു ചെയ്യുകയായിരുന്നിരിക്കണം എന്നു ഞാൻ സന്ദേഹിയായി. കവിതകൾ, പ്രബന്ധങ്ങൾ, പരിഭാഷകൾ, നാടകങ്ങൾ സിനിമകൾ ഒക്കെ ചെയ്തിരുന്നു. അദ്ദേഹം തന്നെ പറയുന്നു, എന്റെ അന്തർമുഖത്വം പേരു വെളിപ്പെടുത്തുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു, മറ്റൊരു പേരിലാണ് ഇവയൊക്കെ പബ്ലിഷ് ചെയ്തിരുന്നത് എന്ന്. "ശോകഭാരങ്ങളെ ഒഴിവാക്കാൻ ഞാനെപ്പോഴും താഴ്മയോടെ അനുവർത്തിക്കുന്ന ഭീരുത്വമാർന്ന പ്രക്രിയയായിരുന്നു എഴുത്ത് ". സോർബ ദി ഗ്രീക്കിൽ എഴുത്തിനെ 'പേനയുന്ത്' എന്നൊക്കെ ഇദ്ദേഹം വിലകുറച്ചു കാണിക്കുന്നുണ്ട്.എന്നെ അതിശയിപ്പിച്ച ഒന്ന് അറുപത്തിമൂന്നു വയസ്സിനും എഴുപത്തിനാല് വയസ്സിനുമിടയിലുള്ള വെറും പത്തോ പതിനൊന്നോ വർഷങ്ങളിലാണ് അദ്ദേഹം തന്റെ എല്ലാ ക്ലാസ്സിക് വർക്കുകളും ചെയ്തിരിക്കുന്നത് എന്നതാണ്.എത്ര പ്രതിഭാധനൻ!!. അദ്ദേഹത്തിലെ പ്രതിഭയ്ക്ക് ഇനിയുമൊരു പത്തു വർഷം കൂടി ജീവിക്കണമെന്ന മോഹമുണ്ടായിരുന്നു എന്ന് ആത്മകഥയിൽ. ഇതു തന്നെയല്ലേ നിക്കോസ് അലക്സാണ്ടറിലും വളർത്തിക്കൊണ്ടുവന്നത്?"എനിക്കു മരിക്കാൻ കഴിയില്ല, എനിക്കു മുപ്പത്തിരണ്ട് വയസ്സേ ആയിട്ടുള്ളു കൂടാതെ ഞാനെന്റെ കടമ പൂർത്തികരിച്ചിട്ടുമില്ല"എന്നാണ് അലക്സാണ്ടറും കേഴുന്നത്. ഞാൻ ഏറ്റവും അധികം വെറുക്കുന്നത് ഭീരുത്വ മാണ് എന്നു ഇടയ്ക്കിടെ അഭിമാനിച്ചിരുന്ന നിക്കോസ് മരണത്തെ ഭയപ്പെട്ടിരുന്നോ എന്തോ!
ജീവിതത്തിന്റെ ഏറിയ ഭാഗവും സഞ്ചാരത്തിലായിരുന്നു യവനനായ ഈ വിശ്വസാഹിത്യകാരൻ. പ്രപഞ്ചത്തെ അതിലേ സകല ചാരാചരങ്ങളോടും കൂടി ഇത്രയധികം സ്നേഹിച്ച ഒരെഴുത്തുകാരൻ വേറെ ഉണ്ടോ? ഗ്രീസ് മുഴുവനും പിന്നീട് യൂറോപ്പും ഏഷ്യയിലെ തന്നെ പല രാജ്യങ്ങളിലും സഞ്ചരിച്ച ഈ സഞ്ചാരപ്രിയൻ പറയുന്നതു കേൾക്കു -"ഗ്രീസ്സിനോളം സൗന്ദര്യമുള്ള മറ്റൊന്നും ലോകത്തിലില്ല എന്നു വാശിപിടിച്ചു നടന്ന ഞാൻ പിന്നീടു പറഞ്ഞു -ലോകം ഗ്രീസ്സിനെക്കാൾ സമ്പന്നവും വിശാലവുമെന്ന്".യുദ്ധങ്ങൾ കൊണ്ട് ലോകമാകെ സ്വന്തമാക്കിയ അലക്സാണ്ടറെ പോലെ നല്ല പ്രായം മുഴുവൻ കാസന്തും യാത്രയിലായിരുന്നു. അവസാനം ശമനമില്ലാത്ത ബ്ലഡ് ക്യാൻസറിനൊപ്പം ഹെലനെ കൂട്ടുപിടിച്ച് ലോകമാകെ സഞ്ചരിച്ചു അവസാനത്തോളം.തന്റെ എല്ലാ കഥാപാത്രങ്ങളിലും സ്വന്തം നിഴൽ വീഴ്ത്തിയ സാക്കിസ് തനിക്കു പറയാനുള്ള പലതും അലക്സാണ്ടറിലൂടെ പറഞ്ഞു വയ്ക്കുന്നുണ്ട്.
'ബ്യുസ്സിഫലസിനെ' നിങ്ങൾക്കറിയുമോ? വമ്പൻ തലയുള്ള ഒരു കാട്ടു കുതിരയാണവൻ. കാളത്ത ലയോളം പോന്ന തലയുള്ളവൻ. എല്ലാ പ്രധാന സൈന്യാധിപരും തോറ്റു മടങ്ങിയിടത്തു നിന്നാണ് തുടക്കം. മസ്സിഡോണിയൻ രാജാവ് ഫിലിപ്പിന്റെ പന്ത്രണ്ടു വയസ്സുള്ള മകൻ അലക്സാണ്ടർ ഈ കുതിരയെ മെരുക്കി വരുതിക്കു നിർത്തി കാതങ്ങൾ പറന്നു പോയത് ഒരു മിന്നൽ പോലെ. ഈ കഥയൊക്കെ നമ്മൾ സ്കൂൾ ചരിത്ര ക്ലാസുകളിൽ അത്ഭുതം കൂറി കേട്ടിരുന്നിട്ടുണ്ട്.'മഹാനായ അലക്സാണ്ടർ' എന്ന ചരിത്ര നോവൽ ഇവിടെനിന്നാണ് ആരംഭിക്കുന്നത്. ഫിലിപ്പ് രാജാവിന്റെ മരണശേഷം വെറും പതിനഞ്ചു കൊല്ലത്തെ രാജ്യഭരണം. അതിൽ എട്ടു വർഷവും തുടരെയുള്ള യുദ്ധങ്ങളും മുന്നേറ്റങ്ങളും.ഒടുവിൽ ലോകം മുഴവൻ പിടിച്ചടക്കി എന്ന ഗരിമയോടെ തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ എല്ലാം പിന്നിലുപേക്ഷിച്ചു അലക്സാണ്ടർ കടന്നു പോയി... ഇവിടെ കാസദ് സാക്കിസ് നോവൽ അവസാനിപ്പിക്കുകയാണ്.271/താളുകളിൽ അവസാനിക്കുന്ന ഈ നോവലിന്റെ പ്രസാധകർ 'പുസ്തക പ്രസാധക സംഘം'ആണ്. മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് സിസിലി യാണ്. സിസിലി ജോയ്സ്സി എന്നു ഞാൻ മനസ്സിലാക്കി. വായനയുടെ ഒരു വേളയിലും ഉപേക്ഷിച്ചു പോകാൻ ആകാത്ത വിധം അത്ര സരളവും ഹൃദ്യ വുമായ പരിഭാഷ.
കാസൻദ് സാക്കിസ് ഇങ്ങനെ ഒരു ചരിത്ര നോവൽ എഴുതിയത് എന്തിനാണ് എന്നു ഞാൻ ചിന്തിച്ചു പോയി. വായിച്ചു വരുമ്പോൾ ഇതൊരു ചരിത്ര നോവലിനെക്കാൾ ഒരു ജോഗ്രഫിക്കൽ നോവൽ കൂടിയെന്നു എനിക്കു ബോധ്യമായി. ബിസി 356/ൽ ജനിച്ച് ബിസി 323/ൽ ഓർമ്മയായ അലക്സാണ്ടർ രാജാവിനെ കേന്ദ്ര കഥാപാത്രമാക്കി നിക്കോസ് ഈ നോവൽ രചിച്ചത് അദ്ദേഹമൊരു ക്രീറ്റൻ ആയതു കൊണ്ടു മാത്രമല്ല. ഗ്രീക്കിന്റെ അതിർത്തികൾ വികസിപ്പിക്കുന്നതിലുപരി ഗ്രീക്ക് സംസ്ക്കാരം പ്രചരിപ്പിക്കുക എന്നതായിരുന്നു അലക്സാണ്ടറിന്റെ പരാക്രമങ്ങളുടെ nucleus.അലക്സാണ്ടർ സാക്ഷാൽ അരിസ്റ്റോട്ടിലിന്റെ അരുമ ശിഷ്യൻ ആയിരുന്നു. ഓരോ ലെവലിലും അലക്സാണ്ടർ പറഞ്ഞുകൊണ്ടിരുന്നു നിങ്ങൾ ഗ്രീകുകാരാണെന്ന് മറക്കാതിരിക്കുക. ഗ്രീക്കിന്റെ മനസ്സ് അത്ര അഗാധമെന്ന് ഗ്രീക്ക് പുരാണ കഥാ സാഗരം. ഗ്രീക്കിന്റെ ആത്മീയ സൗന്ദ്യര്യം മനുഷ്യ വംശത്തെ പുണർന്നു കിടക്കുന്നു.ഗ്രീസ്സിലും ഏഥൻ സ്സിലുമൊക്കെ മുക്തനായ് നടന്ന നിക്കോസ് കാണേക്കാണെ ഒരു പ്രപഞ്ച യാത്രികനാവുകയാണ്. അപ്പോളും അയാളുടെ തല നിറയെ അത്തോസ് പാർവതനിരകളും കോക്കസും ഭൂതലങ്ങളും, നദികളും, നദീതടസംസ്കാരങ്ങളും, സന്ന്യാസ മഠങ്ങളും പുരോഹിതരും, തത്വചിന്തകരും ആയിരുന്നു. ക്രീറ്റിന്റെ രഹസ്യം അത്ര ഗഹനമാണെന്ന് നിക്കോസ്. കാസന്തിനെ വല്ലാതെ ആവേശിച്ചൊരു ഭൂതമുണ്ട് -ഹോമർ. അതാണല്ലോ അലക്സാണ്ടർ തന്റെ ഉള്ളം കയ്യിൽ എപ്പോഴും ഹോമിറിനെ കൊണ്ടു നടന്നത്. ക്രമേണ ഹോമർ സദാ അലക്സാണ്ടരുടെ തോളിൽ തന്നെയാണ് യാത്ര ചെയ്യുന്നത്. ഹോമറിന്റെ ഇല്ലിയഡിന്റെ ആദ്യ വരികൾ കേട്ടാൽ പിന്നെ അലക്സാണ്ടറിനു ഇരിപ്പുറയ്ക്കില്ല.
'Decline, O,Muse in what ill fated hour sprigle fierce strife, from what of offending power..... നോക്കൂ... തന്നെ വശീകരിച്ചവരിൽ സാക്കിസ് ആദ്യം പറയുന്ന പേരു പോലും ഹോമർ എന്നു തന്നെയാണ്. ബുദ്ധനും Frederick Nietzsche യും ബർഗസോനും ലെനിനും സോർബയും (ജോർജ് സോർബ )ഒക്കെ പിന്നിലെ അണിനിരക്കുന്നുള്ളു.ഹോമർ നാരകപ്പൂവ് മണംകൊണ്ട് ഹെലനെ പൊതിയുന്നതൊക്കെ ശ്വസിക്കണമെങ്കിൽ റിപ്പോർട്ട് ടു ഗ്രേക്കോ വായിക്കണം. ഒരിക്കൽ പോലും മനുഷ്യ ശ്വാസം ഏൽക്കാത്ത ഹെലൻ!അലക്സാണ്ടറെ കാസന്ത് വിശേഷിപ്പിക്കുക ഹോമിറിന്റെ ഇലിയഡിലെ നായകൻ ആക്കിലിസ് എന്നാണ്. നിയാർക്കസ് എന്ന പടനായകനെ ഒഡീസിയിലെ ഒഡീ സിയാസ് എന്നും. ഹോമർ ഇല്ലാതെ നിക്കോസ് ഇല്ല. സത്യത്തിൽ അലക്സാണ്ടറിന്റെ ഹോമർ തന്നെയാണ് നിക്കോസ് കാസൻദ് സാക്കിസ്. ആക്കിലിസ്സിന് മരണമുണ്ടോ? ഒരിക്കലുമില്ല. എന്തു കൊണ്ട്?ഹോമർ അദ്ദേഹത്തിന്റെ അപദാനങ്ങൾ പാടിയതുകൊണ്ട്. അതുപോലെ അലക്സാണ്ടറിനെ നിക്കോസ് അമരനാക്കി ഈ നോവലിലൂടെ.
ഈ പുസ്തകം നിറയെ എട്ടു വർഷം നീണ്ടുനിന്ന അലക്സാണ്ടറുടെ
യുദ്ധങ്ങളുടെ, മുന്നേറ്റങ്ങളുടെ വിവരണങ്ങളാണ്. കീഴടക്കുക, കീഴടക്കുക, മുന്നോട്ട്, മുന്നോട്ട് അലക്സാണ്ടർ ഘോഷിച്ചുകൊണ്ടേയിരുന്നു. അപ്രാപ്യ മായവയെ പ്രാപ്യ മാക്കുക, അസ്സാധ്യ മായി ഒന്നുമില്ല എന്നതാണെന്റെ മതം, അലക്സാണ്ടറിലെ നിക്കോസ് പറയുന്നു. "ആവാത്തത്രയും നീ എത്തിച്ചേരുക", അതായിരുന്നല്ലോ ഗ്രേക്കോ മുത്തച്ഛൻ കാസന്തിനു ചാർത്തി കൊടുത്ത പൗരഷം.മനുഷ്യ മനസ്സിന് ഊഹിക്കാൻ പറ്റാത്തത്ര ദുരിതങ്ങളുടെ യുദ്ധ കഥകളാണ് ഈ നോവൽ പറയുന്നത്. വഴിയിൽ മരിച്ചു വീഴുന്നവർ ഇരുവശവും. രോഗങ്ങളാൽ വലയുന്നവർ. ഭക്ഷണ പാനീയങ്ങളുടെ ഇല്ലായ്മകൾ, മുറിവേറ്റവർ. ആശ്വാസമോ ആരോചകമോ ആയി അലക്സാണ്ടറിനു തോന്നിയ കാലസ്തനിസ് പോലുള്ള തത്വ ചിന്തകരുടെ പിറുപിറുപ്പുകൾ ഒക്കെ വായനക്കാരെ അസ്വസ്ഥമാക്കുന്നുണ്ട്. കാലാൾപ്പട, കുതിരപ്പട, നാവിക സേന ഇവയെല്ലാം രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് അതിർത്തികടന്നു. പിടിച്ചെടുത്ത നഗരങ്ങളെല്ലാം 'അലക്സാൻഡ്രിയ'എന്നു വിളിക്കപ്പെട്ടു. ഇന്ത്യയിൽ എത്തി പോറസിനെ തോൽപ്പിച്ച അലക്സാണ്ടർ പോറ സ്സിനോട് വർത്തിച്ചത് 'ഒരു രാജാവ് രാജാവിനോട് എന്നപോലെ ആണെന്ന് നാം ചരിത്ര പാഠങ്ങളിൽ പഠിക്കുന്നുണ്ട്.കീഴടങ്ങിയ ദാരിസ് രാജാവിന്റെ ഭാര്യയോടും മകളോടും അലക്സാണ്ടർ ഏറ്റവും ഉദാരമായി പെരുമാറി.
ഈ നോവലിൽ രാജാവല്ലാത്ത, മനുഷ്യനായ അലക്സാണ്ടറെ ആണ് കാസൻദ് സാക്കിസ് വരച്ചിടുന്നത്. അദ്ദേ ഹത്തിന്റെ സൗഹൃദങ്ങളുണ്ട്. സ്റ്റീഫനും ആൽക്കയ്ക്കുമിടയിലുള്ള പ്രണയമുണ്ട്, വിവാഹമുണ്ട്, വിരുന്നുകളുണ്ട്, ആഘോഷങ്ങളുണ്ട്, പിറുപിറുപ്പുകളും പിരിമുറുക്കങ്ങളുമുണ്ട് ചതിയുണ്ട് നെഞ്ചോളം വന്ന കരച്ചിലുകളുണ്ട്. പുരുഷനും കരയും എന്ന് അലക്സാണ്ടർ സ്വയം കേഴുന്നുണ്ട്. തന്റെ കുതിര ബ്ലൂസിഫലസ്സിന്റെ വേർപാടിലും സന്തത സാഹചാരി ഫലോയിഷ്ടണിന്റെ മരണത്തിലും അദ്ദേഹം തേങ്ങിക്കരഞ്ഞു.
പനിമൂർച്ഛിച്ച അലക്സാണ്ടറെ കണ്ട ഡോക്ടറോട് "എനിക്കു സമയമായില്ല, എനിക്കു സമയമായില്ല എനിക്കു വേഗത്തിൽ പ്രവർത്തിക്കണം" എന്നദ്ദേഹം പറഞ്ഞെങ്കിലും...,.
അതു ജൂൺ മാസം പതിമൂന്നാം തിയതി രാത്രിയാകുന്നു... അലക്സാണ്ടർ കണ്ണുകളടച്ചു.. പിന്നെ ആ മിഴികൾ ഒരിക്കലും തുറന്നില്ല. അലക്സാണ്ടറുടെ ചേതനയറ്റ ശരീരമാണ് മസ്സിഡോണിയാക്കാർ കാണുന്നത്.
ഈ പുസ്തകത്തിന്റെ പരിഭാഷക 'സിസിലിയെ' പരിചയ പ്പെടുക സന്തോഷമായിരുന്നു.അത് എനിക്കൊരാവശ്യവുമായിരുന്നു. ചില സംശയങ്ങൾ. Publishers mob no തന്നു സഹായിച്ചു. സിസിലി നിങ്ങൾ കരുതും പോലെ കൊച്ചു കുട്ടിയൊന്നുമല്ല. എഴുപതുകളുടെ മധ്യത്തിൽ നിൽക്കുന്ന ഒരു ബഹുമാന്യ സ്ത്രീ. ഞാൻ മാഡം എന്നു വിളിച്ചു തുടങ്ങി. വളരെ ഹൃദ്യ മായ വെളിച്ചം പതഞ്ഞു വീണ ഒരു നീണ്ട ഇടവേളയായിരുന്നു അത്. ഒരപരി ചിതത്വം ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. പരിഭാഷ ഒരിക്കലും പദാ നുപദ വിവർത്തനമായിരുന്നില്ല. വിവർത്തകയുടെ സർഗ്ഗ ശേഷി ഈ പുസ്തക വായനയെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. പാകമായ മലയാളം വാക്കുകൾ ഉണ്ടായിരുന്നിട്ടും ചില വാക്കുകൾ ഇംഗ്ലീഷിൽ തന്നെ -offer, correct, surprise, overtime etc.?. Answer എളുപ്പം വന്നു. വിവർത്തനം ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും ഇംഗ്ലീഷ് വാക്കുകൾ തന്നെയാണ് more suitable. തൃപ്തികരമായ ഉത്തരം. മാഡത്തിന്റെ biodata ഒന്നും ബുക്കിൽ ഇല്ലല്ലോ? അങ്ങിനെ ഒരു identity എനിക്കിഷ്ടമില്ല -വളരെ bold ആയ answer. ബാംഗ്ലൂരിൽ മകനോടൊപ്പം ജീവിതം. ഇരുപത്തിരണ്ടു വർഷങ്ങളായി വിവർത്തന രംഗത്തുണ്ട്. ഇഷ്ടമുള്ള ഏതും ചെയ്യും. നിക്കോസിന്റെ തന്നെ 'ബുദ്ധ' എന്ന ഡ്രാമ എനിക്കു കിട്ടിയിട്ടുണ്ട്. Greek Passion ഉടൻ പുറത്തു വരും. എനിക്കും വിവർത്തന കലയിൽ ഏർപ്പെടാം, നല്ല back ground വായന ഉണ്ടല്ലോ എന്നു സ്നേഹം പറഞ്ഞതു എന്നെ ഞെട്ടിച്ചു കളഞ്ഞു എന്നു പറയാതെ വയ്യ.
ചരിത്ര പണ്ഡിതർ ഈ നോവൽ വായിച്ചാൽ ഇതിൽ നല്ലൊരളവിൽ perestroika കടന്നു കൂടിയിട്ടുണ്ട് എന്നു സമ്മതിക്കേണ്ടി വരും . ഇന്ത്യയുടെ Chandragupta Myurya അലക്സാണ്ടറെ തോൽപ്പിച്ചിരുന്നു എന്നൊക്കെ നാം, ദേ ഹമാകെ കളിരുകോരിയിട്ടിരുന്നു പഠിച്ചിട്ടുണ്ട്.... അലക്സാണ്ടറെ ആരെങ്കിലും തോൽപ്പിച്ചു എന്ന് നിക്കോസ് എഴുതില്ല.
നിങ്ങൾ ഇനിയും കാസൻദ് സാക്കിസി നെ വായിച്ചു തുടങ്ങിയിട്ടില്ലേ? എങ്കിൽ ആദ്യ വായനയ്ക്ക് Report to Greco ഞാൻ suggest ചെയ്യും.നിങ്ങൾ നിക്കോസിന്റെ ഒരു പുസ്തകമേ വായിക്കുവാൻ തീരുമാനിച്ചിട്ടുള്ളോ? എങ്കിലും ഞാൻ പറയും Report to Greco.. അദ്ദേഹത്തെ വായിക്കാതിരിക്കുകയെ ന്നാൽ ആഖ്യായികാ സാഹിത്യത്തിലെ Proteus നെ നഷ്ടപ്പെടുത്തുക എന്നാണു 'ന്യൂയോർക് ടൈംസ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.🙏🙏.