മെഡിക്കൽ ഡയറി - 4
എന്നെങ്കിലും നിങ്ങളിലാരെങ്കിലും ഒരപകട സ്ഥലത്തോ, അത്യാഹിത വിഭാഗത്തിലെ അടഞ്ഞ വാതിലിനിപ്പുറത്തോ, ഒരു ഐ. സി. യു വിലോ നിങ്ങൾക്കു പ്രിയപ്പെട്ട ആരുടെയെങ്കിലും നെഞ്ചിലെ ജീവന്റെ തുടിപ്പുകൾ നിലച്ചു പോകുന്നതിന് വേദനയോടെ സാക്ഷികളായിട്ടുണ്ടോ ?
'Brought dead ' എന്നൊരു മെഡിക്കൽ ടെർമിനോളജി ഉണ്ടുകേട്ടോ ! മിക്കവാറും അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗിയുടെ case sheet ൽ ആവും ഇങ്ങനെ രേഖപ്പെടുത്തേണ്ടി വരിക.
തന്റെ രോഗിയെപ്പറ്റി ഒരു ഡോക്ടർ കേൾക്കാൻ തീരെയും താൽപ്പര്യപ്പെടാത്ത കാര്യമെന്താണെന്നറിയുമോ? "ഡോക്ടറെ പൾസ് കിട്ടുന്നില്ല" എന്നാരെങ്കിലും പറഞ്ഞു കേൾക്കുന്നതാണത്.
നമ്മൾ എവിടെയൊക്കെ ആണ് വേഗത്തിൽ 'പൾസ് ' തിരയുന്നത്?
മൂന്ന് മേജർ അർട്ടറികൾ. കയ്യിൽ റേഡിയൽ അർട്ടറി, കഴുത്തിന്റെ സൈഡിൽ carotid artery, ഇടുപ്പെല്ലിന് താഴെ തുടയുടെ ഭാഗം ഇടുപ്പെല്ലുമായി സന്ധിക്കുന്നിടത്തു femoral artery.
ഇവയിലൊന്നും പൾസ് കിട്ടുന്നില്ലെങ്കിൽ പിന്നെ ജീവൻ നില നിൽക്കാനുള്ള സാധ്യത വളരെ കുറവാണ് .
ഇപ്പോൾ കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി. Pulse oxymeter നേർവര, ECG റെക്കോർഡിങ് നേർവര. EEG റെക്കോർഡിങ് നേർവര. കൃഷ്ണമണികൾ പ്രകാശത്തോട് പ്രതികരിക്കുന്നില്ലാത്ത സ്ഥിതി..
മസ്തിഷ്ക മരണം സ്ഥിരീകരിക്കുവാൻ പിന്നെയും പല ടെസ്റ്റുകൾ. ഇവയെ നമുക്കു തൽക്കാലം വീട്ടു കളയാം.
'കസ്ത്വാ ഹിതസ്തി
സത്വാ ഹിതസ്തി
കിംസ്ത്വാ ഹിതസ്തി വേഷേഭ്യ കർമ്മേഭ്യ ഹിതസ്തി '
( ആരാണ് നിങ്ങളെ ഇങ്ങോട്ട് വിളിച്ചത് ?
ജഗദീശ്വരനാണ് വിളിച്ചത്..
എന്തിനാണദ്ദേഹം വിളിച്ചത് ?
കാലദേശാവസ്ഥകൾക്കനുസൃതമായി വേഷം മാറുവാനും കർമ്മം ചെയ്യുവാനുമാണ് വിളിച്ചത്... )
1990കളുടെ മധ്യത്തിലെവിടെയോ ആണെന്നാണോർമ്മ. എന്റെ ഇളയ സഹോദരന്റെ ഒരു ഫോൺ കാൾ."നമ്മുടെ ദേവനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു വരുന്നുണ്ട്, അൽപ്പം സീരിയസ് ആണ്, നമ്മുടെ കവലയിൽ നടന്ന ഒരു കുത്തു കേസാണ്. ചിലരെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവന് കുറേ രക്തം പോയിട്ടുണ്ട്, സീരിയസ് ആണെന്നാണ് പറയുന്നത്. ഒന്നന്വേഷിച്ചു വേണ്ടത് ചെയ്യുമോ."
ഇത്തരത്തിലുള്ള frantic കാളുകൾ എനിക്കു പുത്തരിയല്ല.
ദേവൻ നന്നായി അറിയുന്ന പയ്യനാണ്.
ഞാൻ പ്രാർത്ഥനയോടെ ആംബുലൻസിന്റെ കൂക്കിവിളിച്ചുള്ള വരവും കാത്ത് casualty യിൽ നിന്നു. അഞ്ചോ പത്തോ മിനിട്ടുകൾക്കുള്ളിൽ ആംബുലൻസ് പോർച്ചിൽ കുതിച്ചെത്തി നിന്നു. സ്ട്രച്ചറുമായി ജീവനക്കാർ ഓടിയെത്തി.
രക്തത്തിൽ കുളിച്ച ഒരു യുവാവിന്റെ ശരീരം - തല ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്നു.
രോഗിയെ ഉടനടി casualty യിൽ എത്തിച്ചു. അവൻ സ്‌ട്രെച്ചറിൽ തന്നെ. ഞാനും വേഗത്തിൽ അവന്റെ അടുത്തെത്തി. ചോരപുരണ്ട അവന്റെ വലതു കയ്യിലെ പൾസിനായി ഞാൻ പരതി. മറ്റു പൾസുകൾക്കായി അപ്പോൾ മിനക്കെട്ടില്ല. നെഞ്ചിൽ stethoscope വച്ചു നോക്കി. ഹൃദയമിടിപ്പുകൾ നിലച്ചിരുന്നു. ശ്വാസോച്ഛ്വാസമില്ല. ഞാൻ സർജറി ഡ്യൂട്ടി എം.ഒ യോടു പറഞ്ഞു
- heart sounds ഇല്ല, chest still.
സർജൻ examinations complete ആക്കി. മറ്റു ഡോക്ടേഴ്സുമായി ചില ഡിസ്കഷൻസ് നടത്തി.
"Patient brought dead. Stab injury chest and abdomen. Cause of death - cardiac arrest due to hamorregic shock..
രക്തം വാർന്നു രോഗി മരിച്ചു.....
അവിടുത്തെ കസേരകളിൽ ഒന്നിൽ ഞാൻ തറഞ്ഞിരുന്നു.
"മാഡത്തിന്റെ ആരാണ് ഈ പയ്യൻ"സർജൻ എന്നോട് ചോദിച്ചു.
അതാണ് ഞാനും ആലോചിക്കുന്നത്!എനിക്കാരാണിവൻ!
ഞാൻ വെറുതെ പുലമ്പി "അറിയുന്ന പയ്യൻ, നാട്ടുകാരനാ.."
ഇവൻ എനിക്കെങ്ങിനെയാണ് വെറും നാട്ടുകാരൻ പയ്യൻ മാത്രമാവുന്നത്. ഇവൻ ശരിക്കും ഞങ്ങളുടെ വീട്ടുകാരൻ പയ്യൻ തന്നെ.
വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ പരിചിതൻ. എന്റെ ഇളയ സഹോദരന്റെ പ്രായമേ കാണൂ. അവന്റെ കളിക്കൂട്ടുകാരൻ, അവന്റെ തൊട്ടുതൊട്ട് ഇവനെയും എപ്പോഴും കാണാം. വീട്ടിൽ രാവിലെ വന്നു പ്രാതൽ കഴിച്ച് ഇളയവനെയും കൂട്ടി സ്കൂളിൽ പോക്ക്. തിരിച്ചു വരവും ഒരുമിച്ച്. ഇളയവനൊപ്പം കഴിച്ചു തൊടിയിലൊക്കെ കറങ്ങി, കളിച്ചു, പുഴയിൽ ചൂണ്ടയിട്ടു, മീൻ പിടിച്ചു, ഊഞ്ഞാല് കെട്ടിയാടി, മയങ്ങുമ്പോൾ മാത്രം വീട്ടിലേക്കു മടങ്ങുന്നവൻ. വീട്ടിൽ ഞങ്ങളെല്ലാവരോടും അവൻ ഒരേ സ്നേഹത്തിൽ പെരുമാറി. അവന്റെ വീടെന്നു പറഞ്ഞാൽ ഞങ്ങളുടെയും പേരപ്പന്റെയും റബ്ബർതോട്ടത്തിന്റെ അതിരിൽ , ചെറിയൊരു പുഴയുടെ സമീപം.
ഇവനെക്കൂടാതെ മറ്റ് നാലു സഹോദരൻമാർ കൂടിയുണ്ട്. നാട്ടിൽ അവർ പഞ്ചപാണ്ഡവന്മാർ എന്നാണറിയപ്പെട്ടിരുന്നത്. അവരുടെ അപ്പൻ ഞങ്ങളുടെയും പേരപ്പന്റെയുമൊക്കെ തടിവെട്ടുകാരനായിരുന്നു.
അവരുടെ അമ്മ ഞങ്ങളുടെ വീടുകളിൽ വയലിൽ ഞാറുകുത്തി, കളപറിച്ചു, കൊയ്ത്, നെല്ലു പുഴുങ്ങി, ഉണക്കി, പത്താഴത്തിൽ ഇട്ട്, അത് പിന്നെ ഉരലിൽ കുത്തി അരിയാക്കി തന്നിരുന്ന ചേടത്തി. രണ്ടു വീടുകളിലുമായി എന്നും പണി ഉണ്ടാവും ഇവർക്ക്.മക്കളിൽ ഏതെങ്കിലും കുട്ടികളൊക്കെ ഇവർക്കൊപ്പം എന്നുമുണ്ടാകും. വേർതിരിവൊന്നും ഇല്ലാതെ ഞങ്ങൾക്കൊപ്പം കളിച്ച് , കഴിച്ച്, പുഴയിൽ കുളിച്ച് അവരും അങ്ങനെ..
കാലം ആർക്കുവേണ്ടിയും കാത്തു നിന്നില്ല. ഞങ്ങളുടെ ആ ഗ്രാമത്തിലും
സർവ്വ സാധാരണമായി കുടിയൊഴിപ്പിയ്ക്കൽ വന്നു. അത് എന്തിനായിരുന്നു എന്ന് എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല ! ഞങ്ങളുടെ റബ്ബർതോട്ടങ്ങളിൽത്തന്നെ രണ്ടുമൂന്നു കൂട്ടരൊക്കെ പുര കെട്ടി താമസിച്ചിരുന്നു..
ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരെല്ലാം അടുത്തടുത്ത ദിവസങ്ങളിൽ കാളവണ്ടിയിൽ സാധനങ്ങളും കയറ്റി പുതിയ വാസസ്ഥലങ്ങളിലേക്ക് ചേക്കേറി. അതൊരു കരയുടെ, ഗ്രാമത്തിന്റെ ചരിത്രം പോലുമാകുന്നു.
വീട്ടിൽ നിന്നും അധികം അകലെയല്ലാതെ പേരപ്പൻ അവരെ പുതിയ വീടുകെട്ടി താമസിപ്പിച്ചു.
അത് കുടിയൊഴിപ്പിക്കലിന്റെ നിയമമായിരുന്നു എന്ന് കൊച്ചുകുട്ടിയായിരുന്ന എനിക്കറിയില്ലായിരുന്നു.
'ജീർണ്ണ വസ്ത്രമുപേക്ഷിച്ച ' ദേവൻ അഞ്ചുപേരിൽ 'മധ്യ പാണ്ഡവൻ' ആയിരുന്നു.
ഈ അഞ്ചു കുട്ടികളും നല്ല സ്വഭാവമുള്ളവരായിരുന്നു. ചെറിയ ക്ലാസ്സിലേ ഇവരൊക്കെ പഠിപ്പ് നിർത്തി.
എന്റെ ഇളയ സഹോദരനൊപ്പം ദേവൻ പക്ഷെ പഠിപ്പ് തുടർന്നു. സ്കൂളിലേക്കുള്ള വഴിയിറമ്പിൽനിന്നും ഇവൻ ഞങ്ങൾക്കായ് മാങ്ങ, പുളി, ചാമ്പക്കാ എന്നു വേണ്ടാ എന്തും പറിച്ചു തന്നുപോന്നു. കൂട്ടത്തിൽ 'അശുവായ' എന്റെ പുസ്തകച്ചുമടുകൂടി ദേവൻ താങ്ങി. പല കുറുക്കുവഴികളിലൂടെയും അവൻ ഞങ്ങളെ ആനയിച്ചു. ഇവയൊക്കെ ദൂരക്കൂടുതൽ ഉള്ളവയായിരുന്നു എന്നു ഞങ്ങൾക്ക് മനസ്സിലായതേ ഇല്ല.
ഒരിക്കൽ കുറേദിവസം അവനെ സ്കൂളിൽ കാണാതെയായി. ഞങ്ങളുടെ വീട്ടിലും വന്നില്ല. ക്രമേണ അവൻ പഠിപ്പ് നിർത്തിയതായറിഞ്ഞു. കുറച്ചു നാളുകൾക്കു ശേഷം അവൻ ഞങ്ങളുടെ നാട്ടിൽ നിന്നു തന്നെ അപ്രത്യക്ഷനായി.
വർഷങ്ങൾക്കു ശേഷം അവൻ വീണ്ടും നാട്ടിൽ പ്രത്യക്ഷൻ ആയപ്പോൾ നന്നായി വളർന്നിരുന്നു. കരാട്ടെ പഠിക്കാൻ എങ്ങോട്ടാ പോയി എന്നല്ലാതെ details ഒന്നും എനിക്കിപ്പോഴും അറിയില്ല.
ആ കാലങ്ങളിൽ ഞങ്ങളിൽ നിന്നൊക്കെ അവൻ കുറച്ചകലം പാലിച്ചു പോന്നു. ഞാൻ മെഡിസിന് പഠിക്കാൻ പോകുമ്പോൾ വീട്ടിൽ യാത്രയാക്കാൻ വന്നിരുന്നു. ഇടക്കൊക്കെ ഞാൻ വീട്ടിലേക്ക് വരുമ്പോൾ കവലയിൽ വെറുതെ നിൽപ്പുണ്ടെങ്കിൽ സൈക്കിൾ ഉന്തി എന്റെ ബാഗ് അതിൽ ഉറപ്പിച്ച് വീടു വരെ വന്നിരുന്നു. ഒരിക്കൽ അങ്ങനെ ഒരു നടപ്പുദൂരത്തിൽ അവൻ എന്നോട് പറഞ്ഞു "ചങ്കിൽ വച്ചു നോക്കുന്ന ആ സാധനം കിട്ടുമ്പോൾ എന്റെ നെഞ്ചിലൊന്നു വച്ചു നോക്കണേ..
എനിക്കു double heart ഉണ്ടെന്നു തോന്നുന്നു, അതൊന്നു ശരിയാണോ എന്നുറപ്പിക്കണം .'
അതൊരിക്കലും ഞാൻ കാര്യമായി എടുത്തിരുന്നില്ല. ഇപ്പോൾ...? ഇപ്പോൾ മാത്രമാണ് casualty യിൽ സ്‌ട്രെച്ചറിൽ ചലനമറ്റു കിടക്കുന്ന അവന്റെ നെഞ്ചിൽ ഞാനെന്റെ steth വച്ചു നോക്കുന്നത്. ഇരട്ടച്ചങ്കിനു പകരം, അവനുണ്ടായിരുന്ന ഒരു ചങ്കുപോലും മിടിക്കുന്നുണ്ടായിരുന്നില്ല....
'ജീർണ്ണ വസ്ത്രങ്ങൾ അഴിച്ചു മാറ്റുന്നു.'
"ആരാണ് നിങ്ങളെ ഇങ്ങോട്ട് വിളിച്ചത്..?
ജഗദീശ്വരനാണ് വിളിച്ചത് ..
എന്തിനാണദ്ദേഹം വിളിച്ചത് ?
കാല ദേശാവസ്ഥകൾക്കനുസൃതമായി വേഷം മാറുവാനും കർമ്മം ചെയ്യുവാനുമാണ് വിളിച്ചത് "(യജുർ വേദ സംഹിത )
ഞാൻ ആലോചിച്ചു പോവുകയാണ്. ശരിയായ കർമ്മംചെയ്തു കടന്നു പോകുവാൻ സാധിക്കുന്നവർ എത്ര പേർ? ബാല്യത്തിലും കൗമാരത്തിലും സൗമ്യനും ശുദ്ധനും ആയിരുന്ന ഈ യുവാവ് എന്തിനായിരുന്നു കരാട്ടെ ബ്ലാക്ക് ബെൽറ്റ് ഒക്കെ നേടിയത്? സമൂഹത്തിലെ എന്തനീതിയോട് പൊരുതാനാവും, പ്രതിരോധിക്കാനാവും അവൻ ഇങ്ങിനെയൊരു ആയോധന വിദ്യ അഭ്യസിച്ചത് ? അറിയില്ല.അതവന്റെ രക്ഷയ്ക്കെത്തിയോ?
എനിക്കറിയാവുന്ന ഈ യുവാവ് ഉപകാരിയും നല്ലവനുമായിരുന്നു.
അയൽപ്പക്കത്തർക്കങ്ങൾ വലുതായി ഒരു പൊതു ഇടത്തു വച്ച് വാക്കേറ്റവും കത്തിക്കുത്തും നടന്ന് അവന്റെ ജീവൻ കർമ്മങ്ങൾ പൂർത്തിയാക്കാതെ അകാലത്തിൽ പൊലിഞ്ഞുപോയി.
ശമനമുണ്ടാക്കാമായിരുന്ന കാരണങ്ങളിൽ മരണം ജീവനെ അപഹരിക്കുന്നതാണ് ഏറ്റവും ദുഃഖകരം ...
ദേവനെപ്പോലെ കർമ്മങ്ങൾ പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് ആകാശങ്ങളിലെ ഏതെങ്കിലും ഇടങ്ങളിൽ അവകാശം ഉണ്ടാകണമെ എന്ന പ്രാർത്ഥനയോടെ ..,
Dr. Kunjamma George
NB . ഒരു പേരുള്ളതും സാങ്കൽപ്പികമാണ്.