പ്രശസ്ത നടന്മാരായ തമ്പി ആന്റണിയുടെയും ബാബു ആന്റണിയുടെയും ഇളയ സഹോദരിയാണ് അരിസോണയിൽ ‘കുമോൺ’ എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന മിനിറോസ് ആന്റണി. എഴുത്തും ചിത്രരചനയുമാണ് മിനിയുടെ പ്രധാന വിനോദങ്ങൾ.
ഇന്ത്യയിലെയും അബുദാബിയിലേയും അമേരിക്കയിലെയും വ്യത്യസ്തമായ ജീവിതാനുഭവങ്ങളുടെ നേർകാഴ്ചകളാണ് മിനിയുടെ വരികളിലെ കുഞ്ഞോർമകൾ.
‘കുന്നിറങ്ങുന്ന കുഞ്ഞോർമകൾ’ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് ഗ്രീൻ ബുക്സ് ഇന്ത്യയാണ്.
പ്രവേശിക
തമ്പി ആന്റണി
കുഞ്ഞനുജത്തിയുടെ കുഞ്ഞോര്‍മകള്‍ കുന്നിറങ്ങിവരുന്നതു വായിച്ചപ്പോള്‍, ഞാനും അറിയാതെ എന്റെ കഴിഞ്ഞ കാലങ്ങളിലേക്കു പറന്നു പോകുന്നതു പോലെയാണ് അനുഭവപ്പെട്ടത്. അങ്ങനെ പറന്നാല്‍ ഒരിക്കലുമെത്താത്ത ദേശമൊന്നുമായിരുന്നില്ല ആ കുഞ്ഞുകുന്നുകളുടെ താഴ്‌വാരങ്ങള്‍ എന്നെനിക്കറിയാമായിരുന്നു. എന്നാലും ഞാനുംകൂടിയുള്‍പ്പെടുന്ന, ഞങ്ങളുടെ കൊച്ചുകൊച്ചുലോകങ്ങളിലൂടെയുള്ള ഈ യാത്ര അവിസ്മരണീയമായിരുന്നു എന്നുതന്നെ പറയാം.
വായിച്ചുതീരുന്നതുവരെ, ഓര്‍മകളിലൂടെയുള്ള ഒരു മടക്കയാത്രയിലായിരുന്നു, പല സന്ദര്‍ഭങ്ങളിലും.
ജീവിതം, ഏതോ മണ്ണടരിന്റെ അടിത്തട്ടില്‍നിന്നൂറിവരുന്ന പുഴപോലെ പല വഴികള്‍ സഞ്ചരിക്കുന്നു. പിന്നെ, കുത്തൊഴുക്കില്‍നിന്ന് ഓടിത്തളര്‍ന്ന നദിയായി, സാവധാനത്തില്‍ സമതലത്തിലെത്തി ശാന്തമായൊഴുകുന്നു. ഒടുവില്‍ സമുദ്രത്തിലെത്തുമ്പോള്‍ എല്ലാം ആ മഹാജലസഞ്ചയത്തില്‍ അലിഞ്ഞലിഞ്ഞില്ലാതെയാകുന്നു! പിന്നാലെ വരുന്ന ഓര്‍മകളും അങ്ങനെതന്നെ!
ഒറ്റവായനയില്‍, വാരിവിതറിയിട്ട കുറേ ഓര്‍മത്തുരുത്തുകളാണെന്നു തോന്നുമെങ്കിലും സൂക്ഷ്മവായനയില്‍, പലതരത്തിലുള്ള പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടത്തിന്റെ അനന്യകാന്തിയാണു കാണുക. മിനിയുടെ, ഏതൊരു വായനക്കാരനേയും ആകര്‍ഷിക്കുന്ന കുഞ്ഞുചിന്തകളില്‍ വന്നുംപോയുമിരിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം നമ്മളും നിര്‍ബാധം സഞ്ചരിക്കുന്നു.
ഒരുപക്ഷേ, മിനിയുടെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടന്ന ഓര്‍മകളുടെ കെട്ടുപിണഞ്ഞുകിടക്കുന്ന കുഞ്ഞുകുരുക്കുകള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുന്നതായിരിക്കണം ഇതൊക്കെ വീണ്ടും കുത്തിക്കുറിക്കാനുള്ള പ്രചോദനം.
ഓര്‍മകളില്‍നിന്നു പെറുക്കിയെടുത്ത വാക്കുകളിലൂടെ ഒരേ താളത്തിലെഴുതുമ്പോഴുള്ള ഒരൊഴുക്ക് ഓരോ വരിയിലും നിറഞ്ഞുനില്‍ക്കുന്നു. ഈ കുഞ്ഞെഴുത്തുകളിലൂടെ, മിനിമനസ്സിന്റെ ബാല്യകാലസ്മരണകള്‍ മറവിയില്‍നിന്നു മലയിറങ്ങിവരുന്നതുപോലെയാണു തോന്നിയത്. മിനിപോലുമറിയാതെ, ചിന്തകള്‍ വായനക്കാരനെയും കൂടെക്കൊണ്ടുപോകുന്ന വാക്കുകളും വാക്യങ്ങളുമായി പരിണമിക്കുന്നതുകൊണ്ടാവാം, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓര്‍മപ്പുസ്തകങ്ങളായ, ബാലാമണിയമ്മയുടെ 'വ്യാഴവട്ടസ്മരണ'കളും റോസി തോമസിന്റെ 'ഇവനെന്റെ പ്രിയ സി ജെ'യും മനസ്സില്‍ വന്നത്. അവയിലെ രചനാശൈലിയും സത്യസന്ധതയുമുണ്ട് ഈ പുസ്തകത്തിനും.
അടുക്കും ചിട്ടയുമില്ലാതെ പോകുന്ന ഓര്‍മകള്‍, പലപ്പോഴും പാരായണക്ഷമതയ്ക്കു തടസ്സമുണ്ടാക്കുന്നതായിത്തോന്നുമെങ്കിലും അതൊരു ന്യൂനതയായി അനുഭവപ്പെടുന്നില്ല; മറിച്ച് വായനക്കാരനെ അവസാനംവരെ കൂടെക്കൊണ്ടുപോകുന്നുമുണ്ട്.
വിവാഹശേഷം ഭര്‍ത്താവിന്റെ നാടായ ചങ്ങനാശ്ശേരിയിലും പിന്നീട് എറണകുളത്തും അബുദാബിയിലും അമേരിക്കയില്‍ കാലിഫോര്‍ണിയയിലും വര്‍ഷങ്ങളോളം താമസിച്ചിട്ടുള്ള മിനി ഇപ്പോള്‍ കുടുംബസമേതം അരിസോണയിലാണ്. ഈ സ്ഥലങ്ങളില്‍നിന്നൊക്കെ നേടിയ അനുഭവസമ്പത്ത് ഈ കുറിപ്പുകളില്‍ ദൃശ്യമാണ്. ഏതു നാടിനെയും നാട്ടുകാരെയുംകുറിച്ചു പറയുമ്പോഴും പൊന്‍കുന്നത്തെ നിഷ്‌ക്കളങ്കയായ പാവാടക്കാരിപ്പെണ്‍കുട്ടിയുടെ മനസ്സു സൂക്ഷിക്കാന്‍ മിനിക്കു കഴിയുന്നു; ആ കാഴ്ചപ്പാടു സൂക്ഷിക്കാന്‍ കഴിയുന്നു!
എന്റെ കുഞ്ഞനുജത്തി ഇനിയും ഒരുപാടെഴുതി, എഴുത്തിന്റെ കുന്നുകളില്‍ക്കൂടി ഒരുപാടുയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.