(ഈ കഥ എന്റെ ഭര്‍ത്താവ് മാത്യു മുട്ടത്തിന്റെ ഓര്‍മ്മക്കായി, പാതിവഴിയില്‍ നിലച്ചു പോയ ഒരെഴുത്തുകാരന്‍)
കാലം ഏറെ കടന്നു പോയെങ്കിലും സുമംഗലിയും എഴുതാന്‍ തുടങ്ങി . എല്ലാറ്റിനും ഉണ്ടൊരു സമയം ദാസാ എന്ന് പറഞ്ഞത് പോലെ അവള്‍, സുമംഗലി വളര്‍ന്ന സാഹചര്യങ്ങള്‍ , പിന്നിട്ട പാതകള്‍ എല്ലാം വ്യത്യസ്തങ്ങളായിരുന്നു . ജീവിത സാഹചര്യങ്ങളോട് പിടിച്ചു നില്‍ക്കാന്‍ നന്നേ പാടുപെട്ടു അവള്‍ ആരെയും അറിയിക്കാതെ ആരോടും പരിഭവം പറയാതെ !
എഴുതാന്‍ തുടങ്ങിയത് ഒന്നും നേടാനോ ആരെയും തോല്പിക്കാനോ ഒന്നും അല്ലായിരുന്നു ദൈവം ഒരു താലന്ത് എനിക്കും ഇട്ട് തന്നത് പോലൊരു തോന്നല്‍ .
ആദ്യമൊക്കെ ചെറിയ ചെറിയ ലേഖനങ്ങള്‍ മാത്രമായിരുന്നു , കാലക്രമേണ എഴുത്തിന്റെ ആഴക്കടലിലേക്ക് യേശു പറഞ്ഞത് പോലെ വലയെറിയാന്‍ തുടങ്ങി .പിന്നീടങ്ങോട്ട് ഊളിയിട്ടിറങ്ങിയ അവള്‍ നല്ല കഥകളും കവിതകളും രചിക്കാന്‍ തുടങ്ങി . സത്യത്തില്‍ സുമംഗലി ഞെട്ടിപ്പോയ അവസരങ്ങള്‍ ! ജനത്തിന് അവളുടെ എഴുത്തുകളോട് ഒരു ആഭിമുഖ്യം തോന്നിയിട്ടുണ്ടെന്ന് അവള്‍ക്ക് തോന്നി . അവളുടെ എഴുത്തിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അവിടെയും ഇവിടെയും ഇരുന്ന് ആള്‍ക്കാര്‍ പരാമര്‍ശിക്കാന്‍ തുടങ്ങിയിരുന്നു . മലയാള സാഹിത്യം തെല്ലും വശമില്ലാതിരുന്ന സുമംഗലിക്ക് ഈശ്വരകരങ്ങളാണോ അവളെ എഴുതിപ്പിക്കുന്നതെന്ന തോന്നല്‍ .
പ്രായം അതിക്രമിച്ചെങ്കിലും എഴുതാനുള്ള വാഞ്ഛന അവളെ പ്രോത്സാഹിപ്പിച്ചിരുന്നു . മക്കളും മറ്റും വളരെ നിരുത്സാഹപ്പെടുത്തിയിരുന്നു എങ്കിലും എന്നിലെ എഴുത്തിന്റെ വേഗത കൂടിയത് പോലൊരു തോന്നല്‍ എവിടെയോ എത്തിപ്പിടിക്കാനുള്ള വാശിയായിരുന്നു . അവള്‍ പിന്നീട് രാത്രിയുടെ യാമങ്ങളിലും ബ്രഹ്‌മമുഹൂര്‍ത്തങ്ങളിലും എഴുത്തുകള്‍ തുടര്‍ന്നു .
പിന്നീട് ലേഖനത്തില്‍ നിന്നും കവിതയിലേക്കുള്ള ഒരു തേരോട്ടം തന്നെ നടത്തി . മനസും പേനയും ചലിപ്പിച്ച മുഹൂര്‍ത്തങ്ങള്‍ . കാലങ്ങള്‍ കടന്നു പോയി പടികള്‍ ചവിട്ടിക്കയറാന്‍ ബുദ്ധിമുട്ടിയെങ്കിലും മനസ്സില്‍ ഇപ്പോഴും എഴുത്ത് നിറഞ്ഞു നിന്നിരുന്നു . ആരില്‍ നിന്നും കടം വാങ്ങിയോ ആരെയും അനുകരിച്ചോ സുമംഗലി എഴുതിയിരുന്നില്ല . പലപ്പോഴും പാതിവഴി വീണു പോകുമോ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നെങ്കിലും പടവുകള്‍ ചവിട്ടിക്കയറുവാന്‍ ആരോ , ഒരദൃശ്യ ശക്തി ഉള്ളില്‍ നിന്നും മന്ത്രിക്കുന്ന പോലൊരു തോന്നല്‍ ആയിരുന്നു അവള്‍ക്ക് . അപ്പോഴേക്കും അവളുടെ മനസ് ഒരു നല്ല തീമിന് വേണ്ടി ഉഴറിയിരുന്നു പിന്നീട് കാര്യങ്ങള്‍ പിടിവിട്ടു ഒരവസ്ഥയിലേക്ക് എഴുത്തിന്റെ ആഴവും പരപ്പും കൂടി എവിടെയൊക്കെയോ എത്തിപ്പിടിക്കണമെന്ന ഉള്‍വിളി പിന്നീട് എഴുത്ത് ഒരു തപസ്യയായി അവള്‍ക്ക് .
ഒരിക്കല്‍ ഒരു വലിയ സാഹിത്യകാരന്‍ അവളെ വിളിച്ചു അഭിനന്ദിച്ച നിമിഷം അവള്‍ നിര്‍വൃതിയിലാണ്ടു . സുമംഗലിയുടെ എഴുത്തില്‍ ഒരു തികഞ്ഞ സ്വാഭാവികതയും നൈര്‍മല്യവും ഉണ്ടെന്ന് ഒരു പക്ഷെ ആള്‍ക്കാര്‍ മനസിലാക്കി കാണും . കാലങ്ങള്‍ പിന്നിട്ടപ്പോള്‍ സുമംഗലിയുടെ എഴുത്തിന്റെ തലങ്ങള്‍ക്ക് ആഴവും പരപ്പും വര്‍ദ്ധിച്ചത് കാലം അവളെ കാണിച്ചു കൊടുത്തു . പലരില്‍ നിന്നും വിമര്‍ശന ശരങ്ങള്‍ ഏല്‍ക്കേണ്ട അവസരങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ജീവിതത്തില്‍ എന്തോ നേടിയ ഒരു തോന്നല്‍ . അവള്‍ക്കും ഈ ജീവിതപന്ഥാവില്‍ എന്തക്കയോ അവശേഷിപ്പിച്ചിട്ട് പോകാന്‍ പറ്റുമെന്ന തോന്നല്‍ .
വീണ്ടും വീണ്ടും അവള്‍ എഴുത്തിന്റെ ആഴക്കടലിലേക്ക് ഊളിയിട്ടിറങ്ങി . അവളുടെ രചനകള്‍ അവള്‍ക്ക് സ്വന്തം ഒരു വാക്കുപോലും ആരില്‍ നിന്നും കടമെടുത്തിരുന്നില്ല . ആകെ കൈവശമുണ്ടായിരുന്നത് മലയാളം ടീച്ചറായിരുന്ന അവളുടെ അമ്മയുടെ പഴഞ്ചൊല്ലുകള്‍ മാത്രം , അതിന് അവളുടെ അമ്മയോട് കടപ്പാടും
ഒരിക്കല്‍ ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ അവളുടെ സുഹൃത്തിന്റെ കൂടെ അവളും പോകാനിടയായി ചടങ്ങ് കണ്ടു അവളുടെ മനസിലൂടെയും പോയി 'ഒരിക്കല്‍ അവളും ഇതിനര്‍ഹയാകുമെന്ന്' അങ്ങനെ അതും കൂടുതല്‍ എഴുതാന്‍ അവളെ പ്രേരിപ്പിച്ചിരുന്നു . അവളുടെ എഴുത്തുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു മാത്രമല്ല എഴുത്തിനൊരു കാമ്പ് ഉള്ളതായി അവള്‍ക്ക് നല്ലവണ്ണം തോന്നിത്തുടങ്ങി കാലത്തെ പിന്നീട് അവളെ ഒരു അവാര്‍ഡ് ജേതാവാക്കുക തന്നെ ചെയ്തു . ഇന്നവള്‍ അറിയപ്പെടുന്ന എഴുത്തുകാരിയായി മാറിയിരിക്കുന്നു അല്പം കൂടി ആയുസ്സ് തന്നാല്‍ കുറേക്കൂടി എഴുതാമെന്ന് അവള്‍ ആശിച്ചിരുന്നു , പ്രാര്‍ത്ഥിച്ചിരുന്നു .കാരണം ഒന്നുമല്ല എഴുത്തിനോടും കവിതയോടും സമകാലീന പ്രാധാന്യമുള്ള ലേഖനങ്ങളോടും അവള്‍ക്ക് അടങ്ങാത്ത അഭിനിവേശമായിരുന്നു .
സുമംഗലി ഇന്ന് കൃതാര്‍ത്ഥയാണ് സര്‍വശക്തന്‍ തന്ന താലന്ത് നന്നായി ഉപയോഗിച്ച് എന്നൊരു തോന്നല്‍ ഇതില്‍ നിന്നും അവളൊരു പാഠം പഠിച്ചിരുന്നു എന്തും മനസിരുത്തി വിചാരിച്ചാല്‍ പ്രയത്‌നിച്ചാല്‍ സ്വായത്തമാക്കാന്‍ പറ്റുമെന്ന് . എതിര്‍പ്പുകള്‍ പിന്നിട്ട് അവളൊരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്നു ഈത്തരുണത്തില്‍ ഞാന്‍ നോക്കുന്നത് പൗലോ കൊയ്ലോ എന്ന എഴുത്തുകാരന്റെ ആല്‍ക്കെമിസ്റ്റ് എന്ന നോവലാണ്
മേരി മാത്യു മുട്ടത്ത്
read more: https://emalayalee.com/writer/206