യുദ്ധഭൂമിയിലേക്കു തിരിക്കുവാൻ ഏതാനും മണിക്കൂറുകൾ കൂടി. ആകെ ഒരു അസ്വസ്ഥത. ഫോൺ ഗാലറിയിൽ നിന്നും അന്നയുടെയും കുഞ്ഞിന്റെയും ഫോട്ടോ ഒന്നുകൂടി നോക്കി. കൺകളിൽ ഉരുണ്ടുകൂടിയ അശ്രുകണങ്ങളെ പുറംകൈയ്യാൽ തുടക്കുമ്പോൾ ട്രെയിനിങ് പീരിയഡിൽ പഠിച്ച പാഠം ഒന്നുകൂടി മനസ്സിൽ ഉരുവിട്ടു. ഒരു പട്ടാളക്കാരൻ കരയാൻ പാടില്ല. മനസിനെ കല്ലാക്കണം . മിലിറ്ററി സെർവീസിൽ നിന്നും വിരമിച്ചു സ്വസ്ഥമായ ഒരു ജീവിതം. നടക്കാത്ത ഒരു കൊച്ചു സുന്ദര സ്വപ്നം പോലെ. ഉക്രൈൻ ആയി യുദ്ധം തുടങ്ങുന്നതിനും മാസങ്ങൾക്കു മുൻപേ തന്നെ നിർബന്ധിതമായി കോൺട്രാക്റ്റിൽ ഒപ്പിടുവിച്ചിരുന്നു. ഒരിക്കലും ഒരു പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നില്ല . പക്ഷെ റഷ്യയിൽ നിർബന്ധിത സൈന്യസേവനം ഉള്ളതുകൊണ്ട് ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരനും അതിൽനിന്നും ഒഴിഞ്ഞു മാറാൻ പറ്റില്ല.സേവന കാലാവധി പൂർത്തിയാക്കി , അന്നയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് എത്താൻ മനസ്സ് കൊതിച്ചിരിക്കുകയായിരുന്നു. ഇതുവരെയും നേരിട്ട് കാണാത്ത തന്റെ മോനുവേണ്ടി താൻ വാങ്ങിക്കൂട്ടിയ കളിപ്പാട്ടങ്ങൾ. പൊന്നുമോനെ നിന്റെ അടുത്ത് എത്താൻ ഈ അപ്പൻ എത്രമാത്രം കൊതിക്കുന്നുവെന്നു അറിയാമോ? . നിന്റെ കൈപിടിച്ച് നമ്മുടെ ആ കൊച്ചുവീടിന്റെ മുൻപിൽ കൂടി നടക്കാൻ.ഇവാൻ എന്ന പേര് അവനുവേണ്ടി തിരഞ്ഞെടുത്തത് അന്ന ആയിരുന്നു.നീലക്കണ്ണുകളുള്ള ഒരു കൊച്ചു സുന്ദരൻ . വെള്ളാരം കണ്ണുകളുള്ള അന്നയും നീല കണ്ണുകളുള്ള ഇവാനും, ഈ ഭൂമിയിലെ സൗന്ദര്യം മൊത്തം കണ്ണുകളിൽ ഒളിപ്പിച്ചുവെച്ച തന്റെ കൊച്ചു നിധി.
യുദ്ധം പ്രതീക്ഷിച്ചതുപോലെ അവസാനിക്കുന്നില്ല. ഡാനിയേലും സംഘവും റഷ്യൻ ഉക്രൈൻ അതിർത്തിയിൽ എത്തി.കാർകിവ് ലക്‌ഷ്യം ഇട്ടാണ് ഡാനിയേലിന്റെ സംഘം നീങ്ങുന്നത്. ഉക്രൈൻ പട്ടാളം അതിശക്തമായി തിരിച്ചടിക്കുന്നുണ്ട്. എവിടെയും നിലവിളികൾ, മിസൈൽ ഷെല്ലാക്രമണങ്ങൾ . തീയിലേക്ക് കുതിച്ചു എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ രണ്ടുപക്ഷത്തും മനുഷ്യർ പിടഞ്ഞുവീഴുന്നു. ദിവസങ്ങൾ കഴിയുംതോറും ഡാനിയേലിന്റെ സംഘം ചുരുങ്ങി ചുരുങ്ങി വരുന്നുണ്ടായിരുന്നു. കൺപോളകൾ ഒന്ന് അടഞ്ഞുവരുമ്പോഴേക്കും തെറിച്ചുവീഴുന്ന കബന്ധങ്ങൾ ഡാനിയേലിന്റെ കണ്മുൻപിൽ ഭീകരരൂപം പൂണ്ടു നൃത്തം ആടുന്നതുപോലെ. എവിടെയെങ്കിലും ഒന്ന് ചാരിയിരുന്നു ഇത്തിരിനേരം ഒന്നുറങ്ങുവാൻ അവൻ കൊതിച്ചു.
ഏപ്രിൽ 15 , 2022 . ലോകം മുഴുവൻ ഉള്ള ക്രൈസ്തവർ യേശുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മ ആചരിക്കുന്ന ദുഃഖവെള്ളിയാഴ്ച. കുരിശിന്റെ വഴി പുനരാവിഷ്കരിച്ചും , കൈപ്പുനീർ കുടിച്ചും ഉപവാസം എടുത്തും ഒക്കെ പലയിടങ്ങളിലും പീഡാനുഭവത്തിന്റെ ഓർമ്മ ആളുകൾ പുതുക്കി. അന്ന മോനെയും കൂട്ടി പള്ളിയിൽ എത്തി. ക്രൂശിതരൂപത്തിലേക്കു നോക്കി ഇരുകവിളുകളിലൂടെയും ഒഴുകിയിറങ്ങിയ കണ്ണീർ തുടക്കുവാൻ പോലും മറന്ന് ഉള്ളുരുകി അവൾ പ്രാർത്ഥിച്ചു . കുഞ്ഞു ഇവാൻ അവന്റെ കുഞ്ഞികൈകൾ കൊണ്ട് അമ്മയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു.
പ്രതീക്ഷയുടെ ഉയിർപ്പുഞായർ തന്റെ ജീവിതത്തിൽ ഉണ്ടാകുമോ? ഡാനിയേലുമൊത്തു ഇനിയെന്നെങ്കിലും ഒരു ഉയിർപ്പുഞായറിന്റെ പുലരി കാണുവാൻ പറ്റുമോ? അന്നയുടെ കൺകളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ, നീട്ടിയ കൈകളിൽ ഒഴിച്ച കയ്പുനീരിനു ഉപ്പുരസം പകർന്നു.ക്രൂശിതന്റെ മുഖത്തിന്റെ ഭാവം വേർതിരിച്ചറിയാൻ പറ്റുന്നില്ല.
യുദ്ധഭൂമിയിൽ ഡാനിയേലിന്റെ സംഘത്തിലെ ചിലർ കൂടി ചിന്നിച്ചിതറി. ഒപ്പം എതിർപക്ഷത്തിലെ കുറെ ശരീരങ്ങളും . അവസാനിക്കാത്ത യുദ്ധത്തിന്റെ അവസാനം ദുഖവെള്ളികൾ മാത്രം എന്ന തിരിച്ചറിവോടെ ഡാനിയേൽ തന്റെ ഒപ്പം അവശേഷിച്ചവരുടെകൂടെ, ഉറക്കമില്ലാത്ത മറ്റൊരു രാത്രിയിലേക്ക് കണ്ണുകൾ തുറന്നുവെച്ചു.