ബാല്ല്യത്തിലെ മഴ,
മധുരമായിരുന്നെനിക്ക്
കടലാസ് തോണിയിൽ വർണ്ണങ്ങൾ തീർത്ത
പാടവരമ്പിലെ ചെളിയിൽ തിമർത്ത,
ആർത്ത് പെയ്ത മഴയിൽ നനഞ്ഞു കുളിച്ച,
വിളിക്കാതെ കയറി വന്ന പനിച്ചൂടിൽ
തണുത്ത് വിറങ്ങലിച്ച്
അമ്മയുടെ നെഞ്ചിൽ
ചേർന്നുറങ്ങിയ മധുരമാം മഴക്കാലം.
കൗമാരത്തിലെ മഴ,
പ്രണയത്തിന്റെ നൂലുകളായിരുന്നെനിക്ക്.
ജാലകത്തിനപ്പുറത്ത് പെയ്ത് തോരുന്ന
മഴയിൽ പ്രണയത്തിന്റെ മന്ത്രങ്ങളുരുവിട്ട്
സ്വപ്നം കാണാൻ പഠിപ്പിച്ച കിനാവിന്റെ മഴ.
കാലം തെറ്റി പെയ്ത പിന്നോരു മഴയ്ക്ക്
വിരഹത്തിന്റെ കണ്ണീരുപ്പുകളും
സമ്മാനിച്ച് ആ മഴയും പെയ്തുതോർന്നു.
യൗവ്വനത്തിലെ മഴ,ഏറെ കേട്ടത്
എന്റെ ശാപവാക്കുകളാവും.
വിരിച്ചിട്ട തുണിയെ നനയിച്ച,
വെട്ടിക്കീറിയ വിറകിനെ കുളിപ്പിച്ച,
പുകഞ്ഞു തീരുന്ന ദിനങ്ങൾ സമ്മാനിച്ച
മക്കൾ വരാൻ നേരം മാത്രം
ആർത്ത് പെയ്ത്,
ആദികയറ്റിയ
നശിച്ച മഴയായും
തോർന്നു പോയി.
വാർദ്ധക്യത്തിലെ മഴ,
ഭയത്തിന്റെ,
ആവലാതികളുടെ
വേവലാതികളുടെ
ബഹങ്ങളുമായിട്ടായിക്കും
കടന്ന് പോയിട്ടുണ്ടാവുക..
അങ്ങേരുടെ അസ്ഥിത്തറയിലെ
കെടാതെ സുക്ഷിച്ച തിരിനാളത്തെയും
കെടുത്തി അകന്ന് പോകുന്ന
ആ പേമാരിയോട് എനിക്കെന്നും പരിഭവമായിരുന്നു..
ഇനി , ഒരു മഴ നനയണം,
ഒടുവിലത്തെ മഴ
മരണ വീട്ടിലേക്ക് കടന്നുവരുന്ന
കരയാത്തവരുടെ കണ്ണിനെപ്പോലും
നീരണിയിക്കുന്ന മഴ.
ചിതയിലേക്ക് ചേർത്ത് വെച്ചെന്നെ
പൊള്ളിക്കുമ്പോൾ
ആർത്ത് പെയ്തു കൊണ്ടെന്നെ
കുളിരണിയിക്കുന്ന ഒടുവിലത്തെ മഴ...