മെഡിക്കൽ ഡയറി - 6
1997 -
മകരമാസത്തിലെ മഞ്ഞുള്ള ഒരു പ്രഭാതമായിരുന്നു. ഞാൻ anaesthesia ICU വിൽ ചെല്ലുമ്പോൾ ഹരിദാസ് മിഴികൾ പൂട്ടി കിടക്കുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതു കൊണ്ടാവണം ഹരിദാസ് കണ്ണു തുറന്നു. ഉറങ്ങുകയായിരുന്നോ? ഞാൻ ചോദിച്ചു. മുല്ലമൊട്ടു പോലത്തെ പല്ലുകൾ കാട്ടി ഹരിദാസ് ചിരിച്ചു.
ഹരിദാസ് ഉറങ്ങുകയായിരുന്നില്ല. കവിളിൽ ഉണങ്ങിയ കണ്ണുനീർ ചാലുകൾ.
ഹരിദാസ് വെന്റിലേറ്ററിലാണ്....തലേന്ന് pre Anaesthesia check up നു (PAC) ട്രോമാ വാർഡിൽ നടക്കുമ്പോഴാണ് ഡോ. ചന്ദ്രമോഹൻസാർ എന്നെ ഒരു ബെഡ് സൈഡിലേക്ക് ക്ഷണിച്ചത്. സാറ് തൊറാസിക്കിലെ ഒരു രോഗിയെ കാണാൻ ചെല്ലുമ്പോൾ അടുത്ത ബെഡിൽ ഹരിദാസ് ശ്വാസത്തിനായി ക്ലേശിക്കുകയാണ്. ഞാനും സാറും ചേർന്നാണ് ഹരിദാസിനെ intubate ചെയ്തത്. Intubate ചെയ്യുമ്പോൾ രോഗിയുടെ കഴുത്ത് അനങ്ങാനേ പാടില്ല. കാരണം കഴുത്തിലെ കശേരുക്കളാണ് പൊട്ടിയിരിക്കുന്നത്. സാർ കഴുത്ത് അനങ്ങാതെ പിടിച്ചുകൊണ്ടിരുന്നു, ഞാനാണ് ട്യൂബ് ശ്വാസനാളിയിലേക്ക് കടത്തിയത്. Anaesthesia ICU വിലേക്കു മാറ്റി വെന്റിലേറ്ററിലേക്ക് ബന്ധിപ്പിച്ചു എല്ലാം ഭദ്രമെന്നു കണ്ടശേഷമാണ് സാർ ICU വിൽ നിന്നും ഇറങ്ങിയത്. ചന്ദ്രമോഹൻ സാർ അങ്ങിനെയാണ്. Heart and lung സർജറി യൂണിറ്റിന്റെ തലവൻ, ആശുപത്രി സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങളിൽ തിളങ്ങുമ്പോഴും ഏതു രോഗിയെയും എപ്പോൾ വേണമെങ്കിലും അദ്ദേഹം കാണുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. സാറിന്റെ അനുകരണീയമായ ഒരു രീതിയായിരുന്നു ഇത്.
ഹരിദാസിന്റെ ഭാര്യ സദാ അടുത്തു തന്നെയുണ്ട്. നെറ്റി തടവിയും, കണ്ണീരൊപ്പിയും, ട്യൂബിലൂടെ ഭക്ഷണം കൊടുത്തും, ഹരിദാസ് കാണാതെ സ്വന്തം കണ്ണീർ തുടച്ചും അങ്ങനെ... ഹരിദാസിനെ എല്ലായിപ്പോഴും അവർ ഏറ്റവും വൃത്തിയാക്കി സംരക്ഷിച്ചു.
ഹരിദാസിനെ നിങ്ങൾക്കും ഓർമ്മയുണ്ടാകും. അതോ മറന്നുവോ നിങ്ങൾ അവന്റെ ദാരുണ കഥ? മാധ്യമങ്ങൾ അവന്റെ ദൈന്യം നിറഞ്ഞ കഥ പലപ്പോഴായി പ്രസിദ്ധീകരിച്ചിരുന്നു. ഒടുവിൽ മംഗളം ക്ഷേമനിധി അയാൾക്കൊരു ഹോം വെന്റിലേറ്ററ്റർ സ്പോൺസർ ചെയ്തു. അതിനാൽ നാലു വർഷങ്ങൾക്കു ശേഷം ഹരിയെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വീടിനടുത്തുള്ള കൂത്താട്ടുകുളം ഡിസ്ട്രിക്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചുമട്ടു തൊഴിലാളിയായിരുന്നു ഹരി. ചുമടു തലയിലേറ്റുന്നതിനിടെ കഴുത്തിലെ ഏറ്റവും മുകളിലുള്ള കശേ രുക്കൾ തെന്നിമാറി (whip lash Injury ). കഴുത്തിനുള്ളിലെ spinal chord നു പരിക്കുപറ്റിയ ഹരിയുടെ കഴുത്തിനു താഴേക്ക് സർവ്വം തളർന്നു പോയി. നിത്യമായി വെന്റിലേറ്ററിലേക്ക് തളയ്യ്ക്കപ്പെടുമ്പോൾ ഹരിക്കു പ്രായം വെറും ഇരുപത്തിയെട്ട് വയസ്സ്. മാതാപിതാക്കളും, ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. ആജീവനാന്തം, വെന്റിലേറ്ററിലേക്ക് വിധി അയാളെ തളച്ചിടുമ്പോൾ സ്ഥിരമായി ഉപയോഗിക്കേണ്ടിവന്ന tracheostomy ലേക്കും ഹരിയുടെ ജീവിതം തീറെഴുതി. സംസാരശേഷിയില്ലാതെ, കഴുത്തിനു താഴേക്കു പഴമക്കാർ പറയുംപോലെ 'ഈന്തിൻ തടി 'പോലെയായി ശരീരം.
അഞ്ചു നീണ്ട വർഷങ്ങൾ..... പരിചയപ്പെട്ട എല്ലാ മനസ്സുകൾക്കും നീറ്റലായി ഹരി.....
ഓരോ രോഗിയും അനന്യർ ആണ് (unique). പലേ പാഠങ്ങളാണവർ നമുക്കു പറഞ്ഞും പഠിപ്പിച്ചും തരുന്നത്. രോഗിയും ചിലപ്പോൾ അവരുടെ കുടുംബവും ചേർന്നു കഴിഞ്ഞാൽ പല ഏടുകളുള്ള ഒരു പുസ്തകമാകും അത്. മനസ്സിൽ കുളിർമ്മയുള്ള ഡോക്ടർമാർക്ക് മാത്രമേ ഇതു പാഠങ്ങൾ ആകുന്നുള്ളു. ഒരിക്കൽ ഞങ്ങളുടെ തന്നെ ഡോ.സോജൻ ICU റൗണ്ട്സിനിടയിൽ പറഞ്ഞതിങ്ങനെ
"കണ്ടു പഠിക്ക് എല്ലാവരും,. ഭർത്താവിനെ എങ്ങനെയാണ് രോഗശയ്യയിൽ പരിചരിക്കേണ്ടതെന്ന് .. അതിനാണ് ഹരിയെ ഇങ്ങനെ ദൈവം കിടത്തിയിരിക്കുന്നത് ".
ശരിയാണാ പറഞ്ഞത്. ഒറ്റ ദിവസം പോലും ആ സ്ത്രീ അടുത്തില്ലാതെ ഹരിയെ ഞാൻ കണ്ടിട്ടില്ല. ഇത്ര നീണ്ട കാലങ്ങളിൽ ഇത്ര വൃത്തിയായി ആരെങ്കിലും ഒരു രോഗിയെ പരിചരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. ഇവരിരുവരും സദാ പ്രസന്നവദനർ..
എല്ലാ ദിവസവും ഷേവ് ചെയ്ത് ഭംഗിയായി വെട്ടിയൊതുക്കുന്നമേൽമീശ. മുല്ലമൊട്ടുകൾ പോലെ ദന്തനിര കൾ. ആരെ കണ്ടാലും ഹരിദാസ് തുറന്നു ചിരിക്കും. ഞാൻ പതിവു ചോദ്യം ആവർത്തിക്കും."ഹരിദാസേ എന്തുണ്ട് വിശേഷം, സുഖമല്ലേ ? ". ഇളക്കാമായിരുന്ന തലയിളക്കി മറുപടി ഉടൻ വരും."സുഖമാണ്, സന്തോഷമാണ് ഡോക്ടർ." ഇന്നിപ്പോൾ സമാനമായ ചോദ്യം ആരോട് ചോദിച്ചാലും പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല മറുപടി "കുഴപ്പമില്ല, കഴിഞ്ഞു പോകുന്നു"എന്നൊക്കെ മാത്രമാണ്.!
tracheostomy യിലൂടെയുള്ള ഹരിയുടെ സംസാര ഭാഷ ഏറ്റവും അധികം മനസ്സിലായിരുന്നത് ഹരിയുടെ പ്രിയപ്പെട്ടവൾക്ക് മാത്രമായിരുന്നു. ആഴ്ച അവസാനം ഹരിയുടെ മാതാപിതാക്കൾക്കൊപ്പം അച്ഛനെ കാണാൻ എത്തിയിരുന്ന മക്കൾക്കും ഹരിയോട് സംസാരിക്കാൻ അമ്മ തന്നെ ദ്വിഭാഷി.
കഴുത്തിനു താഴേക്ക് തളർന്നു പോയ ഹരിയുടെ ശരീരം സ്പർശം അറിഞ്ഞിരുന്നില്ല, നാവ് രുചിഭേദങ്ങളും. പല ട്യൂബുകളും ശരീരത്തിൽ നിന്ന് ബാഗുകളിലേക്ക് ഘടിപ്പിച്ചിരിക്കുന്നു. ഹരിയുടെ പുണ്യം ഭാര്യ തന്നെ ആയിരുന്നു.
ഇവരുടെ ഭക്ഷണ കാര്യം 'നവജീവൻ' ഏറ്റെടുത്തിരുന്നു. പല ഡോക്ടർമാരും മാധ്യമങ്ങളിൽ നിന്നും വിവരമറിഞ്ഞ സുമനസ്സുകളും , മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരുമൊക്കെ ഹരിയുടെ സ്നേഹം അറിഞ്ഞവർ. നന്മ നിറഞ്ഞ ഒരു വാക്കോ, ചെറിയ ഒരു തുട്ടോ ഹരിയെ ഉത്സാഹവാനാക്കി. ആരോ പുണ്യപ്പെട്ട ഒരാൾ ഒരു റേഡിയോ സമ്മാനിച്ചു.
1998ൽ എനിക്കു കോഴിക്കോട്ടേക്ക് പ്രൊമോഷൻ ട്രാൻസ്ഫർ ആയി. അവിടെ കുട്ടികൾക്കും മറ്റു ഡോക്ടേഴ്സിനും ആദ്യം അറിയേണ്ടിയിരുന്നത് ഹരിദാസിനെ ക്കുറിച്ചായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ICU വെന്റിലേറ്റർ മാനേജ് ചെയ്യുന്ന ഹരിയുടെ ഭാര്യയായിരുന്നു എല്ലാവരുടെയും അത്ഭുതം. അവർ ഇതിനോടകം ഒരു വെന്റിലേറ്റർ expert ആയിക്കഴിഞ്ഞിരുന്നു. രണ്ടു വർഷങ്ങൾ കഴിഞ്ഞ് ഞാൻ കോട്ടയത്ത് തിരിച്ചെത്തുമ്പോൾ ഹരി അവിടെത്തന്നെ ഉണ്ടായിരുന്നു. അവധിയിൽ വരുമ്പോൾ ഇടക്കിടെ ഹരിയെ സന്ദർശിച്ചിരുന്നതുകൊണ്ട് ഞങ്ങൾക്കിടയിൽ അപരിചിതത്വമേ ഉണ്ടായിരുന്നില്ല.
ഇതിനിടെ ഞങ്ങളുടെ അന്നത്തെ അന്നേസ്തെഷ്യ പ്രൊഫസർ ഡോ. സാറാമ്മ പി എബ്രഹാമിന്റെ ശ്രമഫലമായി മംഗളം ഗ്രൂപ്പ് ഹരിക്കായി ഒരു ഹോം വെന്റിലേറ്റർ സ്പോൺസർ ചെയ്തു. ഇതുമായി രണ്ടു വർഷങ്ങൾ ഹരി വീടിനടുത്തുള്ള കൂത്താട്ടുകുളം താലൂക്കാശുപത്രിയിൽ കഴിഞ്ഞു. ഞങ്ങളുടെ പി. ജി. Dr. Asha ഈ കാലയളവിൽ ഹരിയുടെ വെന്റിലേറ്റർ കെയർ ഏറ്റെടുത്തു.
ഏറെ നാളത്തെ ഒരു കുടുംബത്തിന്റെ യാതനകൾക്കൊടുവിൽ ഹരി കടന്നുപോയി.ഹരിയും ഭാര്യയും എല്ലാവർക്കും പാഠമായിരുന്നു, അത്ഭുതമായിരുന്നു.
കണ്ടവർ പറഞ്ഞു - ഹരി ഉറങ്ങിക്കിടക്കുന്നുവെന്നേ തോന്നിയുള്ളു .... മരണത്തിനും ഹരിയെ തോൽപ്പിക്കുവാൻ ആകുമായിരുന്നില്ല .. തന്റെ സ്നേഹമുദ്ര എത്ര പേരിൽ പതിപ്പിച്ചിട്ടാണ് ഹരി യാത്രയായത് ....
Read more: https://emalayalee.com/writer/213