കാശ്മീര്‍ 'ഇന്ത്യയുടെ കണ്ണുനീര്‍ തുള്ളി' ആകുമോ? കാശ്മീര്‍ പ്രശ്‌നം അടുത്ത കാലത്തെങ്ങാനും പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടോ? കാശ്മീരില്‍ ജനാധിപത്യ പ്രക്രിയ തുടരാത്തിടത്തോളം കാലം കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല
പാവം കാശ്മീരി പണ്ഡിറ്റുകള്‍. അവരുടെ പേരും പറഞ്ഞു കുറേ നാളായി ബി.ജെ.പി.-യും സംഘ പരിവാറികാരും മുതലെടുക്കാന്‍ തുടങ്ങിയിട്ട്. പോലീസും, അര്‍ദ്ധ സൈനിക വിഭാഗവും, പട്ടാളവുമായി ഏകദേശം എട്ടു ലക്ഷത്തോളം പേരുള്ള സ്ഥലത്താണ് കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി കൊലപാതകങ്ങള്‍ നടക്കുന്നത്. 14 പേര്‍ക്ക് ഒരു പട്ടാളക്കാരന്‍ ഉണ്ട് കാശ്മീര്‍ താഴ്വരയില്‍. എന്നിട്ടും തീവ്രവാദത്തെ മെരുക്കാന്‍ പറ്റുന്നില്ലെങ്കില്‍, അത് കേന്ദ്ര സര്‍ക്കാരിന്റ്റെ കാശ്മീര്‍ പോളിസി പരാജയമാണെന്നാണ് കാണിക്കുന്നത്.
2008-ല്‍ ആരംഭിച്ച പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീരില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരായി നിയോഗിച്ചിരുന്നു. ഇത്തരത്തില്‍ ജോലിക്ക് കയറിയവരും കഴിഞ്ഞ കുറേ ദിവസങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്.
കാശ്മീരിലെ ഇപ്പോഴത്തെ തീവ്രവാദത്തിന്റ്റെ എസ്‌കലേഷന്‍ തുടങ്ങിയത് 2014-ന് ശേഷമാണെന്നത് സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും. അടല്‍ ബിഹാരി വാജ്‌പേയ് തണുപ്പിച്ചു തുടങ്ങിയതായിരുന്നു കശ്മീരിനെ. അതേ നയം ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങും പിന്തുടര്‍ന്നു. 40 ശതമാനത്തിലേറെ പേരെ പോളിംഗ് ബൂത്തില്‍ എത്തിക്കാന്‍ ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന് സാധിച്ചു. ഇങ്ങനെ ജനാധിപത്യ പ്രക്രിയ കാശ്മീരില്‍ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തി.
പിന്നീടാണ് എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. മതവും, തീവ്ര ദേശീയതയും തെരെഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിക്കുന്ന ആളുകള്‍ അവിടെ ജനങ്ങളുമായി സംവദിക്കേണ്ടതിന് പകരം മസില്‍ പെരുപ്പിക്കാന്‍ തുടങ്ങി. അതോടെ കാശ്മീരില്‍ വിലപ്പെട്ട ജീവനുകള്‍ പൊലിയാനും തുടങ്ങി.
2014 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പോളിംഗ് രേഖപ്പെടുത്തിയത് കാശ്മീരില്‍ വളര്‍ന്നുവരുന്ന ജനാധിപത്യാവബോധത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് നല്‍കിയത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ കൊടും തണുപ്പിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയത് 65.23 ശതമാനം വോട്ടര്‍മാരാണ്. പക്ഷെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷോപ്പിയാനിലും പുല്‍വാമയിലും വോട്ടിങ് ശതമാനം 2. 81 ശതമാനമായി കുറഞ്ഞു. ലഡാക്കില്‍ 63 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബാരാമുള്ളയില്‍ 35 ശതമാനവും, തെക്കന്‍ കാശ്മീരില്‍ 13.63 ശതമാനവും ആയിരുന്നു കണക്ക്. കുല്‍ഗാം ജില്ലയിലാവട്ടെ 10.3 ശതമാനം ജനങ്ങള്‍ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. കാശ്മീര്‍ താഴ്വരയില്‍ 2014-ല്‍ 56.49 ശതമാനം പേര് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തപ്പോള്‍ 2019 ആയപ്പോള്‍ അത് 22.5 ശതമാനമായി ചുരുങ്ങി. ചുരുക്കം പറഞ്ഞാല്‍ ഒരു 'പൊളിറ്റിക്കല്‍ പ്രോസസ്' ഇപ്പോഴത്തെ ബി.ജെ.പി. സര്‍ക്കാരിന് കാശ്മീരില്‍ ഇതുവരെ തുടങ്ങിവെക്കാന്‍ സാധിച്ചിട്ടില്ല. പഞ്ചാബിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ പണ്ട് ശക്തമായി തീവ്രവാദത്തെ നേരിട്ടതാണ്. പക്ഷെ അതിനോടൊപ്പം കോണ്‍ഗ്രസ്സ് ഒന്നുകൂടി ചെയ്തു. അവിടെയൊക്കെ 'പൊളിറ്റിക്കല്‍ പ്രോസസ്' എന്നുള്ളതും തുടങ്ങിവെച്ചു. അതാണിപ്പോള്‍ കാശ്മീരില്‍ കാണാത്തത്.
കാശ്മീരിന്റ്റെ കാര്യത്തില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. മുഫ്തി മുഹമ്മദ് സയ്യിദ്ന്റ്റേയും, ഷെയ്ക്ക് അബ്ദുള്ളയുടെ കുടുംബക്കാരേയും, വിഘടനവാദി നേതാക്കളേയും മാറ്റി നിര്‍ത്തിയാല്‍ പിന്നെ ആര്‍ക്ക് കാശ്മീര്‍ താഴ്വരയില്‍ ജനാധിപത്യ പ്രക്രിയ മുന്നോട്ട് നയിക്കാന്‍ പറ്റും എന്നതാണ് ആ ചോദ്യം. ബി.ജെ.പി. -ക്ക് കാശ്മീര്‍ താഴ്വരയില്‍ കാര്യമായ സ്വാധീനമില്ല. കോണ്‍ഗ്രസിന്റ്റെ സംഘടനാ സെറ്റപ്പ് ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളിലെ പോലെ തന്നെ തീര്‍ത്തും ദുര്‍ബലവുമാണ്. ഗുലാം നബി ആസാദിനൊന്നും പഴയ പോലെ സ്വാധീനം കാശ്മീര്‍ താഴ്വരയില്‍ ഇപ്പോഴില്ല. തീവ്രവാദികളെ പേടിച്ചിട്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ക്ക് അങ്ങനെ എളുപ്പത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അവിടെ ഏര്‍പ്പെടാനും സാധിക്കില്ല. ജനാധിപത്യം പുനസ്ഥാപിക്കാതെ കാശ്മീര്‍ ശാന്തമാകുമെന്ന് തോന്നുന്നില്ല.
ഇപ്പോള്‍ ആര് കാശ്മീരില്‍ ഒരു 'പൊളിറ്റിക്കല്‍ പ്രോസസ്' തുടങ്ങിവെക്കും എന്ന് ചോദിച്ചാല്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.- ക്ക് ഉത്തരമില്ല. ചുരുക്കം പറഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാക്കാനേ ബി.ജെ.പി.-ക്ക് താല്‍പര്യമുള്ളൂ. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ക്ക് വോട്ട് പിടിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ജനങ്ങളെ വിശ്വാസിത്തിലെടുത്തുള്ള സമീപനങ്ങള്‍ വേണം. അത്തരം രീതികളൊന്നും ബി.ജെ.പി.- ക്ക് പറഞ്ഞിട്ടുള്ളതല്ല.
ഉത്തരേന്ത്യയുടെ ഭാഗമായുള്ള 'സ്ട്രക്ച്ചറല്‍ വയലന്‍സില്‍' മുസ്ലീം കമ്യൂണിറ്റിയില്‍ പെട്ട ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ 'മുസ്ലീമിന് ഇവിടെ ജീവിക്കാന്‍ വയ്യാ; നാട്ടുകാരേ ഓടിവായോ' എന്ന് അലമുറ ഇടുന്നവരാണ് കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍. ഇങ്ങനെ കേരളത്തില്‍ ഇരുന്നു പോലും അലമുറ ഇടുന്നവര്‍ കാശ്മീരില്‍ കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി ഉണ്ടാകുന്ന കൊലപാതകങ്ങളോട് മൗനം അവലംബിക്കുന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
കേരളത്തിലെ രാഷ്ട്രീയമാണ് ഇവിടെ കാശ്മീരില്‍ അടക്കമുള്ള ഇസ്ലാമിക തീവ്രവാദം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതിനുള്ള കാരണം. കേരളത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കിനെ പിണക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിയും മാധ്യമങ്ങളും തയാറല്ല. ചേകന്നൂര്‍ മൗലവിയുടെ കൊലപാതകമോ, കൈവെട്ടോ, അഭിമന്യുവിന്റ്റെ കൊലപാതകമോ, കേരളത്തില്‍ നിന്ന് ആളുകള്‍ ഐസിസില്‍ പോയതോ, അഫ്ഗാനിസ്ഥാനില്‍ പോയി പൊട്ടിത്തെറിച്ചതോ ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം അംഗീകരിക്കേണ്ടത് ഇവിടെ ഇസ്ലാമിക തീവ്രവാദം എന്നൊന്നുള്ളത് ഉണ്ട് എന്ന വസ്തുതയാണ്. അത് മലയാള മാധ്യമങ്ങള്‍ സത്യസന്ധതയോടെ അംഗീകരിക്കുകയില്ല; കേരളത്തിലെ ഒരു മതേതരക്കാരും അംഗീകരിക്കില്ല. അതിനു പകരം ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി എന്നിവരെ കുറിച്ച് നാഴികയ്ക്ക് നാല്പത് വട്ടം പറയും. താലിബാനെ വിസ്മയം ആക്കുന്ന അനേകരുള്ള സ്ഥലമാണ് കേരളം. അത്തരക്കാരാണ് ഹിജാബിന്റ്റെ പേരില്‍ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് വേണ്ടി വന്നതെന്നുള്ളതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയില്‍ പോയി ചാവേറായി പൊട്ടിത്തെറിച്ച് ഇരുപത് പേരെ കൊന്നത്. ദേശീയ മാധ്യമങ്ങളില്‍ അക്കാര്യം വലിയ പ്രാധാന്യത്തോടെ വന്നു; പക്ഷെ മലയാള മാധ്യമങ്ങള്‍ ആ വാര്‍ത്തയെ പൂര്‍ണമായും അവഗണിച്ചു. കേരളത്തില്‍ ജനിച്ചു വളര്‍ന്നിട്ട് 5000 കിലോമീറ്റര്‍ അപ്പുറത്തുള്ള കാബൂളിലെ ഗുരുദ്വാരയില്‍ പോയി ഇവനൊക്കെ എന്തിന് 20 പേരെ കൊല്ലണം എന്ന് സുബൊധത്തിന്റ്റെ ഒരു കണികയെങ്കിലുമുണ്ടെങ്കില്‍ ആര്‍ക്കും ചോദിക്കാം. പക്ഷെ അതാരും ഇവിടെ ചോദിക്കില്ല. ആ സംഭവം കഴിഞ്ഞും കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ അഫ്ഗാനിസ്ഥാനിലെ ഒരു ജയില്‍ ഭേദനത്തിന്റ്റെ ഭാഗമായി അവിടെ ചെന്ന് പൊട്ടിത്തെറിച്ചു. കാശ്മീരില്‍ പോയി മരിക്കേണ്ട കാര്യമൊന്നും കേരളത്തിലെ മുസ്ലീം യുവാക്കള്‍ക്കില്ല. കേരളത്തില്‍ ജനിച്ചിട്ട് യമനില്‍ ആട് മേയ്ക്കാന്‍ പോവേണ്ട കാര്യവുമില്ല. അഹമ്മദാബാദില്‍ പോയി സ്ഫോടനം നടത്തേണ്ട കാര്യവും മലയാളിക്കില്ല. പക്ഷെ ഇതൊക്കെ ആരോട് പറയാനാണ്?
(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
വെള്ളാശേരി ജോസഫ്