23
തലതിരിഞ്ഞ ടെക്കികള്‍!
കഴിഞ്ഞ ദിവസം, ഇവിടെയൊരു 'സുനാമി വാണിംഗ്' നവമാധ്യമങ്ങളലൂടെ ആഞ്ഞടിച്ചു! വൈകാതെതന്നെ, സാങ്കേതിത്തകരാറാണെന്ന അറിയിപ്പും വന്നു.
കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് 'ചോയ്‌സ് ഗാര്‍ഡന്‍സ്' എന്ന, ആദ്യകാലഫ്‌ളാറ്റുകളിലൊന്നില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍, മിനുട്ടുകള്‍ക്കകം ഭൂമികുലുക്കമുണ്ടാകാൻ പോകുന്നു എന്നൊരു വാര്‍ത്ത പരന്നു. ഏകദേശം എണ്‍പതു കുടുംബങ്ങള്‍ നിമിഷനേരംകൊണ്ടു പുറത്തേക്കൊഴുകി.
എട്ടു നിലയുള്ള ഭീമന്‍ കെട്ടിടം ഏതു നിമിഷവും താഴേക്കു പതിക്കുന്നതുകാത്ത്, ഭീതിയോടെ മക്കളേയും ചേര്‍ത്തുപിടിച്ചുനില്‍ക്കുമ്പോള്‍ പെട്ടെന്നു മറ്റൊരു ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്രിയപ്പെട്ടവരെയോര്‍ത്തു. സെല്‍ഫോണൊന്നുമില്ലാത്ത കാലമാണ്. വിളിക്കണമെങ്കില്‍ ഫ്‌ളാറ്റിനുള്ളില്‍ കയറാതെ പറ്റില്ല. പിന്നെയൊന്നുമാലോചിച്ചില്ല. കുഞ്ഞുങ്ങളെ താഴെ നിര്‍ത്തിയിട്ട്, കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി.
എറണാകുളത്തെ സകലഫ്‌ളാറ്റുകാരെയും ഫ്‌ളാറ്റാക്കിയ ദിവസമായിരുന്നു അത്. ഏതോ തലതിരിഞ്ഞ ടെക്കിയുടെ തലയിലുദിച്ച കുരുത്തക്കേടായിരുന്നു അന്നത്തെ വാണിംഗ്!
24
പൊട്ടറ്റോ ഫ്രൈ
ഒരു കുഞ്ഞുവീട്ടിലെ കുഞ്ഞടുക്കളയില്‍, കുഞ്ഞുപാതകത്തില്‍, കുഞ്ഞിക്കാലുകളാട്ടി, കുഞ്ഞുചിരിയുമായി കുഞ്ഞു ലിസ ഇരിക്കുന്നു; അവള്‍ക്കുവേണ്ടി അവളുടെയമ്മ ഉരുളക്കിഴങ്ങു വറുത്തെടുക്കുന്നതു നോക്കിയിരിക്കുകയാണ്. കുഞ്ഞുന്നാളില്‍, കളിക്കൂട്ടുകാരിയെക്കാണാന്‍ അവളുടെ വീട്ടിലെത്തുമ്പോള്‍ കാണുന്ന കാഴ്ചയായിരുന്നു അത്. ഭക്ഷണം കഴിക്കാനിഷ്ടമില്ലാത്ത ഒറ്റപ്പുത്രിക്ക് അമ്മ സ്‌പെഷ്യലായി ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഉരുളക്കിഴങ്ങു വറുത്തത്.
ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം, എന്റെ ചെറുതിനുവേണ്ടി ദിവസവും 'പൊട്ടറ്റോ ഫ്രൈ' ഉണ്ടാക്കുമ്പോള്‍ ആ കുഞ്ഞിച്ചിരി മായാതെ കണ്‍മുമ്പില്‍ വരുമായിരുന്നു.
പിന്നെയൊരിക്കല്‍ പള്ളിയില്‍വച്ച്, കണ്ടാലറിയാത്തവിധം മാറിപ്പോയ ലിസയെ കണ്ടുമുട്ടിയപ്പോള്‍ ആ കുഞ്ഞിച്ചിരി മാത്രം, അപ്പോഴും അവള്‍ ബാക്കിവച്ചിരിക്കുന്നതായിത്തോന്നി.
25
മുത്തശ്ശനും പേരക്കുട്ടിയും
ഇന്ന് റസ്റ്റോറണ്ടില്‍, ഒരു ടീനേജ് പെണ്‍കുട്ടിയും വളരെ പ്രായംചെന്ന ദുര്‍ബ്ബലനായ ഒരാളും ഒരു ടേബിള്‍ പങ്കിടുന്നതു കണ്ടു.
എഴുപതുകഴിഞ്ഞ മക്കള്‍ തൊണ്ണൂറുകഴിഞ്ഞ മാതാപിതാക്കളുമായി നടക്കുന്ന കാഴ്ച വളരെ സാധാരണമാണ്. ഇങ്ങനെയൊരു 'കോമ്പിനേഷന്‍' ആദ്യമായാണു കാണുന്നത്. വളരെ കരുതലോടെ സംസാരിക്കുന്ന ആ പെണ്‍കുട്ടി അദ്ദേഹത്തിന്റെ കൊച്ചുമകളാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഇവിടെ സ്വന്തം മക്കളെ വളര്‍ത്താനുള്ള സമയം പലര്‍ക്കും കിട്ടാറില്ലെങ്കിലും കൊച്ചുമക്കളെ ലാളിക്കാനുള്ള സമയം മിക്കവര്‍ക്കും ലഭിക്കാറുണ്ട്. അവര്‍ക്കു ചെറിയചെറിയ സമ്മാനങ്ങള്‍ മുതല്‍ ആദ്യത്തെ കാര്‍വരെ വാങ്ങിക്കൊടുക്കുകയും കോളേജ് വിദ്യാഭാസം സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്ന ഗ്രാന്റ്‌പേരന്റ്‌സുണ്ട്.
അച്ഛായുടെ മേശപ്പുറത്ത് വൃത്തിയായി മടക്കിവയ്ക്കുന്ന പത്രത്തിനുതാഴെ, ചെറുതായി മുറിച്ച വെള്ളക്കടലാസുകഷണങ്ങള്‍ എപ്പോഴുമുണ്ടാവും. കൊച്ചുതോമ വെളുപ്പിനുണര്‍ന്നാല്‍ നേരേ അച്ഛായുടെ മുറിയിലേക്കാണോടുക. അച്ഛാ കൊടുക്കുന്ന ആ വെളുത്ത കടലാസുകഷണവും പെന്‍സിലും അവനു നിധികിട്ടുന്നതിനു തുല്യമായിരുന്നു.
റോഷേലിനെ അച്ഛാ 'റോച്ചല്‍' എന്നു നീട്ടിവിളിക്കുകയായിരുന്നു പതിവ്. അബുദാബിയില്‍ പോകുന്നതിനുമുമ്പു യാത്ര പറയുമ്പോള്‍ രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആദ്യമായും അവസാനമായും അച്ഛായുടെ കണ്ണു നിറയുന്നതു കാണുന്നതന്നാണ്.
26
ഡാന്‍സ്
ഞങ്ങളുടെ ഡാന്‍സ് ആശാന്‍ തബലിസ്റ്റായിരുന്നെന്നും ഡാന്‍സും പാട്ടുമൊക്കെ കണ്ടും കേട്ടും പഠിച്ചതാണെന്നും കേട്ടിട്ടുണ്ട്. എങ്കിലും ആശാന്‍ പുലിയായിരുന്നു. വര്‍ഷങ്ങളോളം ധാരാളം കുട്ടികളെ പഠിപ്പിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ ആശാന്റെ കീഴില്‍ വിദ്യ അഭ്യസിച്ചതിനുശേഷം ഞാനും സാലിയും ജാനമ്മട്ടീച്ചറുടെ ശിഷ്യരായി. ടീച്ചര്‍, താളം പിടിക്കുന്ന വടി തല്ലാനുള്ളതാക്കിമാറ്റുന്നതുകണ്ടു പകച്ചു! ഡാന്‍സ് നിര്‍ത്താന്‍ അമ്മച്ചി സമ്മതിക്കുകയുമില്ല, തിരിച്ച് ആശാന്റെയടുത്തേക്കു പോകാനും പറ്റില്ല. പിന്നെ തല്ലു കൊള്ളാതിരിക്കാനുള്ള വഴി നോക്കുകയേ നിവൃത്തിയുള്ളു!
'ചുമപ്പുകല്ലില്‍ മൂക്കുത്തീ' എന്ന പാട്ടിന്റെ നൃത്തവുമായി പല സ്ഥലങ്ങളിലും ജാനമ്മട്ടീച്ചര്‍ക്കൊപ്പം പോയിട്ടുണ്ട്. കര്‍ട്ടന്‍ പൊങ്ങുമ്പോള്‍, മുന്‍നിരയില്‍ത്തന്നെ അമ്മച്ചിയും പരിവാരങ്ങളുമുണ്ടാകും.
കോളേജിലെത്തിയപ്പോള്‍ പൊക്കം കൂടിപ്പോയെന്ന കാരണത്താല്‍ ഡാന്‍സ്ഗ്രൂപ്പില്‍നിന്നു പുറത്തായി. അതോടെ എന്റെ ഡാന്‍സ്‌കളിക്കു തിരശ്ശീല വീണു!
വീണ്ടും കര്‍ട്ടന്‍ പൊങ്ങിയത് കൂടും കുടുംബവുമൊക്കെയായിക്കഴിഞ്ഞ്, എറണാകുളത്തെ ഓണാഘോഷപരിപാടിയിലെ തിരുവാതിരയിലൂടെയാണ്.
27
പുട്ട്
ചങ്ങനാശ്ശേരിവീട്ടിലെ ഒന്‍പതു മക്കള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള പ്രഭാതഭക്ഷണമായിരുന്നു പുട്ടും പഴവും. വിശേഷദിവസങ്ങളൊഴികെ ആഴ്ചയിലെ ഏഴു ദിവസവും തുടങ്ങുന്നതു പുട്ടിനു പൊടി നനച്ചുകൊണ്ടാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി അവധിക്കുവരുന്ന കൊച്ചുമക്കള്‍ക്കും പുട്ടിഷ്ടമാണെന്നു കേട്ടപ്പോള്‍ ഒന്നമ്പരന്നു.
പത്തുകിലോ അരി രാവിലെ വെള്ളത്തിലിട്ടാല്‍ അമ്മച്ചി അന്നു വലിയ ഉഷാറിലായിരിക്കും. കഴുകി വാലാന്‍വച്ചു വെള്ളം പോകുമ്പോള്‍ ഞാന്‍ അമ്മച്ചിയേയുംകൊണ്ട് അരി പൊടിപ്പിക്കാന്‍ പോകാറുണ്ടായിരുന്നു.
പൊടിച്ചുകൊണ്ടുവന്നാല്‍ അതു മുഴുവന്‍ പാകത്തിനു വറുത്ത് അരിപ്പയിലരിച്ച്, വലിയ ടിന്നിലാക്കി വയ്ക്കും. ആ ഒരു ദിവസം അമ്മച്ചി ആഘോഷിക്കുന്നതുപോലെയാണ് എനിക്കു തോന്നിയിട്ടുള്ളത്. അമ്മച്ചിയുടെ ആ സന്തോഷത്തില്‍ ആരും കൈകടത്താറില്ലായിരുന്നു. ഇതില്‍ എന്റെ പങ്ക് ഡ്രൈവിംഗ് മാത്രം!
ഇന്നു കിച്ചന്‍ സ്റ്റോര്‍ അടുക്കിപ്പെറുക്കിയപ്പോള്‍, പത്തുപായ്ക്കറ്റ് പുട്ടുപൊടി കണ്ടെടുത്തു. അമ്മച്ചിയുടെ ആഘോഷത്തിന്റെ ആ ദിവസമാണ് അപ്പോള്‍ ഓര്‍മവന്നത്.
തമ്പി മിനി
28
ലാലാന്റി
നാത്തൂന്‍മാരാണെങ്കിലും ഞങ്ങള്‍ ഒരേ പ്രായക്കാരും ബെസ്റ്റ് ബഡ്ഡീസുമാണ്. എന്നേക്കാള്‍ നാലുമാസം ഇളയതായിരുന്നതിനാല്‍ ലാലി കോളേജില്‍ എന്റെ ജൂനിയറായിരുന്നു. ഞങ്ങളുടെ മക്കള്‍ വിളിക്കുന്നതുപോലെ, പേരിന്റെ കൂടെ പരസ്പരം ആന്റി എന്നു ചേര്‍ത്താണ് ഞങ്ങള്‍ പരസ്പരം സംബോധന ചെയ്യുന്നത്. വലതുകാല്‍വച്ച് ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തിയപ്പോള്‍ കാപ്പിയുണ്ടാക്കാനും മുട്ട പൊരിക്കാനുമൊക്കെ പഠിപ്പിച്ചുതന്ന ഗുരുനാഥകൂടിയാണ് എന്റെയീ കൊച്ചു നാത്തൂന്‍. ഫെയ്‌സ്ബുക്കും അതിലെ ബര്‍ത്‌ഡേ വിഷസുമൊക്കെ വരുന്നതിനുമുമ്പ്, കുടുംബത്തിലുള്ള സകലരുടേയും പിറന്നാള്‍ തുടങ്ങുന്നത് ലാലാന്റിയുടെ വക ആശംസകളോടെയാണ്.
29
ചാച്ചി
ഗള്‍ഫ് ജീവിതത്തെ ഓര്‍മിപ്പിക്കുന്ന ചൂട്. വൈകുന്നേരം ഏഴുമണിയെങ്കിലുമാകാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ഇവിടത്തുകാര്‍ മക്കളും കൊച്ചുമക്കളുമായി ബീച്ചുകളിലും പൂളുകളിലും ചെലവഴിക്കുന്ന സമ്മര്‍ വെക്കേഷന്‍. മുഴുവന്‍ സമയവും മലയാളം ചാനലുകള്‍ തുറന്നിരിക്കുന്നതുകൊണ്ട് നാട്ടിലാണു താമസിക്കുന്നതെന്നു തെറ്റിദ്ധരിച്ചുപോകും. സീരിയലുകള്‍ കാണാനുള്ള ശക്തിയില്ലാത്തതിനാല്‍ ആവഴി പോകാറില്ല. കൂടുതലും കാണുന്നതു വാര്‍ത്താചാനലുകളാണ്.
ഒരേ വാര്‍ത്തതന്നെ വീണ്ടും വീണ്ടും കാണുമ്പോള്‍ ചങ്ങനാശ്ശേരിയിലെ ചാച്ചിയെ ഓര്‍മ വരും. ഒരു ദിവസത്തെ എല്ലാ വാര്‍ത്തകളും കാണുന്ന ചാച്ചി, ആവര്‍ത്തിച്ചുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ അസ്വസ്ഥനാകുമായിരുന്നു. ലോകകാര്യങ്ങളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു, ചാച്ചിക്ക്. പഴയതും പുതിയതുമായ കാര്യങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളുമൊക്കെ ചാച്ചി പറയുന്നതു ശ്രദ്ധയോടെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്.
സമയം തെറ്റാതെ വളരെക്കുറച്ചു ഭക്ഷണം; ചായയുടെയും ഉറക്കത്തിന്റെയും അളവുകള്‍ കിറുകൃത്യം! അസുഖങ്ങളും ആശുപത്രികളും ചാച്ചിക്കന്യമായിരുന്നു.
ചാച്ചിയുടെ നിഷ്ഠകള്‍ തെറ്റാതിരിക്കാന്‍ കട്ട സപ്പോര്‍ട്ടുമായി എപ്പോഴും കൂടെത്തന്നെ അമ്മച്ചിയുമുണ്ടാകും. ഒരു ദിവസം പതിവുനടത്തം കഴിഞ്ഞ് ചാച്ചി വീട്ടിലെത്താന്‍ താമസിച്ചപ്പോള്‍ എല്ലാവരും പരിഭ്രാന്തരായി. 'സ്വാതിതിരുനാള്‍' എന്ന സിനിമ കാണാന്‍ കൂട്ടുകാര്‍ക്കൊപ്പം തിയേറ്ററില്‍ കയറിയതിനാലാണു താമസിച്ചത്.
അതിനു മുമ്പോ ശേഷമോ ചാച്ചി സിനിമ കണ്ടതായി ഞാനോര്‍ക്കുന്നില്ല.
ഒരുപാടൊരുപാടു സ്‌നേഹത്തോടെ ചാച്ചിയേയും അമ്മച്ചിയേയും ഓര്‍ക്കുന്നു.
30
ഒരു ക്ഷണക്കത്തുണര്‍ത്തിയ ഓര്‍മകള്‍
എന്റെ പ്രിയകൂട്ടുകാരിയുടെ മകളുടെ വിവാഹക്ഷണക്കത്തു കണ്ടപ്പോഴാണ് ഞങ്ങള്‍ രണ്ടാളുടെയും വിവാഹവിശേഷങ്ങളിലേക്കു മനസ്സെത്തിയത്.
അച്ഛായുടെ ബിസിനസ് പാര്‍ട്ണറായിരുന്നു തമിഴ്‌നാട്ടുകാരനായ രാജുവണ്ണന്‍. കൊച്ചുപയ്യനായിരിക്കുമ്പോള്‍ അച്ഛായുടെ സഹായിയായി കൂടെക്കൂടിയ അദ്ദേഹം പിന്നീടു തമിഴ്‌നാട്ടിലെ വലിയൊരു പണക്കാരനായ കഥ ചെറുപ്പത്തില്‍ ഞാന്‍ കേട്ടിട്ടുണ്ട്.
പത്തു കൈവിരലുകളിലും കട്ടിയുള്ള സ്വര്‍ണമോതിരങ്ങളണിഞ്ഞ്, കേയ്ക്കും പലഹാരങ്ങളുമായി ഇടയ്ക്കിടയ്ക്കു വരുന്ന രാജുവണ്ണന്‍, ഞങ്ങളുടെ വീട്ടില്‍ നടക്കുന്ന എല്ലാ വിവാഹങ്ങള്‍ക്കും റോസാദലങ്ങള്‍കൊണ്ടുണ്ടാക്കിയ വലിയ മാലകള്‍ കൊണ്ടുവന്നു വധൂവരന്‍മാരെ അണിയിക്കുന്ന പതിവുണ്ടായിരുന്നു. മെയ്മാസത്തിലെ ചൂടില്‍ ആ ഭീമന്‍പൂമാല ഒരു നിമിഷത്തില്‍ക്കൂടുതല്‍ അണിയാന്‍ സാധിച്ചില്ല.
എന്റെ കല്യാണം ചങ്ങനാശ്ശേരിയില്‍വച്ചായിരുന്നതിനാല്‍ ധാരാളം സഹപാഠികളത്തെയിരുന്നു. എന്റെ ഒരു കസിന്‍ എന്റെ പ്രിയകൂട്ടുകാരിയെ കാണുന്നതും ഇഷ്ടപ്പെടുന്നതും ആ ദിവസമായിരുന്നു. രണ്ടു മാസങ്ങള്‍ക്കകം അവരുടെ വിവാഹവും നടന്നു. അങ്ങനെ അവള്‍ ഞങ്ങളുടെ കുടുംബത്തിലേക്കു വലതുകാല്‍വച്ചു കയറിവന്നു!
read more: https://emalayalee.com/writer/225