Image

പ്രീ അന്നേസ്തെഷ്യ ചെക് അപ് (പി. എ. സി ) : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 7 )

Published on 09 June, 2022
പ്രീ അന്നേസ്തെഷ്യ ചെക് അപ്  (പി. എ. സി ) : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 7 )

മെഡിക്കൽ ഡയറി - 7 

"അമ്പലങ്ങളിലും കുമ്പസാരക്കൂടുകൾ വച്ചാലെന്താ? വൃദ്ധനും പണ്ഡിതനുമായ ഒരാൾ കേൾക്കുന്നു. ഏതാനും മണിക്കൂറുകൾ പറഞ്ഞാൽ തീരാത്ത പാപങ്ങളൊന്നും നമുക്കില്ല.. പറയാനിട കിട്ടണ്ടേ? ഒരിക്കൽ നീയെല്ലാം പറയണം. പലപ്പോഴായി ഞാനും. നമ്മൾ പരസ്പ്പരം ഏറ്റു പറയും, മാപ്പു കൊടുക്കും. (വാരാണസി. എം. ടി ).


മെഡിക്കൽ ഡയറി വായിച്ച് പലർക്കും ജിജ്ഞാസ കൂടുന്നുണ്ട്, എനിക്കും. ഞാൻ എഴുതുന്നത് നിങ്ങൾക്ക് മുഴുവനായി അങ്ങു പിടുത്തം കിട്ടുന്നുണ്ടോ എന്നാണത്. 'വാരാണസി' യിലെ എം. ടി. യുടെ ഈ ഉദ്ധരണി ഇപ്പോൾ എന്തിനാണെന്നല്ലേ?
പലരും മധ്യേ വന്നു ചോദിക്കുന്നു. ഡോക്ടർ എന്തെഴുതിയാലും അതിലൊക്കെ ഒരു 'PAC'കാണുന്നല്ലോ, ശരിക്കും എന്താണീ PAC.? 
ന്യായമായ ചോദ്യം.
നിങ്ങളിൽ ആർക്കെങ്കിലും/ നിങ്ങളുടെ ആർക്കെങ്കിലും ഒരു ചെറിയ സർജറി എങ്കിലും ഉണ്ടായിട്ടുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങൾ ഒരു പ്രീ അന്നേസ്തെഷ്യ ചെക് അപ് - PAC - യിലൂടെ കടന്നു പോയിട്ടുണ്ട്. അവിടെ നിങ്ങൾക്കുണ്ടായ അനുഭവം നിങ്ങൾക്കിപ്പോൾ ഓർമ്മിച്ചെടുക്കുവാനാകുമോ?
മെഡിസിനിൽ എന്താണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന ഒരു ചോദ്യമുണ്ട്. ഉത്തരം diagnosis, diagnosis, and diagnosis.
അതുപോലെ ഒരു അന്നേസ്തെഷ്യയിൽ എന്താണ് ഏറ്റവും പ്രധാനപ്പെട്ടത്? PAC, PAC, and PAC.
പ്രീ അന്നേസ്തെഷ്യ ചെക്ക് അപ്പ്‌ എന്നാൽ എന്താണ്.? 
അന്നസ്തെഷ്യയ്ക്ക് മുമ്പുള്ള ഒരു സമൂല പരിശോധന. ഇതു നടത്തുന്നത് അന്നേസ്തെഷ്യ ഡോക്ടർമാരാണ്. "'മയക്കു ഡോക്ടറെ കണ്ടിട്ടു വാ" എന്നു പറഞ്ഞ് നിങ്ങളുടെ വാർഡിലെ സിസ്റ്റർമാർ നിങ്ങൾക്ക്  PAC സ്ഥലത്തേക്ക് മാർഗ്ഗ നിർദേശം തരുന്നു.. ഇടുങ്ങിയത് മുതൽ വിശാലമായ എ. സി റൂമുകൾ വരെ എവിടെയുമാവാം നിങ്ങൾ എത്തിപ്പെടുക. അവിടെ കാത്തിരിപ്പു സ്ഥലങ്ങൾ ഉണ്ട്‌.

എല്ലാവർക്കും വേണ്ടി പറയുകയാണ് പി.എ.സി ശരിക്കും ഒരു കുമ്പസാരമാണ്. അതാണ്‌ ഞാൻ എം. ടി. യുടെ വരികൾ ഉദ്ധരിച്ചത്. പാപം മുഴുവൻ ഒരു പുരോഹിതനോടേ റ്റുപറഞ്ഞു  ശാന്തി നേടി ദേവാലയത്തിന് പുറത്തിറങ്ങുന്ന ഒരാളെപ്പോലെ നിങ്ങളും .. സർജറിക്കും തന്മൂലം അന്നേസ്തെഷ്യയ്ക്കും റെഡിയായി ക്കൊണ്ടിരിക്കുന്ന ഒരാൾ തന്റെ എല്ലാ രോഗങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും നിങ്ങളെ കാരുണ്യ പൂർവ്വം ശ്രദ്ധിക്കുന്ന ഒരു അന്നേസ്തെസിയോളജിസ്റ്റ് (മയക്കു ഡോക്ടർ )നോട് വെളിപ്പെടുത്തുന്നു. നിങ്ങൾ സംസാരിക്കുന്നു, അയാൾ കേൾക്കുന്നു. അയാൾ ചോദിക്കുന്നു, നിങ്ങൾ സത്യസന്ധതയോടെ ഉത്തരം നൽകുന്നു. 
നിങ്ങൾ ജനിച്ചപ്പോൾ മുതൽ ഈ നിമിഷം വരെ നിങ്ങൾ അനുഭവിച്ച രോഗങ്ങൾ , ചികിത്സകൾ , നിങ്ങൾ ക്രമമായി വാക്‌സിനേഷൻ നടത്തിയത് , മുൻപ് ഓപ്പറേഷനോ, അന്നേസ്തെഷ്യയോ നടന്നിട്ടുണ്ടെങ്കിൽ അത്. 
എന്തു സർജറി, ഏതു തരം മയക്ക്, ഓപ്പറേഷൻ സമയത്തോ അതിനു ശേഷമോ നിങ്ങൾക്കനുഭവപ്പെട്ട വേദനകൾ, സങ്കടകരമോ സന്തോഷം നിറഞ്ഞതോ ആയ ഓർമകൾ. ഓപ്പറേഷൻ തീയേറ്ററിൽ നിങ്ങൾക്കു കിട്ടിയ സാന്ത്വനങ്ങൾ, അഹിതമായ അനുഭവങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത്.
എല്ലാം കേൾക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. മരുന്നുകളോട് നിങ്ങൾക്ക് അലർജി ഉണ്ടായിട്ടുണ്ടോ, രക്തമോ, രക്ത ഘടകങ്ങളോ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത്.
ഇപ്പോൾ നിങ്ങൾക്കുള്ള അസുഖങ്ങൾ , കഴിക്കുന്ന മരുന്നുകൾ , എത്ര കാലമായി ഈ രോഗം നിങ്ങൾക്കുണ്ട്. ഇവയിൽ പ്രധാനമായും പ്രഷർ, പ്രമേഹം, ഡയബേറ്റിസ്,ഹൃദയ രോഗങ്ങൾ ആത്‌സ്മ , കരൾ, വൃക്ക രോഗങ്ങൾ ഉൾപ്പെടുന്നു.

സാധാരണ രോഗികൾ കള്ളം പറയുന്നത് നാലിടത്താണ്. പുകവലി, വെപ്പു പല്ല്, മാനസിക രോഗം , ലൈംഗിക രോഗങ്ങൾ.
95%ആളുകളും ഈ ഇടങ്ങളിൽ നുണയേ പറയൂ . അതാ ഞാൻ പറഞ്ഞതു PAC എന്നാൽ ഒരു കുമ്പസാരമെന്ന് . ഇതിനൊക്കെ ഞങ്ങൾക്ക് അതിന്റേതായ പ്രത്യേക പരിഗണന രോഗിക്കു നൽകേണ്ടതുണ്ട്. പുകവലി മൂന്നു ദിവസം മുതൽ മൂന്നാഴ്ച വരെ നിർത്തേണ്ടതുണ്ട്.. വെപ്പു പല്ലുകൾ എടുത്തു മാറ്റണം . Psychiatric drugs ചിലത് നിർത്തിവയ്യ്‌ക്കേണ്ടിവരും. പകരം ചിലപ്പോൾ മറ്റൊന്ന് നൽകേണ്ടി വരും . നിങ്ങളുടെ യാതൊരുവിധ രഹസ്സ്യങ്ങളും ഞങ്ങൾ പുറത്തു പറയില്ല. അതു medical ethics ആണ്. അന്നേസ്തെഷ്യ സേഫ് ആയിരിക്കണം, നിങ്ങളും, കൂടെ ഞാനും. അത്ര മാത്രം.
സാധാരണ ഞാൻ ഒരു രോഗിയോടും മയംവിട്ടു സംസാരിക്കാറേയില്ല. പക്ഷേ ഒരു ദിവസം എന്റെ സർവ്വ നിയന്ത്രണവും വിട്ടു പോയി. പേരുവിളിച്ചപ്പോൾ ഒരു മാന്യൻ കയ്യിലിരുന്നു പുകയുന്ന ബീഡിയുടെ അവസാനത്തെ പുകയും ആഞ്ഞു വലിച്ചു ബീഡിക്കുറ്റി  ടെറസ്സിലേക്കെറിഞ്ഞ് എന്റടുത്തേക്കൊരു വരവ്. 
"താൻ വലിക്കുമല്ലേ" ഞാൻ ചോദിച്ചു. ഇല്ല ഡോക്ടറേ ഇല്ല, 
അയാൾ പച്ചക്കള്ളം പറഞ്ഞു. 
ഞാൻ അയാളുടെ ചൂണ്ടുവിരലും നടുവിരലും പിടിച്ചു മണത്തു നോക്കി . അയാൾ തല കുനിച്ചിരുന്നു.'completely abstain from smoking for three weeks before surgery ' എന്നു കേസ് ഷീറ്റിലെഴുതി പറഞ്ഞു വിടേണ്ടിവന്നു .
smoking ഒരു രോഗമാണ്. എന്തു ചെയ്യാം ...
ഞങ്ങൾ 'മയക്കു ഡോക്ടർമാർ' അറിയപ്പെടുന്നത് physicians to the Surgeon എന്നാണ് . എം ബി ബി എസ് , എംഡി, ഇപ്പോൾ ഡി എം ഒക്കെ ഉള്ള specialist doctors ആണ് ഞങ്ങളെന്ന് പറഞ്ഞു കൊള്ളട്ടെ.

ഓപ്പറേഷന് മുൻപും, ഉടനീളവും, ശേഷവും patient - ന്റെയും സർജന്റെയും supporting physicians ആണു ഞങ്ങൾ. അതു കൊണ്ടു തന്നെ ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗം മാത്രമായി ഞങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കില്ല. ഞങ്ങളെ സൂക്ഷിക്കണം ട്ടോ!!. ഒരാളെ കണ്ടാൽ ഞങ്ങളുടെ നോട്ടം മുഴുവൻ നിങ്ങളുടെ height, weight, നിങ്ങളുടെ നിറം, കയ്യിലെ അധിക രോമം, കുറുകിയ കഴുത്ത്, കയ്യിൽ എഴുന്നു നിൽക്കുന്ന നീല ഞരമ്പുകൾ എന്നിവയിലായിരിക്കും. 
തക്കം കിട്ടിയാൽ നിങ്ങളുടെ ദന്തനിര, കൊമ്പൻ പല്ല്, വെപ്പുപല്ല്,കട്ടപ്പല്ല്, ഇളകിയ പല്ല് ഇവയൊക്കെ ഞങ്ങൾ ഒളിച്ചു നോക്കും.
പിന്നെ head to foot ഓരോ സിസ്റ്റവും ഞങ്ങൾ എണ്ണിയെണ്ണി പരിശോധിക്കും. ഇതൊക്കെ വെറുതെയങ്ങു നോക്കി വിടുകയല്ല, ഒക്കെ പി എ സി ചാർട്ടിൽ രേഖപ്പെടുത്തിയിരിക്കും.  
കാലമിതല്ലേ, എല്ലാത്തിനും ഒരു തെളിവൊക്കെ വേണ്ടേ? 
നിങ്ങളുടെ എല്ലാ പരിശോധനാ ഫലങ്ങളും ഞങ്ങൾ പഠിച്ചിരിക്കും. ചിലപ്പോൾ മറ്റു ചില പരിശോധനകൾ കൂടി ആവശ്യപ്പെട്ടന്നും വരാം. 
എന്തും നിങ്ങൾക്കു ഞങ്ങളോട് ചോദിക്കാം. 
മണ്ടൻ സംശയം എന്നു തോന്നിയാൽക്കൂടി ചോദിച്ചോളൂ. കൃത്യമായി ഞങ്ങൾ ഉത്തരം തന്നിരിക്കും.
കയ്യിലെ രോമമൊക്കെ എന്തിനാ ഇങ്ങനെ നോക്കുന്നത് എന്നായിരിക്കും ഇപ്പോൾ സംശയം. അവിടെ നിങ്ങളുടെ നീല ഞരമ്പിൽ ഒരു canula ഇട്ടാൽ രോമം അധികമായാൽ അവിടെ അതെങ്ങനെ ഒട്ടിച്ചു ഫിക്സ് ചെയ്തു വയ്ക്കും? അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിർദ്ദേശങ്ങളിൽ എഴുതും. "Kindly shave possible vein sites on right or left or both hands". വെപ്പു പല്ലുണ്ടോ, ഇളകിയ പല്ലുണ്ടോ എന്നു ചോദിച്ചാൽ ദയവായി സത്യം പറയൂ, സത്യം മാത്രമേ പറയാവൂ. വെപ്പു പല്ലുണ്ടെന്ന് ഞങ്ങൾ അറിയുന്നത് ഒരു നാണക്കേടല്ലന്നേ .. ഇവിടെ നിങ്ങൾ നുണ പറഞ്ഞാൽ നമ്മൾ രണ്ടാളും പെട്ടുപോകും.
90 % general അന്നേസ്തെഷ്യയ്യ്ക്കും ശ്വാസനാളിയിലേക്ക് trachial tube ഇടേണ്ടിവരും. ഇതിനായി ഞങ്ങൾ laryngoscope എന്ന ഒരു ഉപകരണം ഉപയോഗിച്ചാണ് വായ് തുറന്ന് സ്വനപേടകം കാണുന്നത്. അപ്പോൾ വെപ്പുപല്ലും, ഇളകിയ പല്ലുമൊക്കെ കട കടാ ശബ്ദത്തോടെ വായിലേക്കൊ ടിഞ്ഞു വീഴും. ഈ ഒടിഞ്ഞ പല്ല് എവിടേക്കും പോകാം. അന്നനാളി വഴി ആമാശയത്തിലേക്കു, ശ്വാസനാളി വഴി ശ്വാസകോശത്തിലേക്കു, പിന്നെ വെള്ളത്തിൽ ഇലയെന്നമാതിരി പിടിതരാതെ വായിൽ ഓടിക്കളിക്കുക . ഇതിനെ പുറത്തെടുക്കുക വളരെ ശ്രമകരമാണ്. മോണയിൽ നിന്നും രക്തം വാർന്ന് അതുകൂടി വായിക്കുള്ളിലേക്ക്. ഇതും പല്ലിന്റെ വഴിയേ എവിടേക്കും പോകാം!!
അപ്പോൾ ഞങ്ങളുടെ instructions ൽ ഒന്നു കൂടി ആയി."kindly remove your dentures before entering to operation theatre. Extract the lose tooth if any before Anaesthesia".
മറ്റു പല രോഗങ്ങൾ ഉള്ളവരെ ആവശ്യമെങ്കിൽ അതാതു ഡിപ്പാർട്മെന്റിൽ പരിശോധനയ്ക്കയക്കുക പതിവാണ്.
പൂർണമായ അന്നേസ്തെഷ്യ ചെക്ക്‌ അപ്പിനുശേഷം ശേഷം നിങ്ങൾ ഏതു റിസ്ക് ലിസ്റ്റിൽ വരുന്നു എന്നു തരം തിരിക്കുകയും അത് ഉചിതമായ രീതിയിൽ നിങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും. നിങ്ങൾ ഈ സർജറിക്കും അന്നേസ്തെഷ്യയ്യ്ക്കും വഹിക്കുന്ന 'റിസ്ക്'' അറിയുവാനുള്ള അവകാശം നിങ്ങൾക്കുണ്ട്. നിങ്ങൾ ഒരു ലോല ഹൃദയൻ /ഹൃദയ ആണെങ്കിൽ നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവിനെ ആയിരിക്കും വിവരം ധരിപ്പിക്കുക. ഇതറിഞ്ഞു നിങ്ങൾക്കു ബോധ്യപ്പെട്ടെങ്കിൽ മാത്രമേ നിങ്ങൾ സമ്മതപത്രത്തിൽ ഒപ്പു വയ്യ്ക്കാവു.
രോഗിയ്ക്കുള്ള മറ്റു രോഗങ്ങളുടേയും , അവർ കഴിക്കുന്ന മരുന്നുകളുടെയും, സർജറിയുടെയും തരമനുസരിച്ച് അന്നേസ്തെഷ്യ techniques ഞങ്ങൾ മാറ്റിക്കൊണ്ടേയിരിക്കും. 
"നിങ്ങൾക്ക് ഏറ്റവും സുരക്ഷിതമായതേ തരൂ "എന്നൊരുറപ്പുതരാം. പേടിക്കേണ്ട , ഞങ്ങളെ വിശ്വസിക്കു "എന്നു സദാ പറയുന്ന ഒരു കൂട്ടരാണ് ഞങ്ങൾ.
ഓപ്പറേഷന്റെ തലേ രാത്രിയിലും, പിറ്റേന്ന് പുലർച്ചയിലും നിങ്ങൾ ആഹാരവും മരുന്നുകളും കഴിക്കേണ്ടത് ഞങ്ങളുടെ നിർദ്ദേശപ്രകാരമായിരിക്കും. ഓപ്പറേഷന് ശേഷം നിങ്ങൾക്കനുയോജ്യമായ വേദന സംഹാരി ഞങ്ങൾ ഉറപ്പു തരുന്നു, പോരെ? രക്തം വേണമെങ്കിൽ അതും ഞങ്ങൾ തയ്യാറാക്കി വച്ചിരിക്കും."ഒട്ടും പേടിക്കേണ്ട ട്ടോ ", നിങ്ങൾക്കു ഞങ്ങൾ ധൈര്യം പകരും.നിങ്ങളിൽ നിന്നും അന്നേസ്തെഷ്യ സമയത്ത് ഉണ്ടാകാവുന്ന ഞങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. അതൊക്കെ ശീലം കൊണ്ട് ഞങ്ങൾ  മറികടക്കും.
നിങ്ങളുടെ ഓപ്പറേഷൻ സമയം മുഴുവൻ നിങ്ങളുടെ head end ൽ ഞങ്ങൾ നിങ്ങളുടെ ഹൃദയമിടിപ്പു നോക്കി ചോരയുടെ നിറം നോക്കി, നിങ്ങളുടെ നാഡി പിടിച്ച്, കണ്ണിമയ്ക്കാതെ അരികിലുണ്ടാകും, വളരെ അരികിൽ ...
ഓപ്പറേഷന് ശേഷം എല്ലാം നന്നെന്നു കണ്ടാൽ നിങ്ങളെ ബോധമണ്ഡലങ്ങളിലേക്ക് ഞങ്ങൾ തിരികെ വിളിക്കും .. കണ്ണു തുറന്നേ അപ്പച്ചാ, അമ്മച്ചി, ചേച്ചി, ചേട്ടാ, മോനേ, മോളേ എന്നൊക്കെ ഞങ്ങൾ മൃദുവായി മുഖത്തു തടവി വിളിക്കും. നിങ്ങൾ നിങ്ങളുടെ സർജനെ ആദ്യം കണ്ടോളു.. സാരമില്ല. ചിലപ്പോൾ നിങ്ങൾ എന്റെ കയ്യിൽ പിടിച്ചെന്നിരിക്കും, സന്തോഷം.
ഇനി നിങ്ങൾ സമാധാനമായി ഓപ്പറേഷന് ശേഷമുള്ള വിശ്രമ മുറിയിലേക്ക് പോകൂ.. അവിടെയും ഞങ്ങളിൽ ചിലർ നിങ്ങളെ ഹാർദ്ദമായി സ്വീകരിക്കാൻ കാത്തു നിൽപ്പുണ്ടാകും. നിങ്ങളുടെ ഹൃദയം, ശ്വാസകോശം, ബി പി, പൾസ്, മൂത്രത്തിന്റെ അളവ്, ബ്ലഡ്‌ ലോസ്, ഇവയൊക്കെ നോർമൽ ആയാൽ മാത്രം, ഞങ്ങൾ ഷിഫ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ മാത്രം നിങ്ങളെ നിങ്ങൾ പോകേണ്ടതായ ഇടങ്ങളിലേക്ക് പറഞ്ഞയക്കും. അപ്പോൾ ഇനി നമുക്കവിടെ കാണാം.
ഇനിയൊരു രഹസ്യം പറയട്ടെ. നിങ്ങളുടെ പി. എ. സി . ഇടപെടൽ രോഗിക്ക് /അവരുടെ കൂട്ടിരിപ്പുകാർക്ക് തൃപ്തികരമായോ , നിങ്ങൾക്കിടയിൽ ഒരാത്മബന്ധം രൂപപ്പെട്ടോ എന്ന് ഈ 'മയക്കു ഡോക്ടർ' എങ്ങനെ അറിയും ??
രോഗിയും കൂട്ടരും അവിടെ പതുങ്ങി നിൽക്കും. 
ചിലർ കെട്ടിപ്പിടിക്കും, ചിലർ ഉമ്മ വയ്യ്ക്കും. (ഓർമകൾ മരിക്കുമോ..)
പിന്നൊരു ചോദ്യമുണ്ട് ". ഡോക്ടറെ എന്നെ മയക്കുമ്പോൾ ഡോക്ടർ അടുത്തുണ്ടാവുമോ"?? 
ഈ ചോദ്യം കേട്ടാൽ എനിക്കു പരമ സന്തോഷം. ഞാൻ പറയും "പേടിക്കേണ്ട, ഞാൻ അവിടെയൊക്കെ ത്തന്നെ ഉണ്ടാവും". ഇത്രയുമേ എനിക്കു പറയാനാവു ... കാരണം , ഞാൻ ചിലപ്പോൾ മറ്റൊരു തിയേറ്ററിൽ ആയിരിക്കും പോസ്റ്റഡ് ആയിരിക്കുക.
 
അപ്പോൾ പിന്നെ ബൈ ..

Dr. Kunjamma George.

10/06/2022. 

read more: https://emalayalee.com/writer/213

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക