48
വിദ്യാര്‍ത്ഥിനിയില്‍നിന്ന് അധ്യാപികയിലേക്ക്
എം എസ് സി പരീക്ഷ കഴിഞ്ഞയുടനേയാണ് കുട്ടിക്കാനത്ത് സെന്റെ പയസ് ടെന്നില്‍ ടീച്ചറായത്. ഒന്നാംക്ലാസ്സിലായിരുന്നു ആദ്യത്തെ ഒരാഴ്ച. ക്ലാസ്സ് റൂമില്‍ കയറിയതും നിമിഷനേരംകൊണ്ട് വിദ്യാര്‍ത്ഥിനിയുടെ റോളില്‍നിന്ന് അധ്യാപികയുടെ മാനസികാവസ്ഥയിലേക്കു ചേക്കേറിയത് മനോഹരമായ ഒരനുഭവംതന്നെയായിരുന്നു.
രണ്ടാമത്തെ ആഴ്ച എട്ടാംക്ലാസ്സിന്റെ ക്ലാസ് ടീച്ചറാകാന്‍ ആവശ്യപ്പെട്ടു. യാതൊരു കൂസലുമില്ലാതെ ആ ക്ലാസ്സിലേക്ക്. അടുത്ത പീരീഡില്‍ പത്താംക്ലാസ്സിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ ഒരു നിമിഷം ഒന്നു പതറി. അകത്തേക്കു കയറുംമുമ്പ്, എന്നെക്കൊണ്ടു കൂട്ടിയാല്‍ കൂടുമോ എന്നൊരാശങ്ക! പെട്ടെന്ന്, പത്താംക്ലാസ്സില്‍ പഠിക്കുന്ന, എന്റെ ചേച്ചിയുടെ മകനെ ഓര്‍മ വന്നു. അവനെനിക്ക് എന്നും കൊച്ചു കുട്ടിയാണ്. മോത്തിക്കുട്ടനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ത്തന്നെ കാര്യങ്ങള്‍ വളരെയെളുപ്പമായി. ഈ പത്താംക്ലാസ്സുകാരും അവനെപ്പോലെ കൊച്ചു കുട്ടികള്‍തന്നെ! പിന്നീട് അവരുമായി നല്ല ചങ്ങാത്തം കൂടാനും സാധിച്ചു.
സെയിന്റ് പയസ് ടെൻ ഇംഗ്ലീഷ് സ്കൂൾ
സര്‍വ്വചരാചരങ്ങളേയും സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന, ഞങ്ങളുടെ പ്രിയപ്പെട്ട മോത്തിക്കുട്ടന്‍ ഇന്നു ഞങ്ങളോടൊപ്പമില്ല. മുറ തെറ്റിച്ച് അവന്‍ ആദ്യം പറന്നുപോയി...
49
കണ്ണടയും കാഴ്ചയും
മദേഴ്‌സ് ഡേയ്ക്കു സമ്മാനമായി നോയല്‍ വാങ്ങിത്തന്ന സണ്‍ഗ്ലാസ് വച്ചു പുറത്തേക്കു നോക്കിയപ്പോള്‍ പ്രകൃതിക്ക് ഒരു പ്രത്യേകഭംഗിയുണ്ടെന്നു തോന്നി. അന്നുവരെ കാണാത്തൊരു ഭംഗി!
പ്രീഡിഗ്രി എത്തിയപ്പോഴാണ് ആദ്യമായി കണ്ണു പരിശോധിച്ച് ദൂരക്കാഴ്ചയ്ക്കു കണ്ണട വച്ചത്. അമലഗിരി കോളേജിന്റെ നാലാംനിലയിലെ ഹോസ്റ്റല്‍ വരാന്തയില്‍നിന്ന്, കണ്ണടയിലൂടെ താഴേക്കു നോക്കിയപ്പോള്‍ അത്ഭുതംകൊണ്ടും സന്തോഷംകൊണ്ടും കണ്ണു നിറഞ്ഞുപോയി. അങ്ങു ദൂരെ നില്‍ക്കുന്ന മരങ്ങളുടെ ഇലകള്‍പോലും തലകുലുക്കി കണ്ണിറുക്കിക്കാണിക്കുന്നു! കോളേജ്മുറ്റത്തെ മണല്‍ത്തരികളോരോന്നും നിവര്‍ന്നുനിന്നു മാനത്തേക്കു നോക്കുന്നു! അന്നേവരെ അറിഞ്ഞിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത സൗന്ദര്യം! വളഞ്ഞുപുളഞ്ഞ്, ഒരു നദിപോലെ ഒഴുകിവരുന്ന, കോളേജിലേക്കു മാത്രമായുള്ള ടാറിടാത്ത റോഡ്. മരവും മണ്ണും മലയുമെല്ലാം എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നത് ആദ്യമായി ഞാന്‍ കണ്ടു.
പിന്നീട്, കോണ്‍ടാക്ട് ലെന്‍സിന്റെയും ലേസിക് സര്‍ജറിയുടെയും ആദ്യകാലപരീക്ഷണങ്ങള്‍ക്കു കണ്ണു വച്ചുകൊടുത്തവരില്‍ ഞാനുമുണ്ടായിരുന്നു. കാഴ്ച എന്ന അത്ഭുതപ്രതിഭാസം, വശ്യതയാര്‍ന്ന ഈ വര്‍ണപ്രപഞ്ചത്തിന്റെ അതിസുന്ദരമായ ചിത്രങ്ങള്‍ വരച്ചുവരച്ചങ്ങനെ...
ചിത്രരചന തുടങ്ങിയപ്പോള്‍ പ്രകൃതിഭംഗി എന്റെ വിരല്‍ത്തുമ്പിലൊതുങ്ങിയില്ല. പോര്‍ട്രെയ്റ്റായിരുന്നു എന്റെ ഇഷ്ടവിഷയം. കണ്ണുകളിലെ ഭാവം പകര്‍ത്തുക എന്നത് ഒരു ഹരമായിരുന്നു. പിന്നീടെപ്പോഴോ വരയും എഴുത്തുമൊക്കെ എന്നില്‍നിന്നകന്നുപോയി; ഒരുപാടൊരുപാടു വര്‍ഷങ്ങള്‍ കടന്നും പോയി!
ഇനിയെന്നെങ്കിലും ചിത്രം വരയ്ക്കാനുള്ള ആഗ്രഹവും കഴിവും തിരിച്ചുകിട്ടിയാല്‍ പ്രിയരാജിക്ക് അവളാവശ്യപ്പെട്ട ഒരു ചിത്രം വരച്ചുകൊടുക്കണം. പിന്നെ, കുതിരസവാരി ചെയ്യുന്ന എന്റെ ചെറുതിന് ഒരു കുതിരയേയും.
50
സാരികള്‍
ഡിഗ്രി ആദ്യവര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ സാരിയുടുക്കണമെന്ന് അസംപ്ഷനിലെ സിസ്റ്റര്‍ പൗളയ്ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. രാവിലെ നിര്‍ബ്ബന്ധമായും പള്ളിയില്‍ പോകണം. ഏതെങ്കിലും പഴയ സാരി ചുറ്റി പള്ളിയില്‍ പോകാമെന്നു വിചാരിച്ചെങ്കില്‍ തെറ്റി. കോളേജില്‍ പോകുമ്പോളുടുക്കുന്ന, അലക്കിത്തേച്ചു വടിപോലെയാക്കിയ സാരിതന്നെയുടുക്കണം, പള്ളിയിലും.
എന്റെ ഏറ്റവും പ്രിയപ്പെട്ട സാരി, കുഞ്ഞിച്ചേച്ചി ദുബായില്‍നിന്നു കൊണ്ടുവന്ന, വെള്ളയില്‍ നീലപ്പൂക്കളുള്ള സാരിയായിരുന്നു. ആദ്യത്തെ ഫോറിന്‍ സാരി.
അമ്മച്ചി, അനിച്ചാച്ചൻ, ആലിസ്ചേച്ചി, ജൂലി, മിലി, മീര, സാലി, മിനി
അനിച്ചാച്ചന്റെ ബൈക്കിനു പിന്നിലിരുന്നു യാത്രചെയ്യുമ്പോള്‍ ആ സാരിത്തുമ്പ് വീലിലുടക്കിയതറിഞ്ഞപ്പോള്‍ അതു കീറിപ്പോകുമല്ലോ എന്ന വിഷമമേ എനിക്കുണ്ടായിരുന്നുള്ളു. അതുകൊണ്ട് വിവരം അനിച്ചാച്ചനോടു പറഞ്ഞില്ല. ആരോ ഒരാള്‍, സാരി വീലിലുടക്കി ചുറ്റുന്നതുകണ്ടു കൈകാണിച്ചു വണ്ടി നിര്‍ത്തിച്ചപ്പോഴാണ് അനിച്ചാച്ചന്‍ അതറിയുന്നത്.
അമലഗിരി കോളേജ്
വലിയൊരപകടത്തില്‍നിന്നാണ് അന്നു ഞാന്‍ രക്ഷപ്പെട്ടതെന്ന് പിന്നീടാണു മനസ്സിലായത്!
51
കാണാമറയത്തെ കൂട്ടുകാരി
അമേരിക്കയില്‍ കാല്‍കുത്തിയ കാലം മുതല്‍ ഒരാളെ തേടിക്കൊണ്ടിരിക്കുകയാണ്; എനിക്കു മുമ്പേ അമേരിക്കയിലെത്തിയ പ്രിയകൂട്ടുകാരിയെ. പല വഴികളിലൂടെ തെരഞ്ഞുനടന്നിട്ടും കണ്ടെത്താനാകാതെ, നേരിയ വിങ്ങലോടെ ഇന്നും കാത്തിരിക്കുന്നു.
അമലഗിരി കോളേജിന്റെ, ചുറ്റുമതിലില്ലാത്ത മുറ്റത്തെ വാകമരത്തണലില്‍ കൈകള്‍ കോര്‍ത്തുപിടിച്ച് കഥകള്‍ പറഞ്ഞിരുന്ന കാലം. ഞാനന്നേവരെ കണ്ടിട്ടില്ലാത്ത പ്രത്യേകഭംഗിയായിരുന്നു അവളുടെ സംസാരരീതിക്ക്. തല കുലുക്കി കൈകള്‍കൊണ്ട് ആംഗ്യം കാണിച്ച്, കണ്ണുകള്‍ ചിമ്മിച്ചിമ്മി, ചുണ്ടില്‍ മനോഹരമായ മന്ദഹാസവുമായി കലപിലയെന്ന് അവള്‍ ചിലയ്ക്കുന്നതു കാണാന്‍ നല്ല രസമായിരുന്നു. സുന്ദരിയും സുശീലയും പഠിക്കാന്‍ ബഹുമിടുക്കിയുമായിരുന്നു അവള്‍. പ്രീഡിഗ്രി കഴിഞ്ഞ അവധിക്കാലത്ത്, വയലേലകള്‍ക്കു നടുവില്‍ പ്രകൃതിയോടു ചേര്‍ന്നിരിക്കുന്ന, അവളുടെ വീട്ടില്‍ ഒരിക്കല്‍ പോയിട്ടുണ്ട്. കഥകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും അവള്‍ക്കൊപ്പം പാടവരമ്പത്തുകൂടി നടന്നത് എനിക്കു പുതിയ അനുഭവമായിരുന്നു.
കത്തുകളിലൂടെ കുറച്ചുകാലംകൂടി വിശേഷങ്ങള്‍ പങ്കുവച്ചു. ഒരിക്കല്‍ ഒരു ഫോട്ടോയും അയച്ചുതന്നു. നഴ്‌സിംഗിനു ചേര്‍ന്നതും വിവാഹശേഷം അമേരിക്കയിലേക്കു പറന്നതുമറിഞ്ഞു. പിന്നെയും ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനിവിടെയെത്തിയത്. അന്നു തുടങ്ങിയ അന്വേഷണമാണ്. ഇന്നും ഒരു തുമ്പും കിട്ടിയിട്ടില്ല. ഫെയ്‌സ്ബുക്കിനുപോലും പിടി കൊടുക്കാതെ എവിടെയോ മറഞ്ഞിരിക്കുന്നു, എന്റെ പ്രിയകൂട്ടുകാരി!
52
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം!
പഠിച്ചിരുന്ന കോളേജുകള്‍, അത് ഏതു കോളേജായാലും, അവയുടെ വരാന്തകളും ഇടനാഴികളും പടിക്കെട്ടുകളും ക്ലാസ്സ് മുറികളും ഓഡിറ്റോറിയങ്ങളുമെല്ലാം നമ്മുടെ സ്വന്തമാണെന്ന തോന്നലുണ്ടല്ലോ, അത് ഒരൊന്നൊന്നരത്തോന്നലാണ്! കോളേജങ്കണത്തിലെ പുല്‍ച്ചെടികളും മരങ്ങളും, എന്തിന്, മണല്‍ത്തരികള്‍പോലും സ്വന്തമാണെന്നു തോന്നുന്ന കാലം! ഓരോ കോളേജില്‍നിന്നും പഠനശേഷം പടിയിറങ്ങുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദന തോന്നിയിരുന്നു, ഇനിയൊരിക്കലും എന്റേതെന്ന അഹങ്കാരത്തോടെ ഈ കെട്ടിടങ്ങളിലൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും ചുറ്റിയടിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്. കൂട്ടുകാരോടു തോന്നിയിരുന്ന അടുപ്പത്തേക്കാളും സ്‌നേഹത്തേക്കാളുമുപരി ആ കോളേജ് കെട്ടിടങ്ങളോടും അതിന്റെ പരിസരങ്ങളോടും വല്ലാത്തൊരടുപ്പവും സ്‌നേഹവുമൊക്കെ തോന്നിയിരുന്നു.
ആദ്യമായി വീടുവിട്ടു താമസിക്കുന്നതിന്റെ വിഷമം താങ്ങാനാവാതെ, നാട്ടില്‍നിന്നു കൂടെവന്ന കൂട്ടുകാര്‍ ഇടയ്ക്കുവച്ചു പിരിഞ്ഞുപോയിട്ടും ആദ്യമായി സ്വന്തമാക്കിയ അമലഗിരി കോളേജ് വിട്ടുപോകാന്‍ മനസ്സു വന്നില്ല. ആ കോളേജിലെ പടിക്കെട്ടുകളും ഇടനാഴികളും വാകമരത്തണലുമൊക്കെ ഉള്ളില്‍ ചേക്കേറിയത് സ്വയമറിയാതെയായിരുന്നു!
53
കോവാളിയന്‍സ്!
ഞങ്ങള്‍ കോവാളിയന്‍സ്. എം എസ് സിക്കാലത്തെ മനോഹരമായ കൂട്ടുകെട്ടിന് തൊഴുത്തില്‍ക്കുത്തും ചേരിതിരിയലും പടലപ്പിണക്കങ്ങളും ലവലേശംപോലുമുണ്ടായിരുന്നില്ല. അടുത്ത മുറിയരുമായി കലാപമുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഏഴുപേരും ഒറ്റക്കെട്ടായിരുന്നു. ഒരുമിച്ചേ ഉണ്ണാറുള്ളു; ഒരുമിച്ചേ എവിടെയും പോകാറുള്ളു. രാവിലെ ഒരുങ്ങിയിറങ്ങാന്‍ ഒരാളല്‍പ്പം വൈകിയാല്‍ ഏഴുപേരും അന്നു കോളേജില്‍ ലേറ്റാകും. പാലാക്കാരി കൂട്ടുകാരി വളരെ സാവകാശം ഒരുങ്ങുന്ന കൂട്ടത്തിലായിരുന്നു. രാവിലെ ഹോസ്റ്റല്‍മുറ്റത്തു നിന്ന് ഞങ്ങള്‍ മാറിമാറി അവളുടെ പേരു വിളിച്ചുകൂവുന്നത് സ്ഥിരം കലാപരിപാടിയായിരുന്നു. പിരുപിരാന്നു ചുരുണ്ടുകിടക്കുന്ന മുടിയുടെ അറ്റം കൈവിരല്‍കൊണ്ട് ഒരിക്കല്‍ക്കൂടി വട്ടംചുറ്റിച്ച്, മനോഹരമായ ഒരു പൂപ്പുഞ്ചിരിയുമായി, 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ പതിയെപ്പതിയെ അവളിറങ്ങിവരും. 'നിന്നെ കെട്ടുന്നവന്‍ പെട്ടുപോകുമല്ലോ' എന്നത് എന്റെയൊരു സ്ഥിരം ഡയലോഗായിരുന്നു. എന്നാല്‍ അവളെ കെട്ടിയത് എന്റെ ആങ്ങളതന്നെയായിരുന്നു! നല്ലൊന്നാന്തരമൊരു പിങ്ക് പട്ടുസാരി, ബ്രോക്കര്‍ ഫീസായി അടിച്ചുമാറ്റിയ ചരിത്രവുമുണ്ട്.
ഇപ്പോള്‍ ഒരു ഗെറ്റ് റ്റുഗതര്‍ മണക്കുന്നുണ്ട്. വെറും ഏഴുപേരേയുള്ളു ഞങ്ങളുടെ ഗ്രൂപ്പില്‍. ടെക്സ്റ്റ് മെസ്സേജുകള്‍ക്കു പകരം നീണ്ടനീണ്ട വോയ്‌സ് മെസ്സേജുകള്‍കൊണ്ടു സമ്പന്നമായ, ചെറുതെങ്കിലും കരുത്തിനൊട്ടും കുറവില്ലാത്ത 'കോവാളിയന്‍സ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പ്. പലപ്പോഴും തോന്നും, ഉടനേ ടിക്കറ്റെടുത്തേക്കാമെന്ന്. പക്ഷേ ഉടനേയൊന്നും നടക്കാനിടയില്ലാത്തതാണ് ആ സ്വപ്നം. ഞാനൊഴിച്ച് ബാക്കിയെല്ലാവരും നാട്ടില്‍ത്തന്നെയുണ്ട്.
ഷാനി, സൂസൻ, ആനിയമ്മ, വീണ, റോസമ്മ, മിനി, റാണി
ഞാനുംകൂടിയുണ്ടാവണമെന്ന എന്റെയും അവരുടെയും ആഗ്രഹം കാരണം കൂടിച്ചേരല്‍ നീണ്ടുനീണ്ടുപോകുന്നു. ഒരു രണ്ടാഴ്ചത്തേക്കു നാട്ടില്‍പ്പോകാന്‍ സാധിച്ചാല്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തണമെന്നു മനസ്സില്‍ പ്ലാനിട്ടു കാത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി!
54
പത്തു കല്‍പ്പനകള്‍
തിരിച്ചറിവായ കാലംമുതല്‍, ബൈബിളിലെ പത്തു കല്‍പ്പനകള്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു. കള്ളം പറയുന്നതിനെ ഭീകരകുറ്റകൃത്യമായി പരിഗണിച്ചാണ് അസംപ്ഷന്‍ ഹോസ്റ്റലിലെ സിസ്റ്റര്‍ പൗള പ്രതികരിച്ചിരുന്നത്.
അടുത്ത കാലത്തുണ്ടായ സോളാര്‍ കേസിനെയൊക്കെപ്പോലെ ഭീകരമായിരുന്നു അന്നത്തെ നാരങ്ങക്കേസും. ഹോസ്റ്റലിലെ കുറച്ചന്തേവാസികള്‍ ഒരു കൂട്ടുകാരിയുടെ ബന്ധുവീട്ടില്‍നിന്നു നാരങ്ങ പറിച്ച കേസാണത്. അവിടെപ്പോയതും നാരങ്ങ പറിച്ചതും സിസ്റ്റര്‍ ക്ഷമിച്ചു. പക്ഷേ, കള്ളം പറഞ്ഞവരോടു സിസ്റ്റര്‍ കരുണ കാണിച്ചില്ല. അവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി, പ്രശ്‌നം ഗുരുതരമാക്കി. ഇത്തരം നിരവധി കേസുകള്‍കണ്ടു പേടിച്ചിട്ടാവണം, കള്ളം പറയുന്നതു മഹാപരാധമായി ഇന്നും കരുതുന്നു. ഒരാവശ്യവുമില്ലാതെ, വെറുതെ കള്ളംപറഞ്ഞു തള്ളുന്നവരെക്കാണുമ്പോള്‍ സിസ്റ്റര്‍ പൗളയെയോര്‍ത്ത് എന്റെ കണ്ണു തള്ളാറുണ്ട്!
പിന്നെ, മാതാപിതാക്കളെ ബഹുമാനിക്കണമെന്ന കല്‍പ്പന. 'ബഹുമാനം' എന്ന വാക്കിനോടു വലിയ പ്രതിപത്തിയൊന്നും തോന്നുന്നില്ല. അതിനുപകരം ഉള്ളില്‍ത്തൊട്ടു സ്‌നേഹിച്ചാല്‍പ്പോരേ? എന്തിനുമേതിനും കട്ടയ്ക്കു കൂടെ നില്‍ക്കുന്ന മാതാപിതാക്കളുടെ മനസ്സു നോവിക്കാതിരുന്നാല്‍പ്പോരേ? അതു വളരെയെളുപ്പമായിരുന്നു. അച്ഛായും അമ്മച്ചിയും കൂടെയുണ്ടായിരുന്നപ്പോള്‍ വെറുതേ തര്‍ക്കിച്ചുതോല്‍പ്പിച്ച ചരിത്രമുണ്ടായിട്ടില്ല.
പിന്നീടുള്ളതു കട്ടികൂടിയ കല്‍പ്പനകളാണ്: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, കള്ളസ്സാക്ഷി പറയരുത്, അന്യന്റെ വസ്തുക്കളാഗ്രഹിക്കരുത്, അന്യന്റെ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ മോഹിക്കരുത്. ഇവയൊന്നും എന്റെ നിഘണ്ടുവില്‍ വരുന്നേയില്ല.
'ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.' തീര്‍ച്ചയായുമില്ല. കാരണം, ദൈവം ഒന്നല്ലേയുള്ളു! ആരുടെയും സ്വന്തമല്ലാത്ത, ആരും കണ്ടിട്ടില്ലാത്ത ഒരു ശക്തി.
കര്‍ത്താവിന്റെ നാമം വൃഥാ പ്രയോഗിക്കരുത്. ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം കര്‍ത്താവിനെ കൂട്ടുപിടിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുണ്ടാവില്ല.
മനഃപൂര്‍വ്വം തെറ്റിച്ചുതുടങ്ങിയ മറ്റൊരു കല്‍പ്പനയുണ്ട്: ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളണമെന്ന പ്രമാണം. ഈ കല്‍പ്പനയനുസരിക്കാന്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം നെട്ടോട്ടമോടി. പിന്നീടു പലപ്പോഴും സാധിക്കാതെവന്നപ്പോള്‍ ഇതു കത്തോലിക്കാസഭ അവരുടെ നിലനില്‍പ്പിനായി ഉണ്ടാക്കിയെടുത്ത കല്‍പ്പനയായിക്കരുതി സമാധാനിച്ചു.
എങ്കിലും ഒശാന ഞായറും പെസഹാവ്യാഴാഴ്ചയും ഈസ്റ്റര്‍ഞായറുമൊക്കെ എന്നും ക്രിസ്തുമസ് രാത്രിപോലെ കുളിര്‍മ തരുന്ന ദിവസങ്ങളാണ്.
read more: https://emalayalee.com/writer/225