55
സ്‌നോ
തെറ്റിദ്ധരിക്കേണ്ട. മഞ്ഞും മഴയുമൊന്നുമല്ല; മഞ്ഞുപോലെ പതുപതുത്ത ഒരു പട്ടിക്കുട്ടിയാണ് സ്‌നോ. ജീനിയസ് ലുക്കുള്ള ഒരു മാള്‍ട്ടീസ്. റോഷേലിന്റെ രണ്ടു പട്ടികളിലൊന്ന്.
റോഷേല്‍ മിലിട്ടറി ഡിപ്ലോയ്‌മെന്റിന് ഇറ്റലിയിലേക്കു പോകാന്‍ യാത്ര പറഞ്ഞിറങ്ങിയയുടനെ സ്‌നോ റോഷിന്റെ മുറിയില്‍ക്കയറിയൊളിച്ചു. ആഹാരവും വെള്ളവുമുപേക്ഷിച്ചു. എപ്പോഴും ദുഃഖഭാവം. മനുഷ്യര്‍ക്കു മാത്രമല്ല, മൃഗങ്ങള്‍ക്കും ഡിപ്രഷന്‍ എന്ന രോഗമുണ്ടാകുമെന്നു മനസ്സിലായി. ഒരുപാടു ശ്രദ്ധ വേണ്ടിവന്നു, അവനെയൊന്നു നോര്‍മലാക്കിയെടുക്കാന്‍. അല്‍പ്പം ആഹാരത്തിനായി യാചിക്കുന്ന, ഒരു തലോടലിനായിക്കൊതിക്കുന്ന, പാവം മിണ്ടാപ്രാണികളോടു കരുണ കാണിക്കുന്നത് ഒരിക്കലും ഒരാര്‍ഭാടമല്ല; ആവശ്യമാണ്.
ഡിഗ്രി പഠനം തീരുന്നതിനു മുമ്പുതന്നെ സുന്ദരനായ ഒരു രാജകുമാരന്‍ വന്ന് ഞങ്ങളുടെ അതിസുന്ദരിയായ ഒരു കൂട്ടുകാരിയെ കുതിരപ്പുറത്തു കയറ്റി കൊണ്ടുപോയി. ഞങ്ങളുടെ ബാച്ചിലെ ആദ്യത്തെ വിവാഹമായിരുന്നതുകൊണ്ട് ഞങ്ങള്‍ക്കതൊരു വമ്പന്‍ ആഘോഷമായിരുന്നു. വിവാഹശേഷം യാത്ര പറയാന്‍ ഹോസ്റ്റലില്‍ വന്നപ്പോള്‍ അവളൊരു ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നു നടക്കുന്നതായിത്തോന്നി.
പിന്നീടൊരുനാള്‍ അവള്‍ സംസാരിക്കാനും പുഞ്ചിരിക്കാനും മറന്ന്, ഭക്ഷണംപോലും ഉപേക്ഷിച്ചുതുടങ്ങിയപ്പോള്‍ ഡോക്ടറുടെ സഹായം തേടിയിരുന്നോ? ആവോ, അറിയില്ല.
ഡിപ്രഷന്‍ എന്ന രോഗത്തോടു മല്ലിട്ടുതളര്‍ന്ന ആ രാജകുമാരി ഈ ലോകത്തോടു സ്വയം യാത്രപറഞ്ഞു. അവളുടെ ചിരിക്കുന്ന മുഖം ഇന്നും മായാതെ മനസ്സില്‍ സൂക്ഷിക്കുന്നു.
56
പെണ്‍കുട്ടി; അമ്മ
ഒരു പെണ്‍കുട്ടി എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച, പഴഞ്ചന്‍ മുതല്‍ പുത്തന്‍ വരെയുള്ള കണ്ടുപിടിത്തങ്ങളില്‍ ശരിയെന്നു തോന്നുന്ന രീതികള്‍ സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. അമ്മക്കോഴി കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ, പറക്കമുറ്റുംവരെ കുഞ്ഞുങ്ങള്‍ക്കു കൂട്ടിരിക്കുന്നതും അവര്‍ക്കുവേണ്ടി സമയം ചെലവഴിക്കുന്നതും ഏതു കാലത്തും ഏതു രാജ്യത്തും മാറ്റമില്ലാത്ത പെണ്‍സ്വപ്നം.
ഈ ലോകത്തോടു യാത്രപറയുംമുമ്പ് ദൂരദേശത്തുള്ള ഇളയ മകളെ ഒന്നു കാണണമെന്ന് എന്റെ അമ്മച്ചി ആഗ്രിച്ചിട്ടുണ്ടാവും. ഫ്‌ളൈറ്റ് മിസ്സായി, ഒരു ദിവസം താമസിച്ചെത്തിയിട്ടും ഒരല്‍പ്പജീവനുമായി, മരണത്തിനുമുമ്പില്‍ കീഴടങ്ങാതെ അമ്മച്ചി കാത്തിരുന്നു. അമ്മച്ചിയുടെ കണ്ണിലെ ജീവന്റെ തിളക്കം മറയുംമുമ്പ് ഒരുനോക്കു കാണാനുള്ള ഭാഗ്യം ഈ മകള്‍ക്കുമുണ്ടായി.
ഒരിക്കല്‍പ്പോലും എന്റെ ചിറകിന്‍കീഴില്‍നിന്നു മാറിനിന്നിട്ടില്ലാത്ത, എന്റെ നാലുവയസ്സുകാരി എന്റെയൊപ്പം വരണമെന്നു വാശി പിടിച്ചില്ല. എന്നു മാത്രമല്ല, അമ്മച്ചിയെ കാണാന്‍ പോകാന്‍ എന്നെ അനുവദിക്കുകയും ചെയ്തു. അമ്മച്ചി ഫോണ്‍ വിളിക്കുമ്പോഴെല്ലാം 'പൈങ്കിളീ, പൈങ്കിളീ' എന്ന് എന്റെ ചെറുതിനെ നീട്ടിവിളിക്കാറുണ്ടായിരുന്നു. അന്നൊക്കെ ഫെയ്‌സ് ടൈം ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കു പരസ്പരം കാണുകയും കേള്‍ക്കുകയും ചെയ്യാമായിരുന്നു; ഇന്നു ലിയം ബേബിയെ ദിവസവും ഞാന്‍ കണ്‍നിറയെ കാണുമ്പോലെ; അവന്റെ കിളിക്കൊഞ്ചല്‍ മനംനിറയെ കേള്‍ക്കുമ്പോലെ.
57
നല്ല വാക്ക്
കുട്ടിക്കാനത്തു ടീച്ചറായിരിക്കുമ്പോഴാണ് പുതിയൊരു കൂട്ടുകാരിയെ കിട്ടിയത്. അവളുടെ മനസ്സ് മഞ്ഞുപോലെ വെളുത്തതായിരുന്നു. അന്നേവരെ ഞാന്‍ ആരിലും കണ്ടിട്ടില്ലാത്ത ഒരു എക്‌സ്ട്രാ ഗുണംകൂടി അവള്‍ക്കുണ്ടായിരുന്നു: കണ്ടുമുട്ടുന്ന ഓരോരുത്തരെക്കുറിച്ചും ഒരു നല്ലവാക്കു പറയുക എന്നത്. മറ്റുള്ളവരെ അംഗീകരിക്കാനും അഭിനന്ദിക്കാനുമുള്ള മനസ്സ്. അതുവരെ പഠിച്ചതില്‍ ഏറ്റവും മനോഹരമായ പാഠം! മറ്റുള്ളവരോടു സംസാരിക്കുന്നതിനിടെ അവര്‍ക്കു സന്തോഷം തോന്നുന്ന ഒരു വാക്ക്; തിരിച്ചു നല്ലതെന്തെങ്കിലും പറയുമെന്നു പ്രതീക്ഷിക്കാതെതന്നെ.
നല്ലതു പറയില്ലെന്നു മാത്രമല്ല, ചെറുതായൊന്നു നോവിച്ചുവിടുന്നതായിരിക്കും ചിലരുടെ ശീലം. അവരെ കുറ്റം പറയാന്‍ പറ്റില്ല. എനിക്കു കിട്ടിയതുപോലെ ഒരു കൂട്ടുകാരിയെ അവര്‍ക്കു കിട്ടിയിട്ടില്ലല്ലോ!
അമേരിക്കയിലെത്തിയപ്പോള്‍, ഇവിടുത്തുകാര്‍ പണ്ടേക്കുപണ്ടേ നല്ലവാക്കു പറയുന്നത് ആചാരമാക്കിയവരാണെന്നു പിടികിട്ടി.
58
വിഷു
വിഷുവും ഞാനുമായുള്ള ബന്ധം തുടങ്ങുന്നത്, പ്രേംനസീറും വിധുബാലയും അഭിനയിച്ച 'വിഷുക്കണി' എന്ന സിനിമയിലൂടെയാണ്. വെളുപ്പിന് കണ്ണുപൊത്തി കണികാണുന്ന കാഴ്ചയൊക്കെ സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളു. മനോഹരങ്ങളായ എത്രയെത്ര വിഷുപ്പാട്ടുകളാണു നമുക്കുള്ളത്!
'മയിലാടുംകുന്ന്' എന്ന സിനിമയിലെ 'മണിച്ചിക്കാറ്റേ' എന്ന പാട്ട് അറിയാതെ ഓര്‍മയിലേക്കു വരുന്നു. നസീറിന്റെയും ജയഭാരതിയുടെയും കുട്ടിക്കാലത്തു പാടുന്ന ആ ഗാനം ചെറുപ്പത്തില്‍ ഒരുപാടുകാലം മനസ്സില്‍ കൊണ്ടുനടന്നു. കൊച്ചുനസീറും കുടുംബവും ദൂരെയെങ്ങോട്ടോ സ്ഥലംമാറിപ്പോയെങ്കിലും രണ്ടുപേരും പരസ്പരം കാണാതെ പ്രണയിച്ചു വളരുന്നതായിരുന്നു കഥ. ഫെയ്‌സ്ബുക്കും വാട്‌സാപ്പും പോയിട്ട് പാട്ടപോലെയുള്ള ലാന്‍ഡ് ഫോണ്‍ പോലുമില്ലാത്ത കാലം. ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍പോലും നിവൃത്തിയില്ല. എന്നാലും ഭയങ്കരപ്രണയം!
ആ പ്രണയം അവിടെ നില്‍ക്കട്ടെ.
പലരും കൊന്നപ്പൂവിനു പകരം മഞ്ഞനിറമുള്ള മറ്റൊരു പൂവുകൊണ്ട് കണിയൊരുക്കാറുണ്ട്. തൊടിയില്‍നിന്നു പറിച്ചുകൊണ്ടുവരുന്ന 'ഓര്‍ഗാനിക്' കണിക്കാഴ്ചകള്‍ക്കുപകരം വിഷം കുത്തിനിറച്ച, കളറും മെഴുക്കും ചേര്‍ത്ത കാഴ്ചവസ്തുക്കള്‍ കണ്ണനു നിവേദിക്കാറുണ്ട്. വിഷമാണെന്നറിഞ്ഞിട്ടും വിഷുക്കണിയൊരുക്കുന്നവര്‍! വേറേ നിവൃത്തിയില്ലാത്തതുകൊണ്ടാണേ!
59
അബുദാബിയിലെ ഡ്രൈവിംഗ് ലൈസന്‍സ്
വര്‍ഷങ്ങള്‍ക്കുമുമ്പ് അബുദാബിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുക എന്നത് ലോട്ടറിയടിക്കുന്നതിനു തുല്യമായിരുന്നു. കിട്ടിയാല്‍ കിട്ടി!
നോയലിന്റെ കൂട്ടുകാരന്റെ അച്ഛന്‍ പതിനഞ്ചു വര്‍ഷമായി, മൂന്നു മാസത്തില്‍ ഒരിക്കല്‍ മാത്രം പരീക്ഷിക്കാവുന്ന ആ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരുപാടൊരുപാടുപേര്‍; പൊള്ളുന്ന ചൂടില്‍ ടാക്‌സിയെ മാത്രം ആശ്രയിക്കേണ്ടിവരുന്ന ഹതഭാഗ്യര്‍!
മത്സരാര്‍ത്ഥികളെ പത്തുപതിനഞ്ചു ബസുകളിലായി നാടു ചുറ്റിക്കും. ഇടയ്ക്കിടെ ബസ് നിര്‍ത്തി ഓരോരുത്തരെ മുമ്പിലുള്ള പരീക്ഷക്കാറില്‍ കയറ്റും. നാട്ടില്‍ വണ്ടിയോടിച്ചു പരിചയമുള്ള ഞാന്‍ രണ്ടു തവണ മാന്യമായി ഓടിച്ചു കാണിച്ചു. അറബിയില്‍ മാത്രം എഴുതിത്തരുന്ന കാര്‍ഡിന്റെ കളര്‍ നോക്കിവേണം പാസ്സായോ എന്നു മനസ്സിലാക്കാന്‍. രണ്ടു പ്രാവശ്യവും നിരാശയായിരുന്നു ഫലം.
മൂന്നാംതവണ അല്‍പ്പം കടന്ന കൈ പ്രയോഗിച്ചുനോക്കി. ചവിട്ടിവിട്ടു! 'യു ടേണ്‍' പറഞ്ഞപ്പോള്‍, സിനിമയിലെ സ്റ്റണ്ട് സീനിലൊക്കെ കാണുമ്പോലെ ഒന്നാഞ്ഞുചവിട്ടി വളച്ചെടുത്തു. വേഗം വണ്ടിനിര്‍ത്തി പുറത്തിറങ്ങാന്‍ അറബിയിലും ആംഗ്യഭാഷയിലുമൊക്കെ അവരാവശ്യപ്പെട്ടു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മഞ്ഞനിറമുള്ള കാര്‍ഡെഴുതി കൈയില്‍ത്തന്നു! സത്യത്തില്‍, കാറിലിരുന്ന പോലീസ് ഏമാന്‍മാര്‍ ഇനിയൊരിക്കലും ഞാനോടിക്കുന്ന വണ്ടിയില്‍ ജീവന്‍ കൈയില്‍പ്പിടിച്ചിരിക്കേണ്ട എന്നു കരുതിയാവണം എനിക്ക് അത്തവണ ലൈസന്‍സ് വച്ചുനീട്ടിയത് എന്നുതന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. ആ പാതയോരത്തുനിന്നുതന്നെ ഒന്നു സ്വയംമറന്നു തുള്ളിച്ചാടണമെന്നു തോന്നിയ നിമിഷം! ജീവിതത്തില്‍ അത്രയധികം സന്തോഷിച്ച അധികം നിമിഷങ്ങള്‍ അതിനുമുമ്പുണ്ടായിട്ടില്ല.
എന്റെ മുഖഭാവം കണ്ടോ, കൈയിലിരിക്കുന്ന കാര്‍ഡിന്റെ കളര്‍ കണ്ടോ അതുവഴി പോയ ഒരു യാത്രക്കാരന്‍ സന്തോഷത്തോടെ കൈയുയര്‍ത്തി അഭിനന്ദിച്ചു.
അക്കാലത്ത് അബുദാബിയില്‍ ഒരു നല്ല ജോലി കിട്ടിയാല്‍ ആരും ആഘോഷിക്കാറില്ലായിരുന്നു. എന്നാല്‍, ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയാല്‍ അതൊരു ഒന്നൊന്നര ആഘോഷമായിരിക്കും!
60
അമേരിക്കയിലെ സ്‌കൂള്‍പരീക്ഷ
എന്താ പറയുക?! വര്‍ഷാവസാനം പഠിച്ചുപഠിച്ചു പണിക്കത്തിയാകുന്ന പതിവ് അമേരിക്കയിലില്ല!
മക്കള്‍ ഇവിടുത്തെ പള്ളിക്കൂടത്തില്‍ ചേര്‍ന്നതിനു പിന്നാലെ വര്‍ഷാവസാനപ്പരീക്ഷയാണെന്നു കേട്ടു. നാട്ടിലെ പരീക്ഷപ്പനിയോര്‍ത്ത്, 'പഠിക്കണില്ലേ' എന്നു തോമായോടു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഇവിടെയാരും പരീക്ഷയ്ക്കു പഠിക്കാറില്ലെന്നാണ്! ടീച്ചര്‍ പരീക്ഷയ്ക്കു മുന്നോടിയായി വീട്ടിലേക്കു കൊടുത്തയച്ച നോട്ടീസില്‍, നന്നായി ഉറങ്ങി, നന്നായി പ്രഭാതഭക്ഷണം കഴിച്ച്, സമയത്തു പള്ളിക്കൂടത്തിലെത്തുക എന്നു മാത്രമേ പറഞ്ഞിട്ടുള്ളു; പഠിക്കണമെന്നു പറഞ്ഞിട്ടില്ല!
സ്‌ക്കൂളിന്റെ നിലവാരമളക്കാനുള്ള പരീക്ഷയാണത്രേ വര്‍ഷാവസാനം നടക്കുന്നത്! അതിനെ ആശ്രയിച്ചാണ് ചുറ്റുമുള്ള സമൂഹത്തിന്റെ നിലവാരവുമളക്കുന്നത്.
കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാള്‍ പറയുന്നതുകേട്ടു, സ്‌ക്കൂളിന്റെ സ്‌കോര്‍ കഴിഞ്ഞ വര്‍ഷത്തേതിലും അല്‍പ്പമൊന്നുയര്‍ത്തിയാല്‍ പുള്ളിക്കാരന്‍ തല മുണ്ഡനം ചെയ്യാമെന്ന്! എന്നിട്ടും വീട്ടില്‍പ്പോയിരുന്നു പഠിക്കണമെന്നു പറഞ്ഞില്ല. എഴുതുമ്പോള്‍ ഒന്നു ശ്രദ്ധിക്കണമെന്നു മാത്രം പറഞ്ഞു.
കുട്ടികള്‍തമ്മില്‍ പഠനകാര്യത്തില്‍ ഒരു മത്സരവുമില്ല. ആരുടെയും ഗ്രേഡ് വിളിച്ചുപറയാറില്ല. ചെറിയചെറിയ കൂട്ടങ്ങളായിത്തിരിച്ച്, പരസ്പരം സഹായിച്ചു പഠിക്കുന്ന രീതിയാണുള്ളത്. അമേരിക്കയില്‍ കാലിഫോര്‍ണിയ അംഗീകരിച്ച 'കോമണ്‍ കോര്‍' എന്ന പുതിയ പഠനരീതി; ജീവിതമൂല്യങ്ങളാണ് കൊച്ചുകുട്ടികള്‍ ആദ്യം പഠിക്കേണ്ടത് എന്ന തോന്നലുണ്ടാക്കുന്ന രീതി. ക്ലാസ്സ്മുറിക്കുള്ളില്‍ കളിച്ചും ചിരിച്ചും പഠിച്ചും വളരുന്ന കുട്ടികള്‍.
'സ്‌പെഷ്യല്‍ കിഡ്‌സ്' എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന, പ്രായത്തിനൊത്തു ബുദ്ധി വികസിക്കാത്ത ഒരുപാടു കുട്ടികളുണ്ടാകും ഇവിടുത്തെ ഓരോ സ്‌ക്കൂളിലും. നിസ്സാരമായ പ്രശ്‌നങ്ങളുള്ളവര്‍ മുതല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍വരെയുണ്ടാകും അവരുടെയിടയില്‍. ഓരോ കുട്ടിക്കും ആവശ്യമായ പരിചരണവും പരിശീലനവും കൊടുത്തിരിക്കും.
എന്റെ ക്ലാസ്സിലുമുണ്ട് ഒരു മിടുക്കന്‍ കുട്ടി. നന്നായി പാടുന്ന, നന്നായി വരയ്ക്കുന്ന, നന്നായി കണക്കുചെയ്യുന്ന മിടുമിടുക്കന്‍ കുട്ടി. പിന്നെയെന്താണ് അവന്റെ പ്രശ്‌നം? സ്‌നേഹിക്കാന്‍ മാത്രമേ അവനറിയൂ! കള്ളവും കള്ളത്തരങ്ങളും എന്താണെന്നുപോലും അവനറിയില്ല. ക്ലാസ്സില്‍ ആരുടെയെങ്കിലും കണ്ണൊന്നു നിറഞ്ഞാല്‍ കൂടെക്കരയുന്ന കുട്ടി. എത്ര വലുതായാലും ഈ ലോകത്ത് അവന് ഒറ്റയ്ക്കു ജീവിക്കാന്‍ കഴിയില്ല. കൂര്‍മ്മബുദ്ധിയും ശക്തിയുമുള്ളവര്‍ ജീവിതത്തില്‍ കബളിപ്പിക്കപ്പെടുന്നു. അപ്പോള്‍ ആരെയും വിശ്വസിക്കുന്ന, സ്‌നേഹിക്കുന്ന ഇത്തരം കുഞ്ഞുങ്ങള്‍ക്ക് എന്തര്‍ഹതയാണുള്ളത്, കാപട്യം നിറഞ്ഞ ഈ ലോകത്തു ജീവിക്കാന്‍!
അവന്റെ അമ്മ അമേരിക്കക്കാരിയും അച്ഛന്‍ ഇറാനിയുമാണ്. ഒരു മാസത്തെ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്നവന്‍ തിരിച്ചെത്തി. സ്‌ക്കൂളിലെ ഓരോ പുല്‍ക്കൊടിയോടും അവന്റെ സ്‌നേഹമറിയിച്ചു. പക്ഷേ, പറയാന്‍ അവന് ഒരു വിശേഷം മാത്രം: അവനു പത്തു വയസ്സായ വിശേഷം!
61
കവിതയും ഞാനും
പതിവില്ലാതെ, ഒരു കവിതയെഴുതണമെന്ന മോഹം മൂത്തപ്പോള്‍ പണ്ടു പത്താംക്ലാസ്സില്‍ പഠിച്ച വ്യാകരണവും വൃത്തവുമൊക്കെ തലച്ചോറിന്റെ ഏതെങ്കിലും മടക്കുകളില്‍ പതുങ്ങിയിരിപ്പുണ്ടോ എന്നു പരതിനോക്കി. എത്ര തപ്പിയിട്ടും അവയുടെയൊന്നും പൊടിപോലും കണ്ടില്ലെന്നു മാത്രമല്ല, തെളിഞ്ഞുതെളിഞ്ഞുവന്നത് മലയാളം പഠിപ്പിച്ച സിസ്റ്റര്‍ സലോമിയുടെ മുഖമായിരുന്നുതാനും.
വളരെ സൗമ്യമായി സംസാരിക്കുന്ന, മാതാവിന്റെ മുഖച്ഛായയുള്ള സിസ്റ്റര്‍ സലോമി! മലയാളഭാഷയോട് ഇത്രയധികം സ്‌നേഹം തോന്നാനുള്ള കാരണം സിസ്റ്റര്‍ സലോമിതന്നെയായിരുന്നു.
ഒരിക്കല്‍ ക്ലാസ്സിലിരുന്നു സിസ്റ്ററിന്റെ ഭംഗിയുള്ള മുഖം വരച്ചതും ഞാനെന്താണു വരച്ചുകൊണ്ടിരുന്നതെന്നറിയാന്‍ സിസ്റ്റര്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നടക്കാതെപോയതും ഒരുപാടു വര്‍ഷം ആ ചിത്രം സൂക്ഷിച്ചുവച്ചതുമൊക്കെയാണ് വൃത്തത്തിനും വ്യാകരണത്തിനും പകരം ഓര്‍മയില്‍ വന്നത്. ഒടുവില്‍ വൃത്തവും വൃത്തിയുമില്ലാതെ, 'കവിത' എന്ന പേരില്‍ ഒരു കവിതയെഴുതിക്കഴിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. അപ്പോള്‍ വൃത്തിയുള്ള കവിതയെഴുതുന്ന കവികളുടെ സംതൃപ്തി എത്ര വലുതായിരിക്കും!
62
കാലാവസ്ഥയും വസ്ത്രങ്ങളും
പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി കാലിഫോര്‍ണിയയില്‍ വന്നപ്പോള്‍ അന്നന്നത്തെ കാലാവസ്ഥാപ്രവചനം നോക്കി കുട്ടികള്‍ സ്‌ക്കൂളില്‍ പോകാനുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുകണ്ട് തെല്ലൊന്നമ്പരന്നു. മഴയും തണുപ്പും ഇരുട്ടുമുണ്ടായിരുന്ന മാസങ്ങളിലൊന്നിലാണ് ഇവിടെയെത്തിയത്. പെണ്‍കുട്ടികളെല്ലാം ആകെ മൂടിപ്പുതച്ചിരുന്നു.
സമ്മറെത്തിയതോടെ സകലരും കുഞ്ഞുടുപ്പുകളിലേക്കും നിക്കറുകളിലേക്കും ചാടിക്കയറുന്നതുകണ്ട് വീണ്ടും അമ്പരന്നു. അമ്മയും മകളും കൊച്ചുമകളും ഒരേപോലുള്ള ഷോര്‍ട്‌സും ബനിയനുമിട്ടു പാര്‍ക്കില്‍ വന്നത് കൗതുകത്തോടെ നോക്കിയിരുന്നു. ചെറുതിന് ഒന്നര വയസ്സുള്ളപ്പോഴാണ് അമേരിക്കയില്‍ ലാന്‍ഡ് ചെയ്തത്. ആദ്യത്തെ മൂന്നുനാലു വര്‍ഷത്തോളം മനോഹരമായ സാന്‍ റമോണ്‍ പാര്‍ക്കിലായിരുന്നു ഞങ്ങള്‍ രണ്ടാളും കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. മമ്മിക്കു കൂട്ടിനായി മലയാളം സംസാരിക്കുന്നവരെ അന്വേഷിച്ചുനടക്കാറുണ്ടായിരുന്നു, അവള്‍. കണ്ടാല്‍ കൊണ്ടുവന്നു മുമ്പില്‍ നിര്‍ത്തിത്തരും.
കാലാവസ്ഥയ്ക്കനുസരിച്ചു വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമുണ്ട്. ചെറിയ വേഷങ്ങള്‍ ധരിക്കുമ്പോള്‍ കൈയും കാലും നഖവുമൊക്കെ വൃത്തിയാക്കിവയ്ക്കാന്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്. ബ്യൂട്ടി പാര്‍ലറുകള്‍ക്കു പകരം നെയില്‍ ആന്‍ഡ് ഹെയര്‍ സലാണ്‍സാണ് എവിടെ നോക്കിയാലും. എണ്‍പതും തൊണ്ണൂറും കഴിഞ്ഞവര്‍പോലും സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളാണവ. അടുത്ത അപ്പോയന്‍മെന്റിനുമുമ്പേ യാത്രപറഞ്ഞു പിരിഞ്ഞുപോകുന്നവരും കുറവല്ല!
പത്തുപതിനഞ്ചു വര്‍ഷം പഴക്കമുള്ള ഒരു മേലങ്കി എനിക്കുണ്ട്. ചൂടത്തും തണുപ്പത്തും ഇടാന്‍ പറ്റിയ ഒരു മാന്ത്രികക്കുപ്പായം!
read more: https://emalayalee.com/writer/225