രാത്രിയുടെ മറവിൽ എന്നെ നീ
പിൻ കഴുത്തിൽ ചുംബിക്കുന്നു
ഞാൻ അടക്കിചിരിച്ച് വെളിച്ചത്തിലേയ്ക്കു
പാഞ്ഞു പോകുന്നു
മനുഷ്യരെന്നെ പകച്ചു നോക്കുന്നു
ഞാൻ വെറുമൊരു സ്നേഹമായി
നിന്റെ കാൽക്കൽ ചുരുണ്ടു കിടക്കുന്നു
എന്നിൽ മാന്ത്രിക സിംഫണി ഉയരുന്നു
മനുഷ്യരെന്നെ പകച്ചു നോക്കുന്നു
ഞാൻ എന്നെ നിന്നിൽ തളച്ചിടുന്നു
കാലങ്ങൾ കടപുഴകി വീഴുന്നു
എനിക്ക് ചുറ്റും ഒരു തെളിനീർ തടാകം ഉരുവം കൊള്ളുന്നു
ഞാനതിൽ നഗ്നയായി നീന്തി ത്തുടിക്കുന്നു
മനുഷ്യരെന്നെ പകച്ചു നോക്കുന്നു
മതി , ഇനി വരൂ നമുക്ക് പോകാം
മീനുകളും നക്ഷത്രങ്ങളും മാത്രമുള്ള
ആർക്കും പകച്ചു നോക്കേണ്ടതില്ലാത്ത
നീ ജാരനല്ലാതാകുന്നൊരിടം തേടി !